മകരവിളക്ക്: പമ്പയിലേക്ക് 900 ബസുകൾ സജ്ജം; കെഎസ്ആർടിസി സേവനങ്ങളിൽ ഭക്തർ സംതൃപ്തരെന്ന് മന്ത്രി
കൂടുതൽ ബസുകൾ സർവീസ് നടത്തുന്ന സാഹചര്യം പരിഗണിച്ച് പമ്പ ഹിൽടോപ്പിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും

Published : January 4, 2026 at 5:42 PM IST
പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ശബരിമല തീർഥാടകർക്കായി വിപുലമായ യാത്രാസൗകര്യങ്ങൾ ഒരുക്കി ഗതാഗത വകുപ്പ്. പമ്പയിലേക്ക് സർവീസ് നടത്തുന്നതിനായി നിലവിൽ 900 ബസുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ആവശ്യമായി വന്നാൽ 100 ബസുകൾ കൂടി അധികമായി അനുവദിക്കുമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. പമ്പയിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ ബസുകൾ സർവീസ് നടത്തുന്ന സാഹചര്യം പരിഗണിച്ച് പമ്പ ഹിൽടോപ്പിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും കൃത്യമായ ക്രമീകരണങ്ങൾ പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കെഎസ്ആർടിസിയുടെ സേവനങ്ങളിൽ തീർത്ഥാടകർ വലിയ സംതൃപ്തിയാണ് പ്രകടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. "പമ്പയിൽ നേരിട്ടെത്തി അയ്യപ്പന്മാരുമായി സംസാരിച്ചിരുന്നു. പരാതികൾ ഏറ്റവും കുറഞ്ഞ ഒരു സീസണായിരുന്നു ഇത്തവണത്തേത്. കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് നേരിട്ട് ബോധ്യപ്പെട്ടു," മന്ത്രി കൂട്ടിച്ചേർത്തു.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ ഇതുവരെ റോഡപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് വലിയ ആശ്വാസകരമായ കാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വരും സീസണുകളിൽ അപകടങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമായി കൂടുതൽ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

പമ്പ ശ്രീരാമ സാകേതം ഹാളിൽ നടന്ന അവലോകനയോഗത്തിൽ ഗതാഗത വകുപ്പ് ജോയിൻ്റ് കമ്മീഷണർ പ്രമോദ് ശങ്കർ, സ്പെഷ്യൽ ഓഫീസർ ഡോ. അരുൺ എസ് നായർ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
മകര വിളക്ക് തീർഥാടനത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിനാണ് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രം നട തുറന്നത്. വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ഇടി പ്രസാദാണ് നട തുറന്നത്. തുടർന്ന് ശബരീശൻ്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവിൽ തുറക്കുകയായിരുന്നു.
മകരവിളക്ക്: ഇതുവരെ 3,65,496 അയ്യപ്പഭക്തർ ദർശനം നടത്തി
ഇന്നലെ ( ജനുവരി 3) 72,941 തീർഥാടകർ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി.
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ 30ന് ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ 3,65,496 അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്. മകരവിളക്കിന് നട തുറന്ന ഡിസംബർ 30ന് 57,256 പേർ ദർശനം നടത്തിയിരുന്നു.
Also Read: മൂവാറ്റുപുഴയിൽ കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

