മകരവിളക്ക് മഹോത്സവം; ശബരിമലയില്‍ കര്‍ശന നിയന്ത്രണം, ദര്‍ശനം 35,000 പേര്‍ക്ക് മാത്രം
ശബരിമലയില്‍ കര്‍ശന നിയന്ത്രണം. മകര വിളക്ക് ദിനം സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുക 35,000 പേരെ. നിയന്ത്രണം തിരക്ക് കുറയ്‌ക്കുന്നതിന്‍റെ ഭാഗമായെന്ന് ഹൈക്കോടതി.

Published : January 10, 2026 at 4:18 PM IST
പത്തനംതിട്ട: മകര വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ശബരിമലയില്‍ കര്‍ശന നിയന്ത്രണം. മകര വിളക്ക് ദിനത്തില്‍ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണത്തില്‍ ഹൈക്കോടതി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജനുവരി 14ന് 35,000 പേര്‍ക്ക് മാത്രമെ ശബരിമലയില്‍ ദര്‍ശനം അനുവദിക്കൂവെന്നാണ് കോടതി ഉത്തരവ്.
30,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെയും പ്രവേശനം അനുവദിക്കും. അതേസമയം ജനുവരി 13ന് വെര്‍ച്വല്‍ ക്യൂ വഴി 35,000 പേര്‍ക്കും സ്‌പോട്ട് ബുക്കിങ് വഴി 5000 പേര്‍ക്കും മാത്രമാണ് പ്രവേശനാനുമതിയുള്ളൂ.
മകരവിളക്ക് ദിനത്തില്‍ രാവിലെ 10 മണിക്ക് ശേഷം നിലയ്‌ക്കലില്‍ നിന്നും പമ്പയിലേക്ക് കടക്കാന്‍ ആരെയും അനുവദിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. മാത്രമല്ല രാവിലെ 11 മണിക്ക് ശേഷം പമ്പയില്‍ നിന്നും സന്നിധാനത്തേക്കും ആരെയും അനുവദിക്കില്ല. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും കോടതി വ്യക്തമാക്കി.
നിലവില്‍ വന്‍ ഭക്തജന പ്രവാഹം: മകരവിളക്ക് മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിലേക്ക് ഭക്തജന പ്രവാഹം തുടരുകയാണ്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട തുറന്നതിന് ശേഷം ഇതുവരെ 8 ലക്ഷത്തോളം അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്. ജനുവരി 14നാണ് മകര ജ്യോതിയും മകര സംക്രമ പൂജയും.
പൊലീസിന്‍റെ പുതിയ ബാച്ച് ചുമതലയേറ്റു: ശബരിമലയിൽ പൊലീസിന്‍റെ ആറാമത്തെ ബാച്ച് ചുമതലയേറ്റു. തിരുവനന്തപുരം പൊലീസ് ഹെഡ്‌ക്വാട്ടേഴ്‌സ് എസ്‌പി സുജിത്ത് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്. 11 ഡിവൈഎസ്‌പിമാരുടെ കീഴിൽ 34 സിഐമാരും 1489 സിവിൽ പൊലീസ് ഓഫിസർമാരും ഉൾപ്പെടെ 1534 ഉദ്യോഗസ്ഥരാണ് ചുമതലയേറ്റത്.
പുതിയ ബാച്ചിന് സ്‌പെഷ്യൽ ഓഫിസർ നിർദ്ദേശങ്ങൾ നൽകി. അയ്യപ്പ ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കിക്കൊടുക്കണം. തീർഥാടകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സ്‌പെഷ്യൽ ഓഫിസർ നിർദേശം നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശബരിപീഠം, മരക്കൂട്ടം, സോപാനം, പതിനെട്ടാം പടി, നടപ്പന്തൽ, യൂ-ടേൺ, ശരംകുത്തി, കൊടിമരം, മാളികപ്പുറം, പാണ്ടിത്താവളം, കെഎസ്‌ഇബി എന്നിവയാണ് പ്രധാന ഡ്യൂട്ടി പോയിന്‍റുകൾ. ജനുവരി 14ന് മകരവിളക്ക് മഹോത്സവത്തിലെ ഭക്തജനത്തിരക്ക് പരിഗണിച്ച് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുമെന്നും സ്‌പെഷ്യൽ ഓഫിസർ അറിയിച്ചു.
സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ഉദ്യോഗസ്ഥരുടെ ഗാനാർച്ചന: സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ശബരിമലയിൽ ഡ്യൂട്ടിയിലുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഗാനാർച്ചന. ശബരിമലയിൽ തങ്ക സൂര്യോദയം.... തുടങ്ങി മലയാളികൾക്ക് ഏറെ പ്രിയമേറിയ ഭക്തിഗാനങ്ങളിലെ ക്ലാസിക് ഹിറ്റ് ഗാനങ്ങളാണ് അയ്യപ്പഭക്തർക്ക് മുന്നിൽ അവതരിപ്പിച്ചത്. സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് ജോസഫ് സ്റ്റീഫൻ റോബിൻ, എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് സുനിൽ കുമാർ, ലെയ്‌സൻ ഓഫിസർ അജിത് കുമാർ, ഹരീഷ് എന്നിവർ ഗാനാർച്ചനയ്‌ക്ക് നേതൃത്വം നൽകി. റവന്യൂ, ആരോഗ്യം, സർവേ, സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ 40 ജീവനക്കാർ നടപ്പന്തലിലെ ശ്രീ ശാസ്‌താ ഓഡിറ്റോറിയത്തിൽ നടത്തിയ ഗാനാർച്ചനയിൽ വിവിധ ഗാനങ്ങൾ ആലപിച്ചു.
തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന്: മകര വിളക്കിന് ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന് പന്തളത്ത് നിന്നും പുറപ്പെടും. പന്തളം വലിയ കോയിക്കല്‍ ശ്രീ ധർമ്മശാസ്‌ത ക്ഷേത്രത്തില്‍ നിന്നും ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഘോഷയാത്ര പുറപ്പെടുക. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ ജനുവരി 14ന് വൈകിട്ടോടെ ഘോഷയാത്ര സന്നിധാനത്ത് എത്തും.
ജനുവരി 12 മുതല്‍ 22 വരെ മദ്യനിരോധനം: ശബരിമല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്ന് പോകുന്ന വില്ലേജ് പരിധികളില്‍ ജനുവരി 12 മുതല്‍ 22 വരെ മദ്യനിരോധനം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച് ജില്ലാ കലക്‌ടര്‍ എസ് പ്രേംകൃഷ്‌ണന്‍ ഉത്തരവിറക്കി.
| വില്ലേജ് പരിധി | തീയതി | സമയക്രമം |
| പന്തളം | ജനുവരി 12 | 07AM മുതല്‍ 06PM വരെ |
| കുളനട | ജനുവരി 12 | 08AM മുതല്‍ 07PM വരെ |
| കിടങ്ങന്നൂര്‍ | ജനുവരി 12 | 10.30AM മുതല്‍ 09PM വരെ |
ആറന്മുള മല്ലപ്പുഴശ്ശേരി | ജനുവരി 12 | 11.30 AM മുതല്‍ 10PM വരെ |
| കോഴഞ്ചേരി | ജനുവരി 12 | 01PM മുതല്‍ 12PM വരെ |
| ചെറുകോല്‍ | ജനുവരി 12 | 2.30AM മുതല്‍ 07AM വരെ |
| അയിരൂര്‍ | ജനുവരി 13 | 2.30AM മുതല്‍ 07AM വരെ |
| റാന്നി | ജനുവരി 13 | 12:00 AM മുതല്‍ 10AM വരെ |
| വടശ്ശേരിക്കര | ജനുവരി 13 | 1.30AM മുതല്‍ 01PM വരെ |
| റാന്നി-പെരുനാട് | ജനുവരി 13,14,15 | 07AM മുതല്‍ 10PM വരെ |
| റാന്നി-പെരുനാട് | ജനുവരി 21,22,23 | 21ന് 04PM മുതല്‍ 06AM വരെ |

