'ഇങ്ങള് പോര് ഇവിടെ ആർക്കും വരാം'; ഇത്തവണയും ആഘോഷമായി അപ്പ വാണിഭ നേർച്ച, എത്തിയത് ആയിരങ്ങള്‍
എല്ലാ വർഷവും നടക്കുന്ന അപ്പ വാണിഭ നേർച്ചയിൽ പങ്കെടുക്കാൻ നിരവധി പേരാണ് എത്തുന്നത്. ജാതിഭേദമന്യ എല്ലാവര്‍ക്കും ഇവിടെയെത്തി പ്രാര്‍ഥിക്കാം.

Published : January 9, 2026 at 8:36 PM IST
കോഴിക്കോട്: വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ശാസ്‌ത്രത്തിലും മാത്രമല്ലട്ടോ മതസൗഹാർദത്തിലും കൊച്ച് കേരളം മുന്നിൽ തന്നെയാണ്. ജാതിമത വേർതിരിവ് ഇല്ലാതെ എല്ലാവരെയും ഒരു ഉള്ളം കൈയിൽ കൊണ്ടുനടക്കാൻ യാതൊരു മടിയുമില്ലാത്തവരാണ് മലയാളികൾ. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ജാതിമതഭേദമന്യേ എല്ലാവരും ഒന്നിച്ച് കൊണ്ടാടുന്ന ഉത്സവങ്ങളും പെരുന്നാളുകളും.
ക്രിസ്‌മസ്, വിഷു, റമദാന്‍ എന്തുമാകട്ടെ എല്ലാവരും ഒന്നിച്ചാണ് ആഘോഷിക്കുക. ഏതൊരാൾക്കും എവിടെയും സ്വതന്ത്രമായി കയറി ചെല്ലാൻ പറ്റുന്ന നിരവധി ആരാധനാലയങ്ങൾ ഉള്ള സ്ഥലം കൂടിയാണ് കേരളം. അങ്ങനെ ഒരിടമാണ് കോഴിക്കോടുള്ള ഇടിയങ്ങര ശൈഖ് പള്ളി. എല്ലാ വർഷവും നടക്കുന്ന അപ്പ വാണിഭ നേർച്ചയിൽ പങ്കെടുക്കാൻ നിരവധി പേരാണ് എത്തുന്നത്. ആർക്കും അകത്ത് കയറി പ്രാർഥിക്കാനും നേർച്ച വാങ്ങാനും സാധിക്കും.
കോഴിക്കോടിൻ്റെ മതമൈത്രി വിളിച്ചോതുന്ന സംസ്‌കാരമുണ്ട് ഇടിയങ്ങര ശൈഖ് പള്ളിയിലെ അപ്പവാണിഭ നേർച്ചയിൽ. ജാതിമത വ്യത്യാസമില്ലാതെ ആയിരങ്ങളാണ് ഇത്തവണയും ഷൈക്ക് പള്ളിയിലെ അപ്പവാണിഭ നേർച്ചയിൽ പങ്കാളികളിയായത്. ഉദ്ദിഷ്‌ടകാര്യത്തിനും പ്രശ്‌ന പരിഹാരങ്ങൾക്കും മറ്റുമാണ് മിക്കവരും ഇവിടെ എത്തുന്നത്. പ്രയാസങ്ങളും രോഗ പീഠകളും നേരിട്ട് പറയാൻ ഇടിയങ്ങര ഷൈക്ക് പള്ളിയിൽ എത്തിയാൽ മതി. വിചാരിച്ച എല്ലാ കാര്യങ്ങളും സാധിക്കുമെന്നാണ് അപ്പവാണിഭ നേർച്ചയിലെത്തുന്ന ഓരോരുത്തരുടെയും അനുഭവം.

ഒരു നാടിൻ്റെ ആഘോഷം
467 മത് അപ്പവാണിഭ നേർച്ചയാണ് ഇത്തവണ നടന്നത്. പണ്ട് അറേബ്യയിൽ നിന്നും കുടിയേറി ഇവിടെയെത്തിയവരുടെ അവസാന കണ്ണിയായ സൂഫിവര്യൻ ഷെയ്ഖ് മുഹമ്മദ് ഇബ്‌നു അലാവുദ്ദീൻ ഹിസ്‌മയിയുടെ ഓർമ്മക്കായി നടത്തുന്ന ആണ്ട് നേർച്ചയാണിത്. പിന്നീട് അത് അപ്പവാണിഭ നേർച്ചയായി അറിയപ്പെട്ടു. ഇപ്പോൾ അത് ഈ നാടിന്‍റെ ജീവിതത്തുടിപ്പിന്‍റെ ഭാഗമാണ്. കേരളത്തിന് അകത്തും പുറത്തും നിന്ന് നിരവധി പേരാണ് കാണാൻ എത്തുന്നത്. ഡിസംബർ 27 മുതൽ ജനുവരി അഞ്ച് വരെയായിരുന്നു നേർച്ച നടന്നത്.

ആദ്യകാലത്ത് ജാതിമതഭേദമന്യ എല്ലാവരും ഉദ്ദിഷ്‌ട കാര്യ ലബ്‌ധിക്കായി സൂഫിവര്യൻ്റെ അടുത്താണ് വരാറുള്ളത്. പലരും പാരിതോഷികങ്ങളായി പലതരം അപ്പങ്ങൾ ഉണ്ടാക്കി കൊണ്ടുവരും. ശേഷം ഈ പാരിതോഷികങ്ങൾ പാവപ്പെട്ടവർക്ക് സൂഫിവര്യൻ വീതിച്ച് നൽകുകയും ചെയ്യും. ഇതിനെ അനുസ്‌മരിപ്പിച്ചാണ് സൂഫിവര്യൻ്റെ കാലശേഷവും അപ്പവാണിഭ നേർച്ചയായി ഇത് നടത്തി വരുന്നതെന്ന് ഇടിയങ്ങര ഷൈക്ക് പള്ളി ഇമാം അബ്ദുൽ വഫാദ് ദാരിമി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജാതിമത വ്യത്യാസമില്ലാതെ ആർക്കും ഇടിയങ്ങര പള്ളിയിൽ നേർച്ചയിൽ പങ്കെടുത്ത് പ്രാർഥന നടത്താം എന്നതാണ് പ്രധാന പ്രത്യേകത. ഇതൊന്നുമല്ല രസം. കണ്ണിന് ഇമ്പമേകുന്ന ഒരു കാഴ്‌ച്ചയുണ്ടിവിടെ. ഇടിയങ്ങര പള്ളിക്ക് മുമ്പിലൂടെയുള്ള ഫ്രാൻസിസ് റോഡിൻ്റെ തുടക്കം മുതൽ കടപ്പുറത്തിനോട് ചേർന്ന് മമ്മാലി ഗ്രൗണ്ട് വരെയുള്ള റോഡിൻ്റെ ഇരുവശത്തും നൂറുകണക്കിന് അപ്പക്കടകൾ കാണാൻ സാധിക്കും. അതും വിവിധ തരത്തിലുള്ള അപ്പങ്ങളും മറ്റും.

രാപ്പകൽ വ്യത്യാസമില്ലാതെ ആണ്ടുനേർച്ചക്ക് എത്തുന്നവർ ഈ കടകളിൽ നിന്നും വാങ്ങിക്കുന്ന അപ്പങ്ങൾ പ്രാർഥനയ്‌ക്ക് ശേഷം പള്ളിയിലേക്ക് കൈമാറും. എന്നാൽ അപ്പങ്ങൾ സ്വീകരിച്ച് മാറ്റിവയ്‌ക്കുകയല്ല ഇവിടെ ചെയ്യുന്നത്. മറിച്ച് വിശ്വാസികൾ കൈമാറുന്ന അപ്പങ്ങൾ ഇവിടെയെത്തുന്നവർക്ക് വീതിച്ച് നൽകും. സൂഫിവര്യൻ്റെ കുടീരത്തിൽ പ്രാർഥിച്ച ശേഷമാണ് ഇവിടെയെത്തുന്നവർ മടങ്ങുക.
എല്ലാ വർഷവും ഇവിടെ വരുന്നത് പതിവാണ്. നേർച്ചയായി അപ്പങ്ങൾ കൊടുക്കും. ഫലമുണ്ടായത് കൊണ്ടാണ് വീണ്ടും വരുന്നതെന്ന് പ്രദേശവാസി സക്കീന പറഞ്ഞു. അപ്പങ്ങൾക്ക് പുറമെ ചേന ഉൾപ്പെടെയുള്ള കാർഷിക വിഭവങ്ങളും പ്രാർഥനയോടെ പള്ളിയിൽ കൈമാറുന്നതും ഇടിയങ്ങര അപ്പ വാണിഭ നേർച്ചയിലെ മറ്റൊരു പ്രത്യേകതയാണ്. കോഴിക്കോട് ഇടിയങ്ങര പള്ളിയിലെ ഈ അപ്പ വാണിഭ നേർച്ച മലബാറിൻ്റെ പരസ്‌പര സ്നേഹത്തിൻ്റെയും ബഹുമാനത്തിൻ്റെയും സാഹോദര്യത്തിൻ്റെയും കാഴ്‌ചയായിയെന്നും നിറഞ്ഞു നിൽക്കും.
Also Read: സപ്‌തസ്വരങ്ങളുടെ മായാജാലവുമായി 'കോക്ടെയില്‍ മ്യൂസിക്'; വിവാഹവേദി കീഴടക്കി ആദർശും സംഘവും

