അതിർത്തി കടത്തുന്നത് റിയ, പണം ഇടപാട് ഘാന സ്വദേശി വഴി; അന്താരാഷ്ട്ര ലഹരിമരുന്ന് സംഘത്തെ പിടികൂടി കേരള പൊലീസ്
കാലിക്കടവിൽ നിന്ന് 139.290 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രണ്ട് പേരെ പിടികൂടി കേരള പൊലീസ്.

Published : August 31, 2026 at 4:42 PM IST
കാസർകോട്: എംഡിഎംഎ കേസിൽ അന്താരാഷ്ട്ര ലഹരിമരുന്ന് ഇടപാട് സംഘത്തെ പിടികൂടി കാലിക്കടവ് കേരള പൊലീസ്. ലഹരി മരുന്ന് കേരളത്തിൻ്റെ അതിർത്തി കടത്തുന്നത് ഗുജറാത്ത് സ്വദേശിനി റിയ ഖാനാണെന്നും പണം ഇടപാട് നടത്തുന്നത് ഘാന സ്വദേശി വിക്‌ടറാണെന്നുമാണ് പൊലീസിൻ്റെ നിഗമനം. കാലിക്കടവിൽ നിന്ന് 139.290 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിലാണ് ഇരുവരെയും കേരള പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിൽ ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവി നിധിൻ രാജ് ഐപിഎസിൻ്റെ മേൽനോട്ടത്തിലും കാഞ്ഞങ്ങാട് ഡിവൈഎസ്‌പി അനിൽ കുമാർ എം. വി യുടെ നേതൃത്വത്തിലുമുള്ള 17 അംഗ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. കേസിലെ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ ബേളൂർ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബീർ കെ (33) എന്നയാളെ ഈ മാസം 19-ാം തീയതി അമ്പലത്തറയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടർന്ന്, അറസ്റ്റിലായ മുഴുവൻ പ്രതികളേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ശൃംഖലയുടെ കേരളത്തിന് പുറത്തുള്ള മുഖ്യ ഇടനിലക്കാരിയായ ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനി (ഇപ്പോൾ വെസ്റ്റ് ബംഗാൾ, ഹൗറ ജില്ലാ നരേന്ദ്രപുട്) റിയ ഖാൻ എന്നറിയപ്പെടുന്ന സാത്തി ഷേഖ് (31) പിടിയിലായത്. മധ്യപ്രദേശ് ഗ്വാളിയോറിൽ നിന്നുമാണ് ഒളിവിൽ കഴിയുന്നതിനിടെ സാഹസികമായി സബ് ഇൻസ്‌പെക്‌ടർ (ഹൊസ്‌ദുർഗ്) നീതു തച്ചഞ്ചേരി ഉൾപ്പെട്ട അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്നും നിർണായക വിവരങ്ങൾ പൊലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.
ഇതിനുപുറമേ, കേരളത്തിലെ എംഡിഎംഎ ലഹരി ശൃംഖലയുടെ പ്രധാനി ഘാന സ്വദേശി വിക്‌ടർ ദസാബയെ കൊല്ലത്തുവെച്ചും അന്വേഷണ സംഘം പിടികൂടി, ഇയാൾ കോഴിക്കോട് നടക്കാവ്, കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ്. കൊല്ലം കൊട്ടിയം ട്രാൻസിറ്റ് ഹോമിൽ നിന്നാണ് ടിയാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

കേസിൽ റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. പെരുമ്പാവൂർ സ്വദേശികളായ കെ എച്ച് മുഹമ്മദ് ഹുസൈൻ, പി എ അബ്‌ദുൾ സലാം, പി എ അബ്ബാസ്, സൈനുലാബിദീൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്‌തിരുന്നു.
കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ വീണ്ടും ജയിലിലേക്ക് മാറ്റി. ലക്ഷങ്ങൾ മുടക്കിയുള്ള ലഹരി കടത്തിന് പ്രതികകൾക്കുള്ള സാമ്പത്തിക സ്രോതസ് എന്താണെന്നതിൽ അന്വേഷണം ഊർജിതമാണ്. 100 ഗ്രാം മുതൽ ഒരു കിലോ വരെ എത്ര അളവിലും ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കും. സ്ഥലത്ത് എത്തിയാൽ സംഘത്തിൽ ഒരാൾ പണം എണ്ണിത്തിട്ടപ്പെടുത്തി ഉറപ്പുവരുത്തിയ ശേഷം മാത്രമേ എംഡിഎംഎ കൈമാറൂ.

ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഇതിനായി ഉപയോഗിച്ചോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. 139.290 ഗ്രാം എംഡിഎംഎ കാലിക്കടവിൽ വിൽപ്പന നടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികൾ പൊലീസിൻ്റെ വലയിലായത്. മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ളവരുമായി പ്രതികൾ അടുത്തിടപഴകുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

