ETV Bharat / state

കേരള സ്റ്റോറി 2 റീലിസ് ചെയ്യാം; ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

സിനിമയുടെ റിലീസിന് തൊട്ടുമുൻപ് ഏർപ്പെടുത്തിയ സ്റ്റേ വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന നിർമാതാക്കളുടെ വാദം കോടതി കണക്കിലെടുത്തു.

കേരള സ്റ്റോറി 2  സിനിമ  ഹൈക്കോടതി  ദ കേരള സ്റ്റോറി 2
High Court, kerala story 2 (ETV Bharat)
author img

By ETV Bharat Kerala Team

Published : February 27, 2026 at 4:25 PM IST

|

Updated : February 27, 2026 at 4:39 PM IST

2 Min Read
Choose ETV Bharat

എറണാകുളം: നിയമപോരാട്ടങ്ങൾക്കും ആകാംക്ഷകൾക്കും ഒടുവിൽ 'കേരള സ്റ്റോറി 2' സിനിമയുടെ റിലീസിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ പച്ചക്കൊടി. സിനിമയുടെ പ്രദർശനം 15 ദിവസത്തേക്ക് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നിർമാതാക്കൾ നൽകിയ അപ്പീലിൽ ഇന്നലെ രാത്രി പ്രത്യേക സിറ്റിങ് നടത്തി വാദം കേട്ട കോടതി, ഇന്ന് ഉച്ചയോടെയാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

സെൻസർ ബോർഡിന്‍റെ (CBFC) സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കാമെന്നും എല്ലാ വശങ്ങളും പരിശോധിച്ചാണ് ബോർഡ് അനുമതി നൽകിയതെന്നും ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിംഗിൾ ബെഞ്ച് സിനിമ മുഴുവനായി കാണാതെയാണ് സ്റ്റേ അനുവദിച്ചതെന്നും ഈ സാഹചര്യത്തിൽ സി.ബി.എഫ്.സി. മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

ടീസർ ഇറങ്ങി 16 ദിവസത്തിന് ശേഷം അവസാന നിമിഷം ഹർജികൾ വന്നതിലെ ദുരൂഹതയും കോടതി ചോദ്യം ചെയ്തു. സാമൂഹിക തിന്മകളെ തുറന്നുകാട്ടുകയാണ് സിനിമ ചെയ്യുന്നതെന്നും കേരളത്തിന് പുറത്തുള്ള പ്രശ്നങ്ങളെക്കൂടി പ്രതിപാദിക്കുന്നതിനാലാണ് 'ഗോസ് ബിയോണ്ട്' എന്ന തലക്കെട്ട് നൽകിയതെന്നും നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു.

പൊതുതാൽപ്പര്യ സ്വഭാവമുള്ള ഹർജി എങ്ങനെയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചതെന്ന് ചോദിച്ച ഡിവിഷൻ ബെഞ്ച്, മതം മാറ്റി തീവ്രവാദത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഹർജി നൽകിയ ഹർജിക്കാരന്‍റെ നിയമപരമായ അവകാശത്തെയും ചോദ്യം ചെയ്തെന്നു വിലയിരുത്തി. സെൻസർ ബോർഡ് അനുമതി നൽകിയാൽ സിനിമയ്ക്ക് സംരക്ഷണം നൽകാൻ സർക്കാർ ബാധ്യസ്ഥമാണെന്നും മതസൗഹാർദ്ദം തകരുമെന്ന വാദമുയർത്തി മാത്രം പ്രദർശനാനുമതി തടയാനാകില്ലെന്നുമുള്ള നിർമ്മാതാക്കളുടെ വാദം കൂടി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്‍റെ നിർണായക ഇടപെടൽ.

ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ സിംഗിൾ ബെഞ്ച് സിനിമയ്ക്ക് ഏർപ്പെടുത്തിയ സ്റ്റേക്കെതിരെ അടിയന്തരമായാണ് നിർമാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഇന്നലെ രാത്രി 7.30 മുതൽ പത്തുമണി വരെ നീണ്ട പ്രത്യേക സിറ്റിംഗിൽ സിംഗിൾ ബെഞ്ചിന്‍റെ അധികാരപരിധിയെ ഡിവിഷൻ ബെഞ്ച് രൂക്ഷമായി ചോദ്യം ചെയ്തിരുന്നു. പൊതുതാത്പര്യ സ്വഭാവമുള്ള ഇത്തരം ഹർജികൾ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചാണെന്നും സിംഗിൾ ബെഞ്ചിന് ഇതിൽ ഉത്തരവിറക്കാൻ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരിഗണനാ അധികാരമില്ലാത്ത കോടതി പുറപ്പെടുവിച്ച ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ന് ഉച്ചയ്ക്ക് സ്റ്റേ നീക്കി വിധി വന്നത്.

സിനിമ ഒരു തരത്തിലും മതവിദ്വേഷമോ മതസ്പർധയോ വളർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന നിർമാതാക്കളുടെ വിശദീകരണം കോടതി മുഖവിലയ്‌ക്കെടുത്തു. ഒരു മതത്തിലെ കേവലം ചില ആളുകൾ ചെയ്യുന്ന സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുക മാത്രമാണ് സിനിമ ചെയ്യുന്നതെന്നും അത് ഒരു മതത്തെ മുഴുവനായി മോശമായി ചിത്രീകരിക്കലല്ലെന്നും നിര്‍മാതാക്കള്‍ വാദിച്ചു. രാജ്യം മുഴുവൻ നടക്കുന്ന കാര്യങ്ങളാണ് സിനിമ പ്രതിപാദിക്കുന്നതെന്നും കേരളത്തെ മാത്രം ഇകഴ്ത്തിക്കാട്ടുന്നില്ലെന്ന നിർമാതാക്കളുടെ വാദവും കോടതി രേഖപ്പെടുത്തി.

റിലീസിന്‍റെ തൊട്ടടുത്ത ദിവസം മാത്രം കോടതിയെ സമീപിച്ച ഹർജിക്കാരുടെ നീക്കം ദുരുദ്ദേശ്യപരമാണെന്ന നിർമാതാക്കളുടെ ആരോപണവും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി വിധി വന്നതോടെ സിനിമയുടെ പ്രദർശനത്തിന് ഉണ്ടായിരുന്ന എല്ലാ നിയമതടസ്സങ്ങളും നീങ്ങിയിട്ടുണ്ട്. ഇന്നായിരുന്നു ചിത്രത്തിന്‍റെ റിലീസ്.

Also Read: 'എന്‍റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്‍റെ ചിഹ്നം വിളിച്ചെത്തിയ ആനവണ്ടി', മോഹന്‍ലാലിന്‍റെ കെ എസ് ആര്‍ ടി സി പരസ്യ ചിത്രം പുറത്ത്

Last Updated : February 27, 2026 at 4:39 PM IST