'കൂടരഞ്ഞി കൊലപാതകം തെളിയുന്നു': 40 വർഷങ്ങൾക്ക് ശേഷം കൊല്ലപ്പെട്ടവരിൽ ഒരാളെ തിരിച്ചറിഞ്ഞു
മുഹമ്മദലിയുടെ കുറ്റസമ്മതത്തിന് പ്രേരകമായത് കുടുംബത്തിനുണ്ടായ ദുരന്തങ്ങള്‍. 1986ൽ കൊലപാതകങ്ങള്‍ നടത്തിയെന്നായിരുന്നു കുറ്റസമ്മതം.

Published : June 3, 2026 at 3:58 PM IST
കോഴിക്കോട്: നാൽപ്പത് വർഷം രഹസ്യമായി സൂക്ഷിച്ച കൊലപാതക വിവരങ്ങൾ പ്രതി തന്നെ സ്‌റ്റേഷനിലെത്തി വെളിപ്പെടുത്തിയ സംഭവത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. 1986-ൽ കൂടരഞ്ഞി കരിങ്കുറ്റിയിൽ വെച്ച് കൊല്ലപ്പെട്ടത് കണ്ണൂർ വെളിമാനം (ഇരിട്ടി) സ്വദേശിയായ മോഹനനാണ് കൊല്ലപ്പെട്ടത്. തിരുവമ്പാടി പൊലീസിൻ്റെ ഊർജ്ജിത അന്വേഷണത്തിലാണ് വിവരം വെളിച്ചത്ത് വരുന്നത്.
മാനസാന്തരം സംഭവിച്ച പ്രതി വർഷങ്ങൾക്ക് മുമ്പ് താൻ രണ്ടുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് മുമ്പിൽ
അറിയിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് തിരുവമ്പാടി പൊലീസിൽ നേരിട്ട് എത്തി പറഞ്ഞത്. ഇതേ തുടർന്ന് തിരുവമ്പാടി പൊലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയുടെ മൊഴി അനുസരിച്ച് 1986-ൽ കൂടരഞ്ഞിയിൽ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമത്തിന് മുതിർന്നതിൻ്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതിൻ്റെ കാരണം എന്നാണ് പൊലീസിനെ അറിയിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതിരോധിക്കുന്നതിനിടയിൽ ഇയാളെ വെള്ളത്തിലേക്ക് തള്ളിയിടുകയും, തുടർന്ന് വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി മരണം ഉറപ്പാക്കുകയുമായിരുന്നു. മുഹമ്മദിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവമ്പാടി പൊലീസ് 1980-കളുടെ മധ്യത്തിൽ മലബാർ മേഖലയിൽ നിന്ന് കാണാതായ ആളുകളുടെ പൂർണ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മരിച്ചത് കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശിയായ മോഹനനാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഇയാളെക്കുറിച്ച് വർഷങ്ങളായി ബന്ധുക്കൾക്ക് യാതൊരു വിവരവും ഇല്ലായിരുന്നു.
പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പ്രതിയുടെ വെളിപ്പെടുത്തൽ ആദ്യ ഘട്ടത്തിൽ അവിശ്വസനീയമായി തോന്നിയെങ്കിലും, നടത്തിയ കൃത്യമായ അന്വേഷണത്തിൽ കാണാതായ ആളും പ്രതി പറഞ്ഞ ലൊക്കേഷനുകളും തമ്മിൽ കൃത്യമായ ബന്ധം കണ്ടെത്താൻ കഴിഞ്ഞു. കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന തിരുവമ്പാടി പൊലീസ്. മുഹമ്മദ് കൊലപ്പെടുത്തിയെന്ന് പറയുന്ന രണ്ടാമത്തെ ആൾ ആരാണെന്നതിനെക്കുറിച്ചും രണ്ടാമത്തെ കൊലപാതകം എവിടെയാണ് നടന്നതെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
40 വർഷത്തിന് ശേഷം ഒരു പ്രതി സ്വയം കുറ്റസമ്മതം നടത്തി ക്രൈം ഹിസ്റ്ററിയിൽ ഇടംപിടിച്ച ഈ കേസിൻ്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇങ്ങനെയൊരു കൊലപാതകം നടന്നതായി പ്രതിയുടെ മൊഴി അന്നുതന്നെ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇത് വിശ്വസിക്കാൻ നാട്ടുകാർക്കൊന്നും ആയിരുന്നില്ല. എന്നാൽപ്രതിയുടെ മൊഴി മാത്രം കണക്കിലെടുത്ത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് പൊലീസ് നടത്തിയ അന്വേഷണമാണ് ഇപ്പോൾ ഫലപ്രാപ്‌തിയിൽ എത്തിയിരിക്കുന്നത്.
Also Read: പെരിയ ഇരട്ടക്കൊല; പരോളിലിറങ്ങിയ പ്രതിയുടെ ഇൻസ്റ്റഗ്രാം റീൽ വിവാദത്തിൽ

