മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു തൊണ്ണൂറുകാരനായ അദ്ദേഹത്തിൻ്റെ അന്ത്യം. വടകരയിൽ നിന്ന് ആറ് തവണ ഇദ്ദേഹം ലോക്‌സഭയിലെത്തി.

Published : March 3, 2026 at 6:16 AM IST
കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെപി ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1971 മുതൽ 1991 വരെ തുടർച്ചയായി ആറ് തവണ വടകര ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അപൂർവം നേതാക്കളിലൊരാളാണ് അദ്ദേഹം.
അന്ത്യാഞ്ജലിയുമായി നേതാക്കൾ
മന്ത്രി എകെ ശശീന്ദ്രൻ അദ്ദേഹത്തിൻ്റെ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. നാളെ രാവിലെ ഒൻപതിന് മാങ്കാവ് മാനാരിയിലെ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. 1970കൾ മുതൽ തനിക്ക് അദ്ദേഹവുമായി വ്യക്തിബന്ധമുണ്ടെന്നും ഒരു ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടപ്പെട്ടതെന്നും ശശീന്ദ്രൻ പ്രതികരിച്ചു. അന്ന് കെപിസിസി നിർദേശിച്ച സ്ഥാനാർഥിയായിരുന്ന ലീല ദാമോദരൻ്റെ പോസ്റ്ററുകൾ വരെ പതിച്ച ശേഷമാണ് കെപി ഉണ്ണികൃഷ്ണൻ വടകരയിൽ ജനവിധി തേടാനെത്തിയതെന്ന് ശശീന്ദ്രൻ ഓർമിച്ചു.
പാർട്ടി പ്രവർത്തകരുടെ പ്രിയപ്പെട്ട ഉണ്ണിയേട്ടനായിരുന്നു അദ്ദേഹം. കോൺഗ്രസിലേക്ക് മടങ്ങാൻ തീരുമാനിച്ചപ്പോൾ തന്നോട് സംസാരിച്ചിരുന്നുവെന്നും, എന്നാൽ കൂടെ പോയില്ലെന്നും അന്ന് എടുത്ത നിലപാടാണ് ശരിയെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി അനുസ്മരിച്ചു. അന്താരാഷ്ട്ര കാര്യങ്ങളിൽ ഇത്രയേറെ അറിവുള്ള മറ്റൊരു നേതാവ് കേരളത്തിലില്ലെന്നും, ഒരു മാസം മുൻപ് സന്ദർശിച്ചപ്പോൾ അദ്ദേഹം വളരെ ക്ഷീണിതനായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വടകരയിലെ വിജയപരമ്പര
1971ൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ നിന്നാണ് കെപി ഉണ്ണികൃഷ്ണൻ ആദ്യമായി ലോക്‌സഭയിലെത്തുന്നത്. അന്ന് ലീല ദാമോദരൻ്റെ പേരായിരുന്നു ആദ്യം ഉയർന്നുകേട്ടതെങ്കിലും, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അദ്ദേഹത്തിന് നറുക്കുവീണത്. പിന്നീട് 1977ൽ ജനതാ പാർട്ടിയിലെ അരങ്ങിൽ ശ്രീധരനെയും, 1980ൽ കോൺഗ്രസ് (യു) സ്ഥാനാർഥിയായി കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനെയും പരാജയപ്പെടുത്തി. 1984ൽ ഇന്ത്യൻ കോൺഗ്രസ് (സോഷ്യലിസ്റ്റ്) പ്രതിനിധിയായി കോൺഗ്രസിലെ കെഎം രാധാകൃഷ്ണനെയും, 1989ൽ ഇടതുപക്ഷ പിന്തുണയോടെ കോൺഗ്രസിൻ്റെ എ സുജനപാലിനെയും തോൽപിച്ചു.
1991ൽ വീണ്ടും ഇടതുപക്ഷ പിന്തുണയോടെ കോൺഗ്രസിലെ എം രത്നസിങ്ങിനെ പരാജയപ്പെടുത്തിക്കൊണ്ട് ആറാം തവണയും അദ്ദേഹം ജനവിധി തേടി. ഒരു മണ്ഡലത്തിൽ നിന്ന് തന്നെ ഇത്രയധികം തവണ തുടർച്ചയായി ജനപ്രതിനിധിയാകാൻ കഴിഞ്ഞത് അദ്ദേഹത്തിൻ്റെ ജനകീയതയുടെ തെളിവാണ്. വടകരയുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനൊപ്പം ദേശീയതലത്തിൽ കേരളത്തിൻ്റെ ശബ്ദമായി മാറാനും അദ്ദേഹത്തിന് സാധിച്ചു. എന്നാൽ 1996ലെ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായ ഒ ഭരതനോട് പരാജയപ്പെട്ടതോടെയാണ് വടകരയിലെ അദ്ദേഹത്തിൻ്റെ വിജയപരമ്പര അവസാനിച്ചത്.
ദേശീയ രാഷ്ട്രീയത്തിലെ നിർണായക സാന്നിധ്യം
ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള നേതാവായിരുന്നു അദ്ദേഹം. 1989-90 കാലഘട്ടത്തിൽ വിപി സിങ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത, വാർത്താവിനിമയ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്നു. ഗൾഫ് യുദ്ധകാലത്ത് കുവൈറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത് വലിയ ശ്രദ്ധ നേടിയിരുന്നു.
രാജീവ് ഗാന്ധി സർക്കാരിൻ്റെ കാലത്ത് വളം കുംഭകോണം, ബൊഫോഴ്സ് ഇടപാട് എന്നിവ പുറത്തുകൊണ്ടുവരുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 1971 മുതൽ 1977 വരെ കോഫി ബോർഡ് അംഗമായും, 1977 മുതൽ 1979 വരെ സെൻട്രൽ സ്മാൾ ഇൻഡസ്ട്രീസ് അഡ്വൈസറി ബോർഡ് അംഗമായും, 1980 മുതൽ 1982 വരെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചു. 1981 മുതൽ 1984 വരെ കോൺഗ്രസ് (സെക്കുലർ) വിഭാഗത്തിൻ്റെ പാർലമെൻ്ററി പാർട്ടി ലീഡറുമായിരുന്നു. ഭരണതന്ത്രജ്ഞൻ എന്ന നിലയിലും അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചു.
മാധ്യമപ്രവർത്തനവും നയതന്ത്രവും
രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപ് അദ്ദേഹം മാധ്യമപ്രവർത്തകനായിരുന്നു. ബോംബെ, ഡൽഹി എന്നിവിടങ്ങളിൽ ബ്ലിറ്റ്സ്, ശങ്കേഴ്സ് വീക്കിലി, ടൈംസ് ഓഫ് ഇന്ത്യ, മാതൃഭൂമി എന്നീ സ്ഥാപനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മികച്ച വാഗ്മിയും നയതന്ത്രജ്ഞനുമായ കെപി ഉണ്ണികൃഷ്ണൻ യുഎൻ അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
വ്യക്തിജീവിതവും രാഷ്ട്രീയ പ്രവേശവും
1936 സെപ്റ്റംബർ 20ന് തമിഴ്നാട്ടിലെ കോയമ്പത്തൂരിലായിരുന്നു കെപി ഉണ്ണികൃഷ്ണൻ്റെ ജനനം. കോഴിക്കോട് കൊയിലാണ്ടിയിലെ അഭിഭാഷകനായ കുഞ്ഞിക്കണ്ണൻ നായരുടെ മകനാണ്. മദ്രാസ് ക്രിസ്ത്യൻ കോളജ്, മദ്രാസ് പ്രസിഡൻസി കോളജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മദ്രാസ് ഗവൺമെൻ്റ് ലോ കോളജിൽ നിന്ന് നിയമബിരുദം നേടി. 1977ലായിരുന്നു വിവാഹം. അമൃത ഉണ്ണികൃഷ്ണനാണ് ഭാര്യ. രണ്ട് പെൺമക്കളുണ്ട്.
സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. അഖിലേന്ത്യാ വിദ്യാർഥി സംഘടനയായ നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻ്റ്സ് ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റായും ബോംബെ സമാജ്‌വാദി യുവക്‌സഭയുടെ സെക്രട്ടറിയായും പ്രവർത്തിച്ച ശേഷം 1960ൽ കോൺഗ്രസിൽ ചേർന്നു. ഡൽഹിയിലെത്തിയ ശേഷം വികെ കൃഷ്ണമേനോൻ്റെ ഒപ്പം പ്രവർത്തിച്ചിരുന്ന അദ്ദേഹം ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായി മാറി. അടിയന്തരാവസ്ഥയ്ക്ക് ശേഷം അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് കോൺഗ്രസ് (യു)വിലും തുടർന്ന് കോൺഗ്രസ് (എസ്)ലും എത്തി. 1979-80 കാലഘട്ടത്തിൽ എഐസിസി (യു) ജനറൽ സെക്രട്ടറിയായും 1980ൽ എഐസിസി (എസ്) ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം 1995ൽ കോൺഗ്രസിലേക്ക് തന്നെ മടങ്ങിയെത്തി. സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച ശേഷം ന്യൂഡൽഹിയിൽ നിന്ന് കോഴിക്കോട് പന്നിയങ്കരയിലുള്ള തറവാട്ടു വീട്ടിലേക്ക് താമസം മാറ്റി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
Also Read:- ഗന്ധർവ സംഗീതം പിറന്ന വീട്; യേശുദാസിന് സ്നേഹാദരം; ഫോർട്ട്കൊച്ചിയിലെ വീട് മ്യൂസിയമാകുന്നു

