മുഖ്യമന്ത്രി ചർച്ചകള്‍ അവസാനിപ്പിച്ച് നിരീക്ഷകർ മടങ്ങുന്നു; ''വിഡി സതീശാ മണിമുത്തേ...'' മുദ്രാവാക്യവുമായി അണികള്‍ തെരുവിൽ

Published : May 7, 2026 at 11:10 AM IST
|Updated : May 7, 2026 at 6:15 PM IST
അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് തിരുവനന്തപുരത്തെ ഇന്ദിരാ ഭവനിലും (കെപിസിസി ആസ്ഥാനം) ഡൽഹിയിലും നടക്കുന്നത്. പത്ത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് 102 സീറ്റുകളുടെ വമ്പൻ ഭൂരിപക്ഷവുമായി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തിയപ്പോൾ, കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത് ഒരേയൊരു ചോദ്യത്തിലേക്കാണ് ആരാകും അടുത്ത മുഖ്യമന്ത്രി? കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. മുഖ്യമന്ത്രി കസേരയ്ക്കായി പ്രധാനമായും മൂന്ന് നേതാക്കളുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്...
വി.ഡി. സതീശൻ: കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷത്തെ നയിച്ച മികവും, മുന്നണിയെ വിജയത്തിലേക്ക് നയിച്ചതിലെ പങ്കുമാണ് ഇദ്ദേഹത്തിന് മുൻതൂക്കം നൽകുന്നത്. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ പിന്തുണയും സതീശനുണ്ടെന്നാണ് സൂചന.
കെ.സി. വേണുഗോപാൽ: എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ ഹൈക്കമാൻഡുമായുള്ള അടുത്ത ബന്ധവും രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ എന്ന പദവിയുമാണ് ഇദ്ദേഹത്തിൻ്റെ കരുത്ത്. ഇദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന നിലപാട് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പരസ്യമായി പ്രകടിപ്പിച്ചത് ചർച്ചകൾക്ക് ചൂടേറ്റിയിട്ടുണ്ട്.
രമേശ് ചെന്നിത്തല: ഭരണരംഗത്തെയും സംഘടനാ രംഗത്തെയും ദീർഘകാല പരിചയവും സീനിയോറിറ്റിയും മുൻനിർത്തിയാണ് ചെന്നിത്തല രംഗത്തുള്ളത്. 'സീനിയോറിറ്റി' പരിഗണിക്കപ്പെടണം എന്ന വാദം അദ്ദേഹത്തിൻ്റെ അനുയായികൾ ശക്തമായി ഉന്നയിക്കുന്നു.
LIVE FEED
ചർച്ചകൾ ഹൈക്കമാൻ്റിനെ അറിയിച്ച് തീരുമാനം വൈകാതെ എടുക്കുമെന്നും നിരീക്ഷകർ
എല്ലാവരുമായും സംസാരിച്ചെന്നും ഡൽഹിയിലേക്ക് തിരിച്ചു പോകുന്നുവെന്നും നിരീക്ഷകർ. വേഗത്തിൽ റിപ്പോർട്ട് നൽകുമെന്നും ചർച്ചകൾ ഹൈക്കമാൻ്റിനെ അറിയിച്ച് തീരുമാനം വൈകാതെ എടുക്കുമെന്നും നിരീക്ഷകർ പ്രതികരിച്ചു. ചർച്ചകള്‍ അവസാനിപ്പിച്ച് നിരീക്ഷകർ മടങ്ങുന്നു.
കേരളത്തിലുടനീളം വിഡി പക്ഷം തെരുവിൽ; കണ്ണൂരിലും പ്രകടനം
കണ്ണൂരിലും വിഡി സതീഷൻ അനുകൂല പ്രകടനം നടക്കുന്നു. ''പട നയിച്ചവൻ നാട് നയിക്കട്ടെ...'' എന്ന മുദ്രാവാക്യങ്ങളുമായി കോഴിക്കോട് ഇന്ന് എട്ട് മണിക്ക് പ്രവർത്തകർ തെരുവിലിറങ്ങുമെന്നാണ് റിപ്പോർട്ടുകള്‍. നേരത്തെ എറണാകുളം നെട്ടൂരിൽ മുദ്രാവാക്യങ്ങളുമായി അണികള്‍ തെരുവിലിറങ്ങിയിരുന്നു. മുഖ്യമന്ത്രിയാകാൻ യോഗ്യൻ വിഡി സതീഷനെന്നും മുദ്രാവാക്യം. വിജയത്തിൻ്റെ പിന്നിൽ സതീഷൻ. ഇനിയും കപ്പിനും ചുണ്ടിനുമിടയിൽ ഒഴിവാക്കൽ നടക്കില്ല. സതീഷനെ മുൻ നിർത്തി ജയിച്ചിട്ട് ഒഴിവാക്കുന്നത് ശരിയല്ലെന്നുമാണ് പ്രവർത്തകർ പറയുന്നത്.
മുഖ്യമന്ത്രി ചർച്ചകള്‍ അവസാന ഘട്ടത്തിലേക്ക്
മുഖ്യമന്ത്രി ചർച്ചകള്‍ അവസാന ഘട്ടത്തിലേക്ക്. അനൂപ് ജേക്കബ്ബിനാപ്പം പാർട്ടി ചെയർമാൻ വക്കനാട് രാധകൃഷ്‌ണൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നു. സിപി ജോണിനൊപ്പം പാർട്ടി സംസ്ഥാന സെക്രട്ടറി സാജു പദ്‌മനാഭനും എത്തി. പൊതു വികാരം കണക്കിലെടുക്കണമെന്നും സിറ്റിങ് എംഎൽഎ ആയിരിക്കണമെന്നും നിലപാട് അറിയിച്ചതായി റിപ്പോർട്ട്. ഓരോ ഘടക കക്ഷി നേതാക്കൻമാരുമായും പത്ത് മിനിറ്റോളമായിരുന്നു കൂടിക്കാഴിച്ച.
പറയാനുള്ള കാര്യങ്ങൾ പറഞ്ഞു... അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്നും മാണി സി കാപ്പൻ
പറയാനുള്ള കാര്യങ്ങൾ പറഞ്ഞെന്നും കൂടുതലൊന്നും മാധ്യമങ്ങളോട് പറയുന്നില്ലെന്നും മാണി സി കാപ്പൻ. അഭിപ്രായം ചോദിച്ചു, അരുടെയും പേര് മുൻനിർത്തിയല്ല അഭിപ്രായം ചോദിച്ചത്. തൻ്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഘടക കക്ഷി ചർച്ചകള്‍ പുരോഗമിക്കുന്നു; അഭിപ്രായം അറിയിച്ചെന്ന് ലീഗ്
ലീഗിനെ പ്രതിനിധീകരിച്ച് പികെ കുഞ്ഞാലികുട്ടി, ഇടി മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, പിഎംഎ സലാം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കേരള കോൺഗ്രസ് ജോസഫുമായുള്ള ചർച്ചകളും നടക്കുന്നു. പിജെ ജോസഫ്, മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ, പിസി തോമസ് എന്നിവർ കൂടിക്കാഴ്‌ചയ്‌ക്കെത്തി.
ലീഗിൻ്റെ അഭിപ്രായം നിരീക്ഷകർക്ക് മുന്നിൽ പറഞ്ഞിട്ടുണ്ട്... തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി
ചർച്ചയിൽ പറഞ്ഞതൊന്നും മാധ്യമങ്ങള്‍ക്ക് മുന്നിൽ പറയുന്നില്ല. ഞങ്ങളുടെ പാർട്ടി തീരുമാനം നിരീക്ഷകർക്ക് മുന്നിൽ പറഞ്ഞിട്ടുണ്ട്. അവർ ഡൽഹിയിൽ ചർച്ച ചെയ്‌ത് തീരുമാനം പറയും. അതിനായി കാത്തിരിക്കുന്നു. ലീഗിൻ്റെ അഭിപ്രായം മാധ്യമങ്ങള്‍ക്ക് മുന്നിൽ പറയാൻ സാധിക്കില്ലെന്നും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
''പട നയിച്ചവൻ നാട് നയിക്കട്ടെ...'' കോഴിക്കോടും പ്രകടനവുമായി വിഡി പക്ഷം
''പട നയിച്ചവൻ നാട് നയിക്കട്ടെ...'' എന്ന മുദ്രാവാക്യങ്ങളുമായി കോഴിക്കോടും പ്രകടനവുമായി വിഡി സതീഷൻ പക്ഷം. കോഴിക്കോട് ഇന്ന് എട്ട് മണിക്ക് പ്രവർത്തകർ തെരുവിലിറങ്ങുമെന്നും റിപ്പോർട്ടുകള്‍.
''ആര് വേണമെന് ചർച്ചയിൽ ചോദിച്ചതുമില്ല, ഞങ്ങൾ പറഞ്ഞതുമില്ല'' ഷിബു ബേബി ജോൺ
കൂടിക്കാഴ്ച്ച സുഗമമെന്നും കോൺഗ്രസ് തീരുമാനിക്കുന്ന നേതാവിന അംഗീകരിക്കുമെന്നും ഷിബു ബേബി ജോൺ. ആരുടെയും പേര് പറഞ്ഞിട്ടില്ല, ആദ്യം ആർഎംപിയുമായി ചർച്ച നടത്തും. ആര് വേണമെന് ചർച്ചയിൽ ചോദിച്ചതുമില്ല, ഞങ്ങൾ പറഞ്ഞുമില്ലെന്നും പ്രതികരണം. നിലവിൽ ലീഗുമായുള്ള ചർച്ച പുരോഗമിക്കുന്നു.
''വിഡി സതീഷാ മണിമുത്തേ... അങ്ങേക്കായിരം അഭിവാദ്യങ്ങള്‍'' വിഡി സതീഷൻ അനുകൂലികള്‍ തെരുവിൽ
വിഡി സതീഷൻ അനുകൂലികള്‍ തെരുവിൽ. പ്രകടനവുമായി എറണാകുളം നെട്ടൂരിൽ മുദ്രാവാക്യങ്ങളുമായി അണികള്‍. മുഖ്യമന്ത്രിയാകാൻ യോഗ്യൻ വിഡി സതീഷനെന്ന് മുദ്രാവാക്യം. വിജയത്തിൻ്റെ പിന്നിൽ സതീഷൻ. ഇനിയും കപ്പിനും ചുണ്ടിനുമിടയിൽ ഒഴിവാക്കൽ നടക്കില്ല. സതീഷനെ മുൻ നിർത്തി ജയിച്ചിട്ട് ഒഴിവാക്കുന്നത് ശരിയല്ലെന്നും പ്രവർത്തകർ.
യുഡിഎഫ് മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻ്റ് തീരുമാനിക്കും: സണ്ണി ജോസഫ്
യുഡിഎഫ് മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻ്റ് തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ലീഡറെ നിശ്ചയിക്കാൻ എഐസിസി പ്രസിഡൻ്റിനെ ചുമതലപ്പെടുത്തുന്ന പ്രമേയം പാസ്സാക്കിയെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു.

മുഖ്യമന്ത്രിയെ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കും, പരിഹസിച്ച് സുരേന്ദ്രൻ
ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡെന്ന പരിഹാസവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നടപടിക്രമങ്ങളെല്ലാം പ്രഹസനമാണ്. മുഖ്യമന്ത്രിയെ ബഹുമാന്യനായ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കും. ഇനിയങ്ങോട്ട് അഞ്ചുവർഷവും ഇതു തന്നെ ഗതിയെന്നും കാത്തിരുന്നു കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി ചർച്ചകള്‍ നടക്കുക ഡൽഹിൽ, ഞായറാഴ്‌ചയോടുകൂടി അന്തിമ ചിത്രം തെളിഞ്ഞേക്കും
സിഎംപി സംസ്ഥാന സെക്രട്ടറി, നിയുക്ത എംഎൽഎ സിപി ജോൺ ചർച്ചയ്‌ക്കെത്തി.
നിരീക്ഷകർ വൈകിട്ട് 7:30ന് ഉള്ള വിമാനത്തിൽ ഡൽഹിക്ക് തിരിക്കുമെന്ന് റിപ്പോർട്ട്. ഇനി ചർച്ചകള്‍ നടക്കുക ഡൽഹിയിലായിരിക്കും. ഞായറാഴ്‌ചയോടുകൂടി അന്തിമ ചിത്രം തെളിഞ്ഞേക്കും.

കൂടുതൽ എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കെസി, പരസ്യ പിന്തുണയുമായി സുധാകരനും പഴകുളം മധുവും
അവകാശവാദങ്ങളിൽ കൃത്യതവരുത്താൻ തീരുമാനം. കൂടുതൽ എംഎൽഎമാരുടെ പിന്തുണ കെസി വേണുഗോപാൽ ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് തീരുമാനം. തലസ്ഥാനത്ത് നിർണായക ചർച്ചകള്‍ തുടരുന്നു. ഘടകകക്ഷി അഭിപ്രായം കേട്ട ശേഷമായിരിക്കും തീരുമാനിക്കുക. കെ സുധാകരൻ്റെ ശക്തമായ പിന്തുണയും കെസി പക്ഷത്തിനാണ്. കെസി കേരളത്തെ നയിക്കുമെന്ന് പഴകുളം മധുവിൻ്റെയും പരസ്യ പ്രതികരണം.

ഘടകക്ഷികളുമായുള്ള ചർച്ചയ്ക്ക് ദീപദാസ് മുൻഷി
ഘടകക്ഷികളുമായുള്ള ചർച്ചയ്ക്ക് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി എത്തി.

ഘടകകക്ഷി നേതാക്കളുമായുള്ള ചർച്ച ഉടൻ
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ചയിൽ നിർണായക ഇടപെടൽ നടത്താൻ മുസ്ലിം ലീഗ്. പൊതുവികാരം വിഡി സതീശന് അനുകൂലമാണെന്ന് എഐസിസി നിരീക്ഷകരെ അറിയിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിനാണ് ജനം വോട്ട് ചെയ്തതെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോള്‍ ഇക്കാര്യം കണക്കിലെടുക്കണമെന്നും ലീഗ് അഭ്യര്‍ഥിക്കാൻ സാധ്യത.

റിപ്പോർട്ട് ഡൽഹിയിൽ സമർപ്പിക്കുമെന്ന് അജയ് മാക്കൻ
എല്ലാം ഹൈക്കമാൻഡിന് വിട്ടുകൊടുക്കുന്നു. എല്ലാ എംഎൽഎമാരുമായും ഞങ്ങൾ നേരിട്ട് ചർച്ചകൾ നടത്തി. ഇന്ന് ഡൽഹിയിലേക്ക് പോയി റിപ്പോർട്ട് സമർപ്പിക്കുമെന്നും അജയ് മാക്കൻ പ്രതികരിച്ചു.
എല്ലാവരെയും കേട്ടു... അഭിപ്രായങ്ങള്‍ ആരാഞ്ഞു; റിപ്പോർട്ട് ഡൽഹിയിൽ സമർപ്പിക്കുമെന്ന് നിരീക്ഷകർ
എല്ലാവരെയും കേട്ടു... അഭിപ്രായങ്ങള്‍ ആരാഞ്ഞു. ഇനി തീരുമാനം എടുക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. റിപ്പോർട്ട് ഡൽഹിയിൽ സമർപ്പിക്കും. എല്ലാ അഭിപ്രായങ്ങളും കേട്ട ശേഷമുള്ള ഉചിതമായ തീരമാനമെടുക്കുന്നതായിരിക്കുമെന്ന് എഐസിസി നിരീക്ഷകർ. മുതിർന്ന നേതാക്കളായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനുമാണ് എംഎൽഎമാരെ നേരില്‍ക്കണ്ട് അഭിപ്രായം തേടിയത്.
ശരിയായ സമയത്ത് ശരിയായ തീരുമാനമെന്ന് റോജി എം ജോൺ
കോൺഗ്രസ് പാർട്ടി ഒരു ജനാധിപത്യ പാർട്ടിയാണ്. അത് എല്ലാവരെയും കേട്ട് എല്ലാവരുടെയും അഭിപ്രായം പരിഗണിച്ച്, പാർട്ടി ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കുമെന്ന് റോജി എം. ജോൺ.
ഘടകകക്ഷി നേതാക്കളുടെ പിന്തുണ നിർണായകം
ഘടകകക്ഷി നേതാക്കളുടെ പിന്തുണയുണ്ടെന്ന് വിഡി പക്ഷം. 40 പേരുടെ പിന്തുണയുണ്ടെന്നായിരുന്നു കെസി വേണുഗോപാലിൻ്റെ വാദം. ഘടകകക്ഷി നേതാക്കളുടെ പിന്തുണയാണ് വിഡി സതീഷൻ പക്ഷത്തിൻ്റെ ആശ്വാസം. നാല് മണിക്കാണ് ഘടകകക്ഷി നേതാക്കളുമായുള്ള ചർച്ച നടക്കുന്നത്. ഇത് കൂടാതെ 35 പേരുടെ പിന്തുണയുണ്ടെന്നും വിഡി പക്ഷം അവകാശപ്പെടുന്നു.
40 പേരുടെ പിന്തുണയുണ്ടെന്ന് കെസി, കണക്ക് തെറ്റെന്ന് വിഡി സതീശൻ
തന്നെ മുഖ്യമന്ത്രിയാക്കുന്നതില്‍ 40 പേരുടെ പിന്തുണയുണ്ടെന്ന് കെസി വേണുഗോപാല്‍ ഹൈക്കമാൻഡിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ കണക്ക് തെറ്റാണെന്നും മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും താൻ തയ്യാറല്ലെന്നാണ് വിഡി സതീശൻ്റെ പക്ഷം.

ചർച്ചകള്‍ കഴിഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മടങ്ങി
ചർച്ചകള്‍ കഴിഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മടങ്ങി. മുഖ്യമന്ത്രി സ്ഥാനത്തിൽ അയവില്ലാതെ നിലപാട് അറിയിച്ചിരുന്നു. തന്നെ പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന നിലപാടിലായിരുന്നു വിഡി സതീശൻ. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്‌ചയിൽ തന്നെ കടുത്ത നിലപാടാണ് അദ്ദേഹം അറിയിച്ചത്.

ഇന്ദിരാ ഭവന് മുന്നിൽ കെസിയ്‌ക്ക് അനുകൂലമായി ഫ്ലക്‌സ്
ചർച്ചകൾക്കിടെ കെസിയ്‌ക്ക് അനുകൂലമായി ഇന്ദിരാ ഭവന് മുന്നിൽ ഫ്ലെക്‌സ്. സാധാരണ പ്രവർത്തകർക്ക് ഇഷ്‌ടം കെസി എന്ന് ഫ്ലെക്‌സ് സ്ഥാപിച്ചവർ. ഇന്ദിരാ ഭവന് മുന്നിലാണ് ഫ്ലക്‌സ് സ്ഥാപിച്ചത്. കെ സുധാകരനുമായി നിൽക്കുന്ന ചിത്രമാണ് ഫ്ലക്‌സിലുള്ളത്.

''അതിമോഹം ആപത്ത്, മുഖ്യമന്ത്രിയാക്കാനല്ല എംപിയാക്കിയത്''; കെസിയ്‌ക്കെതിരെ ആലപ്പുഴയിൽ ഫ്ളക്‌സ്
കെസി വേണുഗോപാലിനെതിരെ ആലപ്പുഴയിൽ വ്യാപകമായ ബാനർ ഫ്ളക്‌സ് പ്രചരണം. കോൺഗ്രസ് സഹയാത്രികർ എന്ന പേരിലാണ് നഗരത്തിൽ ബാനറുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
''കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനല്ല എംപിയാക്കിയത്, ആലപ്പുഴയിൽ ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം, എഡി തോമസിനെ ജയിപ്പിച്ചത് രാജിവയ്ക്കാൻ അല്ല അതിമോഹം ആപത്ത്," തുടങ്ങിയ വാക്യങ്ങളാണ് പോസ്റ്റർ, ഫ്ളക്‌സ് എന്നിവയിൽ എഴുതിയിട്ടുള്ളത്. ആലപ്പുഴ ഡിസിസി ഓഫീസിന് പരിസരത്തും, കല്ലുപാലം, ഇരുമ്പുപാലം, തുടങ്ങിയ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലാണ് വ്യാഴാഴ്‌ച രാവിലെ മുതൽ പോസ്റ്ററുകളും ഫ്ലസ്‌കളും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന എംഎൽഎമാരായ നേതാക്കളുടെ അനുയായികളാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.

''ഒന്നും അറിയില്ല... എല്ലാം രഹസ്യം, വാ തുറക്കില്ല, എല്ലാം ഞായറാഴ്‌ച അറിയാം...'' മാധ്യമങ്ങള്‍ക്ക് മുന്നിൽ നേതാക്കന്മാർ
ഒന്നും അറിയില്ലെന്ന് എൻ ശക്തൻ എംഎൽഎ. ക്യാബിനറ്റിൽ ഉണ്ടാകുമോ എന്നും അറിയില്ലെന്നും എല്ലാം രഹസ്യമെന്നും പ്രതികരണം. എല്ലാം ഞായറാഴ്‌ച അറിയാമെന്ന് കെ മുരളീധരൻ. വാ തുറക്കാൻ പാടില്ലെന്നാണ് തീരുമാനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. എല്ലാം എഐസിസി തീരുമാനിക്കട്ടെയെന്ന് സന്ദീപ് വാര്യർ.
മുഖ്യമന്ത്രി സ്ഥാനത്തിൽ അയവില്ലാതെ വിഡി സതീശൻ
മുഖ്യമന്ത്രി സ്ഥാനത്തിൽ അയവില്ലാതെ വിഡി സതീശൻ. തന്നെ പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന നിലപാടിൽ വിഡി സതീശൻ. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്‌ചയിൽ തന്നെ കടുത്ത നിലപാട്. തീരുമാനം ഹൈക്കമാൻഡിൻ്റേത്.
നിരീക്ഷകരും എംഎല്‍എമാരും നടത്തിയ കൂടിക്കാഴ്‌ചയില്‍ നിന്നും
എഐസിസി നിരീക്ഷകരും എംഎല്‍എമാരും നടത്തിയ കൂടിക്കാഴ്‌ചയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
ഓരോ എംഎല്‍എമാരുടെയും അഭിപ്രായം പ്രത്യേകം ആരാഞ്ഞു
അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നതില്‍ ഓരോ എംഎല്‍എമാരുടേയും തീരുമാനം എഐസിസി നിരീക്ഷകര്‍ പ്രത്യേകം ആരാഞ്ഞു. എംഎല്‍എമാരുമായുള്ള കൂടിക്കാഴ്‌ച ഉച്ചയോടെ അവസാനിക്കും.

എംഎല്‍എമാരുമായി ഒറ്റയ്‌ക്കൊറ്റയ്‌ക്ക് ചര്‍ച്ച
നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുളള ചുമതല ഹൈക്കമാൻ്റിന് നൽകി ഒറ്റവരി പ്രമേയം പാസാക്കി ഒറ്റയ്ക്കൊറ്റയ്ക്കുള്ള കൂടിക്കാഴ്ച്ച കൂടി കഴിഞ്ഞാണ് എംഎൽഎമാർ പുറത്തിറങ്ങിയത്.

എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം
നിയമസഭ കക്ഷി നേതാവ് ആര് എന്നതില്‍ തീരുമാനം എടുക്കാൻ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം അവതരിപ്പിച്ചു. കെപിസിസി പ്രസിഡൻ്റാണ് പ്രമേയം അവതരിപ്പിച്ചത്.

മുഖ്യമന്ത്രി ആരെന്നതില്‍ പരസ്യപ്രതികരണത്തിന് ഇല്ലെന്ന് ചാണ്ടി ഉമ്മൻ
തനിക്ക് പറയാനുള്ള കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മൻ. താൻ പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അജയ് മാക്കനും മുകുൾ വാസ്‌നിക്കും കെ.പി.സി.സി ഓഫീസിൽ എത്തിയപ്പോള്‍
കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കുന്നതിനായി എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും കെ.പി.സി.സി ഓഫീസിൽ എത്തി. "സി.എൽ.പി യോഗത്തിൽ പങ്കെടുക്കാനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. എം.എൽ.എമാർക്ക് എന്താണ് പറയാനുള്ളതെന്ന് നമുക്ക് നോക്കാം." മാധ്യമങ്ങളോട് സംസാരിക്കവെ അജയ് മാക്കൻ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ പോലും അംഗീകരിക്കില്ല, വിഡി മതിയെന്ന് നടൻ സിദ്ധിഖ്
ഈ തെരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു യുഡിഎഫ് അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവാണ് വിഡി സതീശനെന്ന് നടൻ സിദ്ധിഖ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്. അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവിടുത്തെ ഓരോ സാധാരണക്കാരാനും. ആ വിശ്വാസം തകർക്കരുത്. അധികാര വടംവലിക്കിടയിൽ, ഗ്രൂപ്പ് കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്. ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല. എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല. സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ലെന്നും സിദ്ധിഖ് കുറിച്ചു.
മുസ്ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ
മുസ്ലിം ലീഗിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും അങ്ങനെയാകണം തിരിച്ചുമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ. രാഷ്ട്രീയമായി മുസ്ലിംലീഗിന് എപ്പോഴൊക്കെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നുവെന്നും പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.
സതീശന് കൈകൊടുത്ത് ലീഗ്
മുഖ്യമന്ത്രി കസേരയിലേക്ക് വി.ഡി. സതീശനെ പിന്തുണച്ച് മുസ്ലീം ലീഗ്. ജനവിധി സതീശൻ്റെ നേതൃത്വത്തിനുള്ള അംഗീകാരമാണെന്ന് എ.ഐ.സി.സി നിരീക്ഷകരെ ലീഗ് നേതാക്കൾ നേരിട്ടറിയിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ നിരീക്ഷകരുമായി നടത്തുന്ന കൂടിക്കാഴ്ച കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ നിർണ്ണായകമാകും. വോട്ടർമാരുടെ വികാരം മാനിക്കണമെന്ന കർശന നിലപാടിലാകും ലീഗ് സ്വീകരിക്കുക.
പാർട്ടി നിരീക്ഷകരെ കണ്ട് വിഡി സതീശൻ
കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് മുന്നോടിയായി, വി.ഡി. സതീശൻ പാർട്ടി നിരീക്ഷകരായ മുകുൾ വാസ്നിക്കിനെയും അജയ് മാക്കനെയും നേരിൽ കണ്ടു.
കെസി വേണമെന്ന് സുധാകരൻ
കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ചൂണ്ടിക്കാട്ടി നിരീക്ഷകര്‍ക്ക് കെ സുധാകരൻ കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്.
ഹൈക്കമാൻഡ് ഇടപെടൽ
മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഡൽഹിയിൽ നിന്ന് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ഇന്ന് ഇന്ദിരാ ഭവനിൽ വെച്ച് ഓരോ എംഎൽഎമാരുമായും അവർ വ്യക്തിഗതമായി സംസാരിക്കും. ഇതിനുശേഷം തയ്യാറാക്കുന്ന റിപ്പോർട്ട് ഡൽഹിയിൽ ഹൈക്കമാൻഡിന് കൈമാറും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചേർന്നായിരിക്കും അന്തിമ പ്രഖ്യാപനം നടത്തുക.

