ETV Bharat / state

42 മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങിയ സംഭവം; രോഗിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

ലിഫ്റ്റിൽ കുടുങ്ങിയതുമൂലം രവീന്ദ്രൻ നായർക്കുണ്ടായ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

MEDICAL COLLEGE  STATE HUMAN RIGHTS COMMISSION  TVM MEDICAL COLLEGE  THIRUVANANTHAPURAM
State Human Rights Commission (ETV Bharat)
author img

By ETV Bharat Kerala Team

Published : January 5, 2026 at 6:59 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തിൽ, ഇരയായ വ്യക്തിക്ക് അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് രണ്ടു മാസത്തിനുള്ളിൽ ഈ തുക നൽകണമെന്നാണ് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചത്. നഷ്ടപരിഹാര തുക നൽകിയ ശേഷം, ഈ തുക സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും ജീവനക്കാരിൽ നിന്നും നിയമാനുസൃതം ഈടാക്കാവുന്നതാണ്.

കൂടാതെ, ലിഫ്റ്റിന്‍റെ സർവീസ് നടത്തുന്ന കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയെടുക്കാൻ സർക്കാരിന് അനുമതിയുണ്ട്. നഷ്ടപരിഹാരം നൽകിയ ശേഷമുള്ള നടപടി റിപ്പോർട്ട് കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം.

ലിഫ്റ്റിൽ കുടുങ്ങിയതുമൂലം രവീന്ദ്രൻ നായർക്കുണ്ടായ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്‍റെ സേവനം ആവശ്യമാണെങ്കിൽ അതും ലഭ്യമാക്കണം. കഴിഞ്ഞ വർഷം ജൂലൈ 13-ന് രാവിലെ 11:15 മുതൽ ജൂലൈ 15 രാവിലെ 6 മണി വരെ രവീന്ദ്രൻ നായർ ലിഫ്റ്റിൽ കുടുങ്ങിയെന്ന വസ്തുതയിൽ എതിർകക്ഷികൾക്ക് തർക്കമില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

തകരാറിലായ ലിഫ്റ്റ് കൃത്യമായി ലോക്ക് ചെയ്യുകയോ അപായ സൂചന നൽകുന്ന ബോർഡ് സ്ഥാപിക്കുകയോ ചെയ്യാതിരുന്നത് വലിയ വീഴ്ചയാണ്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയെങ്കിലും ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കേണ്ട ഉത്തരവാദിത്തം മെഡിക്കൽ കോളജിനുണ്ടെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് കമ്മീഷൻ വിലയിരുത്തി.

ഈ ലിഫ്റ്റ് അടിക്കടി തകരാറിലാവുന്നതാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ടായിട്ടും ആവശ്യമായ ജാഗ്രത അധികൃതർ കാട്ടിയില്ലെന്ന് ഉത്തരവിൽ പറയുന്നു. ദിവസേന ആയിരക്കണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളജ് പോലൊരു സ്ഥാപനത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായത് അതീവ ഗൗരവകരമാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് രവീന്ദ്രൻ നായരുടെ ജീവൻ അപകടത്തിലാവാതിരുന്നത്. മുന്‍പും സമാനമായ സംഭവങ്ങള്‍ മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായതെന്നും, ഇതിന് സ്റ്റേറ്റിനും ബാധ്യതയുണ്ടെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിരീക്ഷിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ എടുത്ത കേസിന് പുറമെ രവീന്ദ്രൻ നായരും നേരിട്ട് പരാതി നൽകിയിരുന്നു.

Also Read: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം