തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി: 2025-26ലെ ചെലവ് 66.05 ശതമാനമെന്ന് ഡാഷ് ബോർഡ്, 78.12 ശതമാനമെന്ന് മന്ത്രി
ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് കോട്ടയം ജില്ല. കുറവ് കോഴിക്കോട്. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 66.05 ശതമാനം.

Published : April 29, 2026 at 2:31 PM IST
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 66.05 ശതമാനം. പദ്ധതി തുകയായി ആകെ വകയിരുത്തിയത് 8452.48 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ചെലവഴിച്ച തുകയായി രേഖടപ്പെടുത്തിയിട്ടുള്ളത്. 5582.74 കോടിയാണ്. ഏപ്രിൽ 29ന് തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ഡാഷ് ബോർഡിൽ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകളാണിത്. ഡാഷ് ബോർഡിലെ കണക്കുകൾ പ്രകാരം ട്രഷറിയിൽ ഒരു ബില്ലും പിടിച്ചുവച്ചിട്ടില്ല.
ജില്ല തിരിച്ചുള്ള കണക്കുകൾ
ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് കോട്ടയം ജില്ലയിലാണ്. 432.11 കോടിയാണ് ജില്ലയ്ക്ക് ബജറ്റിൽ വകയിരുത്തിയത്. 299.14 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 69.23 ശതമാനമാണ് ചെലവഴിക്കപ്പെട്ടത്. കോഴിക്കോട് ജില്ലയാണ് ഏറ്റവും പലിന്നിലുള്ളത്. ആകെ 741.87 കോടി രൂപ ബജറ്റിൽ അനുവദിച്ചിരുന്നു. എന്നാൽ 454.3 കോടിയാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. പദ്ധതി തുകയുടെ 61.24 ശതമാനമാണിത്.

മന്ത്രിയുടെ വാദങ്ങൾ
2025-26 സാമ്പത്തിക വർഷത്തെ പണമിടപാടുകൾ മാർച്ച് 31-ന് തീർന്നപ്പോൾ തദ്ദേശസ്ഥാപനങ്ങളുടെ ചെലവ് 78.12 ശതമാനം പിന്നിട്ടിട്ടുണ്ടെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. എന്നാൽ മന്ത്രിയുടെ പോസ്റ്റ് എപ്രിൽ ഒന്നിന് വന്നിട്ടും ഏപ്രിൽ 29ന് അപ്‌ഡേറ്റ് ചെയ്‌തിട്ടുള്ള ഡാഷ് ബോർഡിൽ കണക്കുകളിൽ ഇപ്പോഴും 66.05 ശതമാനമെന്ന് തുടരുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് പരിശോധനാ സമിതിയുടെ അനുമതിയ്ക്കായി സമർപ്പിച്ചിട്ടുള്ള ഏകദേശം 2000 കോടി രൂപയുടെ ചെലവുകൾ കൂടി അംഗീകരിക്കപ്പെടുമ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 98 ശതമാനമായി ഉയരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ തുക പുതിയ സാമ്പത്തിക വർഷത്തിൽ സ്‌പിൽ ഓവറായി നൽകാൻ കഴിയുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. പുതിയ സർക്കാർ അധികാരമേറ്റ ശേഷമാവും ഇക്കാര്യത്തിൽ തീരുമാനമെന്ന് കരുതപ്പെടുന്നു.

സംസ്ഥാന പദ്ധതി ചെലവ്
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവ് ഉൾപ്പെടെ സംസ്ഥാനത്തിന്‍റെ പദ്ധതി ചെലവ് 104.46 ശതമാനമാണെന്നും മന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പിലുണ്ട്. സംസ്ഥാന പദ്ധതി ചെലവ് 24,723 കോടി രൂപയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 7199 കോടി രൂപയുമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതി തേടിയിട്ടുള്ള 2000 കോടിയിൽപരം രൂപയുടെ ചെലവുകൾ കൂടി പൂർത്തീകരിക്കുമ്പോൾ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 9200 കോടി രൂപയിലെത്തും. സംസ്ഥാന പദ്ധതിയും തദ്ദേശ സ്ഥാപന പദ്ധതിയും ചേർത്ത് ചേർത്ത് 31,922 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ച് 31-ലെ പ്രാഥമിക കണക്കുകൾ അനുസരിച്ചുള്ള പദ്ധതി ചെലവ്. അവസാന കണക്കിൽ ഈ തുകകളെല്ലാം ഉയരുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ധനമന്ത്രി കെഎൻ ബാലഗോപാലുമായി ബന്ധപ്പെടാൻ ഇടിവി ഭാരത് ശ്രമിച്ചെങ്കിലും ഈ വിഷയത്തിൽ അദ്ദേഹത്തിന്‍റെ പ്രതികരണം ലഭ്യമായിട്ടില്ല.


