കേരളത്തിലെ ഇടതുമുന്നണി; ചരിത്രവും രൂപീകരണം മുതല്‍ 2026 വരെയുള്ള നാള്‍ വഴികളുമിങ്ങനെ
സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയാണ് 2016 മുതല്‍ കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്. 2021ല്‍ ഇടതുമുന്നണി 99 സീറ്റുകളുമായാണ് തുടര്‍ച്ചയായ രണ്ടാംവട്ടവും അധികാരത്തിലേറിയത്.

Published : May 3, 2026 at 11:03 AM IST
|Updated : May 3, 2026 at 7:56 PM IST
തിരുവനന്തപുരം: മാറുന്ന മുന്നണി ബന്ധങ്ങളും പാര്‍ട്ടി ഏകീകരണവും പിളര്‍പ്പും എല്ലാം കൊണ്ട് സമ്പന്നമാണ് കേരളത്തിലെ രാഷട്രീയ ഭൂമിക. സഖ്യത്തിനുള്ളിലെ സഖ്യങ്ങളും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയ സംഘങ്ങളുമെല്ലാം സജീവം. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്.
കേരളത്തില്‍ പ്രധാനമായും രണ്ട് രാഷ്‌ട്രീയ മുന്നണികളാണ് ഉള്ളത്. സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിയും. ഇപ്പോള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവും സജീവമായി രംഗത്തുണ്ട്. സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയാണ് 2016 മുതല്‍ സംസ്ഥാനത്ത് അധികാരം കയ്യാളുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോകത്ത് തന്നെ ആദ്യമായി ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത് കേരളത്തിലാണ്. 1945ല്‍ യയൂറോപ്പിലെ ഒരു ചെറുരാജ്യമായ റിപ്പബ്ലിക് ഓഫ് സാന്‍ മറിനോയിലും 1946ല്‍ ചെക്കോസ്ലോവാക്യയിലും കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് വിജയം നേടിയിരുന്നു.
1957ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ലോകത്ത് ആദ്യമായി ബാലറ്റിലൂടെ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. 1956ല്‍ കേരളം രൂപീകരിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. സിപിഐയുടെ (അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി) നേതൃത്വത്തിലാണ് അന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. അന്നുമുതലിങ്ങോട്ട് രണ്ട് മുന്നണികളാണ് സംസ്ഥാനത്ത് മാറി മാറി അധികാരം പങ്ക് വച്ചത്. ഇന്ന് രാജ്യത്ത് കമ്യൂണിസ്റ്റ് ഭരണമുള്ള ഏക സംസ്ഥാനം കേരളമാണ്.
1957ലെ തെരഞ്ഞെടുപ്പില്‍ അറുപത് സീറ്റുകളുമായാണ് സിപിഐ അധികാരത്തിലെത്തിയത്. രാജ്യത്ത് ആദ്യമായി ജനാധിപത്യ സംവിധാനത്തിലൂടെ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തി. ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലായിരുന്നു സര്‍ക്കാര്‍ രൂപീകരിച്ചത്.
കേരളത്തില്‍ പക്ഷേ മുന്നണി സംവിധാത്തിന് തുടക്കമായത് 1960ലെ രണ്ടാമത്തെ നിയമസഭ തെരഞ്ഞെടുപ്പോടെ ആയിരുന്നു. സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ ഏഴ് കക്ഷികളുടെ സഖ്യം ആദ്യമായി അധികാരത്തിലെത്തുന്നത് 1967ലും. സിപിഎം, സിപിഐ, ഐയുഎംഎല്‍ മറ്റ് നാല് ചെറുകക്ഷികള്‍ എന്നിവയായിരുന്നു ആദ്യ ഇടതുമുന്നണി സര്‍ക്കാരിലുണ്ടായിരുന്നത്.
2011ലെ ഇടതുമുന്നണിയുടെ പ്രകടനം ഇങ്ങനെ
| പാര്‍ട്ടി | മത്സരിച്ച സീറ്റുകള്‍ | വിജയിച്ചത് |
| സിപിഎം | 84 | 45 |
| സിപിഐ | 27 | 13 |
| എന്‍സിപി | 4 | 2 |
| ആര്‍എസ്‌പി | 4 | 2 |
| ജെഡിഎസ് | 5 | 4 |
| ഇടതു സ്വതന്ത്രര്‍ | 13 | 2 |
| ഐഎന്‍എല്‍ | 3 | 0 |
ആദ്യ ഇ എം എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ മന്നത്ത് പത്മനാഭന്‍റ നേതൃത്വത്തില്‍ നടന്ന വിമോചന സമരം തൊട്ടു തന്നെ ഇത്തരം സഹകരണത്തിന്‍റ ആദ്യ സൂചനകള്‍ കണ്ടു തുടങ്ങിയിരുന്നു. കോണ്‍ഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും മുസ്ലീം ലീഗും ചേര്‍ന്ന മുന്നണിയായിരുന്നു 1960 ൽ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്ക്കരിച്ചത്. പിന്നീട് കോണ്‍ഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് തന്നെയായിരുന്നു 1962 ലെ ആര്‍ ശങ്കറിന്‍റെ മന്ത്രിസഭയ്ക്കും രൂപം കൊടുത്തത്.
കോണ്‍ഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും മുസ്ലീം ലീഗും സിപിഐയും കേരളാ കോണ്‍ഗ്രസും ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന ജനാധിപത്യ മുന്നണിയായിരുന്നു(സപ്‌തകക്ഷി മുന്നണി) 1969- 1970 കാലത്ത് അച്യുതമേനോന്‍ മന്ത്രിസഭക്ക് ഊര്‍ജം.കോണ്‍ഗ്രസ്, സിപിഐ, ലീഗ്, ആര്‍എസ്‌പി, പിഎസ്‌പി എന്നിവ ചേര്‍ന്ന ഐക്യമുന്നണിയുടെ നേതൃത്വത്തിലായിരുന്നു 1970 മുതല്‍ 1977 വരെ രണ്ടാം അച്യുതമേനോന്‍ സര്‍ക്കാരും മുന്നോട്ട് പോയത്. പിന്നീട് കേരളാ കോണ്‍ഗ്രസും മുന്നണിയിലെത്തി.
ഒന്നര മാസം മാത്രം ഭരിച്ച സിഎച്ച് മുഹമ്മദ് കോയ മന്ത്രിസഭയ്ക്കും കളമൊരുക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായിരുന്നു. 1977 ല്‍ കരുണാകരന്‍റെ നേതൃത്വത്തില്‍ ജനാധിപത്യ മുന്നണി ആദ്യം അധികാരത്തിലെത്തിയെങ്കിലും രാജന്‍ കേസിനെത്തുടര്‍ന്ന് കരുണാകരന് സ്ഥാനം ഒഴിയേണ്ടി വന്നു. പിന്നീട് രണ്ടു വര്‍ഷത്തിനിടെ എ കെ ആന്‍റണിയും പി കെ വാസുദേവന്‍ നായരുമടക്കം മൂന്നു മുഖ്യമന്ത്രിമാര്‍ വന്നുപോയി.
പിന്നാലെ ഇടതു ജനാധിപത്യ മുന്നണി രൂപം കൊണ്ടു. സിപിഐയും ആര്‍എസ്‌പിയും ആന്‍റണി കോണ്‍ഗ്രസും കെഎം മാണിയും ഇടതുമുന്നണിയിലെത്തി. ഇന്നത്തെ രൂപത്തിലുള്ള യുഡിഎഫ് എന്ന പേരിലുള്ള മുന്നണി രൂപീകരിക്കാന്‍ മുന്‍കൈയെടുത്തത് കെ കരുണാകരനായിരുന്നു.
2016ലെ ഇടതുമുന്നണിയുടെ പ്രകടനം ഇങ്ങനെ
| പാര്‍ട്ടി | മത്സരിച്ച സീറ്റുകള്‍ | വിജയിച്ചത് |
| സിപിഎം | 84 | 58 |
| സിപിഐ | 25 | 19 |
| ജെഡിഎസ് | 5 | 3 |
| എന്‍സിപി | 4 | 2 |
| കോണ്‍ഗ്രസ് (എസ്) | 1 | 1 |
| ഐഎന്‍എല്‍ | 3 | 0 |
| കേരള കോണ്‍ഗ്രസ്(ബി) | 1 | 1 |
| നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് | 2 | 1 |
| സിഎംപി | 2 | 1 |
| ഇടതു സ്വതന്ത്രര്‍ | 13 | 5 |
1970കളില്‍ പ്രധാന രാഷ്‌ട്രീയ കക്ഷികള്‍ രണ്ട് സുപ്രധാന മുന്നണികളായി രൂപാന്തരപ്പെട്ടു. ഒന്നിനെ കോണ്‍ഗ്രസ് നയിച്ചപ്പോള്‍ മറ്റതിന് സിപിഎമ്മും നേതൃത്വം നല്‍കി. എഴുപതുകളുടെ അന്ത്യത്തിലും എണ്‍പതുകളുടെ തുടക്കത്തിലുമാണ് സംസ്ഥാനത്തെ മുന്നണി സംവിധാനം ശക്തിയാര്‍ജിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവര്‍ പല രാഷ്‌ട്രീയ ധാരണകളിലുമെത്തിച്ചേര്‍ന്നു.
ഇടതുമുന്നണി ആദ്യമായി സംസ്ഥാനത്ത് അധികാരത്തിലെത്തിയത് 1980ലായിരുന്നു. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി മാര്‍ച്ച് 26ന് ചുമതലയേറ്റു എ കെ ആന്‍റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് (എ), കെ. എം മാണിയുടെ കേരള കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളായിരുന്നു മുന്നണിയിലെ അംഗങ്ങള്‍. പിന്നീട് നായനാര്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി ആയിരുന്ന ആള്‍ എന്ന പദവിക്ക് അര്‍ഹനായി. സംസ്ഥാനത്ത് നടന്ന പത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആറിലും ഇടതുമുന്നണി വിജയം നേടി. 1987ലും 1996ലും ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി. 2006ല്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പദത്തിലെത്തി. 2016ല്‍ പിണറായി വിജയന്‍ അധികാരത്തിലെത്തി.
ഇടതുമുന്നണിയുടെ ചരിത്ര വിജയം
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുതുമുന്നണി തുടര്‍ച്ചയായ രണ്ടാം വട്ടവും അധികാരത്തിലെത്തി ചരിത്രം സൃഷ്‌ടിച്ചു. 99 സീറ്റുകളുമായി ആയിരുന്നു ഇടതിന്‍റെ അശ്വമേധം 45.43ശതമാനം വോട്ടുകളും ഇടതുമുന്നണി സ്വന്തമാക്കി. സിപിഎമ്മിന് മാത്രം 62സീറ്റുകള്‍ കിട്ടി. 1977ന് ശേഷം ഇതാദ്യമായാണ് ഇടതുമുന്നണി തുടര്‍ച്ചയായി അധികാരത്തിലേറിയത്. പൂര്‍ണമായും അഞ്ച് വര്‍ഷം ഭരിച്ച ശേഷം വീണ്ടും മുഖ്യമന്ത്രിയായ വ്യക്തിയെന്ന ഖ്യാതിയും പിണറായി വിജയന് ഇതോടെ സ്വന്തമായി.
| 2021 | ||
| പാര്‍ട്ടി | മത്സരിച്ച സീറ്റുകള്‍ | വിജയിച്ചത് |
| സിപിഎം | 75 | 62 |
| സിപിഐ | 23 | 17 |
| എന്‍സിപി | 3 | 2 |
| ജെഡിഎസ് | 4 | 2 |
| കേരള കോണ്‍ഗ്രസ് (മാണി) | 12 | 5 |
| കോണ്‍ഗ്രസ് (സെക്യുലര്‍) | 1 | 1 |
| ജനാധിപത്യ കേരള കോണ്‍ഗ്രസ് | 1 | 1 |
| കേരള കോണ്‍ഗ്രസ്(ബി) | 1 | 1 |
| എല്‍ജെപി | 3 | 3 |
| നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് | 1 | 1 |
| ഐഎന്‍എല്‍ | 3 | 1 |
| ഇടതുസ്വതന്ത്രര്‍ | 13 | 4 |
നിലവില്‍ പത്ത് കക്ഷികളാണ് ഇടതുമുന്നണിയുടെ അംഗബലം. സിപിഎം, സിപിഐ, കേരളകോണ്‍ഗ്രസ്(എം), ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതദള്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(ശരദ്‌പവാര്‍), രാഷ്‌ട്രീയ ജനതാദള്‍, കേരള കോണ്‍ഗ്രസ് (ബി), ഇന്ത്യന്‍ നാഷണല്‍ ലീഗ്, കോണ്‍ഗ്രസ് (സെക്യുലര്‍), ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവരാണ് മുന്നണിയിലുള്ളത്. ഇതിന് പുറമെ ആര്‍എസ്‌പി ലെനിനിസ്റ്റ്, കേരള കോണ്‍ഗ്രസ് (സ്‌കറിയ തോമസ്), നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്, മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (റെഡ്ഫ്ലാഗ്), നാഷണല്‍ ലീഗ്, ദ്രാവിഡ മുന്നേട്ര കഴഗം, ജനാധിപത്യ സംരക്ഷണ സമിതി തുടങ്ങിയ കക്ഷികളും ഇടതുമുന്നണിയുമായി സഹകരിക്കുന്നുണ്ട്.

