ETV Bharat / state

കോഴിക്കോട്ട് കാറിന് തീപിടിച്ച് വയോധികൻ മരിച്ച സംഭവം; ആത്മഹത്യയെന്ന് സംശയം, കന്നാസ് കണ്ടെത്തി

പുലർച്ചെ നാലോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സുധാകരൻ്റെ വീട്ടിൽനിന്ന് 250 മീറ്റർ മാത്രം അകലെയാണ് കാർ കത്തിനശിച്ചത്

KOZHIKODE CAR FIRE ACCIDENT  DRIVER BURNED TO DEATH  CHEVAYUR CAR ACCIDENT  POLICE INVESTIGATION STARTED
കാർ കത്തിക്കരിഞ്ഞ നിലയിൽ (Special Arrangement)
author img

By ETV Bharat Kerala Team

Published : September 2, 2026 at 7:12 AM IST

2 Min Read
Choose ETV Bharat

കോഴിക്കോട്: ചേവായൂരിൽ കാറിന് തീപിടിച്ച് 65കാരൻ വെന്തുമരിച്ച സംഭവം ആത്മഹത്യയാണെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ചേവായൂർ മഠത്തിൽമുക്കിൽ ഇന്ന് പുലർച്ചെ ജീപ്പ് കോമ്പസ് കാറിനുള്ളിലാണ് യൂസ്ഡ് കാർ വ്യാപാരിയായ സുധാകരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തിന് 20 മീറ്റർ അകലെനിന്ന് പെട്രോൾ കൊണ്ടുവന്നതെന്ന് കരുതുന്ന കന്നാസ് കണ്ടെത്തിയതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്.

പുലർച്ചെ നാലോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സുധാകരൻ്റെ വീട്ടിൽനിന്ന് 250 മീറ്റർ മാത്രം അകലെയാണ് കാർ കത്തിനശിച്ചത്. വാഹനം വളരെ വേഗം കുറഞ്ഞാണ് അപകടസ്ഥലത്തേക്ക് എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കാർ മതിലിൽ ഇടിച്ചതിൻ്റെ വലിയ കേടുപാടുകളും കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ വാഹനം നിയന്ത്രണം വിട്ട് അമിതവേഗത്തിൽ വന്നിടിച്ചല്ല അപകടത്തിൽപ്പെട്ടതെന്ന് വ്യക്തമാണ്. പുലർച്ചെ ഇദ്ദേഹം വീട്ടിൽനിന്ന് ഇറങ്ങിയതായാണ് വിവരം. വിലയേറിയ ജീപ്പ് കോമ്പസ് കാറാണ് പൂർണ്ണമായും അഗ്നിക്കിരയായത്.

അപകടത്തിൻ്റെ സിസിടിവി ദ്യശ്യങ്ങൾ (ETV Bharat)

അന്വേഷണം ഊർജിതം
യൂസ്ഡ് കാർ വിൽപന രംഗത്ത് പ്രവർത്തിച്ചിരുന്ന സുധാകരന് സാമ്പത്തിക ബാധ്യതകളോ ശത്രുക്കളോ ഉണ്ടായിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ വ്യക്തത വരുത്തുന്നതിനായി ബന്ധുക്കളുടെ മൊഴി വൈകാതെ തന്നെ രേഖപ്പെടുത്തും. ഫൊറൻസിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഫൊറൻസിക് പരിശോധനാഫലം കൂടി പുറത്തുവരുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

രക്ഷാപ്രവർത്തനം വിഫലം
അപകടം നടന്നയുടൻ വലിയ ശബ്ദം കേട്ടാണ് നാട്ടുകാർ ഉണർന്നത്. ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാർ കത്തുന്ന ദൃശ്യം കണ്ടത്. തീ അതിവേഗം ആളിപ്പടർന്നതിനാൽ സുധാകരന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. നാട്ടുകാർ ഓടിയെത്തിയെങ്കിലും വാഹനത്തിന് അടുത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. കാറിൻ്റെ ഡോറുകൾ ലോക്ക് ആയതും സീറ്റ് ബെൽറ്റ് കുടുങ്ങിയതും രക്ഷാശ്രമങ്ങൾക്ക് തടസമായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിവരമറിഞ്ഞയുടൻ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് തീ അണച്ചത്. തുടർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. തിരിച്ചറിയാൻ കഴിയാത്ത വിധം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള മറ്റ് നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Also Read:- ജാഗ്രത വേണം, ജീവനെടുത്ത് പകർച്ചവ്യാധികൾ; കേരളത്തിൽ മരണം 100 കടന്നു