ETV Bharat / state

എക്‌സിറ്റ് പോളിൽ വിശ്വാസമില്ല, മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിൽ ‘തൂക്കുസഭ’ ഉണ്ടാകാനുള്ള സാധ്യത കാണുന്നില്ല. എൽഡിഎഫിന് അനുകൂലമായ ഫലങ്ങൾ ആയിരിക്കും വരുക കാരണം ഞങ്ങൾ ജനങ്ങളുമായി നേരിട്ട് ഇടപെട്ടവരാണെന്ന് ധനകാര്യ മന്ത്രി ബാലഗോപാൽ

KN BALAGOPAL  KERALA ADDEMBLY ELECTION 2026  EXIT POLL  KERALA EXIT POLL RESULTS
KN Balagopal (ETV Bharat)
author img

By ETV Bharat Kerala Team

Published : May 1, 2026 at 6:56 PM IST

2 Min Read
Choose ETV Bharat

കൊല്ലം: കേരളത്തിലെ എക്‌സിറ്റ് പോളുകൾ വിശ്വസനീയമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ത്യയിൽ ഇപ്പോൾ കാണുന്ന എക്‌സിറ്റ് പോളുകൾ മുമ്പുണ്ടായിരുന്നതുപോലെ വിശ്വസനീയമല്ലെന്നാണ് തന്‍റെ അഭിപ്രായമെന്ന് ബാലഗോപാൽ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പ്രത്യേകത എന്തെന്നാൽ, എക്‌സിറ്റ് പോളുകളുടെ ഫലങ്ങൾ തമ്മിൽ വളരെ അടുത്ത നിലയിലാണ് കാണുന്നത്. എക്‌സിറ്റ് പോളുകൾ എല്ലാ ആളുകളെയും ഉൾപ്പെടുത്തി നടത്തുന്നതല്ല. വളരെ ചെറിയ സാമ്പിളുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ അവയിൽ വരുന്ന കണക്കുകൾ മുഴുവനായി വിശ്വസിക്കാൻ കഴിയില്ലെന്ന് ബാലഗോപാൽ പറഞ്ഞു.

രണ്ടാം ഘട്ടത്തിൽ അനുകൂലമായ ഫലങ്ങളായിരിക്കും വരിക എന്നതാണ് ഞങ്ങളുടെ വിശ്വാസം. കാരണം, ഞങ്ങൾ നേരിട്ട് ജനങ്ങളുമായി ഇടപെട്ടവരാണ്. അവരുടെ കൂടെ പ്രവർത്തിച്ചു, അവരുടെ അഭിപ്രായങ്ങൾ കേട്ടു.
പത്ത് വർഷമായി ഒരു സർക്കാർ അധികാരത്തിൽ തുടരുമ്പോൾ പൊതുവെ ചില പ്രശ്‌നങ്ങൾ ഉണ്ടാകാം. അത് ചരിത്രപരമായി സ്വാഭാവികമാണ്. എന്നാൽ വോട്ടെടുപ്പിന് പോകുമ്പോൾ ജനങ്ങൾ കരുതുന്നത്, ഈ സർക്കാർ തുടർന്നാൽ മാത്രമേ സമൂഹത്തിൽ സൗഹൃദവും ഐക്യവും നിലനിൽക്കൂ എന്നതാണ്. അതുപോലെ കേരളത്തിൽ സമാധാനവും മാനസിക സമാധാനവും നിലനിൽക്കും എന്ന വിശ്വാസവുമുണ്ടെന്ന് മന്ത്രി പറഞ്ഞു.

ബാലഗോപാൽ മാധ്യമങ്ങളോട് സംസാരിക്കുന്നു (ETV Bharat)

ഈ സർക്കാർ ജനങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്നതാണെന്ന് ഞങ്ങൾ മനസിലാക്കിയിട്ടുണ്ട്. ജോലി, ശമ്പളം, പെൻഷൻ, മറ്റ് ക്ഷേമനടപടികൾ എന്നിവ ഉറപ്പാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാൽ ഫലങ്ങൾ അനുകൂലമായിരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നവെന്നും ബാലഗോപാൽ പറഞ്ഞു.

എല്ലാം തീരുമാനിക്കുന്നത് ജനങ്ങളാണ്. എക്‌സിറ്റ് പോളുകളിലൂടെ ഇത്തരം കാര്യങ്ങളിൽ അന്തിമമായി ഒന്നും പറയാൻ കഴിയില്ല. കേരളത്തിൽ ‘തൂക്കുസഭ’ ഉണ്ടാകാനുള്ള സാധ്യത ഞങ്ങൾ കാണുന്നില്ല. മെയ് 4-ന് ഫലങ്ങൾ പുറത്തുവരും. അപ്പോൾ എല്ലാം വ്യക്തമായിരിക്കും. കൊല്ലം ജില്ലയിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും ഇത്തരം ചർച്ചകൾ നടക്കുന്നു. കഴിഞ്ഞ തവണ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഈ തവണ സുരക്ഷാ ക്രമീകരണങ്ങളോടെ കാര്യങ്ങൾ നടക്കുന്നു. ജനങ്ങളുടെ ഇടയിൽ കൂടുതൽ പുരോഗതി ഉണ്ടാക്കാൻ, കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

മുമ്പ് പറഞ്ഞതുപോലെ കോൺഗ്രസ് ഭരണത്തിലുള്ള ചില സ്ഥലങ്ങളിൽ രണ്ടുവർഷമായി പെൻഷൻ പോലും നൽകിയിട്ടില്ല. ശമ്പളവും നൽകിയിട്ടില്ല. ഇപ്പോൾ 30% കുറവ് വരുത്തിയതായി തീരുമാനങ്ങളും വന്നിട്ടുണ്ട്.
കേരളത്തെ മുന്നോട്ട് നയിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാത്രമല്ല, സമഗ്രമായ വികസനവും തൊഴിലാളികളുടെ കാര്യങ്ങളും എല്ലാം മുന്നോട്ട് കൊണ്ടുപോയിട്ടുണ്ടെന്ന് ബാലഗോപാൽ പറഞ്ഞു.

എന്നാൽ കോൺഗ്രസിനകത്ത് അവരുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ് കൂടുതൽ ചർച്ചയാകുന്നത്. റോഡുകളിലെ ബാനറുകൾ മുതൽ പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങൾ വരെ. അവർ അവരുടെ കാര്യങ്ങൾ ചെയ്യട്ടെ. അത് അവരുടെ സ്വാതന്ത്ര്യമാണ്. ജനങ്ങൾക്ക് എതിരായ ഒരു വികാരവും എവിടെയും കാണുന്നില്ല. മറിച്ച്, ഈ സർക്കാരിൻ്റെ പ്രവർത്തനങ്ങളാലാണ് നിരവധി നേട്ടങ്ങൾ കൈവരിച്ചതെന്ന് ജനങ്ങൾ തന്നെ പറയുന്നു. എല്ലായിടത്തും അത് തുറന്നുകാണിക്കപ്പെടാത്തിരുന്നാലും ജനങ്ങളിൽ അത് പ്രകടമാണെന്ന് ബാലഗോപാൽ പറഞ്ഞു.

തെരഞ്ഞെടുപ്പുകാലത്ത് എല്ലാവരും തങ്ങളുടെ അഭിപ്രായങ്ങൾ പറയും. ഇടതുപക്ഷവും മറ്റു പാർട്ടികളും തങ്ങളുടെ നിലപാടുകൾ അവതരിപ്പിക്കും. ഈ തെരഞ്ഞെടുപ്പ് ജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള ഒരു അവസരമായാണ് ഞങ്ങൾ കണ്ടത്. അതിനാൽ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം മുമ്പുണ്ടായ പ്രവണതകളോട് സാമ്യമുള്ളതായിരിക്കുമെന്ന് ഇപ്പോൾ തന്നെ പറയാം ബാലഗോപാൽ പറഞ്ഞു.

Also Read: ‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; എല്‍പിജി വില വര്‍ധനവ് ന്യായീകരിച്ച് സുരേഷ്‌ ഗോപി