കെപിസിസി പുനഃസംഘടന നീളുന്നു; കോൺഗ്രസിൽ പൊട്ടിത്തെറിക്ക് സാധ്യത
കെപിസിസി അധ്യക്ഷ പദവി വഹിക്കുന്ന സണ്ണി ജോസഫ് സംസ്ഥാന മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു

Published : September 1, 2026 at 9:18 AM IST
തിരുവനന്തപുരം: കെപിസിസി പുനഃസംഘടന നീളുന്നതിൽ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി പുകയുന്നു. മറ്റന്നാൾ ചേരാനിരിക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയരാനാണ് സാധ്യത. പാർട്ടിക്ക് മുഴുവൻസമയ അധ്യക്ഷൻ വേണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉന്നയിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം നേതാക്കൾ.
നിലവിൽ കെപിസിസി അധ്യക്ഷ പദവി വഹിക്കുന്ന സണ്ണി ജോസഫ് സംസ്ഥാന മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ പുനഃസംഘടന അനിശ്ചിതമായി നീളുന്നതാണ് പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്നത്. മന്ത്രിസ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും ഒരാൾ തന്നെ വഹിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സണ്ണി ജോസഫ് പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ അദ്ദേഹത്തോട് തത്കാലം പദവിയിൽ തുടരാനാണ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ ഡിസിസി, കെപിസിസി പുനഃസംഘടന എത്രയും വേഗം പൂർത്തിയാക്കണമെന്ന ആവശ്യവും നേതാക്കൾക്കിടയിൽ ശക്തമാണ്. താഴെത്തട്ടിൽ പാർട്ടി സംവിധാനം നിർജീവമാണെന്നും പുതിയ ഭാരവാഹികൾ വന്നാൽ മാത്രമേ പ്രവർത്തകർക്ക് ആവേശമുണ്ടാകൂ എന്നും ഒരു വിഭാഗം വാദിക്കുന്നു.
സംഘടനാ രംഗത്തെ പ്രതിസന്ധി
സംസ്ഥാന പാർട്ടി പ്രസിഡൻ്റിന് പുറമേ വർക്കിങ് പ്രസിഡൻ്റുമാരായ പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ എന്നിവരും നിലവിൽ മന്ത്രിമാരാണ്. ഏറെ ഉത്തരവാദിത്വവും തിരക്കുമുള്ള മന്ത്രിപദവിക്കൊപ്പം സംഘടനാ രംഗത്തേക്ക് കൂടി വേണ്ടത്ര ശ്രദ്ധ ചെലുത്താൻ ഇവർക്ക് കഴിഞ്ഞേക്കില്ലെന്ന പൊതുവികാരമാണ് കോൺഗ്രസിൽ രൂപപ്പെട്ടിട്ടുള്ളത്.
മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം നിരന്തരം ഉയർത്തുന്ന ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഭരണത്തുടർച്ച ലക്ഷ്യമിട്ട് മുന്നോട്ട് പോകുമ്പോൾ സർക്കാരിന് കരുത്തായി മാറേണ്ട പാർട്ടി സംവിധാനം ദുർബലമാകുന്നത് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. സർക്കാരിൻ്റെ ജനപ്രിയ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും പാർട്ടി നേതൃത്വം പരാജയപ്പെടുകയാണെന്ന വിമർശനവും ശക്തമാണ്.
പ്രതിപക്ഷ മുന്നണിയായ എൽഡിഎഫിൽ നടക്കുന്ന സിപിഎം സിപിഐ പോര് രാഷ്ട്രീയമായി മുതലെടുക്കാൻ കോൺഗ്രസിന് കഴിയാത്തതും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ മുഴുവൻസമയ പ്രസിഡൻ്റ് എന്ന ആവശ്യം വരാനിരിക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പ്രധാന ചർച്ചയാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം പുനഃസംഘടനയെപ്പറ്റി തനിക്ക് വിവരമൊന്നുമില്ലെന്നും കാര്യങ്ങൾ തീരുമാനിക്കേണ്ടത് എ.ഐ.സി.സി നേതൃത്വമാണെന്നുമാണ് കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി വ്യക്തമാക്കുന്നത്. മറ്റന്നാൾ നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം എല്ലാ ജില്ലകളിലും കെപിസിസി അധ്യക്ഷനും വർക്കിങ് പ്രസിഡൻ്റുമാരും സന്ദർശനം നടത്താനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുൻപായി പാർട്ടിയെ സജ്ജമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ ജില്ലാ പര്യടനങ്ങൾ സംഘടിപ്പിക്കുന്നത്.
Also Read:- മാപ്പിളപ്പാട്ടിൻ്റെ സുൽത്താൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

