ETV Bharat / state

കോഴിക്കോട്ട് വൻ ലഹരിവേട്ട; 25 ലക്ഷത്തിന്‍റെ എംഡിഎംഎയുമായി മുൻ സൈനികനടക്കം നാലുപേർ പിടിയിൽ

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് താൻ ലഹരിവിൽപനയിലേക്ക് കടന്നതെന്ന് സിജിൻ ചന്ദ്രൻ പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

DRUG  DANSAF  MDMA  KOZHIKODE
ലഹരിമരുന്നുമായി അറസ്റ്റിലായ പ്രതികള്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : January 6, 2026 at 8:55 PM IST

1 Min Read
Choose ETV Bharat

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ലഹരിവിൽപ്പനയ്‌ക്കെതിരെ സിറ്റി പൊലീസ് നടത്തിയ വിപുലമായ പരിശോധനയിൽ വൻ എം.ഡി.എം.എ വേട്ട. കോഴിക്കോട് ഡാൻസാഫ് യൂണിറ്റും വിവിധ പൊലീസ് സ്റ്റേഷനുകളും സംയുക്തമായി നടത്തിയ നീക്കത്തിൽ 25 ലക്ഷം രൂപയോളം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തിൽ ലഹരി കടത്ത് ശൃംഖലയിലെ പ്രധാനിയടക്കം നാലുപേർ പിടിയിലായി.

ഇന്ന് രാവിലെ ഡാൻസാഫിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസുമായി ചേർന്ന് ഗോവിന്ദപുരം പണിക്കർ റോഡിലെ സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.

700 ഗ്രാം എം.ഡി.എം.എയുമായി വാണിമേൽ ചേലാൻ കണ്ടി ഷംസീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് നഗരത്തിലെ വിതരണക്കാർക്ക് കൈമാറുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

ഷംസീറിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പന്തിരങ്കാവ് പൊലീസുമായി ചേർന്ന് നടത്തിയ രണ്ടാം ഘട്ട പരിശോധനയിൽ മൂന്ന് പേർ കൂടി വലയിലായി. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ തൊട്ടിൽപാലം കുണ്ടത്തോട് ഒറ്റപ്പിലാവുള്ളതിൽ സിജിൻ ചന്ദ്രൻ, നല്ലളം സ്വദേശി മുഹമ്മദ് ഷാഫി, കാവിലുംപാറ മൊയിലോത്തറ സ്വദേശിനി പി. ദിവ്യ എന്നിവരാണ് പിടിയിലായത്.

പെരുമണ്ണ പയ്യടിത്താഴത്ത് വാടകവീട് എടുത്ത് താമസിച്ച് ലഹരിവിൽപന നടത്തി വരികയായിരുന്നു ഇവർ. ഇവരിൽ നിന്ന് എട്ട് ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് താൻ ലഹരിവിൽപനയിലേക്ക് കടന്നതെന്ന് സിജിൻ ചന്ദ്രൻ പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഷംസീർ എത്തിച്ചുനൽകുന്ന മയക്കുമരുന്ന് ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയായിരുന്നു ഇവരുടെ രീതി. പ്രതികളെ പന്തിരങ്കാവ്, മെഡിക്കൽ കോളജ് സ്റ്റേഷനുകളിലായി വിശദമായി ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.

അടുത്ത കാലത്ത് കോഴിക്കോട് ഡാൻസാഫ് യൂണിറ്റ് നടത്തുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ലഹരിക്കെതിരായ മികച്ച പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ മുൻനിര യൂണിറ്റായി കോഴിക്കോട് ഡാൻസാഫ് മാറുകയാണ്.

Also Read: വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നു; സംഘം പിടിയിൽ