'വിമാനത്തിൽ പോകും കാറിൽ കടത്തും'; പിടികൂടിയത് 10 കോടിയുടെ എംഡിഎംഎ, കേരള ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട
മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പടി കരിമ്പയിൽ സ്വദേശി മുഹമ്മദ് സാലിഹ് (34), മലപ്പുറം മഞ്ചേരി ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് കോയമ്പത്തൂരിൽ വച്ച് അറസ്റ്റിലായത്.

Published : August 29, 2026 at 6:35 PM IST
മലപ്പുറം: കേരള പൊലീസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ടയില്‍ 10 കോടി രൂപയിലധികം വിപണി മൂല്യം വരുന്ന 12.794 കിലോഗ്രാം വീര്യമേറിയ എംഡിഎംഎയുമായി മൂന്നുപേരെ മലപ്പുറം ജില്ലാ പൊലീസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പിടികൂടി. മലപ്പുറം ജില്ലാ പൊലീസ് ചീഫ് ചൈത്ര തെരേസ ജോൺ ഐപിഎസിന്‍റെ നേതൃത്വത്തിൽ നടന്ന 'ഓപ്പറേഷൻ തൂഫാൻ' എന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായാണ് ഈ വൻ ലഹരി ശേഖരം പിടിച്ചെടുത്തത്.
മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പടി കരിമ്പയിൽ സ്വദേശി മുഹമ്മദ് സാലിഹ് (34), മലപ്പുറം മഞ്ചേരി ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വച്ച് അറസ്റ്റിലായത്. അന്തർസംസ്ഥാന ലഹരി കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായ ഇവരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ആഴ്ചകൾക്ക് മുൻപ് മഞ്ചേരി ടൗണിലെ ഒരു സ്വകാര്യ അപ്പാർട്ട്‌മെന്‍റിൽ നിന്ന് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 100 ഗ്രാം എംഡിഎംഎയുമായി ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കേരളത്തിന് അകത്തും പുറത്തും വേരുകളുള്ള കൂറ്റൻ ലഹരി ശൃംഖലയെക്കുറിച്ച് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദില്ലി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിൽ വൻതോതിൽ എംഡിഎംഎ സംഭരിച്ച് സൂക്ഷിച്ച ശേഷം കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലേക്ക് എത്തിച്ചു നൽകുന്നതാണ് ഇവരുടെ രീതി എന്ന് കണ്ടെത്തി. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, പളനി, പൊള്ളാച്ചി, കൊടൈക്കനാൽ തുടങ്ങിയ സ്ഥലങ്ങൾ ഇടനിലക്കാരുമായുള്ള ഇടപാടുകൾക്കും ലഹരി കൈമാറ്റത്തിനുമുള്ള പ്രധാന കേന്ദ്രങ്ങളായി ഇവർ ഉപയോഗിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന ആഡംബര വാഹനങ്ങളിൽ രഹസ്യ അറകൾ നിർമിച്ചാണ് ലഹരിമരുന്ന് കടത്തിയിരുന്നത്. പ്രധാന പ്രതികൾ ദില്ലിയിലേക്കും മുംബൈയിലേക്കും വിമാനത്തിൽ സഞ്ചരിക്കുകയും, അവിടെ നിന്ന് വാങ്ങുന്ന ലഹരിമരുന്ന് ആഡംബര കാറുകളിൽ രഹസ്യമായി ഒളിപ്പിച്ച് റോഡ് മാർഗം തിരിച്ചെത്തിക്കുകയുമായിരുന്നു പതിവ്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ച അന്വേഷണ സംഘം പിന്തുടർന്ന് കോയമ്പത്തൂരിന് സമീപത്തുവച്ചാണ് ഇവരെ സാഹസികമായി കസ്റ്റഡിയിലെടുത്തത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്‍റെ ഡോർ പാനലുകൾക്കുള്ളിലെ രഹസ്യ അറകളിൽ നിന്ന് 12.794 കിലോഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. 200 ഗ്രാം മുതൽ 500 ഗ്രാം വരെയുള്ള ചെറിയ പായ്ക്കറ്റുകളാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ ജില്ലകളിൽ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതായിരുന്നു ഈ ലഹരിമരുന്ന്. കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നത്.
മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു, പെരിന്തൽമണ്ണ ഡിവൈഎസ്പി ഗോപകുമാർ, നാർകോട്ടിക് സെൽ ഡിവൈഎസ്പി എൻ.ഒ. സിബി, മഞ്ചേരി ഇൻസ്പെക്ടർ ടി.ജി. ദിലീപ്, മഞ്ചേരി പൊലീസ് എഎസ്ഐ മുഹമ്മദലി, എസ്‌സിപിഒമാരായ തൗഫീഖ് മുബാറക്, പ്രദീപ് കുമാർ, ജില്ലാ ഡാൻസാഫ് (DANSAF) സ്‌ക്വാഡ് അംഗങ്ങളായ എൻ.ടി. കൃഷ്ണകുമാർ, ദിനേശ് കിഴക്കേക്കര, പ്രശാന്ത് പയ്യനാട്, പ്രബുൽ കെ., ദിനേശ് ഇരുപ്പക്കണ്ടൻ, ജസീർ കെ.കെ. എന്നിവരടങ്ങുന്ന സംഘമാണ് ഈ നിർണായക ഓപ്പറേഷനിൽ പങ്കാളികളായത്. ലഹരി കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും ഇതിന് പിന്നിൽ പ്രവർത്തിച്ച മറ്റ് ഉറവിടങ്ങളും കണ്ടെത്താനായി അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
Also Read: ഓണക്കാല സർവീസ്; കെഎസ്ആർടിസിയുടെ വരുമാനത്തിൽ വൻ കുതിപ്പ്, ചതയദിനത്തിൽ ലഭിച്ചത് എട്ട് കോടിയിലധികം രൂപ

