സർക്കാർ നൂറുദിവസം പിന്നിട്ടിട്ടും പ്രതിപക്ഷം നിർജ്ജീവമെന്ന് ആരോപണം; മുന്നണി തർക്കങ്ങളിൽ കുരുങ്ങി എൽഡിഎഫ്
മൂന്നുമാസം കഴിഞ്ഞിട്ടും സർക്കാരിനെ പ്രതിരോധിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്ന് ഇടതുമുന്നണിയിൽ ആരോപണം. ചുരുക്കം ചില ആരോപണങ്ങൾ കൊണ്ടുവന്നെങ്കിലും അതെല്ലാം പ്രതിരോധിക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചുവെന്നാണ് യുഡിഎഫ് വിലയിരുത്തൽ.

Published : August 31, 2026 at 4:46 PM IST
സി എസ് സിദ്ധാർത്ഥൻ
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറി നൂറുദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിപക്ഷം നിർജ്ജീവമെന്ന് ഇടതുമുന്നണിയിൽ ആരോപണം. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച സിപിഎം- സിപിഐ തർക്കമാണ് മുന്നണി നേരിടുന്ന പ്രധാനപ്രശ്‌നമായി ഘടക കക്ഷികൾ ചൂണ്ടിക്കാട്ടുന്നത്. മൂന്നുമാസം കഴിഞ്ഞിട്ടും സർക്കാരിനെ മുൾമുനയിൽ നിർത്താനുള്ള ശക്തമായ ആരോപണങ്ങൾ കൊണ്ടുവരാനോ കടന്നാക്രമിക്കാനോ ഇതുവരെ എൽഡിഎഫിനായിട്ടില്ല.
ചുരുക്കം ചില ആരോപണങ്ങൾ കൊണ്ടുവന്നെങ്കിലും അതെല്ലാം പ്രതിരോധിക്കാനും അതേ നാണയത്തിൽ തിരിച്ചടിക്കാനും മുഖ്യമന്ത്രി വിഡി സതീശന് കഴിഞ്ഞിട്ടുണ്ടെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. പ്രതിപക്ഷത്തായ ശേഷം ഇടതുമുന്നണി രണ്ടുതവണ മാത്രമാണ് കൂടിയത്. നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൻ്റെ കാരണങ്ങൾ നിരത്താനുള്ള വിശദീകരണ യോഗങ്ങളുടെ തിരക്കിലാണ് സിപിഎം നേതൃത്വം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി ശക്തമായ സമരങ്ങൾ സംഘടിപ്പിക്കാൻ ഇതുവരെ എൽഡിഎഫിനായിട്ടില്ല. സമരങ്ങൾ സംഘടിപ്പിക്കുന്നതിനും അത് നിലനിർത്തുന്നതിലും ഇടത് യുവജന സംഘടനകളും പിന്നോട്ടാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ സമരം മാത്രമാണ് പ്രതിപക്ഷത്തിന് പ്രധാനമായി ചൂണ്ടിക്കാട്ടാനുള്ളത്. എന്നാൽ, ആ സമരത്തോട് മുന്നണിക്കുള്ളിലെ ഘടക കക്ഷികൾക്കുവരെ എതിർപ്പായിരുന്നു. പ്രതിപക്ഷ നേതാവും ഇടതുമുന്നണി കൺവീനറും സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാരും വാർത്താസമ്മേളനങ്ങളിലൂടെ നടത്തുന്ന ആരോപണങ്ങൾ മാത്രമാണ് സർക്കാരിനെതിരെയുള്ള ആയുധങ്ങൾ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചോ ?...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ടുള്ള സമരത്തിന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ പ്രത്യേകം കത്ത് നൽകിയാണ് എല്ലാ കക്ഷികളെയും ക്ഷണിച്ചത്. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിലേറി മൂന്നാം മാസത്തിലേക്ക് കടക്കുമ്പോഴുള്ള സമരം അനാവശ്യമാണെന്ന നിലപാടാണ് ഘടക കക്ഷി നേതാക്കൾക്കിടയിൽ ഉയർന്നിരുന്നത്. എൽഡിഎഫ് യോഗം വിളിച്ച് തീരുമാനിക്കാത്തതിനാൽ ഈ അഭിപ്രായം തുറന്നുപറയാനും കക്ഷി നേതാക്കൾക്കായില്ല.
മുൻ എൽഡിഎഫ് സർക്കാരിൻ്റെ സാമ്പത്തിക കെടുകാര്യസ്ഥത കാരണം സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഫണ്ട് വെട്ടിക്കുറയ്ക്കലിലേക്ക് നയിച്ചതെന്ന വാദവുമായി മുഖ്യമന്ത്രി വിഡി സതീശൻ ആരോപണത്തെ നേരിട്ടു. സംസ്ഥാനത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നിമിത്തം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ട് വിഹിതത്തിൽ 1,533.55 കോടി രൂപയുടെ കുറവ് വരുത്തേണ്ടി വന്നിട്ടുണ്ടെന്നു കൂടി മുഖ്യമന്ത്രി പറഞ്ഞതോടെ ആരോപണത്തിൻ്റെ മുനയൊടിയുകയായിരുന്നു.
ആരുമറിയാതെയാണോ വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം?
വിഴിഞ്ഞം തുറമുഖത്തിൻ്റെ ഓഹരി കൈമാറ്റം സർക്കാർ അറിഞ്ഞാണ് നടന്നതെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണവും ഫലപ്രാപ്‌തിയിലെത്തിക്കാൻ എൽഡിഎഫിനായില്ല. ആരോപണ- പ്രത്യാരോപണങ്ങൾക്കൊടുവിൽ പാർട്ടി പത്രത്തിനാണ് തെറ്റുപറ്റിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പറയേണ്ടിയും വന്നു.
തുറമുഖത്ത് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനത്തിൽ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി വിഡി സതീശനും രംഗത്തുവന്നു. സർക്കാരിൻ്റെ അനുമതിയോടെ മാത്രമേ ഓഹരി ഘടനയിൽ മാറ്റം വരുത്താനാകൂ. കരാറിലെ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിർദേശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ സർക്കാർ തുടർ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഈ വിവരം ദേശാഭിമാനിയിലാണ് ആദ്യം വാർത്തയായി വന്നതെന്ന മറുപടിയുമായി മുഖ്യമന്ത്രി പ്രതിരോധിച്ചു. ഒടുവിൽ, വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റവുമായി സംബന്ധിച്ച വാർത്തയിൽ ദേശാഭിമാനി പത്രത്തിന് തെറ്റുപറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭാവിയിൽ ഉണ്ടാകാൻ പോകുന്ന കാര്യങ്ങൾ ഗൗരവപൂർവം കാണാൻ പത്രത്തിന് കഴിഞ്ഞില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയളവ് നൽകിയതാര്?
ഈ വിഷയത്തിൽ നിയമസഭ സമ്മേളനത്തിൽ പോരിനിറങ്ങിയ പ്രതിപക്ഷത്തിന് തിരിച്ചടിയാണുണ്ടായത്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവിനുള്ള നിർദേശം സഭയിലേക്ക് ഒളിച്ചുകടത്തിയെന്നായിരുന്നു സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷ നേതാവ് ഉയർത്തിയ പ്രധാന വിമർശനം. സഭയിൽ ഒരു ബിൽ വരുന്നതിനുള്ള നിയമപരമായ നടപടിക്രമം പാലിച്ചായിരുന്നു ധനബിൽ സഭയിലെത്തിയതെന്നായിരുന്നു സർക്കാരിൻ്റെ മറുവാദം. ധനബില്ലുകൾ സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കാറുണ്ട്. സഭയ്ക്ക് അതിന് ഇളവു നൽകാം. ഈ ബിൽ സബ്‌ജക്‌ട് കമ്മിറ്റിക്കു പോകാതെ നേരിട്ട് നിയമസഭയിൽ പരിഗണിക്കാൻ കാര്യോപദേശക സമിതിയാണ് തീരുമാനിച്ചത്.
സമിതിയിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും സിപിഐ നേതാവ് കെ രാജനുമുണ്ടായിരുന്നു. ധനബിൽ നേരിട്ട് കൊണ്ടുവരുന്നതിനെ കാര്യോപദേശക സമിതിയിൽ എതിർക്കാതെ ബിൽ സഭയിൽ വന്നപ്പോൾ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിടാഞ്ഞതിനെ എതിർത്തത് സ്വയം പരാജയപ്പെടുത്തുന്ന വാദമാണെന്നാണ് ഇടതുമുന്നണിയിൽ തന്നെ ഉയർന്ന വിമർശനം. മുഖ്യമന്ത്രി വിഡി സതീശനാകട്ടെ കെഎൻ ബാലഗോപാൽ അവതരിപ്പിച്ച അവസാന ബജറ്റുമായി ബന്ധപ്പെട്ട ധനബിൽ സബ്‌ജക്‌ട് കമ്മിറ്റിക്കു വിടാതെ നേരിട്ട് സഭയിൽ അവതരിപ്പിച്ച കാര്യം ചൂണ്ടിക്കാട്ടി തിരിച്ചടിക്കുകയും ചെയ്‌തു.
മംഗലാപുരം യാത്രയും അദാനി ബന്ധവും
നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് വിഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ നടത്തിയ മംഗലാപുരം യാത്രയ്ക്കിടയിൽ അദാനി ഗ്രൂപ്പ് പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണവും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. താൻ കണ്ടത് അദാനിയുടെ ഏജൻ്റിനെയല്ല, അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിൻ്റെ അകന്ന ഒരു കുടുംബാംഗത്തെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മംഗലാപുരം വിമാനത്താവളത്തിൽ വെച്ച് അദ്ദേഹം വന്നു സംസാരിക്കുക മാത്രമാണ് ഉണ്ടായതെന്നും അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
വിവാദങ്ങളിൽ വിശദീകരണവുമായി കർണാടക മുൻ എംഎൽഎയും ജെഡിഎസ് നേതാവുമായ മുഹിയുദീനും രംഗത്തെത്തിയിരുന്നു. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ മൂകാംബിക ക്ഷേത്ര ദർശനത്തിനുള്ള യാത്രയിലാണ് മംഗളൂരുവിൽ എത്തിയത്. വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ മുഹിയുദീൻ ബാവയും ജെഡിഎസ് നേതാവായ ബിഎം ഫാറൂഖും ഉണ്ടായിരുന്നു. യാത്രക്കിടെ ബിഎം ഫാറൂഖിൻ്റെ വീട്ടിൽ ഒരു സത്കാരവും നടന്നിരുന്നു. സത്കാരത്തിൽ അദാനി ഗ്രൂപ്പ് പ്രസിഡൻ്റ് കിഷോർ ആൽവയും പങ്കെടുത്തു. എന്നാൽ ഇത് തികച്ചും യാദൃച്ഛികമായി സംഭവിച്ചതാണെന്നും മുഹിയുദീൻ വ്യക്തമാക്കിയിരുന്നു.
വിവാദമായ ഹെലികോപ്റ്റർ യാത്ര
എൽഡിഎഫ് സർക്കാരിൻ്റെ ഭരണകാലത്ത് നിരവധി തവണ ആരോപണത്തിന് വിധേയമായ ഹെലികോപ്റ്റർ യാത്രയാണ് പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ തുടർന്ന് ആയുധമായി ഉപയോഗിച്ചത്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. എന്നാൽ, താൻ ഹെലികോപ്റ്റർ ഉപയോഗിച്ചത് വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലെന്നും കൊച്ചിയിലെത്തിയ ഒരു ഇൻവെസ്റ്റ്‌മെൻ്റ് ഗ്രൂപ്പിനെ കാണാനാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സമയബന്ധിതമായി അവരെ കാണാതിരിക്കുന്നത് സംസ്ഥാനത്തിന് ദോഷകരമാകുമെന്ന് കരുതിയാണ് ഹെലികോപ്റ്റർ യാത്ര നടത്തിയത്.
ഹെലികോപ്റ്റർ ഉപയോഗിച്ചതിലൂടെ സർക്കാരിന് ഒരു രൂപയുടെ പോലും അധികച്ചെലവ് ഉണ്ടായിട്ടില്ല. പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകി 25 മണിക്കൂർ സൗജന്യമായി പറക്കാൻ കരാറുള്ള ഹെലികോപ്റ്ററാണ് ഉപയോഗിച്ചത്. ഈ 25 മണിക്കൂർ ഉപയോഗിച്ചില്ലെങ്കിലും സർക്കാരിന് 80 ലക്ഷം രൂപ നൽകേണ്ടതുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാൻ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ടെന്നും അതിൻ്റെ പണം ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് നൽകിയതെന്നും വിഡി സതീശൻ തിരിച്ചടിച്ചു.
പിഎം ശ്രീ പദ്ധതിയും ബിജെപി ബന്ധവും
തങ്ങളുടെ ഭരണകാലത്ത് ഒട്ടേറെ പഴികേട്ട പിഎം ശ്രീ പദ്ധതി യുഡിഎഫ് സർക്കാർ ഏറ്റെടുത്തു നൽകുകയാണെന്ന ആരോപണം പ്രതിപക്ഷം ഇപ്പോഴും ശക്തമായി ഉന്നയിക്കുന്നുണ്ട്. യുഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർക്കുകയും അധികാരത്തിൽ വന്നപ്പോൾ ബിജെപിയുമായി കൂട്ടുപിടിച്ച് പദ്ധതി നടപ്പിലാക്കുകയുമാണെന്നാണ് എൽഡിഎഫ് ആരോപണം. ഈ ആരോപണത്തിൽ മാത്രമാണ് യുഡിഎഫ് സർക്കാരിനെ പ്രതിക്കുട്ടിലാക്കാൻ പ്രതിപക്ഷത്തിനായിട്ടുള്ളത്. പദ്ധതി നടപ്പാക്കാൻ തിടുക്കം കാട്ടുന്നത് ആർഎസ്എസിനെ പ്രീണിപ്പിക്കാനാണെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ ആരോപണം.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഉയരുന്ന ഭിന്നതയും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. പദ്ധതിയുമായി യുഡിഎഫ്. മുന്നോട്ടെന്നതരത്തിൽ പറഞ്ഞ കൺവീനർ അടൂർ പ്രകാശിനെ ലീഗ് നേതാവും മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി തിരുത്തിയിരുന്നു. യുഡിഎഫ് യോഗം അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതിനു പിന്നാലെ, പദ്ധതി തുടരാൻ തീരുമാനിച്ചിട്ടില്ലെന്നും വിഷയം മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്നുമുള്ള വിശദീകരണവുമായി അടൂർ പ്രകാശും രംഗത്തെത്തിയിരുന്നു.

