ETV Bharat / state

ആറ്റുകാലമ്മയ്ക്ക് പുണ്യനിവേദ്യം; ഭക്തിനിർഭരമായ പൊങ്കലയ്ക്ക് സമാപനം, പ്രതീക്ഷയോടെ മടങ്ങി ഭക്തര്‍

attukal pongala
പൊങ്കാല നിവേദിക്കുന്ന ചടങ്ങ് (ETV Bharat)
author img

By ETV Bharat Kerala Team

Published : March 3, 2026 at 9:51 AM IST

|

Updated : March 3, 2026 at 2:43 PM IST

Choose ETV Bharat

ഭക്തി നിര്‍ഭരമായി അനന്തപുരി

തിരുവനന്തപുരം: അനന്തപുരിയുടെ ഹൃദയതാളമായ വിശ്വാസത്തിൻ്റെ കനലുകളിൽ ഭക്തിയുടെ അമൃത് വിളയിക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപനം. രാവിലെ 9.45ന് സഹമേല്‍ശാന്തി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.

കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിൻ്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാർ പാടി കഴിഞ്ഞയുടൻ തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്ക് പകര്‍ന്നു. ഇതേ ദീപമാണ് സഹ മേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും കത്തിച്ചത്.

ഉച്ചയ്ക്ക് 2:15-ഓടെ ക്ഷേത്രത്തിലെ പണ്ടാരയടുപ്പിൽ നിവേദ്യം നടന്നതോടെ, കിലോമീറ്ററുകളോളം നീണ്ടുകിടന്ന ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിൽ ഒരേസമയം തീർഥം തളിച്ചു. അതോടെ ഈ വര്‍ഷത്തെ പൊങ്കാലയ്ക്ക് സമാപനമായി.

LIVE FEED

2:27 PM, 3 Mar 2026 (IST)

ഭക്തിസാന്ദ്രമായി അനന്തപുരി; ഭക്തിനിർഭരമായ ചടങ്ങുകൾക്ക് സമാപനം

ലക്ഷക്കണക്കിന് ഭക്തമനസ്സുകളിൽ പുണ്യം നിറച്ച് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നിവേദ്യം പൂർത്തിയായി. ഉച്ചയ്ക്ക് 2:15-ഓടെ ക്ഷേത്രത്തിലെ പണ്ടാരയടുപ്പിൽ നിവേദ്യം നടന്നതോടെ, കിലോമീറ്ററുകളോളം നീണ്ടുകിടന്ന ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിൽ ഒരേസമയം തീർഥം തളിച്ചു. ഇതോടെ ഇനി അടുത്ത വര്‍ഷത്തെ പൊങ്കാലയ്ക്കായുള്ള കാത്തിരിപ്പ്.

attukal pongala
പൊങ്കാല നിവേദിക്കുന്ന ചടങ്ങ് (ETV Bharat)

12:09 PM, 3 Mar 2026 (IST)

ഇഷ്‌ട നിവേദ്യങ്ങളാൽ തൃപ്‌തയായി ആറ്റുകാലമ്മ

ശ്വാസത്തിൻ്റെ കനലുകളിൽ പ്രാർഥനയുടെ അമൃത് വിളയിച്ച് ലോകത്തിലെ ഏറ്റവും വലിയ വനിതാ സംഗമത്തിന് സാക്ഷ്യം വഹിച്ച് ആറ്റുകാൽ ക്ഷേത്രമുറ്റം. ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് സ്ത്രീകൾ ഒത്തുചേരുന്ന ഈ മഹാസംഗമം ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ സംഗമമായി ഗിന്നസ് ബുക്കിൽ ഇടംപിടിച്ചതാണ്. ശർക്കര പായസം, വെള്ളച്ചോറ്, മണ്ടപ്പുറ്റ്, തെരളി തുടങ്ങിയ വൈവിധ്യമാർന്ന നിവേദ്യങ്ങളാണ് ഭക്തർ ദേവിക്ക് സമർപ്പിക്കുന്നത്. ഉച്ചയ്ക്ക് 2.15ന് നടക്കുന്ന നിവേദ്യ ചടങ്ങോടെ പൊങ്കാല പൂർത്തിയാകും. രാത്രി 7.30ന് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള ചൂരല്‍ക്കുത്ത് ആരംഭിക്കും. രാത്രി 11.30ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. ക്ഷേത്രത്തില്‍ നിന്ന് മണക്കാട് ശ്രീധര്‍മ്മ ശാസ്‌താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ച ശേഷം പിറ്റേദിവസം പ്രഭാതത്തില്‍ ധര്‍മ്മ ശാസ്‌താ ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് രാവിലെ 9 മണിയോടെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തും.രാത്രി 10 മണിക്ക് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം പുലര്‍ച്ചെ ഒന്നിന് കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് കൊടിയിറങ്ങും.

ആറ്റുകാല്‍ പൊങ്കാല (ETV Bharat)

11:42 AM, 3 Mar 2026 (IST)

ആറ്റുകാല്‍ പൊങ്കാല അര്‍പ്പിച്ച് ദീപാദാസ് മുന്‍ഷി

ലോകവിസ്മയമായ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാന്‍ ബംഗാളിലെ ദക്ഷിണകാളിയുടെ മണ്ണിൽ നിന്ന് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എത്തി. കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷിൻ്റെ വസതിയിലാണ് ദീപാദാസ് അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചത്

attukal pongala
ദീപാദാസ് മുന്‍ഷി (ETV Bharat)

11:11 AM, 3 Mar 2026 (IST)

ഇനി നിവേദ്യത്തിനായുള്ള കാത്തിരിപ്പ്

ഭക്തിയുടെ നിറവില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല അര്‍പ്പിച്ചതോടെ ഭക്തര്‍ ഇനി അടുത്ത വര്‍ഷത്തെ പൊങ്കാലയ്ക്കായുള്ള കാത്തിരിപ്പില്‍. ദേവിയുടെ ഇഷ്ട നിവേദ്യമായ ശര്‍ക്കര പായസത്തിനൊപ്പം വെള്ള നിവേദ്യം, തെരളി, മണ്ടപ്പുറ്റ് തുടങ്ങിയവയും ഭക്തര്‍ തയാറാക്കിയിട്ടുണ്ട്. ഇനി നിവേദ്യത്തിനായുള്ള കാത്തിരിപ്പിലാണ് ഭക്തര്‍

attukal pongala
ആറ്റുകാല്‍ പൊങ്കാല (ETV Bharat)

11:05 AM, 3 Mar 2026 (IST)

ഭക്ഷണ വിതരണം നടത്തുന്നവർക്കുമുള്ള സർക്കാർ നിർദേശങ്ങൾ


ഗ്രീൻ പ്രോട്ടോക്കോളനുസരിച്ചും സർക്കാർ ഉത്തരവു പ്രകാരവും പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം ഒഴിവാക്കാൻ അന്നദാനവും ദാഹജലവും മറ്റും നടത്തുന്ന സംഘടനകൾ ശ്രദ്ധിക്കണം. സ്റ്റീൽ പാത്രങ്ങൾ കൊണ്ടുവരാൻ ശ്രദ്ധിക്കണം.

പൊങ്കാല സമർപ്പിച്ച സ്ഥലത്ത് ആവശ്യം കഴിഞ്ഞ നെയ്യ് കുപ്പി തുടങ്ങിയ അജൈവ മാലിന്യങ്ങൾ തിരികെ വീട്ടിലേക്ക് കൊണ്ടു പോകുന്നതിനും ഹരിത കർമസേനനയ്ക്ക് കൈമാറുകയും ചെയ്യേണ്ടതാണ്.

തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങിയവയുടെ വിതരണം ചെയ്യുന്ന വ്യക്തികൾ/ സംഘടനകൾ അവയുടെ അവശിഷ്ടം ശേഖരിക്കുവാൻ മതിയായ അളവിൽ ബിന്നുകൾ സ്ഥാപിക്കേണ്ടതും സംസ്‌കരിക്കേണ്ടതുമാണ്.

പൊങ്കാലയ്ക്കായി വരുന്ന ഭക്തജനങ്ങൾക്ക് ആഹാരവും കുടിവെള്ളവും നൽകുന്ന സംഘടനകളും റസിഡൻസ് അസോസിയേഷനുകളും പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടും ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെയും അനുമതിയും വാങ്ങണം.

attukal pongala
ആറ്റുകാല്‍ പൊങ്കാല (ETV Bharat)

10:36 AM, 3 Mar 2026 (IST)

ഭക്തജനങ്ങള്‍ക്കായി ഹെൽപ്പ്‌ലൈൻ നമ്പരുകൾ

പൊങ്കാല ഇടാനെത്തിയ ഭക്തജനങ്ങള്‍ക്കായി ഹെൽപ്പ്‌ലൈൻ നമ്പരുകൾ

അക്രമം, മാലപൊട്ടിക്കൽ പോലെയുള്ള സംഭവങ്ങൾ പൊലീസിൽ അറിയിക്കാൻ- 100, 112

തീപിടുത്തം, അപകടം അറിയിക്കാൻ- 0471 2333101

ട്രാഫിക് പരാതികൾ അറിയിക്കാൻ- 0471 2558731

ജലവിതരണ ആവശ്യങ്ങൾക്ക്- 9188127947

ശുചീകരണ പ്രവർത്തനങ്ങൾക്ക്- 0471 2320821

attukal pongala
പൊങ്കാല അര്‍പ്പിക്കാനെത്തിയ ഭക്തര്‍ (ETV Bharat)

10:31 AM, 3 Mar 2026 (IST)

പൊങ്കാലയിടാൻ സൗകര്യമൊരുക്കി നഗരത്തിലെ ക്രിസ്ത്യൻ- മുസ്ലീം പള്ളികളും

പൊങ്കാലയിടാൻ സൗകര്യമൊരുക്കി നഗരത്തിലെ ക്രിസ്ത്യൻ- മുസ്ലീം പള്ളികളും. പാളയം സിഎസ്‌ഐ ക്രൈസ്റ്റ് പള്ളിയും സെൻ്റ് ജോസഫ് കത്തീഡ്രൽ പള്ളിയും ഭക്തർക്ക് വേണ്ടി ആരാധനാസമയത്തിൽ മാറ്റം വരുത്തി. പാളയം ജുമാ മസ്ജിദ് കമ്മ്യൂണിറ്റി ഹാളും പരിസരവും പൊങ്കാല സൗകര്യത്തിനായി വിട്ടുനൽകി. പൊങ്കാലയിടാനെത്തുന്ന ഭക്തർക്ക് എല്ലാ സൗകര്യവും ചെയ്തു നൽകണമെന്ന് പാളയം പള്ളി ഇമാം വി പി സുഹൈബ് മൗലവി അഭ്യർഥിച്ചിരുന്നു.

attukal pongala
പൊങ്കാല അര്‍പ്പിക്കാനെത്തിയ ഭക്തര്‍ (ETV Bharat)

10:27 AM, 3 Mar 2026 (IST)

പൊങ്കാല അർപ്പിച്ച് സുരേഷ് ഗോപിയുടെ ഭാര്യയും മകളും, ലോക്ഭവനു മുന്നില്‍ ഗവര്‍ണറും കുടുംബവും

നടനും കേന്ദ്ര മന്ത്രിയുമാ സുരേഷ് ഗോപിയുടെ ഭാര്യ രാധികാ സുരേഷ് ഗോപി ശാസ്തമംഗലത്തുള്ള വീട്ടിൽ ആറ്റുകാൽ പൊങ്കാല അർപ്പിച്ചു. മകൾ ഭവമി സുരേഷും അമ്മയോടൊപ്പം പൊങ്കാല ഇടുന്നുണ്ട്. കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കുടുംബവും ലോക്ഭവനു മുന്നില്‍ പൊങ്കല അര്‍പ്പിച്ചു.

attukal pongala
പൊങ്കാല അർപ്പിക്കുന്ന സുരേഷ് ഗോപിയുടെ ഭാര്യയും മകളും (ETV Bharat)

10:17 AM, 3 Mar 2026 (IST)

ആഗ്രഹസാഫല്യത്തിനല്ല, അനുഗ്രഹത്തിനു വേണ്ടിയാണ് പൊങ്കാലയിടുന്നതെന്ന് ചിപ്പി

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രശസ്ത ചലച്ചിത്രതാരം ചിപ്പി എത്തിച്ചേർന്നു. ആറ്റുകാൽ അമ്പലത്തോട് ചേർന്നുള്ള ഗൗരി വന്ദനം ഹോട്ടൽ മുറ്റത്താണ് ചിപ്പി പൊങ്കാല അർപ്പിക്കുന്നത്. ചിപ്പിയോടൊപ്പം പ്രശസ്ത ടെലിവിഷൻ താരങ്ങളും ഗായിക രാജലക്ഷ്മിയും അതേ സ്ഥലത്ത് പൊങ്കാല അർപ്പിക്കുന്നുണ്ട്.

ആറ്റുകാൽ പൊങ്കാലയെ സംബന്ധിച്ചിടത്തോളം നടി ചിപ്പിയുടെ സാന്നിധ്യം പ്രശസ്തമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി തുടർച്ചയായി പൊങ്കാല അർപ്പിക്കാൻ ചിപ്പി എത്തിച്ചേരാറുണ്ട്. അമ്മയുടെ അനുഗ്രഹം ഉള്ളടത്തോളം കാലം എല്ലാവർഷവും പൊങ്കാല അര്‍പ്പിക്കാൻ എത്തും എന്ന് ചിപ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.

തുടരും എന്ന സിനിമയുടെ വലിയ വിജയത്തിനുശേഷം വരുന്ന ആറ്റുകാൽ പൊങ്കാല ആയതുകൊണ്ട് തന്നെ ഈ ഉത്സവകാലത്തിന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്ന് ചോദ്യത്തിന് ചിരിയോടെ ചിപ്പി ഇല്ല എന്ന് മറുപടി നൽകി. ആറ്റുകാലമ്മയ്ക്ക് വർഷാവർഷം പൊങ്കാല അർപ്പിക്കുന്നത് ഉള്ളിലുള്ള ഭക്തിയെ അടിസ്ഥാനപ്പെടുത്തിയാണ്. ജീവിത വിജയങ്ങളും പരാജയങ്ങളും ഭക്തിയുടെ അളവുകോലിനെ ബാധിക്കുന്നില്ല എന്ന് ചിപ്പി പറഞ്ഞു. ആറ്റുകാലമ്മയുടെ ഭക്ത എന്നുള്ള നിലയിൽ ആഗ്രഹസാഫല്യങ്ങൾക്ക് വേണ്ടി അല്ല അനുഗ്രഹത്തിനു വേണ്ടിയാണ് പൊങ്കാലയിടുന്നതെന്നും ചിപ്പി പറഞ്ഞു.

attukal pongala
ചിപ്പി (ETV Bharat)

10:10 AM, 3 Mar 2026 (IST)

സുരക്ഷയ്ക്ക് 4,000-ത്തിലധികം പൊലീസുകാര്‍

ഇത്തവണത്തെ പൊങ്കാല ചന്ദ്രഗ്രഹണ ദിവസമാണ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അതിനാൽ നിവേദ്യത്തിന് ശേഷം ഗ്രഹണവുമായി ബന്ധപ്പെട്ട പ്രത്യേക പൂജകൾക്കായി ക്ഷേത്രനട ഉടൻ അടയ്ക്കും. നഗരത്തിൽ 4,000-ത്തിലധികം പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിൻ്റെ പ്രത്യേക മെഡിക്കൽ ടീമുകളും ആംബുലൻസ് സേവനവും പത്ത് പ്രധാന കേന്ദ്രങ്ങളിൽ സജ്ജമാണ്.

attukal pongala
പ്രാര്‍ഥനയോടെ ഭക്തര്‍ (ETV Bharat)

10:01 AM, 3 Mar 2026 (IST)

ദേവിക്ക് ഇഷ്ട നിവേദ്യവുമായി ഭക്തജനങ്ങള്‍

ഇതുവരെ കാണാത്ത തരത്തിലുള്ള അഭൂതപൂർവമായ പങ്കാളിത്തമാണ് ആറ്റുകാൽ പൊങ്കാലയ്ക്കുള്ളത്. കനത്ത ചൂടും വെയിലും അവഗണിച്ച് ലക്ഷങ്ങളാണ് റോഡിനിരുവശവും പൊങ്കാല അര്‍പ്പിക്കുന്നത്. ക്ഷേത്രത്തിനു മുന്നിൽ നിന്ന് കിലോമീറ്ററുകളോളം ദൂരം പൊങ്കാലക്കലങ്ങൾ നിരന്നു. 9.45നായിരുന്നു അടുപ്പുകളിൽ തീ പകർന്നത്. ഇനി ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായുള്ള കാത്തിരിപ്പ്. 2.15ന് ഉച്ചപൂജയ്ക്ക് ശേഷമാണ് പൊങ്കാല നിവേദ്യം.

attukal pongala
ആറ്റുകാല്‍ പൊങ്കല അര്‍പ്പിക്കുന്ന അക്തജനങ്ങള്‍ (ETV Bharat)

9:51 AM, 3 Mar 2026 (IST)

യാഗശാലയായി അനന്തപുരി

ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിൽ തീ കത്തിച്ചതോടെ ലക്ഷക്കണക്കിന് സ്ത്രീകൾ തങ്ങളുടെ അടുപ്പുകളിലേക്ക് അഗ്നി പകര്‍ന്നു. വീടുകളും വീഥികളും കടന്ന് കിലോമീറ്ററുകളോളം പൊങ്കാലക്കലങ്ങൾ നിരന്നതോടെ നഗരം യാഗശാലയായി.

attukal pongala
ആറ്റുകാല്‍ പൊങ്കാല (ETV Bharat)
Last Updated : March 3, 2026 at 2:43 PM IST