ETV Bharat / state

മണ്ണിടിച്ചിൽ ഭീഷണി; കുതിരാൻ തുരങ്കത്തിന് മുന്നിൽ താത്‌കാലിക ഗതാഗത നിയന്ത്രണം

തൃശൂർ - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലെ കുതിരാൻ ഇരട്ട തുരങ്കത്തിന് ഏതാണ്ട് 60 മീറ്റർ മുകളിൽ മണ്ണിടിഞ്ഞത്.

KUTHIRAN TUNNEL LANDSLIDE  KUTHIRAN TUNNEL  RESTRICTIONS AT KUTHIRAN TUNNEL  THRISSUR LANDSLIDE
കുതിരാൻ തുരങ്കത്തിന് മുകളിൽ മണ്ണിടിഞ്ഞ ഭാഗം (ETV Bharat)
author img

By ETV Bharat Kerala Team

Published : August 13, 2026 at 6:32 PM IST

2 Min Read
Choose ETV Bharat

തൃശൂർ: മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കുതിരാൻ തുരങ്കത്തിന് മുന്നിൽ ഗതാഗത നിയന്ത്രണം. പടിഞ്ഞാറേ തുരങ്കുമുഖത്ത് തൃശ്ശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. താത്ക്കാ‌ലികമായി ഇന്നത്തേക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കുതിരാൻ തുരങ്കത്തിന് മുന്നിൽ താത്‌കാലിക ഗതാഗത നിയന്ത്രണം (ETV Bharat)

തൃശൂർ - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലെ കുതിരാൻ ഇരട്ട തുരങ്കത്തിന് ഏതാണ്ട് 60 മീറ്റർ മുകളിൽ മണ്ണിടിഞ്ഞത്. പടിഞ്ഞാറൻ തുരങ്കമുഖത്തിന് മുകളിലായി രണ്ട് ഭാഗങ്ങളിലാണ് കുന്നിടിഞ്ഞ് മണ്ണും കല്ലുകളും താഴേക്ക് പതിച്ചത്. മഴ ശക്തമായതിനാൽ പ്രദേശത്ത് പൊലീസിൻ്റെയും ദേശീയ പാതാ അതോറിറ്റി അധികൃതരുടെയും കർശനമായ നിയന്ത്രണമാണുള്ളത്. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജില്ലാ കലക്‌ടറും സ്ഥലം എംഎൽഎയായ കെ രാജനും മന്ത്രിയും അടക്കം പ്രദേശത്ത് സന്ദർശനം നടത്തി പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു. കഴിഞ്ഞദിവസം ജിയോളജി വകുപ്പ് തുരങ്കത്തിന് മുകളിൽ പരിശോധന നടത്തിയപ്പോൾ അപകടകരമായ രീതിയിലാണ് തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമായതോടെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടികളിലേക്ക് കടന്നത്. മണ്ണിടിച്ചിൽ ഭീഷണി ഒഴിവാക്കാൻ മരങ്ങൾ മുറിച്ചും പാറക്കെട്ടുകൾ ബലപ്പെടുത്തിയും സംരക്ഷണം ഒരുക്കണമെന്നാണ് വിദഗ്‌ധസമിതിയുടെ റിപ്പോർട്ട്. തുടർച്ചയായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തുരങ്കത്തിന് മുകളിലെ മണ്ണും മരങ്ങളും ഇനിയും താഴേക്ക് പതിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവശേഷം കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം വ്യക്തമാക്കി. ഉന്നതതല പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും തൃശ്ശൂർ എൻജിനീയറിങ് കോളേജിലെ വിദഗ്‌ധസംഘം പരിശോധന നടത്തുമെന്നും സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞിരുന്നു.

നിർമാണകാലത്തും സമാന സംഭവം

കുതിരാൻ തുരങ്കത്തിൻ്റെ നിർമ്മാണ ഘട്ടത്തിലും സമാനമായ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. അന്ന് കിഴക്കൻ തുരങ്കമുഖത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ തുരങ്കത്തിൻ്റെ പ്രവേശനഭാഗം പൂർണമായും മണ്ണിനടിയിലാകുന്ന സാഹചര്യമുണ്ടായിരുന്നു. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ദേശീയപാതകളിലൊന്നായ തൃശൂർ-പാലക്കാട് റൂട്ടിലെ പ്രധാന നിർമ്മിതിയാണ് കുതിരാൻ തുരങ്കം.

തമിഴ്‌നാട്ടിൽ നിന്നടക്കമുള്ള ചരക്ക് വാഹനങ്ങളും പതിനായിരക്കണക്കിന് യാത്രാവാഹനങ്ങളും ദിവസേന കടന്നുപോകുന്ന ഈ തുരങ്കമുഖത്ത് ഉണ്ടായ മണ്ണിടിച്ചിൽ യാത്രക്കാരിലും പ്രദേശവാസികളിലും ആശങ്ക ഉയർത്തി.

Also read:വടക്കോട്ട് മഴ തന്നെ; രണ്ടിടങ്ങളില്‍ യെല്ലോ അലര്‍ട്ട്, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത