ETV Bharat / state

ഇശൽ ഗ്രാമത്തിൽ നിന്ന് സ്വർണക്കപ്പ് യാത്ര തിരിച്ചു; കലോത്സവ ലഹരിയിലേക്ക് കേരളം

സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വർണക്കപ്പ് പ്രയാണം കാസർകോട് നിന്നും ആരംഭിച്ചു. 12-ന് തൃശൂരിൽ എത്തിച്ചേരും. കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

Kerala school kalolsavam news Thrissur arts festival venues Gold cup procession updates State school youth festival
സ്വർണക്കപ്പും വഹിച്ചുകൊണ്ടുള്ള പ്രയാണം (ETV Bharat)
author img

By ETV Bharat Kerala Team

Published : January 7, 2026 at 10:15 AM IST

3 Min Read
Choose ETV Bharat

കാസർകോട്: ഇശൽ ഗ്രാമമായ മൊഗ്രാലിൽ നിന്നും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ 117.5 പവൻ്റെ സ്വർണക്കപ്പിൻ്റെ പ്രയാണം ആരംഭിച്ചു. മൊഗ്രാല്‍ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് നിരവധിപ്പേരെ സാക്ഷിയാക്കിയാണ് സ്വർണക്കപ്പും വഹിച്ചുകൊണ്ടുള്ള പ്രയാണം തുടങ്ങിയത്.

പ്രയാണം ചെമ്മനാട് ജമാഅത്ത്‌ ഹയർസെക്കൻഡറിയിലും ഹൊസ്ദുര്‍ഗ് ഗവ. ഹയർസെക്കൻഡറിയിലും എത്തിച്ചേർന്നു. തുടർന്ന് കരിവെള്ളൂര്‍ എവി സ്‌മാരക ഗവ. ഹയർസെക്കൻഡറിയിൽ എത്തുന്നതോടെ സ്വർണക്കപ്പ് ജില്ലാ അതിര്‍ത്തി കടന്ന് കണ്ണൂരിലേക്ക് പ്രവേശിക്കും. കാസർകോട് ജില്ലയിലെ സ്വീകരണ പരിപാടികൾക്ക് ശേഷം സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള വാഹനം മലബാറിലെ വിവിധ ജില്ലകളിൽ പര്യടനം നടത്തും.

ഓരോ ജില്ലയിലെയും അതിർത്തികളിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് കപ്പിന് ആവേശകരമായ വരവേൽപ്പ് നൽകും. കലോത്സവ ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള ഈ സ്വർണക്കപ്പ് വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് തൃശൂരിലേക്ക് എത്തിക്കുന്നത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും തെയ്യവും ഇശലുകളും വാദ്യമേളങ്ങളും അകമ്പടിയായി ഒരുക്കിയിട്ടുണ്ട്.

Kerala school kalolsavam news Thrissur arts festival venues Gold cup procession updates State school youth festival
സ്വർണക്കപ്പും വഹിച്ചുകൊണ്ടുള്ള പ്രയാണം (ETV Bharat)

സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് 12ന് വൈകിട്ട് 3.30ന് തൃശൂര്‍ ടൗണ്‍ഹാളില്‍ വരവേല്‍പ്പ് നൽകും. എസ്‌പിസി, എൻസിസി, എൻഎസ്എസ് തുടങ്ങി 1000ത്തോളം സന്നദ്ധ സേനാംഗങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും. അന്നേദിവസം കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ആദ്യ ബാച്ചിന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നൽകും. പ്രധാന വേദികളിലേക്ക് കപ്പ് എത്തിച്ചേരുന്നതോടെ നഗരം പൂർണമായും കലോത്സവ ലഹരിയിലേക്ക് മാറും. കുട്ടികള്‍ ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പരാതികളുണ്ടെങ്കില്‍ അറിയിക്കാനായി ഹെല്‍പ് ഡെസ്കും പ്രവര്‍ത്തിക്കും.

ഓരോ കലോത്സവത്തിൻ്റെയും മുഖ്യ ആകർഷണം അവസാന ദിവസം വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണക്കപ്പാണ്. 2024ൽ തിരുവനന്തപുരത്ത് നടന്ന കലോത്സവത്തില്‍ 1008 പോയിൻ്റോടെ തൃശൂര്‍ ജില്ലയാണ് കപ്പ് ഉയര്‍ത്തിയത്. ഒരു പോയിൻ്റ് വ്യത്യാസത്തില്‍ പാലക്കാട് ജില്ലയെ മറികടന്നായിരുന്നു ഈ നേട്ടം. 1003 പോയിൻ്റോടെ കണ്ണൂരായിരുന്നു മൂന്നാംസ്ഥാനത്ത്‌.

വേദികൾ ഒരുങ്ങുന്നു

സംസ്ഥാന കലോത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കലോത്സവ വേദികളുടെ നിർമാണം പുരോഗമിക്കുകയാണ്. ആകെ 25 വേദികളാണുള്ളത്. ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും നടക്കുന്ന പ്രധാന വേദിയായ ‘സൂര്യകാന്തി’ (വേദി 1) തേക്കിൻകാട് മൈതാനിയിലെ പൂരം പ്രദർശന നഗരിയിലാണ്. പ്രധാന വേദി 7500 പേരെ ഉൾക്കൊള്ളാവുന്ന തരത്തിലാണു നിർമിക്കുന്നത്. തേക്കിൻകാട് മൈതാനത്ത് സിഎംഎസ് സ്‌കൂളിന് എതിർവശത്തെ ‘പാരിജാതം’, ബാനർജി ക്ലബ്ബിന് എതിർവശത്തെ ‘നീലക്കുറിഞ്ഞി’ എന്നീ വേദികളിൽ 2000 പേരെ ഉൾക്കൊള്ളിക്കാൻ സൗകര്യം ഉണ്ട്. സ്‌കൂളുകളിലും പ്രധാന ഹാളുകളിലുമായി ഒരുക്കുന്ന മറ്റു വേദികളിൽ 1000 പേരെ വീതം ഉൾക്കൊള്ളിക്കാൻ സൗകര്യം ഒരുക്കും. തേക്കിൻകാട് മൈതാനത്ത് ഒരുക്കുന്ന വേദികളുടെ പരിസരത്ത് 25 ഇ–ടോയ്‌ലറ്റുകൾ സജ്ജീകരിക്കുന്നുണ്ട്.

ഊട്ടുപുരയും താമസസൗകര്യവും

കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി വിപുലമായ ഭക്ഷണ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. പതിനായിരക്കണക്കിന് ആളുകൾക്ക് ഒരേസമയം ഭക്ഷണം നൽകാൻ സാധിക്കുന്ന ഊട്ടുപുരയുടെ നിർമാണം തേക്കിൻകാട് മൈതാനത്തിന് സമീപം പൂർത്തിയായി വരികയാണ്. കേരളത്തിൻ്റെ തനതായ വിഭവങ്ങളാണ് ഊട്ടുപുരയിൽ വിളമ്പുക. ഭക്ഷണശാലയിൽ തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക വരികളും ഡിജിറ്റൽ ടോക്കൺ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ശുചിത്വത്തിന് മുൻഗണന നൽകിക്കൊണ്ട് ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും കലോത്സവം നടക്കുക. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദപരമായ രീതിയിലാണ് കലോത്സവ നഗരി ഒരുങ്ങുന്നത്. കലോത്സവത്തിനെത്തുന്നവർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി തൃശൂർ നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും വിവിധ വിദ്യാലയങ്ങൾ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ഓരോ താമസസ്ഥലത്തും വിദ്യാർഥികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രത്യേക നോഡൽ ഓഫിസർമാരെ നിയോഗിച്ചു.

സുരക്ഷയും ഗതാഗതവും

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസ് വകുപ്പും വളണ്ടിയർമാരും സജീവമായി രംഗത്തുണ്ടാകും. പ്രധാന വേദികളിലും പരിസരങ്ങളിലും സിസിടിവി കാമറകൾ സ്ഥാപിക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാൻ നഗരത്തിൽ പ്രത്യേക ട്രാഫിക് നിയന്ത്രണങ്ങൾ കലോത്സവ ദിവസങ്ങളിൽ ഏർപ്പെടുത്തും. റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും കലോത്സവ സഹായികൾ എന്ന നിലയിൽ വളണ്ടിയർമാർ 24 മണിക്കൂറും സേവനസജ്ജരായിരിക്കും.

കലാപ്രതിഭകൾക്കായി ഇത്തവണ കൂടുതൽ സർഗാത്മകമായ വേദികളാണ് കാത്തിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേള എന്ന ഖ്യാതിയുള്ള കേരള സ്‌കൂൾ കലോത്സവം ഇത്തവണ തൃശൂരിൻ്റെ സാംസ്കാരിക പൈതൃകവുമായി ചേർന്നുനിൽക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മത്സരയിനങ്ങളിൽ കൂടുതൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കാൻ വിധികർത്താക്കളുടെ തെരഞ്ഞെടുപ്പിൽ പ്രത്യേക ജാഗ്രത പുലർത്തിയിട്ടുണ്ട്.

അപ്പീലുകളുടെ എണ്ണം കുറയ്ക്കാനും ഫലപ്രഖ്യാപനം വേഗത്തിലാക്കാനും അത്യാധുനിക സോഫ്റ്റ്‌വെയർ സംവിധാനമാണ് ഉപയോഗിക്കുന്നത്. തൃശൂർ പൂരത്തിൻ്റെ നാട്ടിൽ നടക്കുന്ന ഈ കലയുടെ പൂരം ചരിത്രവിജയമാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് സംഘാടക സമിതി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് കലാപ്രതിഭകൾ മാറ്റുരയ്ക്കുന്നതോടെ സാംസ്കാരിക തലസ്ഥാനം ഇനിയുള്ള ദിവസങ്ങളിൽ കലയുടെയും ആവേശത്തിൻ്റെയും കേന്ദ്രമായി മാറും.

Also Read:- മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് വിട നല്‍കാനൊരുങ്ങി കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്