Kerala Local Body Elections2025

ETV Bharat / state

ആലപ്പുഴയുടെ വിപ്ലവ മണ്ണില്‍ അരങ്ങേറിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ; വിശ്വാസത്തിലും അവിശ്വാസത്തിലും ഭരണം വഴിമുട്ടിയ പഞ്ചായത്തുകള്‍

വിപ്ലവ മണ്ണില്‍ അരങ്ങേറിയത് അന്തര്‍ നാടകങ്ങള്‍, വിഭാഗീയതയും കൂറുമാറ്റവും അരങ്ങ് തകര്‍ത്ത ആലപ്പുഴയില്‍ 2020ലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ചിത്രം ഇങ്ങനെ

Alappuzha Election Results  Political Trend Alappuzha  Local Body election Results  KERALA LOCAL BODY ELECTION 2025
local body election 2020 in kerala alappuzha district (ETV Bharat)
author img

By ETV Bharat Kerala Team

Published : November 6, 2025 at 2:16 PM IST

|

Updated : November 15, 2025 at 12:33 PM IST

18 Min Read
Choose ETV Bharat

വി.മായാദേവി

ചുവന്ന മണ്ണാണ് ആലപ്പുഴയുടേത്. ഒമ്പത് നിയമസഭാ മണ്ഡലങ്ങളുള്ളതില്‍ എട്ടും ഇടതിന്‍റെ സ്വന്തം.അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്,കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളില്‍ ഇടത് എം എല്‍എമാര്‍.സിഎമ്മിനും സിപിഐക്കും മന്ത്രിമാരുള്ള ജില്ല. യുഡിഎഫിന് ആശ്വസിക്കാനുള്ളത് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രം.

നിയമസഭയില്‍ ഇടതെങ്കില്‍ ലോക്‌സഭയില്‍ ഇരുവശത്തോട്ടും വിജയം മാറി മറിയുന്നതാണ് ആലപ്പുഴയിലെ പതിവ്. കേരളത്തിലെ കമ്യൂണിസ്റ്റ് വിപ്ലവ മുന്നേറ്റങ്ങളുടെയൊക്കെ ഈറ്റില്ലമായ ആലപ്പുഴയില്‍ ചുവപ്പുരാശിയോടൊപ്പം കാവി പടര്‍ന്നു കയറുന്നതിന്‍റെ ആദ്യ സൂചനകള്‍ കാണിച്ച തെരഞ്ഞെടുപ്പായിരുന്നു 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ്.

Also Read: വോട്ടില്‍ മുന്നില്‍, പക്ഷേ ഭരണം കൂടെപ്പോന്നില്ല; ബാര്‍കോഴ വിവാദം യുഡിഎഫിന്‍റെ അടിവേരിളക്കിയ 2015

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വന്നപ്പോള്‍ നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയായിരുന്നു. പലേടത്തും സ്വതന്ത്രരുടെ പിന്തുണയിലാണ് ഭരണം നിശ്ചയിക്കപ്പെട്ടത്. ജില്ലയില്‍ പല പഞ്ചായത്തുകളിലും എന്‍ഡിഎ നിര്‍ണ്ണായക ശക്തിയാകുന്നതും ആലപ്പുഴയില്‍ കണ്ടു. രക്തസാക്ഷികളുടെയും സമരസഖാക്കളുടെയും നാട്ടില്‍ പലപ്പോഴും ഭരണം മാറി മറിയുന്നതും ഇക്കഴിഞ്ഞ അഞ്ച് വര്‍ഷം കണ്ടു.

മാവേലിക്കര നഗരസഭയിലും മൂന്ന് പഞ്ചായത്തുകളിലും ഒടുങ്ങാത്ത രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വഴി വച്ചത്. ചെന്നിത്തല - തൃപ്പെരുന്തുറ പഞ്ചായത്തിലും കാര്‍ത്തികപള്ളി, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും പല തവണ ഭരണം മാറി മറിഞ്ഞ ബലാബലം കാണാനായി.

മാവേലിക്കര മുനിസിപ്പാലിറ്റി

അതിശയിപ്പിക്കുന്ന ഫലമാണ് 2020 ല്‍ മാവേലിക്കര നഗരസഭയില്‍ കണ്ടത്. ആകെയുള്ള 28 സീറ്റില്‍ മൂന്ന് മുന്നണികള്‍ക്കും 9 വീതം സീറ്റുകള്‍. പിന്നെയുള്ളത് സി പിഎം വിമതനായി ജയിച്ച ഒരു സ്വതന്ത്രന്‍. ഒരു കക്ഷിയ്ക്കും ഭൂരിപക്ഷം നേടാനാവാതെ വന്നതോടെ സ്വതന്ത്രന്‍റെ നിലപാട് നിര്‍ണ്ണായകമായി.

സിപിഎം വിമതനായി മത്സരിച്ച കെ വി ശ്രീകുമാറിനെ മൂന്ന് വര്‍ഷത്തേക്ക് അധ്യക്ഷനാക്കിക്കൊണ്ട് യുഡിഎഫ് ഭരണം പിടിച്ചു. ശ്രീകുമാറിന് കോണ്‍ഗ്രസ് അംഗത്വം നല്‍കിയാണ് യുഡിഎഫ് പാളയത്തിലെത്തിച്ചത്. എന്നാല്‍ പിന്നീട് സ്വന്തം ചെയര്‍മാനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടു വരുന്ന കാഴ്‌ചയ്ക്കും മാവേലിക്കര മുനിസിപ്പാലിറ്റി സാക്ഷ്യം വഹിച്ചു. മൂന്ന് വര്‍ഷമാകുമ്പോള്‍ സ്ഥാനം ഒഴിയാമെന്ന വ്യവസ്ഥ ശ്രീകുമാര്‍ ലംഘിച്ചെന്നായിരുന്നു ആരോപണം. യുഡിഎഫ് പിന്തുണ പിന്‍വലിച്ച് ആവിശ്വാസത്തിലൂടെ ശ്രീകുമാറിനെ പുറത്താക്കി. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ ശ്രീകുമാര്‍ ഇടതുമുന്നണിക്കൊപ്പം നിന്നെങ്കിലും അവിടെ നിന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ ഏക അംഗം യുഡിഎഫിനെ പിന്തുണച്ചു. കോണ്‍ഗ്രസിലെ നൈനാന്‍ സി കുറ്റിശേരി അധ്യക്ഷനായി.

ആകെയുള്ള 28ല്‍ 12 സീറ്റുകള്‍ നേടി 2015ല്‍ ഇടതുമുന്നണി ഭരണം പിടിച്ച മാവേലിക്കരയില്‍ 2015ല്‍ നേടിയ ആറ് സീറ്റില്‍ നിന്ന് യുഡി എഫ് ഒമ്പതിലെത്തിയപ്പോള്‍ ബിജെപി അവര്‍ക്ക് കഴിഞ്ഞതവണ ലഭിച്ച ഒന്‍പത് സീറ്റുകള്‍ മാവേലിക്കരയില്‍ നിലനിര്‍ത്തുകയായിരുന്നു.

ചെന്നിത്തല തൃപെരുന്തുറ

ഗ്രാമ പഞ്ചായത്തുകളില്‍ ഏറ്റവും കൗതുകകരമായ ഫലം കണ്ടത് രമേശ്‌ ചെന്നിത്തലയുടെ നാടായ ചെന്നിത്തല - തൃപ്പെരുന്തുറ പഞ്ചായത്തിലായിരുന്നു. ചെന്നിത്തല പഞ്ചായത്തില്‍ പ്രസിഡണ്ട് സ്ഥാനം പട്ടികജാതി വനിതാ സംവരണമായിരുന്നു. ഫലം വന്നപ്പോള്‍ ആകെയുള്ള 18 സീറ്റില്‍ യുഡി എഫിനും ബിജെപിക്കും ആറ് വീതം അംഗങ്ങളെ ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് അഞ്ചംഗങ്ങളെ വിജയിപ്പിക്കാനായി. ഒരിടത്ത് സ്വതന്ത്രനും ജയിച്ചു.

അധ്യക്ഷ സ്ഥാനം പട്ടിക ജാതി വനിത സംവരണമായിരുന്നെങ്കിലും കോണ്‍ഗ്രസ് നിരയില്‍ പട്ടിക ജാതി വനിതാ അംഗങ്ങള്‍ ഉണ്ടായിരുന്നില്ല. അങ്ങനെ ആദ്യ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്‍റായി. ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ ഇടതിനെ പിന്തുണയ്ക്കുന്നു എന്നായിരുന്നു കോണ്‍ഗ്രസ് വിശദീകരിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയില്‍ പ്രസിഡണ്ട് സ്ഥാനം വേണ്ടെന്ന് സിപിഎം നിലപാടെടുത്തതോടെ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം വിജയമ്മ രാജി വച്ചു. അടുത്ത തവണ വീണ്ടും പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വന്നു. വിജയമ്മ തന്നെ പ്രസിഡന്‍റായെങ്കിലും വീണ്ടും സ്ഥാനമൊഴിഞ്ഞു.മൂന്നാമതും പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ നടന്ന തെരഞ്ഞടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടു നിന്നു. സ്വതന്ത്ര അംഗം ബിജെപിയെ പിന്തുണച്ചു. ബിജെപിയിലെ ബിന്ദു പ്രദീപ് അധ്യക്ഷയായി. പ്രസിഡണ്ട് പദം കിട്ടിയെങ്കിലും ബിജെപിക്ക് ഭരണം തുടരാനായില്ല. അധികം വൈകാതെ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് ബി ജെപിക്കാരിയായ പ്രസിഡണ്ടിനെതിരെ അവിശ്വാസം കൊണ്ടു വന്നു. അവിശ്വാസത്തിലൂടെ ബിന്ദു പുറത്തായി. കോണ്‍ഗ്രസ് പിന്തുണയോടെ വിജയമ്മ വീണ്ടും അധ്യക്ഷയായി. ഇക്കുറി സിപിഎം കോണ്‍ഗ്രസിന്‍റെ സഹായം വേണ്ടെന്ന് വച്ചില്ല. അങ്ങിനെ പലതവണ പ്രസിഡണ്ടു കസേരയില്‍ ആളുകള്‍ മാറിമറിഞ്ഞ് ഒടുക്കം വിജയമ്മ ടേം പൂര്‍ത്തിയാക്കി.

തിരുവന്‍വണ്ടൂര്‍

തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ ചിത്രം മറ്റൊന്നായിരുന്നു.13 സീറ്റുള്ള ഇവിടെ 5 സീറ്റ് നേടിയ ബിജെപിയായിരുന്നു ഏറ്റവും വലിയ കക്ഷി.ഇടതിന് നാല് സീറ്റും യുഡിഎഫിന് മൂന്ന് സീറ്റും കിട്ടി. ഒരു സ്വതന്ത്രനും വിജയിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലാതായതോടെ സ്വതന്ത്രന്‍റെ നിലപാട് നിര്‍ണ്ണായകമായി. പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ പഞ്ചായത്ത് യോഗം ചേര്‍ന്നപ്പോള്‍ മിനുട്ട്സില്‍ ഒപ്പിട്ട് സ്വതന്ത്ര അംഗം ഹാള്‍ വിട്ടു.

2020 ഡിസംബറില്‍ പഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് പദവികളിലേക്ക് നടന്ന തെരഞ്ഞടിപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ കൂടി പിന്തുണയോടെ സിപിഎമ്മിലെ ബിന്ദുകുരുവിള പ്രസിഡന്‍റായും ബീന ബിജു വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ സ്വീകരിച്ചത് ശരിയായില്ലെന്ന് പാര്‍ട്ടി വിലയിരുത്തിയതോടെ ഇരുവരും പദവി രാജി വെക്കുകയായിരുന്നു. 2021 ഫെബ്രുവരിയില്‍ രണ്ടാമതും പ്രസിഡണ്ടിനേയും വൈസ് പ്രസിഡണ്ടിനേയും തെരഞ്ഞെടുക്കാന്‍ പഞ്ചായത്ത് അംഗങ്ങള്‍ യോഗം ചേര്‍ന്നു. ആ യോഗത്തിലും കോണ്‍ഗ്രസ് സിപിഎം നോമിനികള്‍ക്ക് പിന്തുണ നല്‍കി.വീണ്ടും പ്രസിഡന്‍റ് ബിന്ദു കുരുവിളയും വൈസ്‌പ്രസിഡന്‍റ് ബീന ബിജുവും രാജി വെച്ചു.

എന്നാല്‍ 2021 ഏപ്രിലില്‍ മൂന്നാം തെരഞ്ഞെടുപ്പില്‍ സമാനരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സിപിഎം പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും തുടരാന്‍ തീരുമാനിക്കുകയായിരുന്നു.2022 ഏപ്രില്‍ വരെ ഇവര്‍ ഭരണം തുടര്‍ന്നു. കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ഭരിച്ചിരുന്ന പഞ്ചായത്തില്‍ പ്രസിഡണ്ടിനും വൈസ് പ്രസിഡണ്ടിനുമെതിരെ ബിജെപി അവിശ്വാസവുമായി എത്തി. ബിജെപിയുടെ അവിശ്വാസം ചര്‍ച്ചയ്ക്കെടുക്കും മുമ്പേ പ്രസിഡന്‍റ് ബിന്ദു കുരുവിളയും വൈസ്‌പ്രസിഡന്‍റ് ബീന ബിജുവും രാജി വെച്ചു.

തുടര്‍ന്ന് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്ര അംഗം പി വി സജന്‍ പ്രസിഡന്‍റായി. സിപിഎമ്മിലെ ബീന ബിജു വൈസ്‌പ്രസിഡന്‍റായി. അങ്ങിനെ പഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് പദവികളിലേക്ക് 5 വര്‍ഷത്തിനിടെ നാലു തവണ തെരഞ്ഞെടുപ്പ് നടത്തിയ റിക്കാര്‍ഡോടെ തിരുവന്‍വണ്ടൂരിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുകയാണ്.

കാര്‍ത്തികപള്ളി

കാര്‍ത്തികപള്ളിയിലും ആകെ 13 സീറ്റുകളായിരുന്നു. ഇടത് മുന്നണിക്ക് അഞ്ച് സീറ്റ് കിട്ടിയപ്പോള്‍ യുഡിഎഫിന് മൂന്ന് സീറ്റ് ലഭിച്ചു. എന്‍ഡിഎയ്ക്ക് നാലും. ഒരു സ്വതന്ത്രയും വിജയിച്ചു. സ്വതന്ത്രയെ പ്രസിഡന്‍റാക്കി ഇടതുമുന്നണി ഭരണം തുടങ്ങി. രണ്ടര വര്‍ഷം കഴിഞ്ഞ് ഇടതുമുന്നണിയംഗം വിദേശത്ത് പോയതോടെ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചു. പക്ഷേ ബിജെപിയുടെ അവിശ്വാസത്തെ യുഡിഎഫ് പിന്തുണച്ചില്ല. ഇടതുമുന്നണി ഭരണം നിലനിറുത്തി.

മുനിസിപ്പാലിറ്റി

ആലപ്പുഴ ജില്ലയിലെ ആറ് മുനിസിപ്പാലിറ്റികളില്‍ മൂന്നെണ്ണം ഇടതുമുന്നണി സ്വന്തമാക്കിയപ്പോള്‍ രണ്ടിടത്ത് യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. ആലപ്പുഴ മുനിസിപ്പാലിറ്റി 35 സീറ്റുമായി ഇടതുമുന്നണി സ്വന്തമാക്കിയപ്പോള്‍ യുഡിഎഫ് 11 സീറ്റ് നേടി. എന്‍ഡിഎയും മറ്റുള്ളവരും മൂന്ന് വീതം സീറ്റുകള്‍ സ്വന്തമാക്കി.

ചെങ്ങന്നൂര്‍ നഗരസഭയില്‍ യുഡിഎഫ് കുത്തക കാത്തു. പതിനാല് സീറ്റുകള്‍ യുഡിഎഫ് നേടിയപ്പോള്‍ ഒരു സീറ്റ് കൊണ്ട് ഇടതുമുന്നണിക്ക് തൃപ്‌തിപ്പെടേണ്ടി വന്നു. എന്‍ഡിഎ എട്ട് സീറ്റുകള്‍ നേടി. മറ്റുള്ളവര്‍ നാലും. ചേര്‍ത്തല മുനിസിപ്പാലിറ്റി ഇടതുമുന്നണി നേടി. പതിനെട്ട് സീറ്റുകള്‍ നേടി ആയിരുന്നു ഇടതുമുന്നണി അധികാരത്തിലെത്തിയത്. യുഡിഎഫ് പത്ത് സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ എന്‍ഡിഎ മൂന്ന് സീറ്റുകള്‍ പിടിച്ചു. നാലെണ്ണം മറ്റുള്ളവരും കൊണ്ടുപോയി.

ഹരിപ്പാട് മുനിസിപ്പാലിറ്റിയില്‍ പതിമൂന്ന് സീറ്റ് നേടി യുഡിഎഫ് അധികാരം പിടിച്ചു. ഇടതിന് ഒന്‍പത് സീറ്റ് കിട്ടി.എന്‍ഡിഎ അഞ്ച് സീറ്റ് നേടി. മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റ് കിട്ടി. കായംകുളം മുനിസിപ്പാലിറ്റി 22 സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് പതിനേഴ് സീറ്റ് നേടി. എന്‍ഡിഎ മൂന്നും മറ്റുള്ളവര്‍ രണ്ടും സീറ്റുകള്‍ നേടി.

മുനിസിപ്പാലിറ്റിഇടതുമുന്നണിഐക്യജനാധിപത്യ മുന്നണിഎന്‍ഡിഎമറ്റുള്ളവര്‍
ആലപ്പുഴ 35 11 3 3
ചെങ്ങന്നൂര്‍ 1 14 8 4
ചേര്‍ത്തല 18 10 3 4
ഹരിപ്പാട് 9 13 5 2
കായംകുളം 22 17 3 2
മാവേലിക്കര 9 9 1 0

ജില്ലാപഞ്ചായത്ത്

ആലപ്പുഴ ജില്ലാ പഞ്ചായത്ത് 21 സീറ്റുമായി ഇടതുമുന്നണി സ്വന്തമാക്കി. യുഡിഎഫ് രണ്ട് സീറ്റ് നേടി.

ജില്ലാ പഞ്ചായത്ത്ഇടതുമുന്നണിഐക്യജനാധിപത്യ മുന്നണിഎന്‍ഡിഎമറ്റുള്ളവര്‍
ആലപ്പുഴ 21 2 0 0

ബ്ലോക്ക് പഞ്ചായത്ത്

ജില്ലയിലെ പന്ത്രണ്ടില്‍ പത്ത് ബ്ലോക്ക് പഞ്ചായത്തുകളും സ്വന്തമാക്കിയായിരുന്നു ഇടതുമുന്നണിയുടെ തേരോട്ടം. രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ അനിശ്ചിതത്വത്തിലായിരുന്നു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാതെ ഭരണം ത്രിശങ്കുവിലായി.

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 12 സീറ്റ് നേടി ഇടതുമുന്നണി സ്വന്തമാക്കി. യുഡിഎഫിന് ഒരു സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. എന്‍ഡിഎയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല. ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ 11 സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് രണ്ട് സീറ്റ് നേടി.

ഭരണിക്കാവ് ബ്ലോക്കിലും 11 സീറ്റുകള്‍ നേടി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് ഒരു സീറ്റ് നേടി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ ഇടതുമുന്നണി അഞ്ച് സീറ്റ് നേടിയപ്പോള്‍ യുഡിഎഫ് ആറ് സീറ്റ് നേടി. എന്‍ഡിഎയ്ക്കും സ്വതന്ത്രനും ഓരോ സീറ്റ് വീതം കിട്ടി. ഇവിടെ നറുക്കെടുപ്പാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിനും ഉപാധ്യക്ഷ സ്ഥാനം സിപിഐയ്ക്കും കിട്ടി.

ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഇടതുമുന്നണി ആറും യുഡിഎഫ് നാലും സീറ്റുകള്‍ വീതം നേടി. എന്‍ഡിഎ മൂന്ന് സീറ്റുകളും സ്വന്തമാക്കി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പത്ത് സീറ്റുകളുമായി ഇടതുമുന്നണി പിടിച്ചു. യുഡിഎഫിന് മൂന്ന് സീറ്റേ കിട്ടിയുള്ളൂ. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തും പതിനൊന്ന് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് രണ്ട് സീറ്റ് നേടി.

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പതിനൊന്ന് സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫിന് രണ്ട് സീറ്റ് തന്നെയാണ് ഇവിടെയും നേടാനായത്. മുതുകുളം ബ്ലോക്ക് പഞ്ചായത്തില്‍ 12 സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് രണ്ട് സീറ്റ് നേടി. പട്ടണക്കാട് ബ്ലോക്ക് പതിനൊന്ന് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോള്‍ മൂന്ന് സീറ്റ് യുഡിഎഫ് നേടി.

തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തില്‍ ഇടതു മുന്നണി 10ഉം യുഡിഎഫ് മൂന്നും സീറ്റുകള്‍ നേടി. വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലും ഇടതുമുന്നണി 10 യുഡിഎഫ് മൂന്ന് എന്ന തോതിലായിരുന്നു കക്ഷി നില.

ബ്ലോക്ക് പഞ്ചായത്ത്ഇടതുമുന്നണിഐക്യജനാധിപത്യ മുന്നണിഎന്‍ഡിഎമറ്റുള്ളവര്‍
അമ്പലപ്പുഴ 12 1 0 0
ആര്യാട് 11 2 0 0
ഭരണിക്കാവ് 11 1 0 0
ചമ്പക്കുളം 5 6 1 1
ചെങ്ങന്നൂര്‍ 6 4 3 0
ഹരിപ്പാട് 10 3 0 0
കഞ്ഞിക്കുഴി 11 2 0 0
മാവേലിക്കര 11 2 0 0
മുതുകുളം 12 2 0 0
പട്ടണക്കാട് 11 3 0 0
തൈക്കാട്ടുശേരി 10 3 0 0
വെളിയനാട് 10 3 0 0

ഗ്രാമപഞ്ചായത്തുകള്‍

ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളില്‍ പതിനേഴ് പഞ്ചായത്തുകളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന കാഴ്‌ച ആയിരുന്നു ഫലപ്രഖ്യാപനത്തിന് പിന്നാലെ കാണാനായത്. 13 പഞ്ചായത്തുകള്‍ യുഡിഎഫ് സ്വന്തമാക്കി. കോടംതുരുത്ത്, ചെന്നിത്തല, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളില്‍ എന്‍ഡി എ ഭൂരിപക്ഷം നേടി. ബാക്കിയുള്ളവയില്‍ ഇടതുമുന്നണി കൃത്യമായ മേല്‍ക്കൈ നേടി. പല പഞ്ചായത്തുകളിലും എന്‍ഡിഎ യുഡി എഫിനെ തള്ളി മാറ്റി പ്രതിപക്ഷത്തിന്‍റെ റോളെടുക്കുന്നതിന്‍റെ സൂചനകളും ആലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ കണ്ടു. എന്നാല്‍ ഭരണം നേടിയ നാലു പഞ്ചായത്തുകളിലും എന്‍ഡി എക്ക് ഭരണം നഷ്ടപ്പെടുന്നതും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കണ്ടു.

ഏറെ നാടകീയ നീക്കങ്ങള്‍ കണ്ടത് ആലപ്പുഴയിലെ പാണ്ടിക്കാട് പഞ്ചായത്തിലായിരുന്നു. 13 അംഗ പാണ്ടനാട് ഭരണസമിതിയില്‍ ബിജെപക്ക് ആറ് അംഗങ്ങളുണ്ടായിരുന്നു. സിപിഎം 5 കോണ്‍ഗ്രസ് 2 . ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ആശ വി നായര്‍ പദവിയും പാര്‍ട്ടി അംഗത്വവും രാജിവെച്ചതോടെ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ഭരണം പിടിച്ചിരുന്നു.പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ ആശ ഇടതു സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു മുന്നില്‍ പരാജയപ്പെടുകയായിരുന്നു. രണ്ടു വര്‍ഷം ഭരണം തുടര്‍ന്ന പഞ്ചായത്ത് പ്രസിഡണ്ട് ഇടതു സ്വതന്ത്ര ജെയിന്‍ രാജി വെച്ചതോടെ വീണ്ടും ഇവിടെ പ്രസിഡണ്ട് തെരഞ്ഞടുപ്പ് നടന്നു.പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി പിന്തുണയോടെ 3 അംഗങ്ങളുള്ള കോണ്‍ഗ്രസിലെ അമ്മാളുക്കുട്ടി സണ്ണി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

ആറാട്ടുപുഴ പഞ്ചായത്തില്‍ 11 സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് ആറ് സീറ്റ് നേടി. എന്‍ഡിഎയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല. ഒരു സ്വതന്ത്രന്‍ വിജയിച്ചു. ആലാ പഞ്ചായത്തില്‍ ഇടതുമുന്നണി അഞ്ചും യുഡിഎഫ് നാലും സീറ്റുകള്‍ വീതം നേടി. എന്‍ഡിഎ മൂന്ന് സീറ്റ് നേടിയപ്പോള്‍ ഒരു സ്വതന്ത്രനും വിജയിച്ചു. അമ്പലപ്പുഴ നോര്‍ത്തില്‍ ഒന്‍പതു സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് മൂന്ന് സീറ്റ് നേടി. എന്‍ഡിഎ ഒരു സീറ്റ് നേടിയപ്പോള്‍ അഞ്ച് സ്വതന്ത്രരും വിജയിച്ചു.

അമ്പലപ്പുഴ സൗത്തില്‍ എട്ട് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫിന് ഒരൊറ്റ സീറ്റ് പോലും കിട്ടിയില്ല. എന്‍ഡിഎ ആറ് സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു. അരൂക്കുറ്റിയില്‍ ഏഴ് സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തി. ഇടതുമുന്നണിക്ക് അഞ്ച് സീറ്റേ കിട്ടിയുള്ളൂ. ഒരു സ്വതന്ത്രനും വിജയിച്ചു. എന്‍ഡിഎ അക്കൗണ്ട് തുറന്നില്ല.

അരൂരില്‍ 12 സീറ്റുകളുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് എട്ട് സീറ്റ് നേടി. എന്‍ഡിഎ ഒരു സീറ്റില്‍ വിജയിച്ചു. ഒരു സ്വതന്ത്രനും. ആര്യാട് പഞ്ചായത്തില്‍ ഇടതുമുന്നണി 11 സീറ്റുമായി അധികാരത്തിലെത്തി. യുഡിഎഫിന് ഏഴ് സീറ്റ് കിട്ടി. ഭരണിക്കാവ് പഞ്ചായത്തില്‍ 13 സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫിന് എട്ട് സീറ്റ് കിട്ടി.

ബുധനൂര്‍ പഞ്ചായത്തില്‍ ഇടതുമുന്നണി ഒന്‍പത് സീറ്റുകള്‍ നേടി. യുഡിഎഫിന് ഒറ്റ സീറ്റും കിട്ടിയില്ല. എന്‍ഡിഎ അഞ്ച് സീറ്റുകള്‍ സ്വന്തമാക്കി. ചമ്പക്കുളം പഞ്ചായത്തില്‍ പത്ത് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫിന് രണ്ട് സീറ്റ് കിട്ടിയപ്പോള്‍ എന്‍ഡിഎ ഒരു സീറ്റ് നേടി. ചെന്നം പള്ളിപ്പുറം പഞ്ചായത്തില്‍ ഇടതുമുന്നണി ഒന്‍പത് സീറ്റുകളുമായി അധികാരത്തിലെത്തി. യുഡിഎഫിന് ആറ് സീറ്റ് കിട്ടി. എന്‍ഡിഎ രണ്ട് സീറ്റിലും വിജയിച്ചു.

ചേപ്പാട് ഗ്രാമപഞ്ചായത്തില്‍ പത്ത് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫിന് മൂന്ന് സീറ്റ് ലഭിച്ചു. ഒരു സ്വതന്ത്രനും വിജയിച്ചു. ചെറിയനാട് പഞ്ചായത്തില്‍ പത്ത് സീറ്റുകളുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫിന് രണ്ട് സീറ്റ് കിട്ടി. എന്‍ഡിഎ ഒരു സീറ്റ് നേടിയപ്പോള്‍ രണ്ട് സ്വതന്ത്രരും വിജയിച്ചു.

ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ 11 സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് ഒന്‍പത് സീറ്റ് നേടി. എന്‍ഡിഎയും സ്വതന്ത്രരും ഓരോ സീറ്റ് നേടി. ചെറുതനയില്‍ ഇടത് വലത് മുന്നണികള്‍ അഞ്ച് സീറ്റുകള്‍ വീതം നേടി. എന്‍ഡിഎ മൂന്ന് സീറ്റും നേടി. പ്രസിഡന്‍റ് സ്ഥാനം നറുക്കെടുപ്പിലൂടെ യുഡിഎഫിന് കിട്ടി.

ചെട്ടികുളങ്ങരയില്‍ പതിനാല് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. ഒരു സീറ്റ് യുഡിഎഫിനും ആറ് സീറ്റ് എന്‍ഡിഎയ്ക്കും ലഭിച്ചു. ചിങ്ങോലി പഞ്ചായത്തില്‍ ഏഴ് സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തി. ഇടതിന് ആറ് സീറ്റ് കിട്ടി. ചുനക്കര പഞ്ചായത്തില്‍ ഒന്‍പത് സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിലെത്തി. നാല് സീറ്റ് യുഡിഎഫ് നേടിയപ്പോള്‍ എന്‍ഡിഎയ്ക്ക് രണ്ട് സീറ്റ് കിട്ടി.

ദേവികുളങ്ങരയില്‍ ഇടതിന് ഏഴ് സീറ്റ് കിട്ടി. യുഡിഎഫിന് നാലും എന്‍ഡിഎയ്ക്ക് നാലും സീറ്റുകള്‍ വീതം ലഭിച്ചു. എടത്വ പഞ്ചായത്തില്‍ എട്ട് സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തി. ഇടതുമുന്നണിക്ക് നാല് സീറ്റേ നേടാനായുള്ളൂ. എന്‍ഡിഎ ഒരു സീറ്റ് നേടി. രണ്ട് മറ്റുള്ളവരും വിജയിച്ചു.

എഴുപുന്നയില്‍ പത്ത് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫിന് മൂന്ന് സീറ്റ് കിട്ടിയപ്പോള്‍ എന്‍ഡിഎ രണ്ട് സീറ്റില്‍ വിജയിച്ചു. ഒരു സ്വതന്ത്രനും വിജയിച്ചു.കടക്കരപ്പള്ളിയില്‍ ഏഴ് സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തി. ഇടതിന് ആറ് സീറ്റേ കിട്ടിയുള്ളൂ. എന്‍ഡിഎയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല. ഒരു സ്വതന്ത്രനും വിജയിച്ചു.

കൈനകരിയില്‍ എട്ട് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫിന് അഞ്ച് സീറ്റ് കിട്ടിയപ്പോള്‍ എന്‍ഡിഎ ഒരു സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു. കണ്ടല്ലൂര്‍ പഞ്ചായത്തില്‍ എട്ട് സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തി.ഇടതിന് ഏഴ് സീറ്റ് ലഭിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തില്‍ 16 സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് രണ്ട് സീറ്റ് നേടി.

കരുവാറ്റ പഞ്ചായത്തില്‍ ഇടതുമുന്നണി ഏഴ് സീറ്റ് നേടി. യുഡിഎഫ് ആറും എന്‍ഡിഎ രണ്ടും സീറ്റുകള്‍ നേടി. കാവാലം പഞ്ചായത്തില്‍ എട്ട് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് മൂന്ന് സീറ്റ് നേടിയപ്പോള്‍ എന്‍ഡിഎ രണ്ട് സീറ്റുകള്‍ സ്വന്തമാക്കി. കോടംതുരുത്ത് പഞ്ചായത്തില്‍ അഞ്ച് സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തി. ഇടതിന് മൂന്ന് സീറ്റേ ലഭിച്ചുള്ളൂ. എന്‍ഡിഎ ഏഴ് സീറ്റ് സ്വന്തമാക്കി.

കൃഷ്‌ണപുരം പഞ്ചായത്തില്‍ ഏഴ് സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തി. ഇടതിന് ആറ് സീറ്റുകള്‍ ലഭിച്ചു. എന്‍ഡിഎയ്ക്ക് നാല് സീറ്റും കിട്ടി. കുമാരപുരം പഞ്ചായത്തില്‍ എട്ട് സീറ്റുമായി ഇടത് മുന്നണി അധികാരത്തിലെത്തി. യുഡിഎഫിന് ഏഴ് സീറ്റും ലഭിച്ചു. കുത്തിയതോട് പഞ്ചായത്ത് എട്ട് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് അഞ്ച് സീറ്റ് നേടി. എന്‍ഡിഎ മൂന്ന് സീറ്റും പിടിച്ചു.

മണ്ണഞ്ചേരി പഞ്ചായത്തില്‍ ഇടതുമുന്നണി പന്ത്രണ്ട് സീറ്റുമായി അധികാരത്തിലെത്തി. യുഡിഎഫ് രണ്ട് സീറ്റ് നേടി. എന്‍ഡിഎ ഒരു സീറ്റ് നേടിയപ്പോള്‍ രണ്ട് സ്വതന്ത്രരും വിജയിച്ചു. മാന്നാര്‍ പഞ്ചായത്തില്‍ ഒന്‍പത് സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തി. ഇടതിന് എട്ട് സീറ്റ് കിട്ടി. എന്‍ഡിഎ ഒരു സീറ്റിലും വിജയിച്ചു.

മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ പതിനാല് സീറ്റുമായി ഇടത് മുന്നണി അധികാരത്തിലെത്തി. യുഡിഎഫ് നാല് സീറ്റ് നേടി. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ 20 സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് രണ്ട് സീറ്റ് നേടി. എന്‍ഡിഎയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല. ഒരു സ്വതന്ത്രനും വിജയിച്ചു.

മാവേലിക്കര-താമരക്കുളം പഞ്ചായത്തില്‍ ഏഴ് സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തി. ഇടതിന് നാല് സീറ്റ് കിട്ടി. എന്‍ഡിഎ അഞ്ച് സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു. മാവേലിക്കര തെക്കേക്കര പഞ്ചായത്തില്‍ പതിനാല് സീറ്റുമായി ഇടത് മുന്നണി അധികാരത്തിലെത്തി. രണ്ട് സീറ്റ് യുഡിഎഫ് നേടി. രണ്ട് സീറ്റ് എന്‍ഡിഎയും ഒരു സീറ്റ് സ്വതന്ത്രനും നേടി.

മുഹമ്മ പഞ്ചായത്തില്‍ പതിമൂന്ന് സീറ്റുമായി ഇടത് മുന്നണി അധികാരത്തിലെത്തി. രണ്ട് സീറ്റ് യുഡിഎഫ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു. മുളക്കുഴ പഞ്ചായത്തില്‍ എട്ട് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് രണ്ട് സീറ്റ് നേടി. എന്‍ഡിഎ നാല് സീറ്റ് സ്വന്തമാക്കി. നാല് സ്വതന്ത്രരും വിജയിച്ചു.

മുതുകുളം പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് അഞ്ച് സീറ്റ് വീതം ലഭിച്ചു. എന്‍ഡിഎ നാല് സീറ്റ് നേടിയപ്പോള്‍ ഒരു സ്വതന്ത്രനും വിജയിച്ചു. മുട്ടാര്‍ പഞ്ചായത്തില്‍ ഇടതിന് അഞ്ചും യുഡിഎഫിന് ആറും സീറ്റുകള്‍ വീതം ലഭിച്ചു. എന്‍ഡിഎ രണ്ട് സീറ്റ് നേടി. നെടുമുടി പഞ്ചായത്ത് പത്ത് സീറ്റുമായി യുഡിഎഫ് സ്വന്തമാക്കി. ഇടതിന് അഞ്ച് സീറ്റ് ലഭിച്ചു.

നീലംപേരൂരില്‍ ഇടതിന് ആറും യുഡിഎഫിന് നാലും സീറ്റ് ലഭിച്ചു. എന്‍ഡിഎ മൂന്ന് സീറ്റില്‍ വിജയിച്ചു. നൂറനാട് പഞ്ചായത്തില്‍ പത്ത് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് മൂന്ന് സീറ്റ് നേടി. എന്‍ഡിഎയ്ക്കും മൂന്ന് സീറ്റ് കിട്ടി. ഒരു സ്വതന്ത്രന്‍ വിജയിച്ചു. പാലമേല്‍ പഞ്ചായത്തില്‍ പതിമൂന്ന് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലേറി. യുഡിഎഫിന് അഞ്ച് സീറ്റ് കിട്ടി. എന്‍ഡിഎ ഒരു സീറ്റ് പിടിച്ചു.

പള്ളിപ്പാട് ഗ്രാമപഞ്ചായത്തില്‍ ഇടതുമുന്നണി ഏഴ് സീറ്റ് നേടി. യുഡിഎഫ് മൂന്നും എന്‍ഡിഎ ഒന്നും മറ്റുള്ളവര്‍ രണ്ടും സീറ്റുകള്‍ വീതം സ്വന്തമാക്കി. പനവള്ളി പഞ്ചായത്തില്‍ ഇടതുമുന്നണി പത്ത് സീറ്റ് നേടി. യുഡിഎഫ് ആറും എന്‍ഡിഎ രണ്ടും സീറ്റ് നേടി.

പത്തിയൂര്‍ പഞ്ചായത്തില്‍ പതിനാല് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫിന് ഒരു സീറ്റ് കിട്ടി. എന്‍ഡിഎ നാല് സീറ്റ് പിടിച്ചു. പട്ടണക്കാട് പഞ്ചായത്തില്‍ 12 സീറ്റുമായി യുഡിഎഫ് അധികാരം പിടിച്ചു. ഇടതിന് ആറ് സീറ്റ് ലഭിച്ചു. എന്‍ഡിഎ ഒരു സീറ്റിലും വിജയിച്ചു.

പെരുമ്പളം പഞ്ചായത്തില്‍ ഒന്‍പത് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫിന് മൂന്ന് സീറ്റ് കിട്ടി. എന്‍ഡിഎ ഒരു സീറ്റ് നേടി. പുളിങ്കുന്ന് പഞ്ചായത്തില്‍ എട്ട് സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തി. ഇടതിന് അഞ്ച് സീറ്റ് കിട്ടി. എന്‍ഡിഎ ഒരു സീറ്റില്‍ വിജയിച്ചു. രണ്ട് സീറ്റ് മറ്റുള്ളവര്‍ കൊണ്ടുപോയി.

പുലിയൂര്‍ പഞ്ചായത്തില്‍ എട്ട് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് രണ്ട് സീറ്റ് നേടി. എന്‍ഡിഎയും രണ്ട് സീറ്റ് സ്വന്തമാക്കി. ഒരു സ്വതന്ത്രനും വിജയിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്തില്‍ ഇടതുമുന്നണി 13 സീറ്റുമായി അധികാരത്തിലെത്തി. രണ്ട് സീറ്റ് യുഡിഎഫ് നേടി. രണ്ട് സീറ്റ് എന്‍ഡിഎയും.

പുന്നപ്ര തെക്ക് പഞ്ചായത്തില്‍ പത്ത് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. രണ്ട് സീറ്റുകള്‍ വീതം യുഡിഎഫും എന്‍ഡിഎയും നേടി. മൂന്ന് മറ്റുള്ളവരും വിജയിച്ചു. പുറക്കാട് പഞ്ചായത്തില്‍ എട്ട് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് അഞ്ച് സീറ്റില്‍ വിജയിച്ചു. ഒരു സീറ്റ് എന്‍ഡിഎയും നേടി. നാല് സീറ്റ് മറ്റുള്ളവര്‍ കൊണ്ടുപോയി.

രാമങ്കരി പഞ്ചായത്തില്‍ ഇടതിന് ഒന്‍പതിന് സീറ്റ് കിട്ടി. നാല് സീറ്റ് യുഡിഎഫ് പിടിച്ചു. തകഴി പഞ്ചായത്തില്‍ എട്ട് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. നാല് സീറ്റ് യുഡിഎഫ് നേടി. രണ്ട് സീറ്റ് എന്‍ഡിഎയും സ്വന്തമാക്കി. തലവടി പഞ്ചായത്തും എട്ട് സീറ്റുമായി ഇടതുമുന്നണി സ്വന്തമാക്കി. നാല് സീറ്റ് യുഡിഎഫ് നേടി.ഒരു സീറ്റ് എന്‍ഡിഎ കൊണ്ടുപോയി. മറ്റ് രണ്ട് പേരും വിജയിച്ചു.

തണ്ണീര്‍മുക്കം പഞ്ചായത്ത് പതിമൂന്ന് സീറ്റുമായി ഇടതുമുന്നണി നേടി. ഏഴ് സീറ്റ് യുഡിഎഫ് പിടിച്ചു. എന്‍ഡിഎ മൂന്ന് സീറ്റ് നേടി. തഴക്കര പഞ്ചായത്തില്‍ ഇടതുമുന്നണി എട്ട് സീറ്റ് പിടിച്ചപ്പോള്‍ യുഡിഎഫ് നാല് സീറ്റ് നേടി. എന്‍ഡിഎ ഏഴ് സീറ്റ് നേടി. മറ്റുള്ളവര്‍ രണ്ട് സീറ്റിലും വിജയിച്ചു.

തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ പത്ത് സീറ്റുമായി ഐക്യജനാധിപത്യ മുന്നണി അധികാരത്തിലെത്തി. ഇടതുമുന്നണിക്ക് ഏഴ് സീറ്റ് ലഭിച്ചു തുറവൂര്‍ പഞ്ചായത്തിലും ഐക്യജനാധിപത്യ മുന്നണിയാണ് അധികാരത്തിലെത്തിയത്. ഇവിടെ അവര്‍ക്ക് ഒന്‍പത് സീറ്റ് ലഭിച്ചു. ഇടതിന് ഏഴ് സീറ്റേ നേടനായുള്ളൂ. എന്‍ഡിഎ ഒരു സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു.

തൈക്കാട്ടുശേരിയില്‍ ഇടതുമുന്നണിക്ക് ഏഴ് സീറ്റ് ലഭിച്ചു. യുഡിഎഫ് നാല്, എന്‍ഡിഎ നാല് എന്നിങ്ങനെ ആയിരുന്നു കക്ഷി നില. വള്ളികുന്നം പഞ്ചായത്തില്‍ പത്ത് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫിന് ആറ് സീറ്റ് ലഭിച്ചു.എന്‍ഡിഎ രണ്ട് സീറ്റും നേടി. വയലാറില്‍ പത്ത് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫിന് ആറ് സീറ്റ് ലഭിച്ചു.

വീയപുരത്ത് ഇടത് വലത് മുന്നണികള്‍ അഞ്ച് സീറ്റ് വീതം നേടി. ഒരു സീറ്റ് എന്‍ഡിഎയും രണ്ട് സീറ്റ് സ്വതന്ത്രരും കൊണ്ടു പോയി. വെളിയനാട് പഞ്ചായത്തില്‍ ഇടതുമുന്നണി എട്ട് സീറ്റ് നേടി അധികാരത്തിലെത്തി. യുഡിഎഫ് നാല് സീറ്റ് പിടിച്ചു. ഒരു സ്വതന്ത്രനും വിജയിച്ചു. എന്‍ഡിഎയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല. വെണ്‍മണി പഞ്ചായത്തില്‍ ഇടത് മുന്നണി ഏഴ് സീറ്റ് നേടി. യുഡിഎഫ് മൂന്ന് സീറ്റ് നേടിയപ്പോള്‍ എന്‍ഡിഎ അഞ്ച് സീറ്റ് പിടിച്ചു.

തെരഞ്ഞെടുപ്പ് ഫലത്തെത്തുടര്‍ന്ന് ഭരണം നേടിയ പല പഞ്ചായത്തുകളിലും അഞ്ചു വര്‍ഷത്തിനിടയില്‍ പല ഘടങ്ങളുടെ സ്വാധീനത്താല്‍ ഭരണം മാറി മറിഞ്ഞ ആലപ്പുഴയില്‍ വ്യക്തമായ ജനവിധിക്കായി വീണ്ടും പാര്‍ട്ടികള്‍ ജനഹിതം തേടി വോട്ടര്‍മാരിലേക്ക് ഇറങ്ങുകയാണ്.

Last Updated : November 15, 2025 at 12:33 PM IST