ഘടക കക്ഷികൾക്ക് അധിക സീറ്റില്ല, സീറ്റ് വിഭജനം അവസാന ഘട്ടത്തിൽ; തർക്കങ്ങളില്ലാതെ പൂർത്തിയാക്കുമെന്ന് ടി പി രാമകൃഷ്‌ണൻ
ഇത്തവണ 13 സീറ്റുതന്നെ വേണമെന്ന് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയർമാൻ ജോസ് കെ മാണി ഇ ടിവി ഭാരതിനോട്

Published : March 4, 2026 at 7:16 PM IST
തിരുവനന്തപുരം: ഘടക കക്ഷികൾക്ക് കഴിഞ്ഞ തവണ നൽകിയ നിശ്ചിത എണ്ണം സീറ്റുകൾ മാത്രം ഇത്തവണയും നൽകാമെന്ന് ഇടതുമുന്നണി യോഗത്തിൽ സിപിഎം അഭിപ്രായം. അധിക സീറ്റുകൾ വേണമെന്ന കേരള കോൺഗ്രസ് എമ്മിൻ്റെയും ആർജെഡിയുടെയും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. 12ൽ നിന്നും 13 സീറ്റായി ഉയർത്തണമെന്ന ആവശ്യമാണ് കേരള കോൺഗ്രസ് എമ്മിൻ്റേത്. മൂന്നിൽ നിന്ന് ആറു സീറ്റ് വേണമെന്ന ആവശ്യമാണ് ആർജെഡി ഉന്നയിച്ചത്. തിരുവനന്തപുരം സെൻട്രൽ സീറ്റ്, ജനാധിപത്യ കേരള കോൺഗ്രസിന് തന്നെ നൽകാനും ഇടതുമുന്നണി യോഗത്തിൽ ധാരണയായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീളുന്നതിനാൽ സീറ്റുകൾ സംബന്ധിച്ച ധാരണ ഇപ്പോൾ പുറത്ത് അറിയിക്കേണ്ടെന്ന നിലപാടിലാണ് എൽഡിഎഫ്. തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കാനുള്ള അവസാനഘട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ അറിയിച്ചു.
കഴിഞ്ഞതവണ 13 സീറ്റുകളാണ് കേരള കോൺഗ്രസ് എമ്മിന് അനുവദിച്ചത്. എന്നാൽ, അവസാനനിമിഷം കുറ്റ്യാടി സിപിഎമ്മിന് വിട്ടുനൽകേണ്ടി വന്നു. ഇത്തവണ 13 സീറ്റുതന്നെ വേണമെന്ന് കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയർമാൻ ജോസ് കെ മാണി ഇടിവി ഭാരതിനോട് പറഞ്ഞു. അത് കിട്ടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ നഷ്ടമായ കുറ്റ്യാടിക്ക് പകരം കേരള കോൺഗ്രസ് സ്വാധീന മേഖലയിലാണ് സീറ്റ് ചോദിച്ചതെന്നും ജോസ് കെ മാണി വ്യക്തമാക്കി. മറ്റ് കക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയശേഷം അറിയിക്കാമെന്ന മറുപടി ഇടതുമുന്നണി നേതൃത്വം നൽകിയതായാണ് സൂചന.
തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ ഓരോ സീറ്റുകൂടി വേണമെന്നാണ് ആർജെഡി. ആവശ്യപ്പെട്ടത്. നിലവിലുള്ള മൂന്നുസീറ്റും മലബാറിലാണ്. യുഡിഎഫ് വിട്ടുവരുമ്പോൾ ആർജെഡിക്ക് ഏഴ് സീറ്റാണുണ്ടായിരുന്നത്. ജനാധിപത്യ കേരള കോൺഗ്രസിൻ്റെ ആൻ്റണി രാജു പ്രതിനിധാനം ചെയ്യുന്ന തിരുവനന്തപുരം സെൻട്രൽ സീറ്റ് അവർക്ക് തന്നെ നൽകാനാണ് ആദ്യഘട്ട ധാരണ. തൊണ്ടിമുതൽ കേസിൽ അയോഗ്യനാക്കപ്പെട്ട ആൻ്റണി രാജു ശിക്ഷയിൽ സ്റ്റേ വാങ്ങി മത്സരിക്കാനുള്ള ശ്രമത്തിലാണ്. മത്സരിക്കാനായില്ലെങ്കിൽ മാത്രമേ ഈ സീറ്റ് മറ്റൊരു കക്ഷിക്ക് നൽകൂ.
കണ്ണൂരിൽ കോൺഗ്രസ് എസ് തന്നെ മത്സരിക്കും. കഴിഞ്ഞ തവണത്തേത് പോലെ 25 സീറ്റുകൾ സിപിഐക്കു നൽകാനാണ് പ്രാഥമിക ധാരണ. സിപിഐ അന്തിമഘട്ട സ്ഥാനാർഥി നിർണയത്തിലേക്ക് കടന്നിട്ടില്ല. മൂന്നു ടേം പൂർത്തിയാക്കിയ ആറ് എംഎൽഎമാരെ മാറ്റിനിർത്താൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ഇ ചന്ദ്രശേഖരൻ, ഇ കെ വിജയൻ, ചിറ്റയം ഗോപകുമാർ, ജി എസ് ജയലാൽ, പി എസ് സുപാൽ, വി ശശി എന്നിവരാണ് മത്സരരംഗത്തുനിന്ന് ഒഴിവാകുന്നത്.
അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിനെതിരെ കേരളത്തിൽ എൽഡിഎഫിൻ്റെ ആഭിമുഖ്യത്തിൽ മൂന്ന് ബഹുജനറാലികൾ സംഘടിപ്പിക്കുമെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് ആറിന് കോഴിക്കോട് മുതലക്കുളത്തും ഏഴിന് കൊച്ചി മറൈൻ ഡ്രൈവിലും എട്ടിന് തിരുവനന്തപുരം കിഴക്കേകോട്ടയിലെ നായനാർ പാർക്കിലുമാണ് പ്രതിഷേധ റാലികൾ സംഘടിപ്പിക്കുന്നത്. ബഹുജന കൂട്ടായ്മയായി റാലി സംഘടിപ്പിക്കുമെന്നും കേരളത്തിൽ ഉടനീളം യുദ്ധത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിനായി എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: എതിർപ്പുകൾ തള്ളി സെക്രട്ടറിയേറ്റ്; ഉടുമ്പൻചോലയിൽ കെ കെ ജയചന്ദ്രൻ, പേരാവൂരിൽ സണ്ണി ജോസഫിനെ നേരിടാൻ കെ കെ ശൈലജ

