കോര്‍പ്പറേഷനിലെ മര്യാദ ലംഘനം , പോരുവഴിപ്പോരിലെ ത്രില്ലും ; ഗ്രാമപഞ്ചായത്തുകളില്‍ നില മെച്ചപ്പെടുത്തി യുഡിഎഫ്, കൊല്ലം 2020ല്‍ ഇങ്ങനെ
കൊല്ലം നഗരസഭയിലെ അന്‍പത്തഞ്ച് സീറ്റില്‍ 39ഉം സ്വന്തമാക്കിയാണ് ഇടതുമുന്നണി ഭരണത്തുടര്‍ച്ച നേടിയത്

Published : November 6, 2025 at 3:33 PM IST
|Updated : November 15, 2025 at 12:29 PM IST
വി. മായാദേവി
എന്നും ഇടത്തോട്ട് കൂറ് പുലര്‍ത്തുന്ന ജില്ലയാണ് കൊല്ലം. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെ തെരഞ്ഞെടുപ്പ് ഏതുമായിക്കൊള്ളട്ടെ ജില്ല ഇടതിനൊപ്പം ശക്തമായി നിലയുറപ്പിച്ചിട്ടുള്ള ചരിത്രമാണ് ഉള്ളത്. 2020 തദ്ദേശഭരണ തെരഞ്ഞെടുപ്പിലും കൊല്ലം ഇടത് കൂറ് തന്നെ കാട്ടി.
കൊല്ലം കോര്‍പ്പറേഷനിലെ സിപിഎം സിപിഐ അധികാരത്തര്‍ക്കം
2020ല്‍ മൃഗീയ ഭൂരിപക്ഷവുമായി ഇടതുമുന്നണി അധികാരത്തിലേറിയ കോര്‍പ്പറേഷനാണ് കൊല്ലം. ഇരുപത് കൊല്ലമായി ഇടത് മുന്നണി ആര്‍ക്കും വിട്ടു കൊടുത്തിട്ടില്ല ഈ കോര്‍പ്പറേഷന്‍. എന്നാല്‍ ഭരണത്തിന്‍റെ അവസാന കാലമെത്തിയപ്പോള്‍ മുന്നണിക്കുള്ളിലുണ്ടായ ചില അസ്വാരസ്യങ്ങള്‍ കല്ലുകടിയായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മേയര്‍ സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് മുന്നണിയിലുണ്ടായിരുന്ന ധാരണ സിപിഎം പാലിക്കാതെ വന്നതോടെ ഡെപ്യൂട്ടി മേയറടക്കം മൂന്ന് സിപിഐ അംഗങ്ങള്‍ രാജി വച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സവിത ദേവി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ സജീവ് സോമന്‍ എന്നിവരാണ് രാജി വച്ചത്. മുന്നണി ധാരണ പ്രകാരം 2025 ഫെബ്രുവരി അഞ്ചിന് മേയര്‍ പ്രസന്ന ഏണസ്റ്റ് രാജി വയ്ക്കണമായിരുന്നു. എന്നാല്‍ ഇതിന് സിപിഎം തയാറായില്ല. മുന്നണിക്കുള്ളിലുണ്ടായിട്ടുള്ള ഈ അസ്വാരസ്യങ്ങള്‍ ഇത്തവണ ഇവിടെ എന്ത് പ്രതിഫലനമുണ്ടാക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇത് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമം തുടങ്ങിയിട്ടുമുണ്ട്.
ജില്ലയിലെ 2020ലെ തെരഞ്ഞെടുപ്പില്‍ അല്‍പ്പം വ്യത്യസ്‌തമായ സംഭവവികാസങ്ങളുണ്ടായത് പോരുവഴി പഞ്ചായത്തിലായിരുന്നു. ഇവിടെ മൂന്ന് മുന്നണികളും ഒരേ കക്ഷി നിലയിലായിരുന്നു എന്നതാണ് ആദ്യഘട്ടത്തില്‍ തെല്ല് ഭരണപ്രതിസന്ധി ഉണ്ടാക്കിയത്.
പോരുവഴിപ്പോര് ഇങ്ങനെ
പതിനെട്ട് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഫലം വന്നപ്പോള്‍ യുഡിഎഫ് അഞ്ച്, എല്‍ഡിഎഫ് അഞ്ച്, എന്‍ഡിഎ അഞ്ച് എന്നിങ്ങനെ ആയിരുന്നു കക്ഷി നില. എസ്‌ഡിപിഐയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു. എന്നാല്‍ എസ്‌ഡിപിഐയുടെ പിന്തുണ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു ഇടതുമുന്നണിയുടേത്. അത് കൊണ്ട് തന്നെ കോണ്‍ഗ്രസ് അല്‍പ്പം പ്രതീക്ഷ വച്ചു. പക്ഷേ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി നേതാവിനെ തെരഞ്ഞെടുക്കാന്‍ കൂടിയ ആദ്യ യോഗം നേതാക്കളുടെ തമ്മിലടി കാരണം തീരുമാനമാകാതെ പിരിഞ്ഞു. നാല് അംഗങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. യുഡിഎഫിലെ ഒരംഗം മുസ്ലീം ലീഗില്‍ നിന്നുള്ള ആളായിരുന്നു.
Also Read: 2020 ല്‍ എന്തുകൊണ്ട് തോറ്റു? തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനം ഇങ്ങനെ
ഒരുവിഭാഗത്തിൻെറ പാർലമൻെററി പാർട്ടി ലീഡർ സ്ഥാനാർഥിയായ ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. രവി മാത്രം യോഗത്തിന് എത്തിയപ്പോൾ മറ്റ് മൂന്നുപേരും വിട്ടുനിന്നു. വിട്ടുനിന്നവരിൽ ഒരാൾ പി.കെ. രവിക്ക് പിന്തുണ അറിയിച്ച് കത്ത് നൽകിയെങ്കിലും അത് സ്വീകരിക്കുന്നതിൽ എതിർപക്ഷം തടസ്സവാദം ഉന്നയിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കാഞ്ഞിരവിള അജയകുമാർ, ബ്ലോക്ക് പ്രസിഡൻറ് കെ. സുകുമാരൻ നായർ, മണ്ഡലം പ്രസിഡൻറുമാരായ കിണറുവിള നാസർ, സദാശിവൻ പിള്ള എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ നിന്നാണ് കോൺഗ്രസിൻെറ നാല് പഞ്ചായത്ത് അംഗങ്ങളിൽ മൂന്ന് പേരും വിട്ടുനിന്നത്. പങ്കെടുത്ത നേതാക്കൾ തമ്മിലാകട്ടെ കടുത്ത അഭിപ്രായവ്യത്യാസവും ഉടലെടുത്തു.
പ്രസിഡൻറ് സ്ഥാനം പൊതുവിഭാഗത്തിൽ ഉള്ളതാണ്. അവിടേക്ക് പൊതുവിഭാഗത്തിൽപെട്ട ബിനു മംഗലത്ത് വരണമെന്ന നിലപാടാണ് ഒരു വിഭാഗത്തിന്. പട്ടികജാതിക്കാരനായ പി.കെ. രവിയെ പ്രസിഡൻറ് ആക്കി മാതൃക കാട്ടണമെന്ന് എതിർവിഭാഗം വാദിച്ചു. മറ്റ് രണ്ട് അംഗങ്ങളിൽ ഒരാളായ അരുൺ ഉത്തമൻ പി.കെ. രവിയെ പിന്തുണച്ച് കത്ത് നൽകി പിന്നീട് വിട്ടുനിന്നപ്പോൾ മറ്റൊരു അംഗമായ പ്രിയ സത്യൻ രാഷ്ട്രീയതീരുമാനം വന്നിട്ടേ യോഗത്തിനുള്ളൂ എന്ന നിലപാടാണ് കൈക്കൊണ്ടത്.
ഏതായാലും വ്യക്തമായ ഭൂരിപക്ഷമില്ലാതെ പഞ്ചായത്ത് ഭരണം അനിശ്ചിതത്വത്തിലൂടെ നീണ്ട് നീണ്ട് പോയതിനിടെ എസ്‌ഡിപിഐ അംഗമായിരുന്ന മയ്യത്തുംകര വാര്‍ഡില്‍ നിന്നുള്ള അന്‍സിക്ക് സര്‍ക്കാര്‍ ജോലി കിട്ടി രാജി വച്ച് പോയതോടെ അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നു. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം ഷീബ വിജയിക്കുകയും പഞ്ചായത്തിലെ അനിശ്ചിതത്വം ഒഴിയുകയും യുഡിഎഫ് അധികാരത്തിലെത്തുകയും ബിനുമംഗലത്ത് പഞ്ചായത്ത് പ്രസിഡന്‍റാകുകയും ചെയ്‌തു. കമ്പലടി വടക്ക് വാര്‍ഡംഗം മുസ്ലീം ലീഗില്‍ നിന്നുള്ള നസീറ ബീവി ബി എസ് വൈസ് പ്രസിഡന്‍റുമായി.

ശൂരനാടിന് പ്രിയം യുഡിഎഫ്
കൊല്ലം ജില്ലയിലെ രക്തസാക്ഷികളുടെ നാടായ ശൂരനാട്ട് ഇടതുപാര്‍ട്ടികളായ സിപിഎം,സിപിഐ, ആര്‍എസ്‌പി തുടങ്ങിയ പാര്‍ട്ടികളെല്ലാം സജീവമാണെങ്കിലും ഇടതുമുന്നണിക്ക് ഭരണം അന്യമായിട്ട് കാലമേറെയായി. ശൂരനാട് തെക്കും വടക്കുമായി രണ്ട് പഞ്ചായത്തുകളായി വിഭജിച്ചിരിക്കുന്നു. ഇതില്‍ ശൂരനാട് വടക്ക് പഞ്ചായത്താണ് ശൂരനാട് സംഭവങ്ങളുമായി ബന്ധമുള്ളയിടം. ഇവിടെ പക്ഷേ ഇടതിന് ഭരണത്തില്‍ കാര്യമായ സ്വാധീനം ഇല്ല.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍, ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ ഇവിടുത്തുകാരാണ്. ഇതിന് പുറമെ തെന്നല എന്ന അതിപ്രഭാവരായ കുടുംബവും തെന്നല ബാലകൃഷ്‌ണ പിള്ളയെന്ന യശഃശരീരനായ കോണ്‍ഗ്രസ് നേതാവും ഇവിടുത്തെ കോണ്‍ഗ്രസ് മേല്‍ക്കോയ്‌മയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഹരി കുറിശേരി. ശൂരനാട് സംഭവത്തിന്‍റെ കാരണഭൂതര്‍ ഇതേ കുടുംബമായിരുന്നു എന്നതും ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഇടതിനും പക്ഷേ എണ്ണം പറഞ്ഞ നേതാക്കളുടെ കാര്യത്തിലൊന്നും ഇവിടെ ക്ഷാമമില്ല. പക്ഷേ അധികാര കണക്കുകള്‍ ഒപ്പിക്കുമ്പോള്‍ പലപ്പോഴും പിഴച്ച് പോകുന്നു. പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഗംഗാധരക്കുറുപ്പടക്കമുള്ള നേതാക്കളുടെ വേരുകളുള്ള മണ്ണാണിത്. ശൂരനാട് തെക്ക് പഞ്ചായത്തില്‍ ഭരണം ഇടതുമുന്നണിക്കാണ്.
നഗരസഭ
കൊല്ലം കോര്‍പ്പറേഷനിലെ അന്‍പത്തഞ്ച് സീറ്റില്‍ 39ഉം സ്വന്തമാക്കിയാണ് ഇടതുമുന്നണി ഭരണത്തുടര്‍ച്ച നേടിയത്. ഒന്‍പത് സീറ്റുകള്‍ ഐക്യജനാധിപത്യ മുന്നണി സ്വന്തമാക്കി. എന്‍ഡിഎ ആറ് സീറ്റുകളും നേടി. ഒരു സ്വതന്ത്രനും വിജയം കണ്ടു.
| നഗരസഭ | ഇടതുമുന്നണി | ഐക്യജനാധിപത്യ മുന്നണി | എന്‍ഡിഎ | മറ്റുള്ളവര്‍ |
| കൊല്ലം | 39 | 9 | 6 | 1 |
മുനിസിപ്പാലിറ്റി
കൊല്ലത്തെ മുനിസിപ്പാലിറ്റികളെല്ലാം തന്നെ ഇടതു മുന്നണി കയ്യടക്കുന്ന കാഴ്‌ചയാണ് 2020ലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നല്‍കിയത്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയില്‍ മുപ്പത്തഞ്ച് സീറ്റുകളില്‍ 25ഉം നേടി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് ആറ് സീറ്റും എന്‍ഡിഎ നാല് സീറ്റും നേടി. കൊട്ടാരക്കര നഗരസഭയില്‍ ആകെയുള്ള 29 സീറ്റില്‍ പതിനാറും ഇടത് മുന്നണിക്കായിരുന്നു. എട്ട് സീറ്റുകള്‍ യുഡിഎഫ് നേടിയപ്പോള്‍ അഞ്ച് സീറ്റുകള്‍ എന്‍ഡിഎ കൊണ്ടു പോയി.
പരവൂരില്‍ ഇടതും വലതും പതിനാല് സീറ്റുകള്‍ വീതം നേടിയപ്പോള്‍ എന്‍ഡിഎഎയ്ക്ക് നാല് സീറ്റുകള്‍ കിട്ടി. പുനലൂരില്‍ ഇടതുമുന്നണി 21സീറ്റുകള്‍ നേടിയപ്പോള്‍ യുഡിഎഫിന് 14 സീറ്റ് കിട്ടി എന്‍ഡിഎയ്ക്ക് ഇവിടെ അക്കൗണ്ട് തുറക്കാനായില്ല. 2015ലും ഇടതു മുന്നണി തന്നെ ജില്ലായിലെ മുഴുവന്‍ മുനിസിപ്പാലിറ്റികളും കയ്യടക്കുന്ന കാഴ്‌ചയാണ് കണ്ടത്.
| മുനിസിപ്പാലിറ്റി | ഇടതുമുന്നണി | ഐക്യജനാധിപത്യ മുന്നണി | എന്‍ഡിഎ | മറ്റുള്ളവര്‍ |
| കരുനാഗപ്പള്ളി | 25 | 6 | 4 | 0 |
| കൊട്ടാരക്കര | 16 | 8 | 5 | 0 |
| പരവൂര്‍ | 14 | 14 | 4 | 0 |
| പുനലൂര്‍ | 21 | 14 | 0 | 0 |
കൊല്ലം ജില്ലാപഞ്ചായത്തിലും ഇടത് മുന്നണി തന്നെ ആധിപത്യം പുലര്‍ത്തി. 26 സീറ്റില്‍ 23ഉം സ്വന്തമാക്കിയായിരുന്നു ഇടതിന്‍റെ തേരോട്ടം. മൂന്ന് സീറ്റുകള്‍ യുഡിഎഫ് നേടി. ഇതേ സ്ഥിതി തന്നെ ആയിരുന്നു 2015ലും ഇവിടെ.
| ജില്ലാപഞ്ചായത്ത് | ഇടതുമുന്നണി | ഐക്യജനാധിപത്യ മുന്നണി | എന്‍ഡിഎ | മറ്റുള്ളവര്‍ |
| കൊല്ലം | 23 | 3 | 0 | 0 |
ബ്ലോക്ക് പഞ്ചായത്ത്
പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തും ഇടതുമുന്നണി സ്വന്തമാക്കി. ചവറ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫിനൊപ്പം നിന്നു. ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെ രണ്ട് സീറ്റ് നേടാനേ എന്‍ഡിഎയ്ക്ക് കഴിഞ്ഞുള്ളൂ.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ പതിനഞ്ചില്‍ പതിമൂന്ന് സീറ്റുകളും സ്വന്തമാക്കി ആയിരുന്നു ഇടതുമുന്നണിയുടെ തേരോട്ടം. ഇവിടെ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലും ഇതേ സ്ഥിതി തന്നെ ആയിരുന്നു.
ചവറയില്‍ എട്ട് സീറ്റുകള്‍ സ്വന്തമാക്കി യുഡിഎഫ് ബ്ലോക്ക് പിടിച്ചു. ഇടതിന് അഞ്ച് സീറ്റേ നേടാനായുള്ളൂ. ചിറ്റുമല ബ്ലോക്കില്‍ ഇടതുമുന്നണി പതിനൊന്ന് സീറ്റുകള്‍ നേടിയപ്പോള്‍ യുഡിഎഫ് ഒരു സീറ്റും എന്‍ഡിഎ ഒരു സീറ്റും നേടി.
ഇത്തിക്കരയില്‍ ഇടതുമുന്നണി പത്തും യുഡിഎഫ് രണ്ടും എന്‍ഡിഎ ഒരു സീറ്റും നേടി. കൊട്ടാരക്കരയില്‍ ഇടതുമുന്നണി പതിനൊന്നും യുഡിഎഫ് രണ്ടും സീറ്റുകള്‍ നേടി. മുഖത്തല ബ്ലോക്കില്‍ ഇടതുമുന്നണി പതിനഞ്ചില്‍ പതിനാല് സീറ്റും നേടി. ഒരെണ്ണം യുഡിഎഫ് നേടി. ഓച്ചിറയില്‍ പതിനാലില്‍ പതിമൂന്നും ഇടതുമുന്നണി നേടിയപ്പോള്‍ ഒരു സീറ്റ് യുഡിഎഫ് നേടി. പത്തനാപുരത്ത് ഇടതുമുന്നണി ഏഴും യുഡിഎഫ് ആറും സീറ്റുകള്‍ നേടി. ശാസ്‌താംകോട്ട ബ്ലോക്കില്‍ ഇടതുമുന്നണി ഒന്‍പതും ഐക്യജനാധിപത്യ മുന്നണി അഞ്ചും സീറ്റുകള്‍ നേടി. വെട്ടിക്കവലയില്‍ ഇടതുമുന്നണി പത്തും യുഡിഎഫ് നാലും സീറ്റുകള്‍ നേടി. 2015ല്‍ ജില്ലയിലെ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളും ഇടതുമുന്നണിക്കൊപ്പം അണിനിരന്നു.
| ബ്ലോക്ക് പഞ്ചായത്ത് | ഇടതുമുന്നണി | ഐക്യജനാധിപത്യ മുന്നണി | എന്‍ഡിഎ | മറ്റുള്ളവര്‍ |
| അഞ്ചല്‍ | 13 | 2 | 0 | 0 |
| ചടയമംഗലം | 13 | 2 | 0 | 0 |
| ചവറ | 5 | 8 | 0 | 0 |
| ചിറ്റുമല | 11 | 1 | 1 | 0 |
| ഇത്തിക്കര | 10 | 2 | 1 | 0 |
| കൊട്ടാരക്കര | 11 | 2 | 0 | 0 |
| മുഖത്തല | 14 | 1 | 0 | 0 |
| ഓച്ചിറ | 13 | 1 | 0 | 0 |
| പത്തനാപുരം | 7 | 6 | 0 | 0 |
| ശാസ്‌താംകോട്ട | 9 | 5 | 0 | 0 |
| വെട്ടിക്കവല | 10 | 4 | 0 | 0 |
ഗ്രാമപഞ്ചായത്തുകള്‍
ഗ്രാമപഞ്ചായത്തുകളില്‍ 2015ല്‍ നിന്ന് സ്ഥിതി മെച്ചപ്പെടുത്താന്‍ യുഡിഎഫിനായി. 61 പഞ്ചായത്തുകള്‍ ഇടതുമുന്നണി നേടിയപ്പോള്‍ നാല് പഞ്ചായത്തുകള്‍ സ്വന്തമാക്കാനേ അന്ന് ഐക്യ ജനാധിപത്യ മുന്നണിക്ക് ആയുള്ളൂ. മൂന്നിടത്ത് ആര്‍ക്കും ഭൂരിപക്ഷം നേടാനായില്ല.എന്‍ഡിഎയ്ക്ക് അന്ന് കളം പിടിക്കാനായില്ല.
ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളില്‍ ഭൂരിപക്ഷവും ഇടത്തോട്ട് ചാഞ്ഞു നിന്നു. പതിനേഴ് പഞ്ചായത്തുകള്‍ ഐക്യജനാധിപത്യ മുന്നണി സ്വന്തമാക്കിയപ്പോള്‍ രണ്ട് പഞ്ചായത്തുകള്‍ എന്‍ഡിയും കൊണ്ടുപോയി. പോരുവഴി പഞ്ചായത്തില്‍ ഇടതു വലതു എന്‍ഡിഎ മുന്നണികള്‍ അഞ്ച് സീറ്റുകള്‍ വീതം നേടിയതും ശ്രദ്ധേയമായി. മൂന്ന് സ്വതന്ത്രരും ഇവിടെ വിജയം കണ്ടു.
ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ പത്ത് സീറ്റുകളുമായി ഐക്യജനാധിപത്യ മുന്നണി അധികാരത്തിലേറി. ഇടതുമുന്നണിക്ക് ആറ് സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. എന്‍ഡിഎയ്ക്ക് നാല് സീറ്റ് കിട്ടി. ആലപ്പാട് പഞ്ചായത്തും യുഡിഎഫാണ് പിടിച്ചത്. ഒന്‍പത് സീറ്റുകള്‍ നേടിയാണ് ഇവിടെ യുഡിഎഫ് അധികാരം ഉറപ്പിച്ചത്. ഇടത് മുന്നണി ആറ് സീറ്റുകള്‍ നേടി. ഒരു സ്വതന്ത്രനും വിജയിച്ചു.
അലയമണ്‍ പഞ്ചായത്തില്‍ ഇടതുമുന്നിയുടെ തേരോട്ടം ആയിരുന്നു. ഒന്‍പത് സീറ്റുകളുമായി ഇടതുമുന്നണി അധികാരത്തിലേറിയപ്പോള്‍ മൂന്ന് സീറ്റുകള്‍ കൊണ്ട് യുഡിഎഫിന് തൃപ്‌തിപ്പെടേണ്ടി വന്നു. രണ്ട് സീറ്റ് എന്‍ഡിഎയും സ്വന്തമാക്കി. പത്ത് സീറ്റുമായി അഞ്ചല്‍ പഞ്ചായത്ത് ഇടതുമുന്നണി സ്വന്തമാക്കി. യുഡിഎഫ് നാല് സീറ്റ് നേടിയപ്പോള്‍ എന്‍ഡിഎ അഞ്ചെണ്ണം സ്വന്തമാക്കി.
ആര്യങ്കാവില്‍ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. ഇടത് വലത് മുന്നണികള്‍ അഞ്ച് സീറ്റുകള്‍ വീതം നേടിയപ്പോള്‍ എന്‍ഡിഎ രണ്ട് സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു. ചടയമംഗലത്ത് പത്ത് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് രണ്ട് സീറ്റും എന്‍ഡിഎ മൂന്ന് സീറ്റും നേടി.
ചാത്തന്നൂരില്‍ ഇടതുമുന്നണി ഒന്‍പത് സീറ്റുമായാണ് അധികാരത്തിലേറിയത്. യുഡിഎഫിന് അഞ്ച് സീറ്റും എന്‍ഡിഎയ്ക്ക് നാല് സീറ്റും കിട്ടി. ചവറയില്‍ പതിനഞ്ച് സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തി. ഇടതുമുന്നണിക്ക് ആറ് സീറ്റുകളേ ലഭിച്ചുള്ളൂ. രണ്ട് സ്വതന്ത്രരും വിജയിച്ചു. ചിറക്കരയില്‍ ഏഴു സീറ്റുമായി ഇടതുമുന്നണി അധികാരത്തിലേറി. യുഡിഎഫിന് ആറും എന്‍ഡിഎയ്ക്ക് രണ്ടും സീറ്റുകള്‍ കിട്ടി. ഒരു സ്വതന്ത്രനും വിജയിച്ചു.
ചിതറയില്‍ 13 സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫിന് ഏഴും എന്‍ഡിഎയ്ക്ക് രണ്ടും സീറ്റുകള്‍ കിട്ടി. ഒരു സ്വതന്ത്രനും വിജയിച്ചു. ക്ലാപ്പനയില്‍ പതിനൊന്ന് സീറ്റ് നേടി ആയിരുന്നു ഇടത് മുന്നണി അധികാരത്തിലേറിയത്. യുഡിഎഫ് രണ്ട് സീറ്റും എന്‍ഡിഎ ഒരു സീറ്റും നേടി. ഒരു സ്വതന്ത്രനും വിജയിച്ചു.
കിഴക്കേക്കല്ലടയില്‍ എട്ട് സീറ്റുകളുമായി ഐക്യജനാധിപത്യ മുന്നണി അധികാരത്തിലേറി. ഇടതുമുന്നണിക്ക് ആറ് സീറ്റും ലഭിച്ചു. എന്‍ഡിഎയ്ക്ക് ഒരു സീറ്റും ലഭിച്ചു. ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ പതിനൊന്ന് സീറ്റുകളുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് പത്ത് സീറ്റുകളുമായി തൊട്ടുപിന്നില്‍ തന്നെ ഉണ്ടായിരുന്നു. എന്‍ഡിഎയ്ക്ക് ഒരു സീറ്റും കിട്ടി.
ഇളമാട് പഞ്ചായത്തില്‍ യുഡിഎഫ് ഒന്‍പത് സീറ്റുമായി അധികാരത്തിലെത്തി. ഇടതുമുന്നണിക്ക് അഞ്ച് സീറ്റേ ലഭിച്ചുള്ളൂ. എന്‍ഡിഎ ഒരു സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു. ഇളമ്പള്ളൂര്‍ പഞ്ചായത്തില്‍ ഒന്‍പതു സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് നാല് സീറ്റ് നേടിയപ്പോള്‍ എന്‍ഡിഎ ആറ് സീറ്റുകള്‍ സ്വന്തമാക്കി. രണ്ട് സ്വതന്ത്രരും വിജയിച്ചു.
എഴുകോണില്‍ ഒന്‍പത് സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തി. ഇടത് മുന്നണി നാല് സീറ്റ് നേടി. എന്‍ഡിഎ അക്കൗണ്ട് തുറന്നില്ല. മൂന്ന് സ്വതന്ത്രര്‍ വിജയിച്ചു. ഇത്തിവയില്‍ ഇടതുമുന്നണി പതിനൊന്ന് സീറ്റുമായി അധികാരത്തിലെത്തി. യുഡിഎഫ് നാല് സീറ്റ് നേടി. എന്‍ഡിഎയ്ക്കും നാല് സീറ്റ് കിട്ടി. രണ്ട് സ്വതന്ത്രരും വിജയിച്ചു.
കടയ്ക്കലില്‍ മുഴുവന്‍ സീറ്റുകളിലും ഇടതുമുന്നണിയുടെ തേരോട്ടമായിരുന്നു. പഞ്ചായത്ത് മുഴുവന്‍ തൂത്ത് വാരി ഇടതുമുന്നണി 19 സീറ്റുമായി അധികാരത്തിലേറി. കല്ലുവാതുക്കല്‍ പഞ്ചായത്ത് എന്‍ഡിഎ സ്വന്തമാക്കി. ഒന്‍പത് സീറ്റ് നേടിയാണ് എന്‍ഡിഎ അധികാരത്തിലേറിയത്. ഇടതുമുന്നണി ആറ് സീറ്റും യുഡിഎഫ് എട്ട് സീറ്റും നേടി.
കരവാളൂര്‍ പഞ്ചായത്ത് യുഡിഎഫാണ് പിടിച്ചത്. എട്ട് സീറ്റുകളാണ് അവര്‍ക്ക് ലഭിച്ചത്. ഇടത് മുന്നണിയും സ്വതന്ത്രരും നാല് സീറ്റുകള്‍ വീതം സ്വന്തമാക്കി. എന്‍ഡിഎയ്ക്ക് പച്ചതൊടാനായില്ല. കരീപ്ര പഞ്ചായത്തില്‍ പതിമൂന്ന് സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് രണ്ടും എന്‍ഡിഎ മൂന്നും സീറ്റുകള്‍ നേടി.
കൊറ്റങ്കരയില്‍ ഇടതുമുന്നണിക്ക് 12 സീറ്റുകള്‍ നേടി അധികാരത്തിലെത്താനായി. യുഡിഎഫ് മൂന്നും എന്‍ഡിഎ നാലും സ്വതന്ത്രര്‍ രണ്ടും സീറ്റുകള്‍ വീതം നേടി. കുളക്കടയില്‍ പതിനൊന്ന് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. മൂന്ന് സീറ്റുകള്‍ യുഡിഎഫും നാല് സീറ്റുകള്‍ എന്‍ഡിഎയും നേടി. ഒരു സ്വതന്ത്രനും വിജയിച്ചു.
കുലശേഖരപുരത്ത് പതിമൂന്ന് സീറ്റോടെ ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് ഏഴും എന്‍ഡിഎ മൂന്നും സീറ്റുകള്‍ നേടി. കുളത്തൂപ്പുഴയില്‍ ഇടതുമുന്നണി പത്ത് സീറ്റ് നേടി അധികാരത്തിലെത്തി. യുഡിഎഫ് എട്ടും എന്‍ഡിഎ ഒന്നും സീറ്റുകള്‍ വീതം നേടി. ഒരു സ്വതന്ത്രനും വിജയിച്ചു.
കുമ്മിളില്‍ പത്ത് സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് നാല് സീറ്റും നേടി. കുണ്ടറയില്‍ ഒന്‍പത് സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് നാല് സീറ്റില്‍ വിജയിച്ചു. ഒരു സ്വതന്ത്രനും വിജയിച്ചു. കുന്നത്തൂരില്‍ ഏഴ് സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തിലെത്തി. യുഡിഎഫ് മൂന്ന് സീറ്റ് നേടിയപ്പോള്‍ എന്‍ഡിഎ അഞ്ച് സീറ്റില്‍ വിജയിച്ചു. രണ്ട് സീറ്റ് സ്വതന്ത്രനും നേടി.
മണ്‍ട്രോതുരുത്തില്‍ ഇടതുമുന്നണിയും യുഡിഎഫും അഞ്ച് സീറ്റ് നേടി. എന്‍ഡിഎ മൂന്നും. മയ്യനാട് പഞ്ചായത്തില്‍ പതിനാല് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫിന് എട്ട് സീറ്റാണ് കിട്ടിയത്. എന്‍ഡിഎ ഒരു സീറ്റും നേടി. മേലില പഞ്ചായത്തില്‍ ഇടതുമുന്നണി ഒന്‍പത് സീറ്റുകള്‍ നേടി. യുഡിഎഫ് അഞ്ചും എന്‍ഡിഎ ഒരു സീറ്റും നേടി.
മൈലം പഞ്ചായത്തില്‍ ഇടതുമുന്നണി ഒന്‍പത് സീറ്റുകള്‍ നേടിയപ്പോള്‍ യുഡിഎഫ് നാല് എന്‍ഡിഎ നാല് സ്വതന്ത്രര്‍ മൂന്ന് എന്നിങ്ങനെ ആയിരുന്നു കക്ഷി നില. മൈനാഗപ്പള്ളി പഞ്ചായത്തില്‍ പതിനാല് സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തി. ഇടത് മുന്നണി ഏഴ് സീറ്റില്‍ വിജയിച്ചു. എന്‍ഡിഎ ഒരു സീറ്റ് നേടി.
നെടുമ്പന പഞ്ചായത്തില്‍ പതിനഞ്ച് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് ഏഴ് സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു. നെടുവത്തൂര്‍ പഞ്ചായത്തില്‍ ഏഴ് സീറ്റുമായി എന്‍ഡിഎ അധികാരത്തിലെത്തി. എല്‍ഡിഎഫിന് നാലും യുഡിഎഫിന് ആറും സീറ്റുകള്‍ ലഭിച്ചു. ഒരു സ്വതന്ത്രനും വിജയിച്ചു.
നീണ്ടകര പഞ്ചായത്തില്‍ എട്ട് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫിന് നാലും എന്‍ഡിഎയ്ക്ക് ഒരു സീറ്റും ലഭിച്ചു. നിലമേല്‍ പഞ്ചായത്തില്‍ യുഡിഎഫ് ഒന്‍പത് സീറ്റുമായി അധികാരത്തിലെത്തി. ഇടതുമുന്നണിക്ക് മൂന്ന് സീറ്റ് കിട്ടി. ഒരു സ്വതന്ത്രനും വിജയിച്ചു. ഓച്ചിറ പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് എട്ട് സീറ്റുകള്‍ വീതം ലഭിച്ചു. എന്‍ഡിഎയ്ക്ക് ഒരു സീറ്റും കിട്ടി.
പനയം പഞ്ചായത്ത് ഏഴ് സീറ്റുകളുമായി ഇടത് മുന്നണി സ്വന്തമാക്കി. യുഡിഎഫും എന്‍ഡിഎയും നാല് സീറ്റുകള്‍ വീതം നേടി. ഒരു സ്വതന്ത്രനും വിജയിച്ചു. പന്‍മന പഞ്ചായത്തില്‍ 16 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തി. ഇടതുമുന്നണിക്ക് ആറ് സീറ്റുകള്‍ ലഭിച്ചു. പത്തനാപുരം പഞ്ചായത്തില്‍ പന്ത്രണ്ട് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫിന് മൂന്ന് സീറ്റ് കിട്ടി എന്‍ഡിഎ ഒരു സീറ്റ് നേടി. മൂന്ന് സ്വതന്ത്രരും വിജയിച്ചു.
പട്ടാഴിയില്‍ ആറ് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് നാല് സീറ്റും എന്‍ഡിഎ മൂന്ന് സീറ്റും നേടി. പട്ടാഴി വടക്കേക്കര ഇടതുമുന്നണി ഒന്‍പത് സീറ്റ് നേടി അധികാരത്തിലെത്തി. യുഡിഎഫ് മൂന്ന് സീറ്റും എന്‍ഡിഎ ഒരു സീറ്റും നേടി. പവിത്രേശ്വരം പഞ്ചായത്തില്‍ ഇടതുമുന്നണി എട്ട് സീറ്റിലും യുഡിഎഫ് ഏഴ് സീറ്റിലും എന്‍ഡിഎ മൂന്ന് സീറ്റിലും വിജയിച്ചു. ഒരു സ്വതന്ത്രനും വിജയിച്ചു.
പേരയം പഞ്ചായത്തില്‍ എട്ട് സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തി. ഇടതുമുന്നണിക്ക് നാല് സീറ്റ് കിട്ടി. രണ്ട് സ്വതന്ത്രര്‍ വിജയിച്ചു. എന്‍ഡിഎയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല. പെരിനാട് പഞ്ചായത്തില്‍ ഇടതുമുന്നണി പത്ത് സീറ്റുമായി അധികാരത്തിലെത്തി. യുഡിഎഫിന് നാല് സീറ്റ് കിട്ടിയപ്പോള്‍ എന്‍ഡിഎ ആറ് സീറ്റ് നേടി.
പിറവന്തൂര്‍ പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് 11 സീറ്റുമായി അധികാരത്തിലെത്താനായി. യുഡിഎഫിന് ഏഴ് സീറ്റും എന്‍ഡിഎയ്ക്ക് രണ്ട് സീറ്റും സ്വതന്ത്രന് ഒരു സീറ്റും കിട്ടി. പൂതക്കുളം പഞ്ചായത്തില്‍ പന്ത്രണ്ട് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫും എന്‍ഡിഎയും മൂന്ന് സീറ്റുകള്‍ വീതം നേടി.
പൂയപ്പള്ളിയില്‍ എട്ട് സീറ്റുകളുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് ഏഴ് സീറ്റുകള്‍ നേടിയപ്പോള്‍ എന്‍ഡിഎ ഒരു സീറ്റ് സ്വന്തമാക്കി. പോരുവഴിയില്‍ ഇടത് വലത് എന്‍ഡിഎ മുന്നണികള്‍ അഞ്ച് സീറ്റ് വീതം നേടി സമനില പാലിച്ചു. മൂന്ന് സ്വതന്ത്രരും വിജയിച്ചു. ശാസ്‌താംകോട്ടയില്‍ പത്ത് സീറ്റുകളുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് അഞ്ച് സീറ്റ് നേടിയപ്പോള്‍ എന്‍ഡിഎ ഒരു സീറ്റ് നേടി. മൂന്ന് സ്വതന്ത്രരും വിജയിച്ചു.
ശൂരനാട് നോര്‍ത്തില്‍ ഒന്‍പതു സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തി. ഇടത് മുന്നണിക്ക് അഞ്ച് സീറ്റേ കിട്ടിയുള്ളൂ. എന്‍ഡിഎ ഒരു സീറ്റ് സ്വന്തമാക്കി. മൂന്ന് സ്വതന്ത്രരും വിജയിച്ചു. ശൂരനാട് സൗത്തില്‍ എട്ട് സീറ്റുകളുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് അഞ്ച് സീറ്റ് നേടി. എന്‍ഡിഎ രണ്ട് സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു.
തലവൂര്‍ പഞ്ചായത്തില്‍ ഒന്‍പത് സീറ്റുമായി ഇടത് മുന്നണി അധികാരത്തിലെത്തി. യുഡിഎഫ് ആറും എന്‍ഡിഎ മൂന്നും സീറ്റുകള്‍ നേടി. രണ്ട് സ്വതന്ത്രരും വിജയിച്ചു. തഴവയില്‍ ഒന്‍പത് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് ഏഴ് സീറ്റ് നേടി. എന്‍ഡിഎ അഞ്ച് സീറ്റില്‍ വിജയിച്ചു. ഒരു സ്വതന്ത്രനും വിജയിച്ചു.
തെക്കുംഭാഗം പഞ്ചായത്ത് ഏഴ് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് അഞ്ച് സീറ്റ് നേടി. എന്‍ഡിഎ ഒരു സീറ്റിലും വിജയിച്ചു. തെന്‍മല പഞ്ചായത്തില്‍ എട്ട് സീറ്റുമായി യുഡിഎഫ് വിജയിച്ചു. ഇടതുമുന്നണി ആറ് സീറ്റ് നേടി. എന്‍ഡിഎയ്ക്ക് ഇവിടെ അക്കൗണ്ട് തുറക്കാനായില്ല. രണ്ട് സ്വതന്ത്രര്‍ വിജയിച്ചു.
തേവലക്കര പഞ്ചായത്തില്‍ 12 സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തി. ഇടതുമുന്നണി എട്ട് സീറ്റ് നേടി. രണ്ട് സ്വതന്ത്രരും വിജയിച്ചു. എന്നാല്‍ പിന്നീട് ബിജെപി അംഗത്തിന് വിദേശത്ത് ജോലി ലഭിച്ച് പോയതോടെ ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുകയും യുഡിഎഫിനൊപ്പമുള്ള ഷിബു ബേബി ജോണിന്‍റെ ആര്‍എസ്‌പി സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്‌തു. തൊടിയൂര്‍ പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ പതിനൊന്ന് സീറ്റുകള്‍ വീതം നേടി. ഒരു സ്വതന്ത്രനും വിജയിച്ചു.
തൃക്കരുവ പഞ്ചായത്തില്‍ ഏഴ് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് ആറ് സീറ്റ് നേടി. എന്‍ഡിഎ രണ്ട് സീറ്റും നേടി. ഒരു സ്വതന്ത്രനും വിജയിച്ചു. തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ പതിനൊന്ന് സീറ്റുമായി ഇടത് മുന്നണി അധികാരത്തിലെത്തി. യുഡിഎഫ് ഏഴ് സീറ്റും എന്‍ഡിഎ നാല് സീറ്റും സ്വന്തമാക്കി. ഒരു സ്വതന്ത്രനും വിജയിച്ചു.
ഉമ്മന്നൂര്‍ പഞ്ചായത്തില്‍ ഒന്‍പത് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് എട്ട് സീറ്റിലും എന്‍ഡിഎ മൂന്ന് സീറ്റിലും വിജയിച്ചു. വെളിനെല്ലൂര്‍ പഞ്ചായത്തില്‍ എട്ട് സീറ്റുമായി ഇടത് മുന്നണി അധികാരത്തിലെത്തി. യുഡിഎഫ് ആറ്സീറ്റ് നേടി. രണ്ട് ബിജെപിക്കാരും ഒരു സ്വതന്ത്രനും വിജയിച്ചു.
വെളിയം പഞ്ചായത്തില്‍ പതിനൊന്ന് സീറ്റുകളുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് രണ്ട് സീറ്റ് നേടിയപ്പോള്‍ എന്‍ഡിഎ മൂന്ന് സീറ്റ് നേടി. മൂന്ന് സ്വതന്ത്രരും വിജയിച്ചു. വെട്ടിക്കവലയില്‍ പതിനൊന്ന് സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തി. ഇടതുമുന്നണി എട്ട് സീറ്റ് നേടി. എന്‍ഡിഎ രണ്ട് സീറ്റും പിടിച്ചു.
വിളക്കുടി പഞ്ചായത്തില്‍ പത്ത് സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തി. ഇടതുമുന്നണിക്ക് ഒന്‍പത് സീറ്റുകള്‍ കിട്ടി. എന്‍ഡിഎ ഒരു സീറ്റും സ്വന്തമാക്കി. പടിഞ്ഞാറെ കല്ലട പഞ്ചായത്തില്‍ എട്ട് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് അഞ്ച് സീറ്റ് നേടി. എന്‍ഡിഎ ഒരു സീറ്റും സ്വന്തമാക്കി. ഏരൂര്‍ പഞ്ചായത്തില്‍ പതിനാല് സീറ്റുമായി ഇടത് മുന്നണി അധികാരത്തിലെത്തി. യുഡിഎഫ് രണ്ട് സീറ്റ് നേടി. എന്‍ഡിഎ മൂന്നും.

