മാടായിപ്പാറ ഇക്കോ പാർക്ക് പൂട്ടാൻ ഉത്തരവ്; നടപടി ലൈസൻസില്ലാതെ പ്രവർത്തിച്ചതിന്
ഒരു മാസമായി യാതൊരു അനുമതിയും ഇല്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് പഞ്ചായത്ത് മറുപടി നൽകിയിരുന്നു

Published : September 3, 2026 at 8:48 AM IST
കണ്ണൂർ: മാടായിപ്പാറയിലെ ജൈവവൈവിധ്യത്തിന് ഭീഷണിയുയർത്തി അനധികൃതമായി പ്രവർത്തിച്ചിരുന്ന ഇക്കോ പാർക്ക് പൂട്ടാൻ ഗ്രാമപഞ്ചായത്തിൻ്റെ ഉത്തരവ്. ലൈസൻസോ മറ്റ് അനുമതികളോ ഇല്ലാതെ ചട്ടങ്ങൾ ലംഘിച്ച് തുറന്ന പാർക്കിൻ്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് മാടായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി.
ഒരു മാസമായി യാതൊരു അനുമതിയും ഇല്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് പഞ്ചായത്ത് മറുപടി നൽകിയിരുന്നു. മാടായി കാവിനു സമീപം താമസിക്കുന്ന എൻ.വി രാജേന്ദ്രൻ നൽകിയ അപേക്ഷയിലാണ് പഞ്ചായത്തിൻ്റെ ഈ മറുപടി. ഇക്കോ പാർക്ക് ഉൾപ്പെടെയുള്ള പുതിയ നിർമാണങ്ങളും കൈയേറ്റങ്ങളും മാടായിപ്പാറയുടെ സവിശേഷവും വിലമതിക്കാനാകാത്തതുമായ ജൈവവൈവിധ്യങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കുമെന്ന് ആരോപിച്ച് പരിസ്ഥിതി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പാർക്കിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ കെ-സ്മാർട്ടിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ലൈസൻസ് നൽകുന്ന കാര്യത്തിൽ പഞ്ചായത്ത് തീരുമാനമെടുക്കുന്നതിന് മുൻപ് തന്നെ പ്രവർത്തനം തുടങ്ങുകയും ടിക്കറ്റ് നൽകി ആളുകളെ പ്രവേശിപ്പിക്കുകയും ചെയ്തത് അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞയാഴ്ച ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം വിഷയം ചർച്ച ചെയ്തിരുന്നു. ബയോ ഡൈവേഴ്സിറ്റി മാനേജ്മെൻ്റ് കമ്മിറ്റി (ബി.എം.സി) ഈയാഴ്ച തന്നെ ചേരാനും ലൈസൻസിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനും യോഗത്തിൽ ധാരണയായി.
ബി.എം.സി യോഗത്തിൽ ലൈസൻസ് നൽകാൻ തീരുമാനിച്ചാൽ മാത്രമേ പാർക്കിന് അനുമതി ലഭിക്കൂവെന്നും അതുവരെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നുമാണ് നോട്ടീസിലുള്ളത്. ബി.എം.സി യോഗത്തിൽ വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്ന് പഞ്ചായത്ത് സെക്രട്ടറി എസ്.ആർ ആര്യ ലക്ഷ്മി പറഞ്ഞു. കമ്പനി രജിസ്ട്രേഷൻ ഉണ്ടെന്നും അതുപ്രകാരമാണ് പാർക്ക് പ്രവർത്തിക്കുന്നതെന്നുമാണ് ഉടമകൾ പറഞ്ഞത്. എന്നാൽ പഞ്ചായത്തിൻ്റെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് സ്റ്റോപ്പ് മെമോ നൽകിയതെന്നും സെക്രട്ടറി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാടായിപ്പാറ സന്ദർശിക്കാൻ വരുന്നവർ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവാണെന്നും ഇത് ഇവിടുത്തെ ആവാസവ്യവസ്ഥയെ സാരമായി ബാധിച്ചുവെന്നും പരിസ്ഥിതി പ്രവർത്തകൻ വി.സി ബാലകൃഷ്ണൻ പറഞ്ഞു. പുതിയ പാർക്ക് ജൂലൈയിൽ പ്രവർത്തനം ആരംഭിച്ചത് യാതൊരു അനുമതിയും ഇല്ലാതെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെൽഫി പോയിൻ്റ്, ബർത്ത് ഡേ കോർണർ, ഡോർമെറ്ററി, ഓപ്പൺ സ്റ്റേജ്, മീറ്റിങ് റൂം, വെഡിങ് ഡെസ്റ്റിനേഷൻ, കുട്ടികളുടെ പാർക്ക് തുടങ്ങിയവ ഉൾപ്പെടുന്ന ഇക്കോ പാർക്കിൻ്റെ പ്രവർത്തനം രാത്രി 11 വരെ നീളുന്നതാണ്. നൂറുകണക്കിന് വാഹനങ്ങളുടെയും ആളുകളുടെയും വരവും രാത്രിയിലെ വെളിച്ചവും അപൂർവ സസ്യജന്തുജാലങ്ങളാൽ സമ്പന്നമായ മാടായിപ്പാറയുടെ ആവാസവ്യവസ്ഥയെ തകിടംമറിക്കുമെന്ന ആശങ്കയ്ക്കാണ് താത്കാലിക ആശ്വാസമായത്.
ജോയിൻ്റ് ഡയറക്ടർ റിപ്പോർട്ട് തേടി
മാടായിപ്പാറയുടെ ആവാസവ്യവസ്ഥ തകർക്കുന്ന വിധം അനധികൃതമായി പാർക്ക് പ്രവർത്തിക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ മാടായി പഞ്ചായത്തിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. പാർക്കിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിയെക്കുറിച്ചാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ലൈസൻസില്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്നും അതിനാൽ പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയെന്നും വ്യക്തമാക്കി പഞ്ചായത്ത് സെക്രട്ടറി ജോയിൻ്റ് ഡയറക്ടർക്ക് മറുപടി നൽകിയിട്ടുണ്ട്.
Also Read: കാർഷിക കടാശ്വാസം: ലഭിച്ചത് 6 ലക്ഷത്തിലേറെ അപേക്ഷകൾ, 649.20 കോടിയുടെ ശുപാർശ

