ETV Bharat / state

സൈബർ ലോകത്ത് സുരക്ഷിതരായിരിക്കാം; സ്‌കൂളുകളിൽ നാളെ സൈബർ സുരക്ഷാ പ്രതിജ്ഞ

കേരള പൊലീസ് സൈബർ വിഭാഗത്തിൻ്റെ കിഡ് ഗ്ലോവ് പ്രോജക്‌ടിന് കീഴിലാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും അടിസ്ഥാന സൈബർ സുരക്ഷാ പരിശീലനവും നൽകും.

STUDENTS CYBER SAFETY  CYBER SECURITY PLEDGE IN SCHOOLS  CYBER SECURITY PLEDGE KID GLOVE  KERALA POLICE SAFETY INITIATIVE
Representational Image (Getty Images)
author img

By PTI

Published : May 31, 2026 at 4:52 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: നീണ്ട വേനലവധിക്ക് ശേഷം സംസ്ഥാനത്ത് നാളെ വീണ്ടും സ്‌കൂളുകൾ തുറക്കും. ജൂൺ ഒന്നിന് പുതു ആവേശത്തോടെ വിദ്യാർഥികൾ അടുത്ത അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേയും വിദ്യാർഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും. കേരള പൊലീസ് സൈബർ വിഭാഗത്തിൻ്റെ കിഡ് ഗ്ലോവ് പ്രോജക്‌ടിന് കീഴിലാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. സംസ്ഥാന പൊലീസ് ആസ്ഥാനം പുറത്തിറക്കിയിരിക്കുന്ന പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വർധിച്ച് വരുന്ന ഓൺലൈൻ ചതിക്കുഴികളിൽ വീഴാതിരിക്കാനും സുരക്ഷിതമല്ലാത്ത ഡിജിറ്റൽ ഇടപാടുകളെ തിരിച്ചറിഞ്ഞ് കുട്ടികളിൽ അവബോധം ശക്തമാക്കുന്നതിനായി വിപുലമായൊരു ക്യാമ്പെയിനാണ് സംസ്ഥാനത്ത് ഇതോടെ തുടക്കം കുറിക്കുന്നത്. ഡിജിറ്റൽ ലോകത്ത് കുട്ടികൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഓൺലൈനിൽ കെണികളെയും അപകടങ്ങളെയും കുറിച്ച് വിദ്യാർഥികളെ ബോധവത്‌ക്കരിക്കുന്നതിനും ചെറുപ്പം മുതലേ സുരക്ഷിതമായ ഇൻ്റർനെറ്റ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പരിപാടി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പുറത്തിറക്കിയിരിക്കുന്ന പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.

''സൈബർ ലോകത്തിലെ അപകടങ്ങളെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്‌ടിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ജൂൺ 1 ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും വിദ്യാർഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും'', പ്രസ്‌താവനയിൽ പറയുന്നു.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗം, സൈബർ ഭീഷണികളിൽ നിന്നുള്ള സംരക്ഷണം, ഓൺലൈൻ ഗെയിമിങ്ങിൻ്റെ അപകടസാധ്യതകൾ, വ്യാജ വാർത്താ അവബോധം, സ്വകാര്യതാ സംരക്ഷണം, ഡിജിറ്റൽ ആസക്തി, സൈബർ ശുചിത്വം, സോഷ്യൽ മീഡിയ സുരക്ഷ, ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പെരുമാറ്റം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നു.

അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം

ഇതുകൂടാതെ, വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും അടിസ്ഥാന സൈബർ സുരക്ഷാ പരിശീലനവും പരിപാടിയിൽ ഉൾപ്പെടുത്തും. സൈബർ സുരക്ഷാ അവബോധം വിദ്യാർഥികളെ കൂടുതൽ ആകർഷകമാക്കുന്നതിന് ക്വിസുകളും മറ്റ് സംവേദനാത്മക പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പും തുടർനടപടികളും ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളമുള്ള വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക് അധികൃതർ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

കുട്ടികൾ പഠനം, വിനോദം, സാമൂഹിക ഇടപെടൽ എന്നിവയ്ക്കായി കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കുന്നതിനാൽ, സുരക്ഷിതമായ ഡിജിറ്റൽ ശീലങ്ങൾ വളർത്തിയെടുക്കാനും യുവ ഉപയോക്താക്കൾക്കിടയിൽ സൈബർ അപകടസാധ്യതകളെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്താനും ഈ സംരംഭം സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.

Also Read: പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസ്; പ്രതി ഗോവയിൽ പിടിയിൽ