ഡൽഹിയിൽ നിന്ന് കൊറിയർ വഴി നിരോധിത മരുന്നുകൾ വാങ്ങി; യുവാവ് പിടിയിൽ
കോട്ടയം പൊൻകുന്നം സ്വദേശി അമീർഖാൻ ആണ് പിടിയിലായത്. ജിമ്മുകളില്‍ പോകുന്നവരെയും വടംവലി മത്സരങ്ങളില്‍ പങ്കെടുക്കുന്നവരെയും ലക്ഷ്യമിട്ടായിരുന്നു വിൽപ്പന.

Published : July 4, 2026 at 2:22 PM IST
കോട്ടയം: നിരോധിത മരുന്നുകൾ കൊറിയർ വഴി എത്തിച്ച് വിൽപ്പന നടത്തിയ ആൾ പിടിയിൽ. കോട്ടയം പൊൻകുന്നം സ്വദേശി അമീർഖാൻ ഇ എസ് (27) ആണ് പിടിയിലായത്. ഷെഡ്യൂൾ എച്ച് വിഭാഗത്തിലുള്ള മരുന്നുകൾ ഡോക്‌ടറുടെ പ്രിസ്‌ക്രിപ്‌ഷൻ ഇല്ലാതെയാണ് യുവാവ് വിൽപ്പന ചെയ്‌തിരുന്നത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടന്ന് നടത്തിയ അന്വേഷണത്തിലാണ് കൊറിയർ സർവീസ് സെൻ്ററിലേക്ക് മരുന്നുകൾ അടങ്ങിയ പാർസൽ എത്തിയത്തായി വിവരം ലഭിച്ചത്. ഡൽഹിയിൽ നിന്നാണ് മരുന്നുകൾ കേരളത്തിലെത്തിയിരുന്നത്. തുടർന്ന് പാർസൽ കൈപറ്റാനെത്തിയ അമീർഖാനെയും പാർസലുമടക്കം സംഭവ സ്ഥലത്ത് വച്ച് കാഞ്ഞിരപ്പള്ളി പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
80 ചെറിയ കുപ്പികളിലായാണ് ഷെഡ്യൂൾ എച്ച് മരുന്നുകൾ പാർസലിൽ എത്തിച്ചിരുന്നത്. ജിമ്മുകളില്‍ പോകുന്നവരെയും വടംവലി മത്സരങ്ങളില്‍ പങ്കെടുക്കുന്നവരെയും ഒക്കെ ലക്ഷ്യമിട്ടാണ് മരുന്നുകൾ വിതരണം ചെയ്‌തിരുന്നത്. ഈ മരുന്നുകൾ എല്ലാം മൂന്നരിട്ടി ലാഭത്തിനായിരുന്നു കേരളത്തിൽ വിറ്റത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു കുപ്പി ഷെഡ്യൂൾ എച്ച് മരുന്നിന് 500 രൂപ നിരക്കിലായിരുന്നു വിൽപ്പന നടത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏകദേശം 1.75 ലക്ഷം രൂപയുടെ മരുന്നുകൾ ഇത്തരത്തിൽ ഓർഡർ ചെയ്‌ത് വിൽപ്പന നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.

അമീർഖാൻ ഇതിന് മുൻപും കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത മരുന്നുകളും പ്രതിയെയും തുടർ നിയമനടപടികൾക്കായി കോട്ടയം ജില്ലാ ഡ്രഗ് ഇൻസ്പെക്‌ടർമാരായ ശ്രീമതി ജമീല ഹെലൻ ജേക്കബ്, ശ്രീമതി താര എസ്. പിള്ള, ശ്രീമതി ബബിത കെ. വാഴയിൽ എന്നിവരടങ്ങിയ സംഘത്തിന് കൈമാറി.
കോട്ടയം ജില്ലാ പൊലീസ് മേധാവി ശ്രീ കെ എം സാബു മാത്യു, കാഞ്ഞിരപ്പള്ളി ഇൻസ്പെക്‌ടർ സി കെ മനോജ്, എസ്ഐമാരായ ഗോകുൽ ജി, ഷിജു എസ് എസ്, രംഗനാഥൻ, എഎസ്ഐ പ്രദീപ്, സിപിഒമാരായ സുജിത് എം വി, രാഹുൽ ബാബു, അരുൺ ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ഷെഡ്യൂൾ എച്ച് മരുന്നുകൾ
ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ ഡോക്‌ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കൈവശം വയ്ക്കുകയോ വിൽക്കുകയോ ചെയ്യുന്നത് ഗുരുതര നിയമലംഘനമാണ്. അതീവ നിയന്ത്രണങ്ങളുള്ള പ്രത്യേക വിഭാഗം മരുന്നുകളാണ് ഷെഡ്യൂൾ എച്ച് മരുന്നുകൾ.

