ETV Bharat / state

കാല്‍നൂറ്റാണ്ട് കാലത്തെ കോവൂര്‍ കുഞ്ഞുമോന്‍റെ അപ്രമാദിത്വം തകര്‍ത്ത് ഉല്ലാസ് കോവൂരിന് അട്ടിമറി വിജയം, തകര്‍ന്നടിഞ്ഞത് വിപ്ലവ മണ്ണിന്‍റെ പോരാട്ട പാരമ്പര്യം

ഏത് തരംഗത്തിലും ആടിയുലയാതെ ഇടതിനൊപ്പം എന്നും നിലകൊണ്ട മണ്ഡലമാണ് ഇക്കുറിയുണ്ടായ ശക്തമായ വലത് തരംഗത്തില്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്.

ULLAS KOVOOR  kerala assembly election 2026  kunnathur constituency  kovoor kunjumon
kunnathur Assembly constituency UDFachieved a triumphant victory (etv bharat)
author img

By ETV Bharat Kerala Team

Published : May 4, 2026 at 5:17 PM IST

3 Min Read
Choose ETV Bharat

കൊല്ലം; എന്നും ഇടതിനെ നെഞ്ചേറ്റിയ മണ്ഡലത്തില്‍ ചരിത്രത്തിലാദ്യമായി ഐക്യജനാധിപത്യ മുന്നണിയുടെ കൊടി ഉയരുന്നു. 1957ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ ഇടതിനൊപ്പം നിന്ന കുന്നത്തൂരില്‍ അട്ടിമറി വിജയമാണ് ഉല്ലാസ് കോവൂരിലൂടെ യുഡിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. 25314 വോട്ടിന്‍റെ ഭൂരിപക്ഷവുമായാണ് ഉല്ലാസ് കുന്നത്തൂര്‍ പിടിച്ചത്.

Also Read: കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിയുടെ പിറവിയും വളര്‍ച്ചയും ഇങ്ങനെ...

പരിവര്‍ത്തന ആശയങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും ഇടതു പക്ഷത്തിന് വളക്കൂറുണ്ടായിരുന്ന മണ്ണാണ് കുന്നത്തൂര്‍. കാലങ്ങളോളം ആര്‍എസ്‌പി എന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തിന്‍റെ ചുവന്ന മണ്ണ്. കര്‍ഷകരും കശുവണ്ടിത്തൊഴിലാളികളും വിധി നിര്‍ണയിച്ചിരുന്ന നാട്. സംസ്ഥാനത്ത് ഏത് തരംഗം ആഞ്ഞു വീശിയാലും ഇടതിനെ കൈവിടാത്ത മണ്ഡലം ഇതാദ്യമായി ആടിയുലഞ്ഞിരിക്കുന്നു. പിളര്‍പ്പിലൂടെ ആര്‍എസ്‌പിയുടെ ശക്തി ക്ഷയിച്ചു. രണ്ട് ആര്‍എസ്‌പികള്‍ തമ്മിലായിരുന്നു ഇക്കുറിയും അങ്കം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ ദ്വയാംഗ മണ്ഡലമായ ഇവിടെ സിപിഐയ്ക്കായിരുന്നു വിജയം. സിപിഐയുടെ ആര്‍ ഗോവിന്ദനായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 57-59ല്‍ .പി ആര്‍ മാധവന്‍ പിള്ള മണ്ഡലത്തെ പ്രതിനിധീകരിച്ചു 1960ല്‍ കോണ്‍ഗ്രസും സിപിഐയും സീറ്റുകള്‍ നേടി. ജി ചന്ദ്രശേഖര പിള്ളയു പിസിആര്‍ ആദിച്ചനുമായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. 1965ല്‍ കേരള കോണ്‍ഗ്രസിന്‍റെ ടി കൃഷ്‌ണന്‍ വിജയിച്ചു. എന്നാല്‍ 1965ലെ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാല്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവര്‍ണര്‍ വി വി ഗിരിയുടെ ശുപാര്‍ശ പ്രകാരം സഭ പിരിച്ച് വിട്ടു.

മണ്ഡലം പട്ടികജാതി സംവരണമായ 1967ലെ തെരഞ്ഞെടുപ്പില്‍ ആആര്‍എസ്‌പിയിലെ കെ.ചന്ദ്രശേഖര ശാസ്‌ത്രി ജയിച്ചു. 1982ല്‍ ഒഴികെ എന്നും ആര്‍എസ്‌പിക്ക് ഒപ്പമായിരുന്നു കുന്നത്തൂര്‍. 1970ല്‍ സത്യപാലനും 77ലും 80ലും കല്ലട നാരായണനും വിജയം കണ്ടു.

എന്നാല്‍ 1982ല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന ജനത പാര്‍ട്ടിയിലെ കോട്ടക്കുഴി സുകുമാരന്‍ വിജയം നേടി. 1987ല്‍ ടി നാണുമാസ്റ്ററിലൂടെ മണ്ഡലം ആര്‍എസ്‌പി തിരിച്ച് പിടിച്ചു. 2001 വരെ നാണുമാസ്റ്റര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2001ലെ കന്നിയങ്കത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ മുന്‍മന്ത്രി കൂടിയായ പന്തളം സുധാകരനെ 3,486 വോട്ടിന് പരാജയപ്പെടുത്തി.

2006ലും 2011ലും വിജയം ആവര്‍ത്തിച്ചു. ഇതിനിടെ എംഎല്‍എ സ്ഥാനം രാജി വച്ച് കുഞ്ഞുമോന്‍ ആര്‍എസ്‌പി ലെനിനിസ്റ്റ് രൂപീകരിച്ചു. 2016ല്‍ ഇടതു സ്വതന്ത്രനായി മത്സരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിനെ തോല്‍പ്പിച്ചു. 2021ലെ തെരഞ്ഞെടുപ്പില്‍ 2,790 വോട്ടിന്‍റെ നേരിയ ഭൂരിപക്ഷത്തില്‍ വീണ്ടും ഉല്ലാസിനെ പരാജയപ്പെടുത്തി. ഇതായിരുന്നു യുഡിഎഫിന്‍റെ ആത്മവിശ്വാസം.

പത്ത് പഞ്ചായത്തുകളാണ് കുന്നത്തൂര്‍ നിയമസഭ മണ്ഡലത്തിലുള്ളത്. ശാസ്‌താംകോട്ട, മൈനാഗപ്പള്ളി, പോരുവഴി, മണ്‍റോതുരുത്ത്, കുന്നത്തൂര്‍, പടിഞ്ഞാറെ കല്ലട എന്നീ പഞ്ചായത്തുകള്‍ ഇടതുമുന്നണിയും ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, കിഴക്കേകല്ലട, പവിത്രേശ്വരം പഞ്ചായത്തുകള്‍ ഐക്യജനാധിപത്യ മുന്നണിയുമാണ് ഭരിക്കുന്നത്.

അതേസമയം പഞ്ചായത്ത് തലത്തില്‍ ഇരുമുന്നണികളും തമ്മിലുള്ള വോട്ടുവ്യത്യാസം തുച്‌ഛമാണ്. ശാസ്‌താംകോട്ട ബ്ലോക്ക് പഞ്ചായത്തും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ഇടതുമുന്നണിക്കാണ്. ഭൂരിപക്ഷം പഞ്ചായത്തുകളിലും മുന്‍കാലങ്ങളെക്കാള്‍ ബിജെപി കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. ഇത്തവണ ബിജെപി ബ്ലോക്ക് പഞ്ചായത്തില്‍ അക്കൗണ്ട് തുറന്നിരുന്നു.

കോവൂര്‍ കുഞ്ഞുമോനും (ഇടതുമുന്നണി) ഉല്ലാസ് കോവൂരിനും (യുഡിഎഫ്) പുറമെ എന്‍ഡിഎയില്‍ നിന്ന് രാജി പ്രസാദും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മാന്തര വേലായുധനും എസ്‌യുസിഐ സ്ഥാനാര്‍ത്ഥിയായി ടി ശശിധരനും മത്സരരംഗത്തുണ്ടായിരുന്നു.

കൊല്ലം ജില്ലയിലെ ഏക പട്ടിക ജാതി മണ്ഡലമാണ് കുന്നത്തൂര്‍. ആര്‍എസ്‌പി പക്ഷത്ത് നിന്നുള്ള രണ്ട് ബന്ധുക്കള്‍ തമ്മിലുള്ള പോരാട്ടം ഏറെ ശ്രദ്ധ നേടിയിരുന്നു. ആര്‍എസ്‌പി പിളര്‍ന്നതോടെ പാര്‍ട്ടിയില്‍ ഉറച്ച് നിന്ന ആളാണ് ഉല്ലാസ് കോവൂര്‍. ബന്ധുവായ കോവൂര്‍ കുഞ്ഞുമോന്‍ എതിര്‍ചേരിയിലുമായി. 2021ലെ വോട്ടര്‍പട്ടിക പ്രകാരം മണ്ഡലത്തില്‍ 206117 വോട്ടര്‍മാരുണ്ട്. മാവേലിക്കര ലോക്‌സഭ മണ്ഡലത്തിന്‍റെ ഭാഗമാണ് കുന്നത്തൂര്‍ നിയമസഭമണ്ഡലം.