'ഞാൻ മേയറായത് ലത്തീൻ സഭയുടെ ഉറച്ച നിലപാട് കൊണ്ട്'; വി.ഡി സതീശനെ തള്ളി മിനിമോൾ, കോൺഗ്രസ് വെട്ടിൽ
ബാഹ്യഇടപെടൽ ഇല്ലെന്ന കോൺഗ്രസ് വാദം തള്ളി. ഇത് സഭയുടെ ശക്തിയുടെ തെളിവാണെന്നും മേയർ.

Published : January 10, 2026 at 3:35 PM IST
എറണാകുളം: കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ ലത്തീൻ സഭ ഇടപെട്ടുവെന്ന് തുറന്നുപറഞ്ഞ് മേയർ അഡ്വ. വികെ മിനിമോൾ. താൻ കൊച്ചിയുടെ മേയറായത് ലത്തീൻ സഭയുടെ ഉറച്ച നിലപാട് കൊണ്ടാണെന്നും സഭയുടെ സംഘടനാ ശക്തിയുടെ വ്യക്തമായ തെളിവാണ് തൻ്റെ മേയർ സ്ഥാനമെന്നും വികെ മിനിമോൾ പറഞ്ഞു. കൊച്ചിയിൽ കെആർഎൽസിസിയുടെ ജനറൽ അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ലത്തീൻ സഭയ്ക്കുവേണ്ടി എല്ലാ പിതാക്കന്മാരും തനിക്കുവേണ്ടി സംസാരിച്ചിട്ടുണ്ട്. എവിടെയൊക്കെ ലത്തീൻ സഭ ശബ്ദമുയർത്തിയിട്ടുണ്ടോ അവിടെയൊക്കെ നമുക്ക് ഉത്തരം ലഭിച്ചിട്ടുണ്ട്. പാലാരിവട്ടം ഇടവക അംഗമായ താൻ താഴെത്തട്ടിലുള്ള അൽമായരോട് സമുദായ മുന്നേറ്റത്തെക്കുറിച്ച് പറയുമ്പോൾ അതെല്ലാം സ്വാഭാവികമായി വന്നുചേരുമെന്ന ഉത്തരമാണ് ലഭിക്കുന്നത്. ലത്തീൻ സഭയ്ക്ക് ഇനിയും ഏറെ മുന്നോട്ടുപോകണമെന്നും മേയർ വികെ മിനിമോൾ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നു കെആർഎൽസിസിയുടെ ജനറൽ അസംബ്ലി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം വിദേശയാത്ര കഴിഞ്ഞ് കൊച്ചിയിൽ എത്താൻ വൈകിയതോടെയാണ് മേയർ ഉദ്ഘാടകയായത്.
അതേസമയം കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ ഒരുവിധത്തിലുള്ള ബാഹ്യഇടപെടലും ഉണ്ടായിട്ടില്ലെന്ന നിലപാടായിരുന്നു നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കിയിരുന്നത്. കോൺഗ്രസിന് മേയറെ തെരഞ്ഞെടുക്കുന്നതിന് സംഘടനാപരമായ രീതിയുണ്ടെന്നും ഒരുതരത്തിലുള്ള ഇടപെടലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മേയറെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ആരും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതെല്ലാം തള്ളിയാണ് മേയർ തെരഞ്ഞെടുപ്പിൽ ലത്തീൻ സഭ ഇടപെട്ടിരുന്നുവെന്ന് കൊച്ചി മേയർ വെളിപ്പെടുത്തിയത്. കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്നതാണ് മേയർ ലത്തീൻ സഭയുടെ വേദിയിൽ നടത്തിയ ഈ വെളിപ്പെടുത്തൽ.

കൊച്ചി മേയറായി കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ ദീപ്തി മേരി വർഗീസ് തെരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടത്. എന്നാൽ അവസാന നിമിഷമായിരുന്നു ദീപ്തിയെ വെട്ടി രണ്ടര വർഷം വികെ മിനിമോളെയും, രണ്ടര വർഷം ഷൈനി മാത്യുവിനെയും മേയറായി തീരുമാനിച്ചത്. ഇരുവരും ലത്തീൻ സഭ വിശ്വാസികളാണ്. തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് കൗൺസിലർമാരിൽ പതിനെട്ടുപേർ ലത്തീൻ സഭ വിശ്വാസികളാണെന്നും മേയർ സ്ഥാനം ഇവരിൽ ഒരാൾക്ക് നൽകണമെന്ന് തങ്ങൾ ഡിസിസിയെ അറിയിച്ചിരുന്നുവെന്ന് കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് പരസ്യമായി വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു.
Also Read:- തൃശൂർ ഒരുങ്ങി, ഇനി കലോത്സവ ലഹരി; 14,000 പ്രതിഭകൾ മാറ്റുരയ്ക്കും, ചരിത്രമാകാൻ സ്‌കൂൾ മേള

