Bihar Election Results 2025

ETV Bharat / state

മുഖ്യമന്ത്രിയുടെ മകന് സമൻസ്: ഇഡി നിലപാട് വ്യക്തമാക്കണം; ഇ പി ജയരാജന്‍ പ്രസംഗത്തൊഴിലാളി മാത്രമെന്ന് സണ്ണി ജോസഫ്

ഈ നോട്ടീസിന് എന്തു സംഭവിച്ചു എന്നും ഈ കേസ് അവസാനിപ്പിച്ചോ എന്നും ഇഡി വ്യക്തമാക്കണമെന്ന് സണ്ണി ജോസഫ്

KPCC President Sunny Joseph
സണ്ണി ജോസഫ് (ETV Bharat)
author img

By ETV Bharat Kerala Team

Published : October 16, 2025 at 2:25 PM IST

3 Min Read
Choose ETV Bharat

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകന് സമന്‍സ് അയച്ചോ എന്ന കാര്യത്തില്‍ ഇഡി നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഇത് സിപിഎം-ബിജെപി കൂട്ടുകെട്ടിൻ്റെ പ്രകടമായ തെളിവാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനുള്ള പ്രകടമായ ശ്രമം നടക്കുകയാണ്. ഈ നോട്ടീസിന് എന്തു സംഭവിച്ചു എന്നും ഈ കേസ് അവസാനിപ്പിച്ചോ എന്നും ഇഡി വ്യക്തമാക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

നോട്ടീസ് കൈപ്പറ്റിയില്ലെങ്കില്‍ നിയമമനുസരിച്ച് അറസ്റ്റു ചെയ്തു കൊണ്ടു വരാനും കഴിയും. മുഖ്യമന്ത്രി ഇതിനുത്തരം പറയണം. മുഖ്യമന്ത്രിയുടെ മകന്‍ ക്ലിഫ് ഹൗസിലെ മുറി കണ്ടിട്ടുണ്ടോ എന്നതല്ല ഇവിടെ ചോദ്യം. മകളുടെ കേസില്‍ യഥാര്‍ഥ വിഷയത്തില്‍ നിന്ന് ഒളിച്ചോടിയപോലെ മകൻ്റെ കാര്യത്തിലും യഥാര്‍ഥ വിഷയത്തില്‍ നിന്ന് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇക്കാര്യത്തിലുള്ള ബിജെപിയുടെ മൗനം ഒത്തു തീര്‍പ്പിൻ്റെ വ്യക്തമായ തെളിവാണെന്നും സണ്ണി ജോസഫ് ആരോപിച്ചു. ബിജെപിക്ക് ഇക്കാര്യത്തില്‍ എന്തു പറയാനുണ്ടെന്നറിയാന്‍ താത്പര്യമുണ്ട്.

ഷാഫി പറമ്പില്‍ എംഎല്‍എ യെ നടുറോഡില്‍ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സമാധാനപരമായി പ്രതിഷേധ മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ സ്‌ഫോടക വസ്തു എറിഞ്ഞു എന്ന കള്ളക്കേസുണ്ടാക്കി അറസ്റ്റു ചെയ്യുകയാണ് പൊലീസ് ചെയ്തിരിക്കുന്നത്. ഇത്രയധികം പൊലീസുകാര്‍ ഉണ്ടായിരുന്ന അവിടെ സ്‌ഫോടക വസ്തു എറിഞ്ഞെങ്കില്‍ പൊലീസിന് അപ്പോള്‍ അവരെ പിടികൂടുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാമായിരുന്നല്ലോ. ഷാഫിയെ പൊലീസ് നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ രാഷ്ട്രീയത്തിനതീതമായി പ്രതിഷേധം ഉയര്‍ന്നു വന്നു. അതില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനാണ് കള്ളക്കേസും കള്ള പ്രചാരണവുമായി സിപിഎം നേതൃത്വം ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.

സിപിഎമ്മിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന വടകരയില്‍ വന്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിൻ്റെ നമ്പര്‍ വണ്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയതാണ് ഷാഫിയോട് സിപിഎമ്മിന് ഇത്രയധികം വിരോധമുണ്ടാകാനുള്ള കാരണം. ഒരു എംപി എന്ന നിലയില്‍ ഷാഫി പാര്‍ലമെൻ്റിനകത്തും പുറത്തും നടത്തുന്ന ഇടപെടലുകളും രാഷ്ട്രീയ നിലപാടുകളും സിപിഎമ്മിന് തലവേദനയുണ്ടാക്കുന്നു. ഷാഫിയുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ വിളറി പൂണ്ട് സിപിഎം അദ്ദേഹത്തെ കായികമായി നേരിടാനാണ് ശ്രമമെങ്കില്‍ അതിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി നേരിടുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

ഇ പി ജയരാജൻ്റെ പേരമ്പ്രയിലെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും സണ്ണി ജോസഫ് പറഞ്ഞു. ഇ പി ജയരാജന്‍ സിപിഎമ്മിൻ്റെ ഒരു പ്രസംഗത്തൊഴിലാളി മാത്രമാണ്. സീനിയോറിറ്റി അവഗണിച്ച് അദ്ദേഹത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നു മാറ്റാന്‍ സിപിഎം എന്തു കൊണ്ടു നിര്‍ബന്ധിതമായി. അദ്ദേഹത്തെക്കാള്‍ ജൂനിയറായ ഒരാളെ പാര്‍ട്ടി സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമാക്കിയതിനെതിരെ അദ്ദേഹം നിസ്സഹകരണവുമായി നടന്നിട്ടും സിപിഎം പരിഹാരമുണ്ടാക്കിയില്ല. അദ്ദേഹത്തിൻ്റെ വെല്ലുവിളികളെയും ജല്‍പ്പനങ്ങളെയും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.

ഷാഫി പറമ്പിലിനെ ഒരു പോറല്‍ പോലുമേല്‍പ്പിക്കാന്‍ സിപിഎമ്മിനാകില്ല. പൊലീസിനെ ഉപയോഗിച്ച് അദ്ദേഹത്തെ അക്രമിക്കാുവാനുള്ള ശ്രമം സിപിഎമ്മിൻ്റെ ബലഹീനതയാണ് വെളിവാക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ അന്നദ്ദേഹം നിയമസഭയില്‍ പറഞ്ഞത് ഭാര്യ റിട്ടയര്‍ ചെയ്തപ്പോള്‍ കിട്ടിയ ആനുകൂല്യങ്ങള്‍ കൊണ്ടാണെന്നാണ്. കരിമണല്‍ കമ്പനിയില്‍ നിന്ന് സേവനമൊന്നും കൈപ്പറ്റാതെ മുഖ്യമന്ത്രിയുടെ മകള്‍ പണം കൈപ്പറ്റിയെന്ന കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്. മുഖ്യമന്ത്രിക്ക് സിപിഎം അണികളെ ഇത്തരം പ്രസ്താവനകള്‍ കൊണ്ട് തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ മുഖ്യമന്ത്രിയുടെ മകള്‍ സ്വത്തു സമ്പാദിച്ചു എന്നത് പ്രകടമായ കാര്യമാണ്. അതിനെ എത്ര ന്യായീകരിക്കാന്‍ ശ്രമിച്ചാലും വിലപ്പോകില്ലെന്നും സണ്ണി ജോസഫ് ഓര്‍മിപ്പിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത് വിവേക് കിരണിൻ്റെ പേരില്‍ ക്ലിഫ് ഹൗസിലേക്ക് ഇഡിയുടെ സമന്‍സ് വന്നിരുന്നോ എന്നാണ്. അത്തരത്തില്‍ ഒരു സമന്‍സുവരുമ്പോള്‍ അവിടെ ആ ആളില്ലെങ്കില്‍ അദ്ദേഹം എവിടെയാണോ ഉള്ളത് അങ്ങോട്ട് പറഞ്ഞയയ്ക്കുകയാണ് നിയമപരമായി ചെയ്യേണ്ടത്. അങ്ങനെ ചെയ്തിട്ടുണ്ടോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ആ സംഭവം ഇഡിയുമായി ഒത്തു തീര്‍പ്പാക്കിയെന്ന് എം എ ബേബിക്ക് പറയേണ്ടി വന്നു. ശബരിമലയിലെ നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാനോ പ്രതികളെ അറസ്റ്റു ചെയ്യാനോ സര്‍ക്കാരും പൊലീസും ഇതുവരെ തയ്യാറായിട്ടില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കേരള പൊലീസ് സ്വീകരിക്കുന്നത്. സ്വതന്ത്രമായി അന്വേഷിച്ചാല്‍ കേരള പൊലീസിന് ഇതെല്ലാം പുറത്തു കൊണ്ടു വരാന്‍ സാധിക്കും എന്നാല്‍ കേരള പൊലീസിൻ്റെ കരങ്ങള്‍ കെട്ടപ്പെട്ടിരിക്കുന്നു. ജി സുധാകരന്‍ എല്ലാക്കാലത്തും സത്യസന്ധമായ നിലപാടുള്ള ആളാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Also Read: ഹിജാബ് വിവാദം പുകയുന്നു; സര്‍ക്കാരിനെതിരെ സ്‌കൂള്‍ മാനേജ്‌മെൻ്റ് ഹൈക്കോടതിയിലേക്ക്