അന്നദാനത്തിന്‍റെ ഉദാത്ത മാതൃക; പക്ഷിമൃഗാദികളെ ഊട്ടി 'അസീസ്', അനുസരണയോടെ നായകളും പരുന്തുകളും
പക്ഷികള്‍ക്കും തെരുവ് നായകള്‍ക്കും അന്നദാതാവായി മുള്ളുങ്ങല്‍ അസീസ്. 15ാം വയസ് മുതലുള്ള ശീലം. സമയമായാല്‍ മാനത്ത് വട്ടമിട്ട് പറന്ന് പരുന്തുകള്‍. അസീസിന്‍റെ നിര്‍ദേശം അനുസരിച്ച് നായകള്‍.

Published : February 28, 2026 at 2:58 PM IST
കോഴിക്കോട്: നട്ടുച്ച നേരത്തെ പൊരിവെയില്‍.... കോഴിക്കോട് ബീച്ചിലെ മണല്‍ പരപ്പ് ആളൊഴിഞ്ഞ് കാണുന്ന നേരം... പൊടുന്നനെ ആകാശത്ത് നിന്നെത്തുന്ന വെയിലില്‍ നിഴലുകള്‍ വീണു. ബീച്ചിന്‍റെ ഓരത്തെ തണലുകളില്‍ അഭയം തേടിയ എല്ലാവരുടെയും നോട്ടം പതുക്കെ മേലേക്കുയര്‍ന്നു.
അതിശയകരമായ കാഴ്‌ച കൂട്ടത്തില്‍ പലര്‍ക്കും ആദ്യമായിട്ടാകും. ഒരു പറ്റം പരുന്തുകള്‍ വട്ടമിട്ട് പറക്കുന്നു... മറ്റൊന്നുമല്ല ദൂരെ നിന്നുള്ള അവരുടെ അന്നദാതാവിന്‍റെ വരവ് കണ്ടിട്ടുള്ള പരക്കം പാച്ചിലാണത്. വെയിലില്‍ ചുട്ട് പഴുത്ത് കിടക്കുന്ന മണല്‍ പരപ്പിലൂടെ സൈക്കിളും തള്ളികൊണ്ട് ഒരാള്‍ കടന്ന് വരുന്നു..മുള്ളുങ്ങല്‍ അസീസ്. പുഞ്ചിരി പൊഴിയുന്ന ചുണ്ടില്‍ നിന്നും വിസിലടിയും മുഴങ്ങി. ഇതോടെ കൂടുതല്‍ പരുന്തുകളും തെരുവ് നായകളും കൂടി സ്ഥലത്തെത്തി.
പതിവ് പോലെ തന്നെ സൈക്കിളിന് പിന്നില്‍ അവര്‍ക്കായി കരുതിവച്ച വലിയൊരു ചാക്ക് കെട്ടുണ്ട്. ഇനിയത് തുറക്കും വരെ അവരങ്ങനെ കലപില കൂടും. തെരുവ് നായകളില്‍ ഓരോരുത്തര്‍ക്കും അസീസ് പേരിട്ടിട്ടുണ്ട്. അസീസ് പറയുന്നതാകട്ടെ അവര്‍ക്ക് മനസിലാകുകയും ചെയ്യും. ചാക്ക് കെട്ട് തുറക്കുന്നതിന് മുമ്പായി തെരുവ് നായകളെ പേരെടുത്ത് വിളിച്ച് കടലില്‍ പോയി കുളിച്ച് വരാന്‍ പറയും. അന്നദാതാവിന്‍റെ നിര്‍ദേശമാകട്ടെ അവര്‍ അക്ഷരംപ്രതി അനുസരിക്കും. ഓരോരുത്തരും കടലിലിറങ്ങി കുളിച്ച് കുട്ടപ്പന്മാരായി അസീസിന് അരികിലെത്തും. എല്ലാവരുടെയും കുളി കഴിഞ്ഞാല്‍ പിന്നെ സൈക്കിളില്‍ കൊണ്ടുവന്ന ചാക്ക് കെട്ടഴിക്കും.
തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിന്നായി ശേഖരിച്ച ഭക്ഷണം നീട്ടിയെറിയും. ഇതോടെ വിശന്ന് നില്‍ക്കുന്ന അവരെല്ലാം ഓരോന്നും കൊത്തിയെടുത്ത് വീണ്ടും മേലേക്ക് ഉയരും. നായകളാകട്ടെ നിലത്ത് വീഴുന്ന ഓരോന്നും ഓടിനടന്ന് കഴിക്കും. വലിയ ചാക്കില്‍ നിറച്ച തീറ്റയെല്ലാം വളരെ വേഗത്തില്‍ തന്നെ തീരും. ഭക്ഷണം കഴിച്ചതിന് ശേഷം അവരങ്ങനെ അസീസിനെ ചുറ്റിപ്പറ്റി പറക്കും.
നായകളാകട്ടെ സ്‌നേഹത്തോടെ അരികിലൂടെ വീണ്ടും പരതും. ഭക്ഷണം കഴിയുന്നതോടെ മേലേക്ക് കൈ നീട്ടി വിസിലടിച്ച് അസീസ് എല്ലാവരോടും പൊയ്‌ക്കോളാന്‍ പറയും. ഇത് കേള്‍ക്കേണ്ട താമസം വിശപ്പ് അടങ്ങിയ സന്തോഷത്തില്‍ അന്നദാതാവിന് നോക്കി നന്ദി സൂചകമായി കലപില കൂട്ടി അവരങ്ങനെ വാനിലേക്ക് പറന്നുയരും. ഇനി അടുത്ത ദിവസം തങ്ങൾക്ക് വേണ്ട ഭക്ഷണവുമായി അസീസ് വരുന്നതുവരെ പലയിടങ്ങളിലായി പാറിപ്പറന്ന് കാത്തിരിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉച്ചയ്‌ക്ക് മാത്രമല്ല രാവിലെയും വൈകുന്നേരവും പതിവുണ്ട് ഒരു ഭക്ഷണ വിതരണം. അതിനെത്തുന്നവരാകട്ടെ കാക്കകളും പ്രാവുകളുമാണ്. അരിയും ഗോതമ്പും മറ്റ് ധാന്യങ്ങളുമായിരിക്കും ഭക്ഷണം.
രാവിലെ എട്ട് മണിക്കാണ് ധാന്യങ്ങളുമായി അസീസെത്തുക. ബീച്ചിലെ ഓപ്പണ്‍ സ്റ്റേജിന് സമീപത്ത് നിന്നും വിസിലടി ഉയരും. ഇതോടെ കോഴിക്കോട്ട് അങ്ങാടിയിലെ മുഴുവൻ കാക്കകളും പ്രാവുകളും ആസീസിനെ തേടിയെത്തും. എന്നും രാവിലെ ഇവരെ ഊട്ടിയാണ് അസീസ് തന്‍റെ ജോലി സ്ഥലത്തേക്ക് പോകുക.
കോഴിക്കോട്ടെ ഒരു ആക്രി കടയിലെ സഹായിയാണ് അസീസ്. രാവിലെ മുതല്‍ ഉച്ചവരെയാണ് ജോലി. അതിനിടെ രണ്ട് തവണ നഗരത്തിലെ മുഴുവന്‍ ചിക്കന്‍ സ്റ്റാളുകളിലുമെത്തി പരുന്തുകള്‍ക്കുള്ള ഭക്ഷണം ശേഖരിക്കും. ഉച്ചയ്‌ക്ക് ജോലി കഴിയുന്നതോടെ ഇവയെല്ലാം സൈക്കിളിന് പിന്നില്‍ വച്ച് കെട്ടും. പിന്നെ ബീച്ചില്‍ തന്നെ കാത്തിരിക്കുന്നവരെ തേടി നട്ടുച്ച വെയിലില്‍ യാത്ര തിരിക്കും.
'വിശക്കുന്നവര്‍ക്കെ അതിന്‍റെ വിലയറിയൂവെന്ന്' അസീസ് പറയുന്നു. 'ഏതൊരു ജീവിയുടെ വിശപ്പ് അകറ്റുന്നതും ദൈവത്തിന്‍റെ പക്കലില്‍ നിന്നും പ്രതിഫലമുള്ള കാര്യമാണ്. ഈ ജീവികളെയെല്ലാം ദൈവം സൃഷ്‌ടിച്ചിട്ടുള്ളത് മനുഷ്യര്‍ക്ക് വേണ്ടിയാണ്. ഇവയൊന്നും പ്രകൃതിയില്‍ ഇല്ലെങ്കില്‍ മനുഷ്യന് ലോകത്ത് നിലനില്‍പ്പില്ല. സുനാമി അടക്കമുള്ള പ്രകൃതി ദുരന്തം വരികയാണെങ്കില്‍ ജീവികളാണ് അത് ആദ്യം തിരിച്ചറിയുക. അതുകൊണ്ട് നമ്മളെ അവരോട് കടപ്പാടുള്ളവരാകണം. ജീവികളോട് കരുണ കാണിക്കാതെ നമ്മള്‍ ലോകത്ത് ജീവിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല. 15ാം വയസിലാണ് ഇങ്ങനെ ഭക്ഷണ വിതരണം തുടങ്ങിയത്. താന്‍ എവിടെയാണെങ്കിലും ഇവയെല്ലാം തന്‍റെ കൂട്ടത്തിലുണ്ടാകും. ഓരോ കടക്കാരും ഇവര്‍ക്കുള്ള ഭക്ഷണം ദിവസവും തന്നേ ഏല്‍പ്പിക്കും. ഇവര്‍ക്ക് ഭക്ഷണം കൊടുക്കുന്നത് അവരുടെ ജീവിതത്തില്‍ നന്മയായെത്തുമെന്നും' അസീസ് പറയുന്നു.
Also Read: 'വെറൈറ്റി തണ്ണിമത്തനുകൾ', യൂട്യൂബ് വീഡിയോ കണ്ട് കൃഷിത്തോട്ടം കാണാന്‍ നേരിട്ടെത്തി മുൻ കൃഷിമന്ത്രി

