വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Published : July 9, 2026 at 6:33 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലർട്ട്
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി മുതൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ നാശം വിതയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾക്കും അങ്കണവാടികൾക്കും ഉൾപ്പെടെ അവധി നൽകിയത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പിഎസ്‌സി പരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ന് 12 സെൻ്റീമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിൻ്റെ സ്വാധീനഫലമായാണ് കേരള തീരത്ത് മഴ ശക്തമായത്. വരും മണിക്കൂറുകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
വ്യാപക നാശനഷ്ടം
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വടക്കൻ കേരളത്തിൽ പലയിടത്തും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ശക്തമായ കാറ്റിലും ചുഴലിയിലും 20 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരങ്ങൾ കടപുഴകി വീണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകൾ തകർന്നതിനാൽ ചില പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. വടക്കൻ കേരളത്തിലെ മിക്ക നദികളിലും ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിട്ടുണ്ട്. പലയിടത്തും മലവെള്ളപ്പാച്ചിൽ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തെ പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് വർധിച്ച സാഹചര്യത്തിൽ തീരദേശങ്ങളിലും ജലാശയങ്ങളുടെ സമീപത്തും താമസിക്കുന്നവർ അതീവ ജാഗ്രതാ നിർദേശം പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള സജ്ജീകരണങ്ങൾ റവന്യു വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.
യാത്രാ നിയന്ത്രണങ്ങൾ
മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് 7 മുതൽ രാവിലെ 7 വരെ ചുരം മേഖലകളിലൂടെയും മലയോര പ്രദേശങ്ങളിലൂടെയുമുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ജില്ല ഭരണകൂടങ്ങൾ നിർദേശിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വടക്കൻ കേരളത്തിന് പുറമെ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നുണ്ട്.
കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് കർശന നിർദേശമുണ്ട്. പൊതുജനങ്ങൾ സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയുടെയും ഫയർ ഫോഴ്സിൻ്റെയും പ്രത്യേക സംഘങ്ങളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.
Also Read:- ആടിയുലയുന്ന ബോട്ടിൽ ജീവൻ പണയം വെച്ച് മത്സ്യത്തൊഴിലാളികൾ; കടലിലെ മിന്നൽ ചുഴലിയുടെ ദൃശ്യങ്ങൾ പുറത്ത്

