Kerala Local Body Elections2025

ETV Bharat / state

2020ല്‍ എന്തു സംഭവിച്ചു? കഴിഞ്ഞ തവണത്ത തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം...

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ഈ വേളയില്‍ സംസ്ഥാനത്ത് ഏറ്റവും ഒടുവില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ രസകരമായ ചില വസ്‌തുതകളിലേക്ക് ഒരു യാത്ര നടത്താം....

LDF  KERALA LOCAL BODY ELECTION 2025  UDF  NDA
രേഷ്‌മ മറിയം റോയ്, ആര്യ രാജേന്ദ്രന്‍ (Etv Bharat)
author img

By ETV Bharat Kerala Team

Published : November 4, 2025 at 1:21 PM IST

|

Updated : December 8, 2025 at 4:24 PM IST

9 Min Read
Choose ETV Bharat

വി. മായാദേവി

21 വയസ് തികയുന്ന ദിവസത്തിനായി കാത്തിരുന്ന് തൊട്ടടുത്ത ദിവസം തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികള്‍, ഭരണപരിചയവും ലോകപരിചയവും എന്തിന് ജീവിത പരിചയം പോലുമില്ലാത്ത ജനപ്രതിനിധികള്‍.., പഞ്ചായത്ത് പ്രസിഡന്‍റ് മുതല്‍ നഗര മാതാവായും'ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം വരെയും നീളുന്ന പദവികളിലേക്ക് കൊച്ച് പെണ്‍കുട്ടികള്‍..., കോളജിലെ ക്ലാസ് മുറികളില്‍ നിന്ന് നേരെ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയവര്‍ അങ്ങനെ വ്യത്യസ്‌തതകള്‍ ഏറെയുള്ള ഒരു തെരഞ്ഞെടുപ്പായിരുന്നു 2020ലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേത്. പല തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും കടന്ന് ചെന്നാല്‍ കോളജ് കാമ്പസിലേക്ക് എത്തിയ ഒരു പ്രതീതി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭരണസാരഥ്യം കയ്യാളാന്‍ വേണ്ടി നടത്തിയ രാഷ്‌ട്രീയ നാടകങ്ങള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വേദിയായി. വെറും ഭാഗ്യവും രാഷ്‌ട്രീയ കക്ഷികളുടെ അധികാരമോഹവും കുതികാല്‍വെട്ടും ചാക്കിട്ടുപിടിത്തവും അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ അനുസ്‌മരിപ്പിക്കുന്ന പല രാഷ്‌ട്രീയ കുതിരക്കച്ചവടങ്ങള്‍ക്കും നാം സാക്ഷ്യം വഹിച്ചു.

LDF  KERALA LOCAL BODY ELECTION 2025  UDF  NDA
info graphycs (Etv Bharat)

തിരുവനന്തപുരം നഗരസഭയില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ഇഞ്ചോടിഞ്ചാണ് പോരാടിയത്. ഒടുവില്‍ നേരിയ സീറ്റുകള്‍ക്കാണ് സിപിഎം ഭൂരിപക്ഷ കക്ഷിയായത്. സ്വതന്ത്രരടക്കം നിരവധി പേര്‍ ഉണ്ടായിരുന്നു, ഒന്ന് ആഞ്ഞ് പിടിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ തിരുവന്തപുരം നഗരസഭയുടെ സാരഥ്യത്തിലേക്ക് ബിജെപി വേണമെങ്കില്‍ എത്തിയേനേ. കോണ്‍ഗ്രസിനെയോ അവരുടെ സഖ്യ കക്ഷികളെയോ ഇപ്പുറത്തെ പാളയത്തില്‍ വേണമെങ്കില്‍ എത്തിക്കാനാകുമായിരുന്നു. ഇത്തരത്തില്‍ പലയിടങ്ങളിലും ഒപ്പത്തിനൊപ്പമോ തൊട്ടുപിന്നിലോ ഒക്കെ തന്നെ ആയിരുന്നു മൂന്ന് മുന്നണികളും. ത്രില്ലര്‍ ചിത്രം കണ്ടിരിക്കുന്ന വിധം ഉദ്വേഗജനകമായിരുന്നു വോട്ടെണ്ണലും ഫലപ്രഖ്യാപനവും കൂട്ടുകക്ഷി ഭരണവുമെല്ലാം.

പന്തളം മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ മിന്നും വിജയം

ശബരിമല സ്‌ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി ഉത്തരവും തുടര്‍ന്നുണ്ടായ പ്രക്ഷോഭ കോലാഹലങ്ങളുടെയും എല്ലാം പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശബരിമല അയ്യപ്പന്‍റെ സ്വന്തം വീടായി കരുതുന്ന പന്തളം വലിയകോയിക്കല്‍ കൊട്ടാരമുള്‍പ്പെടുന്ന പന്തളം മുനിസിപ്പാലിറ്റിയില്‍ ബിജെപി അധികാരം പിടിച്ചു എന്നതും ശ്രദ്ധേയമായിരുന്നു. 33 വാര്‍ഡുകളില്‍ 17ഉം സ്വന്തമാക്കിയായിരുന്നു ബിജെപിയുടെ മിന്നും വിജയം. 2015ല്‍ കേവലം ഏഴ് സീറ്റ് മാത്രമുണ്ടായിരുന്നിടത്താണ് ബിജെപി 2020ല്‍ ഈ വിജയം സ്വന്തമാക്കിയത്. ശബരിമല പ്രക്ഷോഭം ഫലപ്രദമായി വിനിയോഗിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു എന്നതിന്‍റെ സൂചന കൂടിയായി ഈ ഫലം. പാലക്കാട് മുനിസിപ്പാലിറ്റിയും ബിജെപി സ്വന്തമാക്കി.

LDF  KERALA LOCAL BODY ELECTION 2025  UDF  NDA
info graphycs (Etv Bharat)

കൊച്ചിയിലെ കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാലിനെ കേവലം ഒരു വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി ടി പി പദ്‌മകുമാരി കൊച്ചി ഐലന്‍ഡ് നോര്‍ത്ത് വാര്‍ഡില്‍ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയിലാണ് ഒറ്റ വോട്ടിന് വിള്ളലുണ്ടായത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 2020ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു ബിജെപി ഉയര്‍ത്തിയത് വലിയ വെല്ലുവിളി തന്നെ ആയിരുന്നു. ഇഞ്ചോടിഞ്ച് പൊരുതി അവര്‍ നഗരസഭയില്‍ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. അവസാന നിമിഷം വരെ ഏറെ ഉദ്വേഗജനകമായിരുന്നു വോട്ടെണ്ണലും ഫലപ്രഖ്യാപനവും. തിരുവനന്തപുരം നഗരസഭയിലെ പോരാട്ടം അവര്‍ക്ക് വലിയ അഭിമാന പ്രശ്‌നം കൂടി ആയിരുന്നു. എന്ത് വില കൊടുത്തും നഗരസഭ പിടിക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ സ്വപ്‌നം സാക്ഷാത്ക്കരിക്കാനായില്ല.

2020ലെ തെരഞ്ഞെടുപ്പ് ഇങ്ങനെ

2020 ഡിസംബറിലായിരുന്നു സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഏറ്റവും ഒടുവിലത്തെ തെരഞ്ഞെടുപ്പ് നടന്നത്. കോവിഡില്‍ മുങ്ങിയ തെരഞ്ഞടുപ്പ് പ്രചാരണവും പോളിങ്ങുമെല്ലാം കര്‍ക്കശ നിയന്ത്രണത്തിലായിരുന്നു. മൂന്ന് ദിവസങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. 8,10, 14 തീയതികളിലായിരുന്നു വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടന്നത് ഡിസംബര്‍ പതിനാറിനും. ഡിസംബര്‍ 21ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്നു. തുടര്‍ന്ന് 28ന് മുനിസിപ്പാലിറ്റികളിലെയും നഗരസഭകളിലെയും അധ്യക്ഷന്‍മാരെ തെരഞ്ഞെടുത്തു. മുപ്പതിനാണ് പഞ്ചായത്ത് സമിതികളുടെ പ്രസിഡന്‍റുമാരെ നിശ്ചയിച്ചത്.

LDF  KERALA LOCAL BODY ELECTION 2025  UDF  NDA
info graphycs (Etv Bharat)

ഗ്രാമപഞ്ചായത്തുകളില്‍ പകുതിയിലേറെയിലും ഇടത് പക്ഷ ജനാധിപത്യ മുന്നണി ആധിപത്യം പുലര്‍ത്തി. മൂന്നില്‍ രണ്ട് ജില്ലാ പഞ്ചായത്തുകളും ഇടതു പക്ഷം കൈക്കലാക്കി. കണ്ണൂരൊഴികെയുള്ള കോര്‍പ്പറേഷനുകളും ഇടതുമുന്നണിക്കൊപ്പം നിന്നു. ബ്ലോക്ക് പഞ്ചായത്തുകളിലും ഇടത് ആധിപത്യമായിരുന്നു. കോണ്‍ഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യ മുന്നണിയാകട്ടെ 0.7ശതമാനം വോട്ട് പങ്കാളിത്തം വര്‍ദ്ധിപ്പിച്ചെങ്കിലും പതിനാലില്‍ മൂന്ന് ജില്ലാ പഞ്ചായത്തുകളിലേക്കും ഒരു കോര്‍പ്പറേഷനിലേക്കും ചുരുങ്ങി. 2015ല്‍ നടന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണി ഏഴ് ജില്ലാ പഞ്ചായത്തുകളും രണ്ട് കോര്‍പ്പറേഷനുകളും സ്വന്തമാക്കിയിരുന്നു. ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യമാകട്ടെ ഗ്രാമപഞ്ചായത്തുകളില്‍ നിരവധി വാര്‍ഡുകള്‍ സ്വന്തം അക്കൗണ്ടിലാക്കി. ഇതിന് പുറമെ നാല് മുനിസിപ്പാലിറ്റികളിലും 19 പഞ്ചായത്തുകളിലും മികച്ച ഭൂരിപക്ഷത്തോടെ ഭരണവും നേടി.

കോവിഡ് മഹാമാരി

941 ഗ്രാമപഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവയടക്കം സംസ്ഥാനത്ത് ആകെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഉള്ളത്. 2020 നവംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കോവിഡ് മഹാമാരി വ്യാപകമായതോടെ നീട്ടി വയ്ക്കണമെന്ന ആവശ്യവുമായി സര്‍വകക്ഷി സംഘം കേരള ഹൈക്കോടതിയെ സമീപിച്ചു. കോവിഡ് പടര്‍ന്ന് പിടിച്ചതോടെ കോവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് ചെയ്യാമെന്ന താത്ക്കാലിക ഭേദഗതി കേരള പഞ്ചായത്ത് രാജ് നിയമത്തില്‍ കൊണ്ടു വരാനുള്ള ഓര്‍ഡിനന്‍സും ഗവര്‍ണര്‍ പുറപ്പെടുവിച്ചു. ഇതിന് പുറമെ വോട്ടിങ് സമയം രണ്ട് മണിക്കൂര്‍ വര്‍ദ്ധിപ്പിക്കുകയുമുണ്ടായി.

കക്ഷികളും സഖ്യങ്ങളും

സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡി എഫും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡി എയും തമ്മിലായിരുന്നു 2020 ലെ പ്രധാന മല്‍സരം. മുന്നണി ഘടകകക്ഷികള്‍ക്ക് പുറമേ വെല്‍ഫെയര്‍ പാര്‍ട്ടി പല ജില്ലകളിലും യുഡി എഫിനൊപ്പം നിന്നു. എസ് ഡി പിഐ, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പാര്‍ട്ടി, ട്വന്‍റി ട്വന്‍റി എന്നിവയും പലേടത്തായി മല്‍സരരംഗത്തുണ്ടായിരുന്നു.

LDF  KERALA LOCAL BODY ELECTION 2025  UDF  NDA
info graphycs (Etv Bharat)

കിഴക്കമ്പലത്തെ അന്നാ കിറ്റൈക്‌സ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള സംഘടനയായ ട്വന്‍റി20 2015ല്‍ വിജയം നേടിയ കിഴക്കമ്പലം അടക്കം അഞ്ച് പഞ്ചായത്തുകളില്‍ സ്ഥാനാര്‍ത്ഥികളെ ഇറക്കി. രാഷ്‌ട്രീയേതര സംഘടനയായ വി4കൊച്ചി കൊച്ചി കോര്‍പ്പറേഷനിലെ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ അണിനിരത്തി. പൂഞ്ഞാര്‍ എംഎല്‍എ ആയിരുന്ന പി സി ജോര്‍ജ് നേതൃത്വം നല്‍കുന്ന കെജെഎസ് എന്ന സംഘടന നാല് ജില്ലാ പഞ്ചായത്തുകളിലേക്ക് സ്വതന്ത്രമായി ജനവിധി തേടി. ഇതിന് പുറമെ കോട്ടയം ജില്ലയിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് ഗ്രാമപഞ്ചായത്തുകളിലും അവര്‍ സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി. തിരുവനന്തപുരം വികസന മുന്നേറ്റമെന്ന രാഷ്‌ട്രീയേതര സംഘടന തിരുവനന്തപുരം നഗരസഭയിലെ പതിനാല് വാര്‍ഡുകളില്‍ ജനവിധി തേടി.

സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദങ്ങള്‍ ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പില്‍ വലിയ ക്ഷീണമുണ്ടാക്കുമെന്നായിരുന്നു എതിരാളികളുടെ പ്രചാരണം. യുഡിഎഫിനുള്ളിലെ കലഹങ്ങള്‍ അവര്‍ക്കും തിരിച്ചടിയാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നും മുന്നണിയുടെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് യുഡിഎഫില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് ഇടതുമുന്നണിയിലേക്ക് ചേക്കേറിയതിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായിരുന്നു 2020 ലേത്. ബിജെപിയിലും നേതാക്കള്‍ തമ്മിലെ വിഭാഗീയത മാധ്യമ ശ്രദ്ധ നേടിയിരുന്നു.

വോട്ടര്‍മാരും തെരഞ്ഞെടുപ്പും

തദ്ദേശ തെരഞ്ഞടുപ്പിനുള്ള കരട് വോട്ടര്‍പ്പട്ടിക ജൂണ്‍ പതിനേഴിന് തന്നെ പ്രസിദ്ധീകരിച്ചിരുന്നു. അന്തിമ പട്ടിക ഒക്‌ടോബര്‍ ഒന്നിനും ഉപപട്ടിക നവംബര്‍ പത്തിനും പുറത്ത് വന്നു. പട്ടിക പ്രകാരം വോട്ടര്‍മാരുടെ എണ്ണം ഇങ്ങനെ

ഭിന്നലിംഗക്കാര്‍ 282
സ്‌ത്രീകള്‍1,44,83,668
പുരുഷന്‍മാര്‍ 1,31,72,629
ആകെ വോട്ടര്‍മാര്‍ 2,76,56,579

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ കാലാവധി നവംബര്‍ 11ന് അവസാനിച്ചതിന് പിന്നാലെ മൂന്നംഗ ഭരണകൂട സമിതികള്‍ അധികാരം ഏറ്റെടുത്തു. കേരള പഞ്ചായത്ത് രാജ് -നഗരപാലിക നിയമങ്ങളില്‍ ഇതിന് വ്യവസ്ഥയുണ്ട്.കോവിഡ് കാരണം തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ കക്ഷികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തദ്ദേശ ഭരണതെരഞ്ഞെടുപ്പില്‍ ഇടപെടാനാകില്ലെന്ന് കാട്ടി ഹൈക്കോടതി ഹര്‍ജികള്‍ തള്ളി.

മൊത്തം 1.68 ലക്ഷം സ്ഥാനാര്‍ത്ഥികളാണ് വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.അന്തിമ ഘട്ടത്തില്‍ ഈ സംഖ്യ 74,899 ആയി ചുരുങ്ങി. ബാക്കിയുള്ളവരുടെ പത്രിക തള്ളുകയോ പിന്‍വലിക്കുകയോ ആയിരുന്നു.

LDF  KERALA LOCAL BODY ELECTION 2025  UDF  NDA
info graphycs (Etv Bharat)

ആകെ 34,744 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയത്. ഇതില്‍ 29,321ഉം പഞ്ചായത്തുകളിലായിരുന്നു. 3422 എണ്ണം മുനിസിപ്പാലിറ്റികളിലും 2001 എണ്ണം നഗരസഭകളിലും ക്രമീകരിച്ചു.

സമയക്രമങ്ങള്‍ ഇങ്ങനെ

അന്തിമ വോട്ടര്‍ പട്ടിക പ്രഖ്യാപനം 1/10/2020
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം19/11/2020
നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന 20/11/2020
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി23/11/2020

വോട്ടെടുപ്പ് ഒന്നാംഘട്ടം

രണ്ടാം ഘട്ടം

മൂന്നാംഘട്ടം

8/12/2020

10/12/2020

14/12/2020

ഫലപ്രഖ്യാപനം 16/12/2020
ഒന്നാം ഘട്ടംതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
രണ്ടാംഘട്ടംഎറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട്
മൂന്നാംഘട്ടംമലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

ഫലം

514 ഗ്രാമ പഞ്ചായത്തുകളില്‍ ഇടതുമുന്നണി ഭരണം നേടി. 377 പഞ്ചായത്തുകളില്‍ യുഡി എഫ് എത്തി. 22 ഇടത്ത് എന്‍ഡി എ ഭരണത്തിലേറി. 2015 ല്‍ എല്‍ ഡി എഫ് 577 ലും യുഡി എഫ് 347 ലും എന്‍ഡി എ 12 പഞ്ചായത്തുകളിലുമായിരുന്നു ഭരണം നേടിയത്.

ഇടതുമുന്നണിക്ക് 7263 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 1267 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളും 213 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും 1167 മുന്‍സിപ്പല്‍ വാര്‍ഡുകളും 207 കോര്‍പ്പറേഷന്‍ വാര്‍ഡുകളുമടക്കം 2020 ല്‍ 10117 ജനപ്രതിനിധികളെയാണ് വിജയിപ്പിക്കാനായത്.

യുഡിഎഫിനാകട്ടെ 5896 ഗ്രാമ പഞ്ചായത്ത് അംഗങ്ങളേയും 727 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളേയും 110 ജില്ലാ പഞ്ചായത്ത് അംഗങ്ങളേയും 1174 മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരേയും 121 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരേയും ഉള്‍പ്പെടെ മൊത്തം 8028 ജനപ്രതിനിധികളെ 2020 ല്‍ വിജയിപ്പിക്കാനായി.

LDF  KERALA LOCAL BODY ELECTION 2025  UDF  NDA
info graphics (Etv Bharat)

എന്‍ഡിഎയ്ക്ക് 1182 ഗ്രാമ പഞ്ചായത്ത് അംഗങ്ങളേയും 37 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളേയും 2 ജില്ലാ പഞ്ചായത്ത് അംഗങ്ങളേയും 320 നഗരസഭാ കൗണ്‍സിലര്‍മാരേയും 59 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരേയും അടക്കം 1600 ജനപ്രതിനിധികളെ 2020ല്‍ ജയിപ്പിച്ചെടുക്കാനായി.

സ്വതന്ത്രരും മറ്റുള്ളവരുമായി 1622 ഗ്രാമ പഞ്ചായത്തംഗങ്ങളും 49 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും 6 ജില്ലാ പഞ്ചായത്ത് അംഗങ്ങളും 417 നഗരസഭാംഗങ്ങളും 27 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും ജയിച്ചു കയറി.

2015 നെ അപേക്ഷിച്ച് 2020 ല്‍ ഇടതുമുന്നണിക്ക് 223 ജനപ്രതിനിധികള്‍ കുറയുകയായിരുന്നു. ഐക്യ ജനാധിപത്യ മുന്നണിക്കും 819 ജന പ്രതിനിധികള്‍ കുറഞ്ഞപ്പോള്‍ മുന്നണികളില്‍ നേട്ടമുണ്ടാക്കിയത് എന്‍ഡി എ യായിരുന്നു. അവര്‍ക്ക് 356 ജനപ്രതിനിധികള്‍ 2020 ല്‍ കൂടി.

2015 ല്‍ 7623 ഗ്രാമപഞ്ചായത്ത് അംഗങ്ങളും 1088 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും 170 ജില്ലാ പഞ്ചായത്ത് അംഗങ്ങളും 1263 മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും 196 കോര്‍പ്പറേഷന്‍ കോര്‍പ്പറേഷന്‍ കൗണ്സി‍ലര്‍മാരും അടക്കം 10340 ജനപ്രതിനിധികളെയാണ് എല്‍ ഡി എഫിന് വിജയിപ്പിക്കാനായത്.

യുഡിഎഫിനാകട്ടെ 6324 ഗ്രാമ പഞ്ചായത്ത് അംഗങ്ങളേയും 917ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളേയും 145 ജില്ലാ പഞ്ചായത്ത് അംഗങ്ങളേയും 1318 മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരേയും 143 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരേയും ഉള്‍പ്പെടെ മൊത്തം 8847 ജനപ്രതിനിധികളെ 2020 ല്‍ വിജയിപ്പിക്കാനായി.

എന്‍ഡിഎയ്ക്ക് 933 ഗ്രാമ പഞ്ചായത്ത് അംഗങ്ങളും 21 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും 3 ജില്ലാ പഞ്ചായത്ത് അംഗങ്ങളും 236 നഗരസഭാ കൗണ്‍സിലര്‍മാരും 51 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും അടക്കം 1244 ജനപ്രതിനിധികളെയാണ് 2020ല്‍ ലഭിച്ചത്.

2015 ല്‍ എല്‍ഡി എഫ് 37.36 ശതമാനവും യുഡി എഫ് 37.23 ശതമാനവും വോട്ട് നേടിയപ്പോള്‍ വോട്ട് വ്യത്യാസം വെറും 0.13 ശതമാനമായിരുന്നപ്പോഴാണ് എല്‍ ഡി എഫ് മിന്നും വിജയം നേടിയത്. 2015 ല്‍ 13.8 ശതമാനം വോട്ടായിരുന്നു ബിജെപി നേടിയത്.

LDF  KERALA LOCAL BODY ELECTION 2025  UDF  NDA
info graphycs (Etv Bharat)

തെരഞ്ഞെടുപ്പാനന്തര സംഭവങ്ങള്‍

ഇടതുമുന്നണി 43 മുനിസിപ്പാലിറ്റികളില്‍ വിജയം കൊയ്‌തു. യുഡിഎഫ് 41ലും ബിജെപി രണ്ട് മുനിസിപ്പാലിറ്റികളിലും വിജയിച്ചു. കളമശേരി മുനിസിപ്പാലിറ്റിയില്‍ നറുക്കെടുപ്പിലൂടെ മുനിസിപ്പാലിറ്റിയുടെ നിയന്ത്രണം യുഡിഎഫ് പിടിച്ചെടുത്തു. ഇടത് വലത് മുന്നണികള്‍ക്ക് ഒരേ സീറ്റുകള്‍ ലഭിച്ചതിനാലാണ് നറുക്കെടുപ്പിലൂടെ ഭരണം നിശ്ചയിക്കേണ്ടി വന്നത്. ഇടതുമുന്നണിക്ക് 11 ജില്ലാ പഞ്ചായത്തുകളുടെ നിയന്ത്രണം കിട്ടി. മൂന്ന് ജില്ലാ പഞ്ചായത്തുകള്‍ കൊണ്ട് യുഡിഎഫിന് തൃപ്‌തിപ്പെടേണ്ടി വന്നു. പിന്നീട് വയനാട് ജില്ലാ പഞ്ചായത്തിന്‍റെ നിയന്ത്രണവും യുഡിഎഫിന് നറുക്കെടുപ്പിലൂടെ കിട്ടി.

പ്രായം കുറഞ്ഞ പഞ്ചായത്ത് അധ്യക്ഷ, പ്രായം കുറഞ്ഞ മേയര്‍

പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്‍റെ അധ്യക്ഷയായ രേഷ്‌മ മറിയം റോയി കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷയായി. 21 വയസായിരുന്നു അന്ന് രേഷ്‌മയുടെയും പ്രായം. 21 വയസ് പൂര്‍ത്തിയായി കേവലം ദിവസങ്ങള്‍ക്കകമാണ് രേഷ്‌മ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.21കാരിയായ ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം നഗരസഭയുടെ അധ്യക്ഷയായി. അങ്ങനെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവി ആര്യയ്ക്ക് സ്വന്തമായി.

ഫല അവലോകനം

ഇടത് വലത് മുന്നണികളും എന്‍ഡിഎയും തങ്ങളും വോട്ട് പങ്കാളിത്തത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ വര്‍ദ്ധനയുണ്ടാക്കി. ജനസമ്മതി ഇടതുമുന്നണിക്ക് അനുകൂലമായിരുന്നു. സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനുള്ള ശക്തമായ പിന്തുണയായി തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പൊതുവെ വിലയിരുത്തപ്പെട്ടു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പരമ്പരാഗത യുഡിഎഫ് കോട്ടകളില്‍, ഇടതിനൊപ്പം ചേര്‍ന്ന ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് (എം) മികച്ച പ്രകടനം കാഴ്‌ച വച്ചതും ഇടതുമുന്നണിക്ക് അനുകൂലമായി. എറണാകുളത്തും മലപ്പുറത്തും യുഡിഎഫ് നില മെച്ചപ്പെടുത്തി.

സോഫ്റ്റ് വെയര്‍ തകരാര്‍ മൂലം ചിലയിടങ്ങളിലെ അന്തിമ ഫലങ്ങള്‍ മാറി മറിഞ്ഞു. പിന്നീട് സോഫ്‌റ്റ് വെയറിലെ തകരാറുകള്‍ പരിഹരിച്ച ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം സൈറ്റില്‍ തിരുത്തി പ്രസിദ്ധീകരിച്ചു.

Also Read: 2020 ല്‍ എന്തുകൊണ്ട് തോറ്റു? തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനം ഇങ്ങനെ

Last Updated : December 8, 2025 at 4:24 PM IST