ETV Bharat / state

സിപിഎം നേതൃത്വം ജനങ്ങളെ പരിഹസിക്കുന്നു; ഇതേ നിലപാട് തുടർന്നാൽ പാർട്ടി ഉണ്ടാവില്ലെന്ന് കെ കെ രമ

നിലവിലെ നിലപാടുമായി നേതൃത്വം മുന്നോട്ടുപോയാൽ സിപിഎം എന്ന പാർട്ടി തന്നെ ഇല്ലാതാകുന്ന സാഹചര്യമുണ്ടാകുമെന്ന് കെ കെ രമ മുന്നറിയിപ്പ് നൽകി

REMA AGINST PINARAYI  CPM LEADERSHIP  CPM INTERNAL ISSUES  RMP LEADER
KK Rama (ETV Bharat) (ETV Bharat)
author img

By ETV Bharat Kerala Team

Published : September 1, 2026 at 2:05 PM IST

2 Min Read
Choose ETV Bharat

കോഴിക്കോട്: സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ആർഎംപി നേതാവ് കെ കെ രമ. നേതൃത്വം സ്വീകരിക്കുന്ന നിലപാടുകൾ കാരണം പാർട്ടി നശിക്കുന്ന കാഴ്‌ചയാണ് നിലവിൽ കാണുന്നതെന്ന് കെ കെ രമ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടിട്ടും സിപിഎം നേതൃത്വത്തിൻ്റെ ഭീഷണി രാഷ്ട്രീയത്തിന് യാതൊരു കുറവുമില്ലെന്നും അവർ ആരോപിച്ചു.

ഭീഷണിപ്പെടുത്തിയാൽ തകർന്നുപോകുന്ന ആളുകളല്ല കേരളത്തിലുള്ളതെന്ന് കെ കെ രമ പറഞ്ഞു. കുഞ്ഞികൃഷ്ണനെയോ ടി കെ ഗോവിന്ദൻ മാഷെയോ ഭീഷണിപ്പെടുത്തി അവസാനിപ്പിക്കാമെന്ന് സിപിഎം നേതൃത്വം കരുതേണ്ടെന്നും അവർ വ്യക്തമാക്കി. ഒഞ്ചിയത്ത് പാർട്ടി വിട്ടവരെ പിണറായി വിജയൻ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയതും അതിന് പിന്നാലെയുണ്ടായ സംഭവങ്ങളും കേരളം കണ്ടതാണ്. സമാനമായ സാഹചര്യം ആവർത്തിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ കേരളം അതിശക്തമായി പ്രതികരിക്കുമെന്നും കെ കെ രമ പറഞ്ഞു.

ഇതേ രീതി തുടരുകയാണെങ്കിൽ ജനങ്ങൾ നേതൃത്വത്തെ ചൂലെടുത്ത് അടിക്കുന്ന സാഹചര്യമുണ്ടാകുമെന്നും അവർ വിമർശിച്ചു. പിണറായി വിജയൻ നേതൃത്വം ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് ചോദിച്ച കെ കെ രമ, തെറ്റ് തിരുത്താൻ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല ധിക്കാരവും ധാർഷ്ട്യവും തുടരുകയാണെന്നും ആരോപിച്ചു. തങ്ങൾക്ക് വോട്ട് ചെയ്‌ത ജനങ്ങളെ പോലും പരിഹസിക്കുന്ന സമീപനമാണ് നേതൃത്വത്തിൻ്റെതെന്നും ഇതിലൂടെ സിപിഎം സ്വയം പരിഹാസ്യരാവുകയാണെന്നും അവർ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിലവിലെ നിലപാടുമായി നേതൃത്വം മുന്നോട്ടുപോയാൽ സിപിഎം എന്ന പാർട്ടി തന്നെ ഇല്ലാതാകുന്ന സാഹചര്യമുണ്ടാകുമെന്ന് കെ കെ രമ മുന്നറിയിപ്പ് നൽകി. ധിക്കാരം തുടരുന്ന ഈ നേതൃത്വത്തിന് വലിയ ആയുസ്സില്ലെന്നും ചുരുങ്ങിയ കാലത്തിനുള്ളിൽ കാര്യങ്ങൾ മാറിമറിയുമെന്നും അവർ പറഞ്ഞു.

അണികൾ തന്നെയാണ് സിപിഎമ്മിനെതിരെ വോട്ട് ചെയ്‌തത് എംഎൽഎ

കെ കെ രാഗേഷിനെ പോലുള്ളവർ അനുഭവപരിചയമുള്ള നേതാക്കൾക്കെതിരെ ഭീഷണി മുഴക്കുകയാണെന്നും കെ കെ രമ വിമർശിച്ചു. പാർട്ടിയുടെ ചരിത്രത്തെക്കുറിച്ച് ഒന്നുമറിയാത്തവരാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അവർ ആരോപിച്ചു. നിരവധി പേർ ചോരയും നീരും നൽകി വളർത്തിയെടുത്ത പാർട്ടിയാണിത്. അവരോടാണ് ഇപ്പോഴത്തെ നേതൃത്വവും നേതാക്കളും ധിക്കാരപരമായ സമീപനം സ്വീകരിക്കുന്നതെന്നും കെ കെ രമ പറഞ്ഞു.

സിപിഎമ്മിൻ്റെ അണികൾ തന്നെയാണ് പാർട്ടിക്കെതിരെ വോട്ട് ചെയ്‌തതെന്നും നേതൃത്വം തെറ്റ് തിരുത്താതെ മുന്നോട്ടുപോയാൽ അണികൾ നിലപാട് മാറ്റില്ലെന്നും അവർ വ്യക്തമാക്കി. ഇതിൻ്റെ ഉദാഹരണങ്ങളാണ് വടകരയിലും ഒഞ്ചിയത്തും ഉണ്ടായതെന്നും ഇപ്പോൾ അതിൻ്റെ പ്രതിഫലനം കണ്ണൂരിലും പ്രകടമായിട്ടുണ്ടെന്നും കെ കെ രമ പറഞ്ഞു. വൈകാതെ ഈ പ്രതിഷേധം കേരളമാകെ അലയടിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ആർഎംപിയെ കൂടുതൽ വിശാലമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും കെ കെ രമ വ്യക്തമാക്കി. സ്വതന്ത്രരായി വിജയിച്ച എംഎൽഎമാർ ഉൾപ്പെടെ കൂടുതൽ നേതാക്കളെ പാർട്ടിയിലേക്ക് എത്തിച്ച് ആർഎംപിയെ വിപുലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. സിപിഎമ്മിൻ്റെ ഭാഗമായി ശ്വാസംമുട്ടുന്നവർക്ക് ഇടതുപക്ഷത്ത് തന്നെ നിന്ന് പ്രവർത്തിക്കാൻ കഴിയുന്ന ഏറ്റവും മികച്ച രാഷ്ട്രീയ പ്ലാറ്റ്‌ഫോം ആർഎംപിയാണെന്നും കെ കെ രമ പറഞ്ഞു.

Also Read :പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ കടുംപിടുത്തവുമായി സിപിഐ; നിർണായക സംസ്ഥാന നിർവാഹകസമിതി യോഗം ഇന്ന് ഡൽഹിയിൽ