ETV Bharat / state

കണ്ണുകെട്ടി സദ്ദാമിന് മുന്നിൽ: ഗൾഫ് യുദ്ധത്തിലെ പ്രവാസി രക്ഷകൻ; കെ പി ഉണ്ണികൃഷ്ണൻ ഓർമയാകുമ്പോൾ

മന്ത്രിസഭയിലെ എതിർപ്പുകളെ അവഗണിച്ച് പ്രവാസികൾക്കൊപ്പം നിന്ന ജനനായകൻ. വടകരയെ ആറുതവണ ലോക്സഭയിൽ പ്രതിനിധീകരിക്കുകയും പുസ്തകങ്ങളെ പ്രാണനായി സ്നേഹിക്കുകയും ചെയ്ത അതുല്യ വ്യക്തിത്വത്തിൻ്റെ ഓർമച്ചിത്രങ്ങൾ

മുൻ മന്ത്രി കെപി ഉണ്ണികൃഷ്ണൻ കുവൈറ്റ് യുദ്ധം പ്രവാസി രക്ഷ സദ്ദാം ഹുസൈൻ ഉണ്ണികൃഷ്ണൻ ചർച്ച വടകര മുൻ എംപി ഉണ്ണികൃഷ്ണൻ
കെ.പി ഉണ്ണികൃഷ്ണൻ (Special Arrangement)
author img

By ETV Bharat Kerala Team

Published : March 3, 2026 at 12:15 PM IST

4 Min Read
Choose ETV Bharat

അരവിന്ദ് ബാബു

തിരുവനന്തപുരം: പശ്ചിമേഷ്യ മറ്റൊരു യുദ്ധഭീതിയിൽ നിൽക്കുന്ന പശ്ചാത്തലത്തിലാണ് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന രാഷ്ട്രീയ നേതാവുമായ കെപി ഉണ്ണികൃഷ്ണൻ്റെ വിടവാങ്ങൽ. നിലവിൽ ഇറാനെ ഇസ്രയേലും അമേരിക്കയും സംയുക്തമായി നേരിടുന്ന സാഹചര്യത്തിൽ മലയാളികൾ ഏറെയുള്ള ഗൾഫ് മേഖലയിൽ വലിയ ആശങ്കയാണ് പടരുന്നത്. വിപി സിങ് മന്ത്രിസഭയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയായിരിക്കെ ഇറാഖ്-കുവൈറ്റ് യുദ്ധത്തിനിടെ കുവൈറ്റിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിൽ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചിരുന്നു.

യുദ്ധത്തിൽ കുടുങ്ങിയ ലക്ഷങ്ങൾ

കെപി ഉണ്ണികൃഷ്ണനെക്കുറിച്ച് മാധ്യമപ്രവർത്തകനായ എംപി സൂര്യദാസ് രചിച്ച 'ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി' എന്ന പുസ്തകത്തിൽ ഈ രക്ഷാദൗത്യത്തെക്കുറിച്ച് വ്യക്തമായ പരാമർശങ്ങളുണ്ട്. ഇറാഖ്-കുവൈറ്റ് യുദ്ധം അക്ഷരാർഥത്തിൽ ഏറ്റവും വലിയ തേങ്ങൽ സൃഷ്ടിച്ചത് കേരളത്തിലായിരുന്നു. മലബാറിൽ നിന്നടക്കമുള്ള ഒട്ടേറെപ്പേർ അക്കാലത്ത് കുവൈറ്റിൽ ജോലി ചെയ്തിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കുവൈറ്റിലുണ്ടായിരുന്ന ഒന്നരലക്ഷത്തോളം ഇന്ത്യക്കാർ അഭയാർഥികളായി കുടുങ്ങിപ്പോയെന്ന് പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

അന്ന് വിപി സിങ് മന്ത്രിസഭയിൽ രാഷ്ട്രീയകാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. കുവൈറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി വേണമെന്ന് കാബിനറ്റിൽ അദ്ദേഹം ശക്തമായി വാദിച്ചു. തുടർന്ന് പ്രധാനമന്ത്രി പ്രശ്നത്തിൽ ഇടപെടാൻ ആദ്യം നിയോഗിച്ചത് വിദേശകാര്യമന്ത്രി ഐകെ ഗുജ്റാളിനെയാണ്.

അദ്ദേഹം ജോർദാനിലും ഇറാഖിലും അമാനിലും സന്ദർശനം നടത്തി ചർച്ചകൾ നടത്തിയെങ്കിലും അവയൊന്നും ഫലപ്രദമായില്ല. ഇതിന് പുറമെ, മടങ്ങിവരുന്ന വഴി പഞ്ചാബിൽ നിന്നുള്ള ഏതാനും സുഹൃത്തുക്കളെ തൻ്റെ വിമാനത്തിൽ അദ്ദേഹം നാട്ടിലെത്തിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചു. ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോർദാനിൽ കുടുങ്ങിക്കഴിയുന്ന സാഹചര്യത്തിൽ സ്വന്തക്കാരായ കുറച്ചുപേരെ മാത്രം കൂടെ കൊണ്ടുവന്നത് അന്ന് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പ്രവാസികൾ ഏറ്റവുമധികമുള്ള വടകര മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗം കൂടിയായ കെപി ഉണ്ണികൃഷ്ണനെ നാട്ടിൽ നിന്ന് ആയിരക്കണക്കിനാളുകളാണ് സഹായാഭ്യർഥനയുമായി അന്ന് ബന്ധപ്പെട്ടത്. ഇതോടെ പ്രശ്നത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം പ്രധാനമന്ത്രി വിപി സിങ്ങിനെ നേരിൽക്കണ്ട് ആവശ്യപ്പെടുകയായിരുന്നു.

ബാഗ്ദാദിലേക്കുള്ള ദൗത്യം

സുരക്ഷാപ്രശ്നങ്ങളും കോടികളുടെ ചെലവും ചൂണ്ടിക്കാട്ടി അന്നത്തെ കാബിനറ്റ് സെക്രട്ടറി പാണ്ഡെ ഈ ആവശ്യത്തെ ശക്തമായി എതിർത്തിരുന്നു. ഇന്ത്യക്കാർക്ക് അപകടമൊന്നും സംഭവിക്കില്ലെന്നും, കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും അവരെല്ലാം സ്വന്തം നിലയ്ക്ക് നാട്ടിൽ തിരിച്ചെത്തുമെന്നിരിക്കെ കോടികൾ മുടക്കി അവരെ കൊണ്ടുവരുന്നത് കേന്ദ്രസർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. എന്നാൽ, പതിനായിരക്കണക്കിന് കോടി രൂപയുടെ വിദേശമൂലധനം നാട്ടിലെത്തിക്കുന്ന പ്രവാസികളെ ആപദ്ഘട്ടത്തിൽ രക്ഷിക്കേണ്ടത് രാജ്യത്തിൻ്റെ ധാർമിക ഉത്തരവാദിത്തമാണെന്ന് കെപി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. അവർ എന്തുകൊണ്ടും സംരക്ഷണം അർഹിക്കുന്നുണ്ടെന്നും, അവരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിന് താത്പര്യമില്ലെങ്കിൽ മന്ത്രിസ്ഥാനത്ത് തുടരാൻ തനിക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. ഇതോടെ കാബിനറ്റ് അദ്ദേഹത്തിൻ്റെ അഭിപ്രായം അംഗീകരിച്ചു. പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള മിഷൻ്റെ പൂർണ ചുമതല മന്ത്രിസഭ അദ്ദേഹത്തെ ഏൽപിക്കുകയും പ്രധാനമന്ത്രി വിപി സിങ്ങിൻ്റെ പ്രത്യേക നിർദേശപ്രകാരം അദ്ദേഹം ബാഗ്ദാദിലേക്ക് പുറപ്പെടുകയും ചെയ്തു.

സദ്ദാം ഹുസൈനുമായി മുഖാമുഖം

കുവൈറ്റിനെ മോചിപ്പിക്കാനും സദ്ദാം ഹുസൈനെ പിടികൂടാനുമായി അമേരിക്കൻ സേന കരയിലും ആകാശത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന സമയമായിരുന്നു അത്. സദ്ദാമിനെ നേരിൽ കാണുക എന്നത് അതീവ ദുഷ്കരമായ ദൗത്യമാണെന്ന് അറിഞ്ഞിട്ടും സ്വന്തം നാട്ടുകാരുടെ മോചനം ഉറപ്പാക്കാൻ മറ്റൊരു മാർഗവുമില്ലാതിരുന്നതിനാൽ അദ്ദേഹം ആ വെല്ലുവിളി ഏറ്റെടുത്തു. ബാഗ്ദാദിൽ നിന്ന് മൂന്ന് ഹെലികോപ്റ്ററുകൾ മാറിക്കയറിയാണ് സദ്ദാമിൻ്റെ ഒളിത്താവളത്തിൽ അദ്ദേഹം എത്തിയത്. തലങ്ങും വിലങ്ങും പറക്കുന്ന യുദ്ധവിമാനങ്ങളുടെ ശബ്ദങ്ങൾക്കിടയിലൂടെയായിരുന്നു യാത്ര. ഒളിത്താവളത്തിൽ എത്തുന്നതിന് വളരെ മുൻപ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ കട്ടിയുള്ള തുണികൊണ്ട് അദ്ദേഹത്തിൻ്റെ കണ്ണുകൾ കെട്ടിയിരുന്നു. എവിടേക്കാണ് പോകുന്നതെന്നോ ഏത് നഗരത്തിലാണ് എത്തിയതെന്നോ അറിയാത്ത അവസ്ഥയിലായിരുന്നു യാത്ര.

ഒടുവിൽ അദ്ദേഹം സദ്ദാം ഹുസൈൻ്റെ മുന്നിലെത്തി. ഇന്ത്യൻ സ്ഥാനപതിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ വളരെ ശാന്തനായാണ് സദ്ദാം സംസാരിച്ചത്. ജോർദാൻ വഴി ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും സദ്ദാം വാഗ്ദാനം ചെയ്തു. എന്നാൽ, ഇന്ത്യക്കാരെ കൊണ്ടുപോകാൻ ഇന്ത്യൻ വിമാനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും ഒരു കാരണവശാലും ഇക്കാര്യത്തിൽ അമേരിക്കൻ സഹായം തേടരുതെന്നുമുള്ള കർശന നിബന്ധന അദ്ദേഹം മുന്നോട്ടുവച്ചു. ഈ നിബന്ധന ഇന്ത്യ അംഗീകരിച്ചു. ലോകത്തെ വൻശക്തിയെ വെല്ലുവിളിച്ച് യുദ്ധം നിയന്ത്രിക്കുമ്പോഴും സദ്ദാമിൻ്റെ മുഖത്തോ സംസാരത്തിലോ നേരിയ പിരിമുറുക്കം പോലും ഉണ്ടായിരുന്നില്ലെന്നും ചിരിച്ചുകൊണ്ടാണ് അദ്ദേഹം തന്നെ യാത്രയാക്കിയതെന്നും കെപി ഉണ്ണികൃഷ്ണൻ വിവരിക്കുന്നത് പുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

പുസ്തകങ്ങൾക്കായി വാടക വീട്

മാതൃഭൂമിയിൽ ദീർഘകാലം പത്രപ്രവർത്തകനായി സേവനമനുഷ്ഠിച്ച ശേഷമാണ് കെപി ഉണ്ണികൃഷ്ണൻ എംപിയും പിന്നീട് കേന്ദ്രമന്ത്രിയുമാകുന്നത്. വലിയ വായനാശീലമുണ്ടായിരുന്ന അദ്ദേഹം ഡൽഹിയിലെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് കോഴിക്കോട്ട് തിരിച്ചെത്തിയപ്പോഴും പുസ്തകങ്ങളുമായുള്ള ബന്ധം തുടർന്നു. പന്നിയങ്കരയിലെ പത്മാലയം വീട്ടിലായിരുന്നു അദ്ദേഹത്തിൻ്റെ താമസം. തൻ്റെ പക്കലുണ്ടായിരുന്ന വിപുലമായ പുസ്തകശേഖരം സൂക്ഷിക്കുന്നതിനായി കോഴിക്കോട് തിരുവണ്ണൂരിൽ അദ്ദേഹം ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. പിന്നീട് സ്വന്തം വീടിനോട് ചേർന്ന് പുസ്തകങ്ങൾ സൂക്ഷിക്കാനുള്ള പ്രത്യേക സൗകര്യം ഒരുക്കുകയും അങ്ങോട്ടേക്ക് അവ മാറ്റുകയും ചെയ്ത ശേഷമാണ് ആ വാടക വീട് ഒഴിഞ്ഞത്.

ചുമരെഴുത്തുകൾ മായ്ച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്ക്

1971ൽ വടകരയിൽ നിന്ന് ആദ്യമായി ജനവിധി തേടാനെത്തുമ്പോൾ അവിടെ കോൺഗ്രസ് ലീല ദാമോദരമേനോനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ചുമരെഴുത്ത് ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങളുമായി പാർട്ടി സജീവമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കമാൻഡ് നിർദേശപ്രകാരം അദ്ദേഹം സ്ഥാനാർഥിയായി എത്തുന്നത്. ഇത് പാർട്ടിക്കുള്ളിൽ നിന്ന് വലിയ എതിർപ്പുകൾക്ക് കാരണമായി. ഒടുവിൽ ലീല ദാമോദരമേനോന് വേണ്ടി നടത്തിയ ചുമരെഴുത്തുകൾ മായ്ച്ച ശേഷമാണ് കെപി ഉണ്ണികൃഷ്ണന് വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ കോൺഗ്രസ് പ്രവർത്തകർ ആരംഭിച്ചത്. തുടർന്ന് ആറുതവണ വടകര മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധീകരിച്ച അദ്ദേഹത്തെ 1996ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായ ഒ ഭരതനാണ് പരാജയപ്പെടുത്തിയത്.

Also Read:- ഉണ്ണികൃഷ്ണൻ മടങ്ങുമ്പോൾ ചരിത്രം ചർച്ചയാകുന്ന വടകര: ഇടം വലം മാറി 6 വിജയങ്ങൾ; വീണ്ടും കളം മാറിയപ്പോൾ വീണു, രണ്ടിടത്തും രക്ഷപ്പെടാത്ത മനയത്ത് ചന്ദ്രനും