ETV Bharat / state

'കേരള സ്റ്റോറി 2' തിയേറ്ററുകളിലെത്തുമോ? സ്റ്റേ നീക്കാതെ ഹൈക്കോടതി വിധി പറയാൻ മാറ്റി

സിംഗിൾ ബെഞ്ചിൻ്റെ അധികാരപരിധിയെ ഡിവിഷൻ ബെഞ്ച് ചോദ്യം ചെയ്തു. ഹർജിക്ക് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് നിർമാതാക്കൾ വാദിച്ചു. സിനിമ മതങ്ങളെ അപമാനിക്കുന്നില്ലെന്നും കോടതിയെ അറിയിച്ചു.

കേരള സ്റ്റോറി 2 റിലീസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ കേരള സ്റ്റോറി കോടതി വിലക്ക്
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : February 26, 2026 at 10:35 PM IST

3 Min Read
Choose ETV Bharat

എറണാകുളം: കേരള സ്റ്റോറി 2 സിനിമയുടെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി. സിംഗിൾ ബെഞ്ച് സ്റ്റേക്കെതിരെ അടിയന്തരമായി ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി വാദം കേട്ടത്. നിർമാതാക്കളുടെ വാദം കേട്ടെങ്കിലും നിലവിലുള്ള സ്റ്റേ നീക്കാൻ ഡിവിഷൻ ബെഞ്ച് തയ്യാറായിട്ടില്ല.

ഉച്ചയോടെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ സിംഗിൾ ബെഞ്ച് സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ട് സ്റ്റേ പുറപ്പെടുവിച്ചത്. ഇതിനെതിരെ നിർമാതാക്കൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ നീരജ് കിഷൻ കൗൾ ആണ് ഹാജരായത്. രാത്രി 7.30ന് ആരംഭിച്ച ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ് രണ്ടര മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കേസ് വിധി പറയാനായി മാറ്റിയത്. നാളെ സിനിമ റിലീസ് ചെയ്യാനിരിക്കെ പെട്ടെന്നുണ്ടായ സ്റ്റേ കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ഇന്ത്യക്ക് പുറത്തുള്ളവ ഉൾപ്പെടെ ആയിരത്തി അഞ്ഞൂറിലധികം തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് തയാറെടുക്കുകയാണെന്നും നിർമാതാക്കൾ കോടതിയെ അറിയിച്ചു.

സിനിമ ഒരുതരത്തിലും മതവിദ്വേഷമോ മതസ്പർധയോ വളർത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് നിർമാതാക്കളുടെ പ്രധാന വാദം. ഒരു മതത്തിലെ കേവലം ചില ആളുകൾ ചെയ്യുന്ന സാമൂഹിക തിന്മയെ വിളിച്ചു കാണിക്കുക മാത്രമാണ് ഈ സിനിമ ചെയ്യുന്നതെന്നും ഇത്തരം വിപത്തുകളെ എതിർക്കേണ്ടതാണെന്നും നിർമാതാക്കൾ വാദിച്ചു. സിനിമ പൂർണമായും ഒരു മതത്തെ മോശമായി ചിത്രീകരിക്കുന്നില്ല.

കേരള സ്റ്റോറി ഒന്നാം ഭാഗത്തിൽ കേരളത്തിൽ നിന്നുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെങ്കിൽ രണ്ടാം ഭാഗം രാജ്യമെമ്പാടും നടക്കുന്ന കാര്യങ്ങളെയാണ് പ്രതിപാദിക്കുന്നതെന്നും കേരളത്തെ മാത്രം അപമാനിക്കുന്നതാണെന്ന വാദം നിലനിൽക്കില്ലെന്നും നിർമാതാക്കൾ വിശദീകരിച്ചു. അതേസമയം, സിംഗിൾ ജഡ്ജ് സിനിമ കാണാമെന്ന് പറഞ്ഞിട്ടും നിർമാതാക്കൾ അതിൽ താത്പര്യം പ്രകടിപ്പിച്ചില്ലല്ലോ എന്ന് കേസ് പരിഗണിച്ച വേളയിൽ കോടതി ചോദിച്ചു.

മതം മാറ്റി സ്ത്രീകളെ തീവ്രവാദത്തിന് പ്രേരിപ്പിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന് ഹർജിക്കാരും വ്യക്തമാക്കി. ഈ സിനിമ കേരളത്തിൻ്റെ അന്തസിനെ ഇകഴ്ത്തി കാണിക്കുന്ന ഒന്നാണെന്നാണ് ഇവരുടെ വാദം. കേരളത്തിൽ സ്ത്രീകളെ മതം മാറ്റി തീവ്രവാദത്തിന് പ്രേരിപ്പിക്കുന്നുവെന്ന സന്ദേശം നൽകാനാണ് നിർമാതാക്കളും സംവിധായകരും ശ്രമിക്കുന്നതെന്നും അത് അങ്ങേയറ്റം എതിർക്കപ്പെടേണ്ടതാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ സൽപേരിനെ ബാധിക്കുന്ന കാര്യമാണിതെന്നും താൻ ജനിച്ചുവളർന്ന സംസ്ഥാനത്തെ ഇകഴ്ത്തി കാണിക്കുന്ന ഒരു സിനിമയെ എതിർക്കേണ്ടത് തൻ്റെ ഉത്തരവാദിത്തമാണെന്നും ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. സെൻസർ ബോർഡും (സിബിഎഫ്സി) ഹർജിക്കാരും നിർമാതാക്കളുമാണ് കേസിൽ പ്രധാനപ്പെട്ട വാദങ്ങൾ ഉന്നയിച്ചത്.

അധികാരപരിധി ചോദ്യം ചെയ്ത് ഡിവിഷൻ ബെഞ്ച്

സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച സ്റ്റേയുമായി ബന്ധപ്പെട്ട് ഡിവിഷൻ ബെഞ്ച് സുപ്രധാനമായ ചില നിരീക്ഷണങ്ങൾ നടത്തി. പൊതുതാത്പര്യ സ്വഭാവമുള്ള ഹർജി പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ച് ആണെന്നും ഇത് എങ്ങനെയാണ് സിംഗിൾ ബെഞ്ചിന് കേൾക്കാനാകുകയെന്നും കോടതി ചോദിച്ചു. ഏത് സ്വകാര്യ താത്പര്യമാണ് ഇവിടെ ലംഘിക്കപ്പെടുന്നതെന്ന് ഹർജിക്കാർ വ്യക്തമാക്കണം. പരിഗണനാ അധികാരമില്ലാത്ത കോടതി ഇത്തരത്തിൽ ഒരു ഉത്തരവിറക്കിയാൽ അത് നിലനിൽക്കില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

ട്രെയിലറിൽ ഉൾപ്പെടെ കേരളത്തെ തികച്ചും അപമാനിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളുണ്ടെന്നും ബീഫ് കഴിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വളരെ അപഹാസ്യമായി ചിത്രീകരിച്ചിട്ടുണ്ടെന്നുമുള്ള വാദങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് മതസ്പർധ ഉണ്ടാകുമെന്ന വിലയിരുത്തലിൽ സിംഗിൾ ബെഞ്ച് സ്റ്റേ അനുവദിച്ചത്. എന്നാൽ സിംഗിൾ ബെഞ്ചിൻ്റെ അധികാരപരിധിയുമായി ബന്ധപ്പെട്ട സാങ്കേതികത്വം മാത്രമാണ് ഡിവിഷൻ ബെഞ്ച് നിലവിൽ ചോദ്യം ചെയ്തിട്ടുള്ളത്. വിധി വന്നാൽ മാത്രമേ സിംഗിൾ ബെഞ്ചിൻ്റെ നിരീക്ഷണങ്ങളോട് ഡിവിഷൻ ബെഞ്ച് യോജിക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമാകൂ.

ഹർജിക്ക് പിന്നിൽ ദുരുദ്ദേശ്യമെന്ന് നിർമാതാക്കൾ

നാളെ രാവിലെ റിലീസ് നിശ്ചയിച്ചിട്ടുള്ളതിനാൽ എത്രയും പെട്ടെന്ന് വിധി പറയണമെന്നാണ് നിർമാതാക്കളുടെ ആവശ്യം. ഹർജിക്കാരുടെ നീക്കം ദുരുദ്ദേശപരമാണെന്ന് അവർ ആരോപിച്ചു. ജനുവരി 31ന് സിനിമയുടെ ടീസറും ഫെബ്രുവരി 17ന് ട്രെയിലറും പുറത്തുവന്നിരുന്നു. അപ്പോഴൊന്നും യാതൊരു പ്രശ്നങ്ങളും ഉന്നയിക്കാതിരുന്നവർ റിലീസിൻ്റെ തലേദിവസം കോടതിയെ സമീപിച്ചതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് നിർമാതാക്കൾ കോടതിയെ അറിയിച്ചത്.

Also Read:- മന്ത്രിയെ അനുകൂലിച്ചുള്ള പ്രകടനത്തിൽ അസഭ്യവർഷം; ചിന്താ ജെറോമിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ്