ETV Bharat / state

പിഎസ്‌സി ഉയർന്ന പ്രായപരിധി കൂട്ടി; ജനറൽ വിഭാഗത്തിന് 40, ഒബിസിക്ക് 43, പട്ടികവിഭാഗത്തിന് 45 വയസ്

ഉദ്യോഗാർഥികളുടെ ഏറെക്കാലത്തെ ആവശ്യമാണ് സർക്കാർ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതി നിലവിൽ വന്നപ്പോൾ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 വയസായിരുന്നു

Kerala PSC age limit PSC exam age relaxation Kerala government jobs news PSC upper age limit
Kerala Government Raises PSC Upper Age Limit For Job Seekers (ETV Bharat)
author img

By ETV Bharat Kerala Team

Published : February 24, 2026 at 7:26 PM IST

4 Min Read
Choose ETV Bharat

തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‌സി നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസിൽ നിന്നും 40 വയസാക്കി വർധിപ്പിച്ച് സർക്കാർ ഉത്തരവായി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുവജനങ്ങളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ജനറൽ വിഭാഗത്തിന് പുറമെ ഒബിസി വിഭാഗത്തിന് 43 വയസുവരെയും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 45 വയസുവരെയും ഇനിമുതൽ പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാൻ സാധിക്കും.

ഉദ്യോഗാർഥികളുടെ ഏറെക്കാലത്തെ ആവശ്യമാണ് സർക്കാർ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതി നിലവിൽ വന്നപ്പോൾ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 വയസായിരുന്നു. 2013 ഏപ്രിൽ ഒന്നിന് ശേഷം നിയമിതരാകുന്ന പങ്കാളിത്ത പെൻഷൻ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസായി വർധിപ്പിച്ചിരുന്നു. എങ്കിലും പിഎസ്‌സി വഴി അപേക്ഷ സമർപ്പിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസായി തന്നെ തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രായപരിധി ഇപ്പോൾ 40 ആയി വർധിപ്പിച്ചത്. പുതിയതായി വരുന്ന വിജ്ഞാപനങ്ങൾക്കും തസ്തികകൾക്കും മാത്രമായിരിക്കും പുതുക്കിയ പ്രായപരിധി ബാധകമാവുകയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗാർഥികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം നൽകുന്ന തീരുമാനമാണിത്.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുമ്പോൾ പ്രായപരിധി പലർക്കും വലിയൊരു പ്രതിസന്ധിയായി മാറാറുണ്ടായിരുന്നു. നിയമനത്തിന് തൊട്ടടുത്തെത്തിയ ശേഷം പ്രായപരിധി കഴിഞ്ഞതിൻ്റെ പേരിൽ ജോലി നഷ്ടപ്പെടുന്ന അവസ്ഥ മുൻപ് പല ഉദ്യോഗാർഥികൾക്കും ഉണ്ടായിട്ടുണ്ട്. പരീക്ഷയ്ക്കായി കാത്തിരിക്കുന്നവർക്കും പ്രായപരിധി കഴിഞ്ഞെന്ന് കരുതി നിരാശപ്പെട്ടിരിക്കുന്നവർക്കും വലിയ പ്രതീക്ഷ നൽകുന്നതാണ് സർക്കാരിൻ്റെ പുതിയ തീരുമാനം.

മന്ത്രിസഭായോഗം തീരുമാനമെടുത്ത സാഹചര്യത്തിൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. നിലവിലുള്ള റാങ്ക് ലിസ്റ്റുകൾക്ക് പഴയ പ്രായപരിധി തന്നെ തുടരാനാണ് സാധ്യത. എന്ന് മുതലാണ് ഈ മാറ്റങ്ങൾ കൃത്യമായി നടപ്പിലാക്കുക എന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക കുറിപ്പും പിഎസ്‌സിയുടെ വിശദീകരണവും വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമനം കാത്തിരിക്കുന്ന യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ ഈ നടപടി സഹായിക്കും.

വിമർശനവുമായി പ്രതിപക്ഷം

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പിഎസ്‌സി പ്രായപരിധി വർധന വെറും രാഷ്ട്രീയ നാടകമാണെന്ന വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ് രംഗത്തെത്തി. സർക്കാരിൻ്റെ കാലാവധി അവസാനിക്കാറായ ഘട്ടത്തിൽ പ്രായപരിധി ഉയർത്തുന്നത് കേവലം ഒരു തെരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ നീക്കം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും ഉദ്യോഗാർഥികളുടെ യഥാർഥ പ്രശ്നങ്ങൾക്ക് ഇത് പരിഹാരമാകുന്നില്ലെന്നും ജനീഷ് ആരോപിച്ചു. അനേകം റാങ്ക് പട്ടികകൾ കാലാവധി പൂർത്തിയാക്കി റദ്ദാക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. പല സർക്കാർ സ്ഥാപനങ്ങളിലും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. പരീക്ഷ നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടും ഒന്നാം റാങ്കുകാർക്ക് പോലും ജോലി നൽകാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കമ്പനി, ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടിട്ടും ആവശ്യമായ ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ നിയമനങ്ങൾ നടക്കുന്നില്ല. ഇതിന് പകരം താത്കാലിക ജീവനക്കാരെ തിരുകിക്കയറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. കെഎസ്ആർടിസിയിൽ മാത്രം നൂറ്റിയെൺപത്തിയൊന്നോളം താത്കാലിക ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനമാണ് നിലനിൽക്കുന്നതെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി. ഒരു വശത്ത് പരീക്ഷ എഴുതാനുള്ള പ്രായപരിധി കൂട്ടുമ്പോൾ മറുവശത്ത് വിരമിക്കൽ പ്രായം 56ൽ നിന്ന് 60ലേക്ക് ഉയർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആയുഷ്, നോർക്ക, ഐഎച്ച്ആർഡി, കേരള ഫീഡ്സ് തുടങ്ങി ഏഴോളം സ്ഥാപനങ്ങളിൽ വിരമിക്കൽ പ്രായം വർധിപ്പിച്ചു കഴിഞ്ഞു. ഇത് മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നത് വഴി വിരമിച്ചവർ പോലും തിരികെ ജോലിയിൽ പ്രവേശിക്കുന്ന അവസ്ഥയുണ്ട്. ഈ നടപടി മൂലം ഏകദേശം മുപ്പത്തി അയ്യായിരത്തോളം പുതിയ തൊഴിലവസരങ്ങളാണ് യുവാക്കൾക്ക് നഷ്ടപ്പെടുന്നത്. പ്രായപരിധി കൂട്ടുന്നത് വഴി വീണ്ടും പരീക്ഷ എഴുതാൻ അവസരം ലഭിക്കുമെന്നല്ലാതെ, നിയമനം നടക്കുന്നില്ലെങ്കിൽ അതുകൊണ്ട് ഉദ്യോഗാർഥികൾക്ക് യാതൊരു ഗുണവുമില്ല. നിലവിലെ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനോ പൂഴ്ത്തി വച്ചിരിക്കുന്ന ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനോ സർക്കാർ തയ്യാറാകുന്നില്ല. ഉറുദു പരീക്ഷയിലെ ഒന്നാം റാങ്കുകാരും ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക പട്ടികയിലുള്ളവരും ഉൾപ്പെടെ നൂറുകണക്കിന് ഉദ്യോഗാർഥികൾ ഇപ്പോഴും തെരുവിൽ നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടിയുമായി സിപിഎം

പിഎസ്‌സി പ്രായപരിധി ഉയർത്തിയ സർക്കാർ നടപടിയെ വിമർശിച്ച പ്രതിപക്ഷത്തിന് മറുപടിയുമായി സിപിഎം നേതാവ് ജെയ്ക് രംഗത്തെത്തി. പ്രായപരിധി വർധിപ്പിച്ചത് ഉദ്യോഗാർഥികളെ കബളിപ്പിക്കാനാണെന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ നിയമനങ്ങളുടെ യഥാർഥ വിവരങ്ങൾ മനസിലാക്കാത്തവരാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പിഎസ്‌സി ലിസ്റ്റുകൾ നോക്കുകുത്തിയാണെന്ന വാദത്തെ ജെയ്ക് ശക്തമായി എതിർത്തു. 2025ൽ ഇന്ത്യയിൽ നടന്ന ആകെ പിഎസ്‌സി നിയമനങ്ങളുടെ 63 ശതമാനവും കേരളത്തിലാണെന്ന് യുപിഎസ്‌സിയുടെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിനോട് ചേർന്ന് നിൽക്കുന്ന യുപിഎസ്‌സി നൽകിയ ഈ വിവരം കേരളത്തിലെ നിയമന പ്രക്രിയയുടെ സുതാര്യതയ്ക്കും വേഗതയ്ക്കും തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്.

പ്രായപരിധി 40 വയസിലേക്ക് ഉയർത്തിയത് വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന വാദത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. ഇതൊരു സർക്കാർ ഉത്തരവായി നടപ്പിലാക്കിക്കഴിഞ്ഞ കാര്യമാണ്. പ്രതിപക്ഷ നേതാവിനെപ്പോലുള്ള രാഷ്ട്രീയ ഗുരുക്കളിൽ നിന്ന് ലഭിക്കുന്ന തെറ്റായ പാഠങ്ങളാണ് ഇത്തരം പച്ചക്കള്ളങ്ങൾ പറയാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അടിസ്ഥാന വിവരമുള്ള ഒരു മലയാളിയും കേരളത്തിലെ പിഎസ്‌സി നിയമനങ്ങളെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കില്ല.

പൊലീസ് കോൺസ്റ്റബിൾ, എൽപിഎസ്എ, യുപിഎസ്എ, ഹൈസ്കൂൾ ടീച്ചർ, ഹയർ സെക്കൻഡറി ടീച്ചർ തുടങ്ങിയ വിവിധ മേഖലകളിലെ ഉദ്യോഗാർഥികളുടെ പ്രധാന പരാതി തങ്ങളുടെ അവസാന അവസരങ്ങൾ നഷ്ടപ്പെടുന്നു എന്നതായിരുന്നു. ഒന്നുകിൽ ലിസ്റ്റ് നീട്ടുകയോ അല്ലെങ്കിൽ പരീക്ഷ എഴുതാൻ കൂടുതൽ അവസരം നൽകുകയോ വേണമെന്നതായിരുന്നു അവരുടെ ആവശ്യം. ആ പരാതി ഗൗരവമായി പരിഗണിച്ച്, ഉദ്യോഗാർഥികൾക്ക് കൂടുതൽ പരീക്ഷകൾ എഴുതാനുള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് പരമാവധി നിയമനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയം. കാലാവധി നീട്ടുന്നതിനേക്കാൾ കൂടുതൽ നിയമനങ്ങൾ നടത്താനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. പ്രായപരിധി ഉയർത്തിയതോടെ കൂടുതൽ പേർക്ക് സർക്കാർ സർവീസിലേക്ക് വരാനുള്ള വാതിലുകളാണ് തുറക്കപ്പെട്ടിരിക്കുന്നതെന്നും ജെയ്ക് വ്യക്തമാക്കി.

Also Read:- പേരിലെ സാമ്യം ചതിച്ചു; കേസിൽ പെട്ട് വിദേശയാത്ര മുടങ്ങി "നിരപരാധി ശ്രീനിവാസൻ"