ETV Bharat / state

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; കാലവർഷവും നേരത്തെ എത്തും

മധ്യ-തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. കഴിഞ്ഞദിവസം മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉൾപ്പെടെ നൽകിയിരുന്നു.

RAINFALL IN KERALA  YELLOW ALERT IN KERALA  WEATHER UPDATES IN KERALA  TODAY CLIMATE
representative image (Etv Bharat)
author img

By ETV Bharat Kerala Team

Published : May 7, 2026 at 7:25 AM IST

2 Min Read
Choose ETV Bharat

കാസർകോട്: സംസ്ഥാനത്ത് വേനൽമഴ ശക്തമാകും. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ പാത്തിയുടെയും സ്വാധീനമാണിതിന് കാരണം. വരുംദിവസങ്ങളിൽ കേരളത്തിലെ മുഴുവൻ ജില്ലകളിലും ഇടിയോടും കാറ്റോടും കൂടിയ മഴ പെയ്യും. വൈകാതെ സംസ്ഥാനം കാലവർഷത്തിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് വേനൽമഴ കുറഞ്ഞത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഏപ്രിൽ അവസാനവാരം വേനൽമഴയിൽ 48 ശതമാനം കുറവുണ്ടായി. നിലവിലിത് 35 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മഴ ശക്തമാകുന്നതോടെ വേനൽമഴ സാധാരണപോലെ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. ഈ വർഷത്തെ കാലവർഷം എന്ന് തുടങ്ങുമെന്ന് മെയ് 15ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇത്തവണ കാലവർഷം നേരത്തെ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രതീക്ഷ.

കേരള-തമിഴ്നാട് തീരത്തിന് സമീപമാണ് നിലവിൽ ചക്രവാതച്ചുഴി ഉള്ളത്. മധ്യ-തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. കഴിഞ്ഞദിവസം മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉൾപ്പെടെ നൽകിയിരുന്നു. വടക്കൻ ജില്ലകളിൽ ഇന്ന് പുലർച്ചെ മുതൽ മഴ ലഭിച്ചു. വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യെല്ലോ അലർട്ട്

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. മെയ് എട്ടിന് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും ഒൻപതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി പരിഗണിക്കുന്നത്.

ജാഗ്രത നിർദേശം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 10 വരെ ഇടിമിന്നലിനും 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഇതിനാൽ പൊതുജനങ്ങൾ കടുത്ത ജാഗ്രത നിർദേശം പാലിക്കണം. ഇടിമിന്നൽ മനുഷ്യൻ്റെയും മൃഗങ്ങളുടെയും ജീവന് ഭീഷണിയാണ്. വൈദ്യുത ഉപകരണങ്ങൾക്കും വലിയ നാശനഷ്ടമുണ്ടാക്കും. കാർമേഘം കാണുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ജനലും വാതിലും അടച്ചിടാനും ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം.

ഇടിമിന്നലുള്ളപ്പോൾ ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കുട്ടികൾ ഉൾപ്പെടെയുള്ളവർ തുറസായ സ്ഥലങ്ങളിലും ടെറസിലും കളിക്കരുത്. മരച്ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം തേടണം.

ഈ സമയത്ത് മുറ്റത്തേക്കോ ടെറസിലേക്കോ പോകരുത്. കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കൃത്യമായി കെട്ടിവയ്ക്കണം. ഇടിമിന്നലുള്ള സമയത്ത് കുളിക്കാനോ പൈപ്പുകളിൽനിന്ന് വെള്ളം പിടിക്കാനോ പാടില്ല. ജലാശയങ്ങളിൽ മീൻ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. മത്സ്യത്തൊഴിലാളികൾ ബോട്ടിൻ്റെ ഡെക്കിൽ നിൽക്കരുത്. പട്ടം പറത്തുന്നത് ഒഴിവാക്കണം. വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.

തുറസായ സ്ഥലത്താണെങ്കിൽ കാൽമുട്ടുകൾക്കിടയിൽ തലയൊതുക്കി പന്തുപോലെ ഇരിക്കണം. കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ രക്ഷാചാലകങ്ങൾ സ്ഥാപിക്കുന്നത് സുരക്ഷ കൂട്ടും. മിന്നലിൻ്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കാനും കേൾവിയോ കാഴ്ചയോ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ചിലപ്പോൾ ഹൃദയാഘാതവും സംഭവിച്ചേക്കാം. മിന്നലേറ്റ ആളുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതിനാൽ പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റാൽ ആദ്യത്തെ 30 സെക്കൻഡുകൾ ജീവൻ രക്ഷിക്കാൻ വളരെ നിർണായകമാണ്. ഉടൻതന്നെ വൈദ്യസഹായം ലഭ്യമാക്കണം.

ഭിന്നശേഷിക്കാർക്ക് വിവരങ്ങൾ നൽകാൻ ദൃശ്യമാധ്യമങ്ങൾ ആംഗ്യസന്ദേശം കൂടി നൽകണമെന്ന് അധികൃതർ അറിയിച്ചു. കാറ്റിനെ നേരിടാനുള്ള വിവരങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഇടിമിന്നൽ സാധ്യതയറിയാൻ കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ദാമിനി ആപ്പും ഉപയോഗിക്കാം.

Also Read:പിഎസ്‌സി പരീക്ഷയ്‌ക്കിടെ ബ്ലൂ ടൂത്ത് വഴി കോപ്പിയടി; ഉദ്യോഗാർഥിയും സഹായിയും പിടിയിൽ