ETV Bharat / state

ഊർജരംഗത്ത് ചരിത്രമെഴുതി മൈലാട്ടി; കേരളത്തിൻ്റെ ആദ്യ കൂറ്റൻ ബാറ്ററി സ്‌റ്റോറേജ് വരുന്നു

മൈലാട്ടിയിൽ 125 മെഗാവാട്ട് ബാറ്ററി സംഭരണ പദ്ധതിയിലൂടെ കേരളം പുതിയൊരു ഊർജ വിപ്ലവത്തിന് തുടക്കമിട്ടു. പകൽ സംഭരിക്കുന്ന സൗരോർജം രാത്രിയിൽ ലഭ്യമാക്കി വൈദ്യുതി പ്രതിസന്ധിക്ക് ഈ അത്യാധുനിക സംവിധാനം ശാശ്വത പരിഹാരമേകും

Largest Battery Storage System, K Krishnan kutty
ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നിര്‍മാണോദ്ഘാടനത്തില്‍നിന്ന് (ETV Bharat)
author img

By ETV Bharat Kerala Team

Published : February 28, 2026 at 7:54 PM IST

2 Min Read
Choose ETV Bharat

കാസർകോട്: കാസർകോടിൻ്റെ മണ്ണിൽ കേരളം പുതിയൊരു ഊർജ വിപ്ലവത്തിന് തിരിതെളിച്ചിരിക്കുകയാണ്. വൈദ്യുതി മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് മൈലാട്ടി 220 കെ വി സബ്സ്റ്റേഷനിൽ സ്ഥാപിക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) നിർമാണോദ്ഘാടനം വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു.

2050-ഓടെ കേരളത്തെ പൂർണമായും പുനരുപയോഗ ഊർജത്തെ ആശ്രയിക്കുന്ന സംസ്ഥാനമാക്കി മാറ്റുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണിത്. 125 മെഗാവാട്ട് ശേഷിയും 500 മെഗാവാട്ട് അവർ സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള ഈ പദ്ധതി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാറ്ററി സംഭരണ സംവിധാനങ്ങളിലൊന്നാണ്. രാജ്യത്തെ തന്നെ ആദ്യത്തെ നാല് മണിക്കൂര്‍ സ്റ്റോറേജ് സംവിധാനമാണിതെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. 135 കോടി രൂപയുടെ കേന്ദ്ര സഹായത്തോടെ 'ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ്' (BOO) മാതൃകയില്‍ ജെഎസ്‌ഡബ്ല്യു എനര്‍ജി ലിമിറ്റഡാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2026 ഒക്ടോബറോടെ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കാസര്‍കോടിൻ്റെ ഊര്‍ജ വിപ്ലവത്തിൻ്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും ഊര്‍ജ രംഗത്ത് കേരളത്തില്‍ വലിയ മാറ്റങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയിലെ വിവിധ വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ പരിഹാരം കാണാനാകും. ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി.


പദ്ധതി ഇങ്ങനെ

പകല്‍ സമയങ്ങളില്‍ സൗരോര്‍ജ പ്ലാൻ്റുകളില്‍ നിന്ന് ഉത്പ്പാദിപ്പിക്കപ്പെടുന്ന അധിക വൈദ്യുതി സംഭരിച്ചുവെച്ച്, ഉപഭോഗം ഏറ്റവും കൂടുതലായ വൈകുന്നേരങ്ങളില്‍ (Peak hours) ഗ്രിഡിലേക്ക് തിരികെ നല്‍കുകയാണ് ഈ പദ്ധതിയുടെ പ്രാഥമിക ധര്‍മം. കേന്ദ്ര സര്‍ക്കാരിൻ്റെ വൈബിലിറ്റി ഗ്യാപ്പ് ഫണ്ടിങ്ങോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഏകദേശം 125 മെഗാവാട്ട് ശേഷിയുള്ള ഈ നിലയത്തിന് പ്രതിദിനം അഞ്ച് ലക്ഷം യൂണിറ്റ് വൈദ്യുതി വരെ കൈകാര്യം ചെയ്യാന്‍ സാധിക്കും.

ജെഎസ്‌ഡബ്ല്യു (JSW) നിയോ എനര്‍ജി എന്ന സ്വകാര്യ കമ്പനിയാണ് മൈലാട്ടി 220 കെ വി സബ്സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ഈ പ്ലാൻ്റ് നിര്‍മിക്കുന്നത്. നിര്‍മാണം നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍ കരാര്‍ പ്രകാരം എട്ട് കോടിയിലധികം രൂപയുടെ ഇന്‍സെൻ്റീവ് നല്‍കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ രാത്രികാലങ്ങളില്‍ പുറത്തുനിന്ന് വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാന്‍ കെഎസ്ഇബിക്ക് സാധിക്കും.

കാസര്‍കോട് ജില്ലയിലെ സൗരോര്‍ജ ഉത്പ്പാദനത്തിൻ്റെ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കത്തിൻ്റെ ഭാഗം കൂടിയാണിത്. മൈലാട്ടിക്ക് പുറമെ ശ്രീകണ്ഠാപുരം, പോത്തന്‍കോട്, അരീക്കോട് എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ ചെറിയ തോതിലുള്ള ബാറ്ററി സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബറോടെ മൈലാട്ടി പദ്ധതി വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നത്.

Also Read: മാലിന്യക്കൂമ്പാരത്തിൽ തെളിഞ്ഞ സത്യസന്ധത; ലക്ഷങ്ങൾ വിലയുള്ള വജ്രമാല ഉടമയ്ക്ക് നൽകി ഹരിത കർമ സേനാംഗങ്ങൾ