കേരളം ഭൂപടം വീണ്ടും മാറുമോ? തിരൂർ, നെയ്യാറ്റിൻകര, മൂവാറ്റുപുഴ ജില്ലകൾക്കായി ആവശ്യം ശക്തം
ജനസംഖ്യാ വർധനവും വികസനവും മുൻനിർത്തി മലപ്പുറം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്നും കാർഷിക ജില്ലയായി മൂവാറ്റുപുഴ രൂപീകരിക്കണമെന്നുമാണ് എംഎൽഎമാർ ഉൾപ്പെടെ സർക്കാരിനോട് ആവശ്യപ്പെടുന്നത്.

Published : March 2, 2026 at 2:10 PM IST
സി എസ് സിദ്ധാർത്ഥൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയൊരു ജില്ല കൂടി രൂപീകരിക്കപ്പെടുമോ എന്ന ചർച്ചകൾ വീണ്ടും സജീവമാകുന്നു. മലപ്പുറം വിഭജിച്ച് തിരൂർ പുതിയ ജില്ലയാക്കണമെന്ന മുസ്‌ലിം ലീഗിൻ്റെ ആവശ്യത്തിന് പിന്നാലെ നെയ്യാറ്റിൻകരയും മൂവാറ്റുപുഴയും ജില്ലകളാക്കണമെന്ന ആവശ്യവും സർക്കാരിന് മുന്നിലുണ്ട്. കാസർകോട് ജില്ല രൂപീകരിച്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും പുതിയ ജില്ലാ രൂപീകരണത്തിൽ സംസ്ഥാന സർക്കാർ മൗനം തുടരുകയാണ്.
1984ൽ കാസർകോട് അവസാനമായി രൂപീകരിച്ചതോടെയാണ് കേരളത്തിൽ 14 ജില്ലകളായത്. പുതിയ ജില്ലാ രൂപീകരണം സംസ്ഥാന സർക്കാരിൻ്റെ അധികാരപരിധിയിൽ തീരുമാനിക്കാവുന്നതാണെങ്കിലും സർക്കാർ ഈ വിഷയത്തിൽ അനുകൂലമായ നടപടികൾ സ്വീകരിച്ചിട്ടില്ല. ജനസംഖ്യാനുപാതികമായി വികസനം സാധ്യമാകണമെങ്കിൽ ജില്ലാ വിഭജനം അനിവാര്യമാണെന്നാണ് വിവിധ കോണുകളിൽ നിന്നുള്ള പ്രധാന ആവശ്യം.
തിരൂർ ജില്ല അനിവാര്യം
താനൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗിൻ്റെ തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീനാണ് ഇപ്പോൾ രംഗത്തുള്ളത്. ജനസംഖ്യാനുപാതികമായ വികസനത്തിന് ജില്ലാ വിഭജനം കൂടിയേ തീരൂ എന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ രേഖകൾ സഹിതം നിവേദനം സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് വ്യക്തമാക്കി. മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ മുസ്‌ലിം ലീഗ് എംഎൽഎ കെഎൻഎ ഖാദർ 2019ൽ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചിരുന്നു. 2015ൽ മലപ്പുറം ജില്ലാ പഞ്ചായത്തും ഇതേ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കിയതാണ്.

1969 ജൂൺ അഞ്ചിനാണ് മലപ്പുറം ജില്ല രൂപീകരിക്കപ്പെടുന്നത്. പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പൊന്നാനി, പെരിന്തൽമണ്ണ താലൂക്കുകളുടെ ഭൂരിഭാഗം പ്രദേശങ്ങളും കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന ഏറനാട്, തിരൂർ താലൂക്കുകളും ചേർത്തായിരുന്നു പുതിയ ജില്ലാ രൂപീകരണം. പുതിയ ജില്ല നിലവിൽ വന്നപ്പോൾ പതിനാല് ലക്ഷമായിരുന്നു മലപ്പുറത്തെ ജനസംഖ്യയെങ്കിൽ ഇന്ന് അത് 45 ലക്ഷത്തിലേറെയാണ്. ഈ സാഹചര്യത്തിലാണ് മലപ്പുറം വിഭജിച്ച് തിരൂർ, താനൂർ, പൊന്നാനി, തിരൂരങ്ങാടി, കുറ്റിപ്പുറം, കോട്ടയ്ക്കൽ, എടപ്പാൾ എന്നിവ ചേർത്ത് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിൻ്റെ പ്രസക്തി വർധിക്കുന്നത്. വിവിധ മുസ്‌ലിം സംഘടനകളും സമാന ആവശ്യവുമായി രംഗത്തുണ്ട്.
നെയ്യാറ്റിൻകരയ്ക്ക് വേണ്ടിയുള്ള മുറവിളി
തിരുവനന്തപുരം ജില്ല വിഭജിച്ച് നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. വിഴിഞ്ഞം തുറമുഖം പ്രവർത്തന സജ്ജമായതോടെ ഈ ആവശ്യം കൂടുതൽ ശക്തമായി. ജില്ലാ രൂപീകരണ ആവശ്യവുമായി അരലക്ഷം പേർ ഒപ്പിട്ട ഹർജി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചിട്ടുണ്ടെന്ന് സിപിഎം നേതാവും എംഎൽഎയുമായ കെ ആൻസലൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇടിവി ഭാരതിനോട് പറഞ്ഞു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളുടെ ഭാഗങ്ങൾ ചേർത്തുകൊണ്ട് പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രധാന ആവശ്യം.

മൂവാറ്റുപുഴ കാർഷിക ജില്ലയാക്കണം
ഹൈറേഞ്ച് മേഖലയിലെ നാല് താലൂക്കുകൾ ഇടുക്കിയിൽ തന്നെ നിലനിർത്തിക്കൊണ്ടും തൊടുപുഴ താലൂക്കിനെ വേർപെടുത്തിയും മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, പാല എന്നിവയാണ് പുതിയ ജില്ലയുടെ ഭാഗമാകേണ്ട പ്രദേശങ്ങളെന്നാണ് ഉയരുന്ന അവകാശവാദം. മുൻ മൂവാറ്റുപുഴ എംഎൽഎ ജോസഫ് വാഴക്കൻ ഈ വിഷയത്തിൽ മുൻപ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. കൊച്ചിക്ക് പുറത്ത് പുതിയ കാർഷിക ജില്ല രൂപവത്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൂവാറ്റുപുഴ ജില്ല രൂപീകരണത്തിനായി 1982ൽ ബാബു പോൾ കമ്മിഷനെ കെ കരുണാകരൻ സർക്കാർ നിയോഗിച്ചിരുന്നതായി ജോസഫ് വാഴക്കൻ ഇടിവി ഭാരതിനോട് വ്യക്തമാക്കി. കാർഷിക ജില്ലയെന്ന ആവശ്യവുമായി മുന്നോട്ടു പോകുമെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്.

കേരളത്തിലെ ജില്ലകളുടെ രൂപീകരണ ചരിത്രം
ഐക്യ കേരളം രൂപം കൊള്ളുമ്പോൾ സംസ്ഥാനത്ത് ആകെയുണ്ടായിരുന്നത് അഞ്ച് ജില്ലകളായിരുന്നു. മലബാർ, തൃശൂർ, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവയായിരുന്നു അവ. 1957 ജനുവരി ഒന്നിന് മലബാർ ജില്ല വിഭജിച്ച് മൂന്നാക്കി. ഇതിലൂടെ കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകൾ രൂപം കൊണ്ടു. എട്ടാമത്തെ ജില്ലയായി ആലപ്പുഴ രൂപം കൊണ്ടത് അതേ വർഷം ഓഗസ്റ്റ് 17നായിരുന്നു. തൊട്ടടുത്ത വർഷം 1958 ഏപ്രിൽ ഒന്നിന് എറണാകുളം ജില്ല പിറവിയെടുത്തു. കേരളത്തിലെ പത്താമത്തെ ജില്ലയായി മലപ്പുറം നിലവിൽ വന്നത് വലിയ രാഷ്ട്രീയ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു.
ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരാണ് 1969 ജൂൺ 16ന് മലപ്പുറം ജില്ല പ്രഖ്യാപിച്ചത്. കോഴിക്കോട്, പാലക്കാട് ജില്ലകളുടെ ഭാഗങ്ങൾ ചേർത്തുകൊണ്ടായിരുന്നു മലപ്പുറം രൂപീകരിച്ചത്. ദ്വിരാഷ്ട്ര വാദത്തിൻ്റെ ജാരസന്തതി എന്നായിരുന്നു ജില്ലാ രൂപീകരണത്തോട് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസിൻ്റെയും ജനസംഘത്തിൻ്റെയും പ്രതികരണം. ഇഎംഎസ് മന്ത്രിസഭയെ പിന്തുണച്ച് അധികാരത്തിലേറാൻ സഹായിച്ചതിനുള്ള പ്രത്യുപകാരമായി മുസ്‌ലിം ലീഗിന് സമ്മാനിച്ചതാണ് മലപ്പുറം ജില്ലയെന്നും അന്ന് ആക്ഷേപമുയർന്നു. കേരള ഗാന്ധി കെ കേളപ്പൻ്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ വിരുദ്ധ പ്രക്ഷോഭവും ഊർജിതമായി നടന്നിരുന്നു. പിന്നീട് 1972ൽ റിപ്പബ്ലിക് ദിനത്തിൽ ഇടുക്കി ജില്ലയും 1980 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ വയനാട് ജില്ലയും നിലവിൽ വന്നു. 1982ലെ കേരളപ്പിറവി ദിനത്തിൽ പത്തനംതിട്ട ജില്ലയും 1984 മെയ് 24ന് കാസർകോട് ജില്ലയും പ്രഖ്യാപിക്കപ്പെട്ടതോടെ സംസ്ഥാനത്ത് പതിനാല് ജില്ലകളായി.
ജില്ലാ രൂപീകരണ നടപടിക്രമങ്ങൾ
പുതുതായി ഒരു ജില്ല രൂപീകരിക്കുന്നതിന് പൂർണ അധികാരം സംസ്ഥാന സർക്കാരുകൾക്കാണ്. എക്സിക്യൂട്ടീവ് ഓർഡറുകളിലൂടെയാണ് പല സംസ്ഥാനങ്ങളും ഇത് സാധിക്കുന്നത്. അതിനും ചില നടപടിക്രമങ്ങളുണ്ട്. ജനസംഖ്യ, വിസ്തൃതി, ഭൗമപരമായ സൗകര്യങ്ങൾ, ഭൂമിശാസ്ത്രപരമായ അതിരുകൾ എന്നിവ കാണിച്ചുകൊണ്ട് പുതിയ ജില്ല രൂപീകരിക്കുന്നതിനുള്ള കരട് നിർദേശം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കണം. പിന്നീട് പൊതുജനങ്ങൾക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ സമയം അനുവദിക്കണം. ഇതൊക്കെ പരിഗണിച്ച ശേഷം അന്തിമ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് പതിവ്.
ജില്ലാ രൂപീകരണത്തിൻ്റെ പരിമിതികൾ
ഉയർന്ന സാമ്പത്തിക ബാധ്യതയാണ് ഇതിൽ പ്രധാനം. പുതിയ ജില്ലാ ആസ്ഥാനങ്ങൾ, കലക്ടറേറ്റ്, കോടതികൾ, പൊലീസ് സ്റ്റേഷനുകൾ, മറ്റ് സർക്കാർ ഓഫിസുകൾ എന്നിവ നിർമിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വൻതോതിൽ ഫണ്ട് ആവശ്യമാണ്. പുതിയ വില്ലേജുകൾ, താലൂക്കുകൾ, മണ്ഡലങ്ങൾ എന്നിവ പുനക്രമീകരിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഭരണപരമായ സങ്കീർണതകൾ സൃഷ്ടിക്കും. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതും നിലവിലുള്ള ജീവനക്കാരെ പുനർവിന്യസിക്കുന്നതും ഭരണപരമായ തടസങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പുതിയ ജില്ലകളുടെ അതിർത്തി നിശ്ചയിക്കുന്നതിലും ആസ്ഥാനം കണ്ടെത്തുന്നതിലും രാഷ്ട്രീയവും പ്രാദേശികവുമായ തർക്കങ്ങൾ ഉയർന്നുവരാനും ഇടയുണ്ട്. കേരളത്തിലെ പ്രത്യേക ഭൂപ്രകൃതിയിൽ പുതിയ ജില്ലകൾ രൂപീകരിക്കുമ്പോൾ വിഭവങ്ങളുടെ തുല്യമായ വിതരണം ഉറപ്പാക്കുന്നതിലും വലിയ വെല്ലുവിളികളുണ്ട്.
മറ്റ് സംസ്ഥാനങ്ങളിലെ ജില്ലാ രൂപീകരണം
കഴിഞ്ഞ 15 വർഷത്തിനുള്ളിൽ രാജ്യത്തുണ്ടായത് എഴുപതിലധികം പുതിയ ജില്ലകളാണ്. 2014ൽ തെലങ്കാന രൂപീകരിക്കപ്പെട്ടശേഷം ആന്ധ്ര സംസ്ഥാനത്ത് 13 ജില്ലകളാണുണ്ടായിരുന്നത്. സംസ്ഥാന രൂപീകരണത്തിന് ശേഷം അവർ 13 ജില്ലകളെ 26 ജില്ലകളാക്കി പുനർനിർണയിച്ചു. തെലങ്കാനയാകട്ടെ 10 ജില്ലകളുണ്ടായിരുന്നതിനെ 33 ജില്ലകളായാണ് പുനർനിർണയിച്ചത്. രാജസ്ഥാനിൽ 2023ൽ അശോക് ഗെഹ്‌ലോട്ട് സർക്കാർ 19 പുതിയ ജില്ലകളാണ് രൂപീകരിച്ചത്. തമിഴ്‌നാട്ടിൽ എഐഎഡിഎംകെ സർക്കാർ 2006 മുതൽ 2016 വരെയുള്ള തങ്ങളുടെ ഭരണത്തിൽ ആറ് പുതിയ ജില്ലകളാണ് രൂപീകരിച്ചത്. ഇപ്പോൾ അധികാരത്തിലുള്ള ഡിഎംകെ സർക്കാരാകട്ടെ ഏഴ് പുതിയ ജില്ലകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൻ്റെ രൂപീകരണ പ്രക്രിയകൾ നടന്നുവരികയാണ്.
Also Read:- "ഇതല്ലേ കളി..."; ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച പെർഫോമൻസെന്ന് സഞ്ജുവിൻ്റെ പിതാവ് വിശ്വനാഥ് സാംസൺ

