ഫോൺ കിട്ടിയെന്ന ഒറ്റ മെസേജ്; കേരള പൊലീസിൻ്റെ സൽപ്രവൃത്തി അബദ്ധമായതിങ്ങനെ
സൈബർ വിഭാഗത്തിൻ്റെ പരിശോധനയ്ക്കിടെയുണ്ടായ സാങ്കേതിക പിഴവാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. എങ്കിലും, ഫോൺ എവിടെയോ പ്രവർത്തിച്ചതിൻ്റെ സൂചനയായതിനാൽ വൈകാതെ ഇവ തിരികെ കിട്ടുമെന്ന പ്രതീക്ഷ നൽകുകയാണ് പൊലീസ്

Published : March 4, 2026 at 12:58 PM IST
കെ ശശീന്ദ്രൻ
കോഴിക്കോട്: കാണാതായ മൊബൈൽ ഫോണുകൾ കണ്ടെത്തിയെന്ന കേരള പൊലീസ് സൈബർ ഓപ്പറേഷൻ വിഭാഗത്തിൻ്റെ അറിയിപ്പ് ജനങ്ങളിൽ വ്യാപകമായി ആശയക്കുഴപ്പം സൃഷ്ടിച്ചു. സയർ പോർട്ടൽ വഴി പരാതി നൽകിയവർക്കാണ് ഫോൺ കണ്ടെത്തിയെന്ന സന്ദേശം ലഭിച്ചത്. ഇത് കണ്ട് പ്രതീക്ഷയോടെ പൊലീസ് സ്റ്റേഷനുകളിലെത്തിയ നിരവധിയാളുകൾ ഒടുവിൽ നിരാശയോടെ മടങ്ങുന്നതാണ് സംസ്ഥാനത്തുടനീളം കാണാൻ കഴിഞ്ഞത്.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലും സൈബർ സെല്ലുകളിലും തങ്ങളുടെ ഫോൺ അന്വേഷിച്ചെത്തുന്നവർക്ക് കൃത്യമായ മറുപടി നൽകാൻ പാടുപെടുകയാണ് ഉദ്യോഗസ്ഥർ. പൊലീസിൻ്റെ സൈബർ വിഭാഗം നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ഇത്തരം സന്ദേശങ്ങൾ വ്യാപകമായി ഫോണുകളിലേക്ക് എത്തിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. സോഫ്റ്റ്‌വെയറിൽ സംഭവിച്ച സാങ്കേതിക തകരാറാണ് എല്ലാ പരാതിക്കാർക്കും സന്ദേശം ലഭിക്കാൻ കാരണമായത്. ഫോൺ കണ്ടെത്തിയിട്ടുണ്ട് എന്ന് ടൈപ്പ് ചെയ്തതിലുണ്ടായ പിശകാണ് നിലവിലെ ഈ ആശയക്കുഴപ്പങ്ങൾക്ക് വഴിവച്ചത്.

സന്ദേശം ലഭിച്ച് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തിയ മോഹനൻ്റെ അനുഭവവും സമാനമാണ്. നിലവിൽ വേറെ രണ്ടുപേരുടെ ഫോൺ മാത്രമാണ് ലഭിച്ചതെന്നും മോഹനൻ്റെ ഫോൺ ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് സ്റ്റേഷൻ ഓഫിസർ അറിയിച്ചത്. ഫോൺ ലഭിച്ചു എന്നതിന് പകരമായി ഫോൺ നഷ്ടപ്പെട്ട വിവരത്തിന് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക എന്ന സന്ദേശമായിരുന്നെങ്കിൽ ഈ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നുവെന്ന് മോഹനൻ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇതിനിടെ ഫോൺ യഥാർഥത്തിൽ ലഭിച്ചിട്ടും പൊലീസ് പിടിച്ചു വച്ചിരിക്കുകയാണോ അതോ ആദ്യം വന്നവർക്ക് നൽകിയോ തുടങ്ങിയ സംശയങ്ങളും ചിലർ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഫോണിൻ്റെ പതിനഞ്ചക്ക ഐഎംഇഐ വിവരങ്ങൾ പരിശോധിച്ച് മാത്രമാണ് ഉടമകൾക്ക് കൈമാറുകയെന്നും അതിനാൽ ഇത്തരം ആശങ്കകളുടെ ആവശ്യമില്ലെന്നും പൊലീസ് വ്യക്തമാക്കി. മറ്റേതെങ്കിലും തരത്തിൽ തിരിമറി നടത്തിയാലും പരാതി നിലനിൽക്കുന്നതിനാൽ ആ ഫോൺ മറ്റൊരാൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല.
അതേസമയം സന്ദേശം തെറ്റായി വന്നതാണെങ്കിലും പരാതിക്കാർക്ക് ഇത് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് സൈബർ വിഭാഗം വ്യക്തമാക്കുന്നുണ്ട്. നഷ്ടപ്പെട്ട ഫോൺ ഒരു തവണയെങ്കിലും എവിടെയെങ്കിലും വച്ച് ഉപയോഗിച്ചു എന്നതിൻ്റെ തെളിവായി ലഭിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പരാതിക്കാർക്ക് സന്ദേശം പോയത്. അതുകൊണ്ടുതന്നെ നിലവിൽ സന്ദേശം ലഭിച്ച ആളുകളുടെ ഫോണുകൾ വൈകാതെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

സയർ പോർട്ടൽ വഴി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ കേരള പൊലീസ് നടത്തിയ പരിശോധനയിൽ മുപ്പത്തിനാലായിരത്തോളം ഫോണുകൾ ഇതിനകം വീണ്ടെടുത്തിട്ടുണ്ട്. ഫോൺ നഷ്ടപ്പെട്ടാൽ സ്റ്റേഷനിൽ പരാതി നൽകിയെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം ടെലികോം മന്ത്രാലയത്തിൻ്റെ സയർ പോർട്ടലിലും വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. കൂടാതെ ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നുള്ള അറിയിപ്പുകളോട് മാത്രമേ പ്രതികരിക്കാവൂ എന്നും പണം ആവശ്യപ്പെടുന്നതോ ലിങ്കുകൾ നൽകുന്നതോ ആയ വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
എന്താണ് സയർ?
കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്ത മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും കണ്ടെത്താനുമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ സംവിധാനമാണ് സയർ അഥവാ സെൻട്രൽ എക്വിപ്‌മെൻ്റ് ഐഡൻ്റിറ്റി രജിസ്റ്റർ. ടെലികോം ഡിപ്പാർട്ട്‌മെൻ്റിന് കീഴിലുള്ള ഈ പോർട്ടൽ വഴി ഫോണിൻ്റെ ഐഎംഇഐ നമ്പർ ഉപയോഗിച്ച് രാജ്യത്തെ എല്ലാ നെറ്റ്‌വർക്കുകളിലും ഉപകരണത്തിൻ്റെ പ്രവർത്തനം തടയാൻ കഴിയും.

നഷ്ടപ്പെട്ട ഫോൺ മോഷ്ടാവിന് മറ്റ് സിം കാർഡുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയാത്ത വിധം പോർട്ടലിലൂടെ ബ്ലോക്ക് ചെയ്യാനാകും. ഇത്തരത്തിൽ ബ്ലോക്ക് ചെയ്ത ഫോണിൽ ആരെങ്കിലും പുതിയ സിം കാർഡ് ഇടാൻ ശ്രമിച്ചാൽ ഉടൻ തന്നെ പൊലീസിനും ഉടമയ്ക്കും വിവരങ്ങൾ ലഭിക്കും. പഴയ ഫോണുകൾ വാങ്ങുമ്പോൾ അവ മോഷ്ടിച്ചതാണോ എന്ന് പരിശോധിക്കാനും സെക്കൻഡ് ഹാൻഡ് ഫോൺ വിപണിയിലെ തട്ടിപ്പുകൾ തടയാനും ഈ സംവിധാനം ഉപയോഗപ്പെടുത്താം.
ഫോൺ കാണാതായാൽ ആദ്യം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. തുടർന്ന് നിലവിലുള്ള മൊബൈൽ നമ്പറിൻ്റെ പുതിയ സിം കാർഡ് സ്വന്തമാക്കണം. ശേഷം സയർ പോർട്ടലിൽ പ്രവേശിച്ച് ഫോണിൻ്റെ ഐഎംഇഐ നമ്പറും മറ്റ് രേഖകളും നൽകി പരാതി സമർപ്പിക്കാം. ഫോൺ തിരികെ ലഭിക്കുന്ന സാഹചര്യത്തിൽ ഇതേ പോർട്ടൽ വഴി തന്നെ അൺബ്ലോക്ക് ചെയ്യാനും സാധിക്കും.

