ETV Bharat / state

മഴ മാറി, ഇനി തണുപ്പ് കാലം; മൂന്നാറിൽ 8 ഡിഗ്രി, ഇടുക്കിയും വയനാടും വിറയ്ക്കുന്നു

ന്യൂനമർദം ശ്രീലങ്കൻ തീരത്തേക്ക് നീങ്ങിയതോടെ സംസ്ഥാനത്തെ യെലോ അലെർട്ട് പിൻവലിച്ച് ഗ്രീൻ അലെർട്ട് പ്രഖ്യാപിച്ചു. 2025-ൽ സംസ്ഥാനത്ത് സാധാരണ അളവിൽ മഴ (2924.8 mm) ലഭിച്ചതായാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ.

KERALA YELLOW ALERT WITHDRAWN MUNNAR TEMPERATURE DROPS BELOW 10 IMD KERALA WEATHER FORECAST KERALA ANNUAL RAINFALL
Representative image (ANI)
author img

By ETV Bharat Kerala Team

Published : January 9, 2026 at 3:35 PM IST

2 Min Read
Choose ETV Bharat

കാസർകോട്: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി ശ്രീലങ്കൻ തീരത്തേക്ക് നീങ്ങിയെങ്കിലും സംസ്ഥാനത്ത് പ്രതീക്ഷിച്ച മഴ ലഭിക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളത്തേക്ക് നൽകിയിരുന്ന യെലോ അലെർട്ട് പിൻവലിച്ച് പകരം ഗ്രീൻ അലെർട്ട് പ്രഖ്യാപിച്ചു.

നേരിയ മഴയ്ക്കുള്ള മുന്നറിയിപ്പാണ് ഗ്രീൻ അലെർട്ട് വഴി നൽകുന്നത്. ന്യൂനമർദം തമിഴ്നാട് തീരത്തേക്ക് കടക്കുമ്പോൾ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥ വകുപ്പിൻ്റെ നേരത്തെയുള്ള വിലയിരുത്തൽ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിന് സാധ്യതയില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മുന്നറിയിപ്പിൽ മാറ്റം വരുത്തിയതോടെ ഇന്ന് മുതൽ ഈ മാസം 13 വരെ സംസ്ഥാനത്ത് നേരിയ മഴയ്ക്കുള്ള ഗ്രീൻ അലെർട്ട് മാത്രമാണ് നിലവിലുള്ളത്.

മഴയുടെ സാധ്യത കുറഞ്ഞെങ്കിലും സംസ്ഥാനത്ത് തണുപ്പ് വീണ്ടും വർധിച്ചിട്ടുണ്ട്. വയനാട്, ഇടുക്കി ജില്ലകളിൽ താപനില പത്ത് ഡിഗ്രി സെൽഷ്യസിന് താഴെയാണ് രേഖപ്പെടുത്തിയത്. മൂന്നാർ, കുണ്ടള ഡാം എന്നിവിടങ്ങളിൽ താപനില എട്ട് ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ആകാശത്ത് നിന്ന് മേഘങ്ങൾ മാറിനിൽക്കുന്ന സാഹചര്യം തുടർന്നാൽ കേരളത്തിൽ തണുപ്പ് ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ.

2025ലെ മഴക്കണക്കുകൾ

2025 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ വാർഷിക ദിനമഴ കണക്കുകൾ പ്രകാരം ആകെ 2924.8 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഇത് ദീർഘകാല ശരാശരിയായ 2890.6 മില്ലീമീറ്ററുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം ഒരു ശതമാനം മാത്രമാണ് വ്യത്യാസം. മൊത്തത്തിൽ ലഭിച്ച മഴയുടെ അളവിൽ വലിയ കുറവോ വർധനയോ ഉണ്ടായിട്ടില്ല.

കാലവർഷം നേരത്തെ എത്തിയതും തിമിർത്തു പെയ്തതുമാണ് മഴയുടെ അളവ് ശരാശരിയിൽ എത്താൻ പ്രധാന കാരണമായത്. മെയ് മാസത്തെ അവസാന വാരത്തിലും ജൂൺ, ജൂലൈ മാസങ്ങളിലുമാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തെക്ക് - പടിഞ്ഞാറൻ മൺസൂൺ കാലത്ത് ചില ദിവസങ്ങളിൽ ശരാശരി 80 മുതൽ 100 മില്ലീമീറ്റർ വരെ ദിനമഴ ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഓഗസ്റ്റ് മാസത്തോടെ മഴയുടെ തീവ്രത കുറയുകയും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മഴ ഇടവിട്ടു ലഭിക്കുന്ന അവസ്ഥയും ഉണ്ടായി.

നവംബർ, ഡിസംബർ കാലയളവിൽ മഴ പൊതുവേ കുറഞ്ഞ നിലയിലായിരുന്നെങ്കിലും ചില ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ രേഖപ്പെടുത്തിയിരുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ മഴ വളരെ കുറവായിരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം വേനൽ മഴ 116 ശതമാനം അധികം ലഭിച്ചപ്പോൾ ശൈത്യകാല മഴയിൽ 77 ശതമാനം കുറവും കാലവർഷത്തിൽ 13 ശതമാനം കുറവും തുലാവർഷത്തിൽ 21 ശതമാനം കുറവും രേഖപ്പെടുത്തി.

വിവിധ സീസണുകളിലെ കണക്കുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും മൊത്തത്തിൽ ലഭിച്ച മഴ സാധാരണ നിലയിലായിരുന്നു. കാലവർഷം ആരംഭിച്ചതിന് ശേഷം 20 മുതൽ 30 ദിവസം മാത്രമാണ് മഴ ലഭിക്കാതിരുന്നത്. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം സംസ്ഥാനത്ത് മഴ ലഭിച്ചു. എന്നാൽ ഡിസംബറിൽ തുടർച്ചയായി മൂന്ന് ആഴ്ച വരണ്ട കാലാവസ്ഥയായിരുന്നു അനുഭവപ്പെട്ടത്. ഈ ദിവസങ്ങളിൽ മഴ മാറിനിന്നതാണ് തണുപ്പ് കൂടാൻ കാരണമായത്. ഇടുക്കി, വയനാട് ജില്ലകളിൽ താപനില 10 ഡിഗ്രി സെൽഷ്യസിന് താഴെ എത്തുകയും സംസ്ഥാനം കടുത്ത തണുപ്പിലേക്ക് മാറുകയും ചെയ്ത ദിവസങ്ങളും ഇതിനിടയിൽ ഉണ്ടായി.

Also Read:- ശബരിമല തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ; സ്വർണക്കൊള്ളയിൽ ഞെട്ടിക്കുന്ന നീക്കം, ചോദ്യം ചെയ്യൽ രഹസ്യ കേന്ദ്രത്തിൽ