തിമിർത്തു പെയ്തിട്ടും കണക്കിൽ പിന്നിൽ; കേരളത്തിൽ ഇത്തവണ ലഭിച്ചത് 22% കുറവ് മഴ
സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. ഇവിടെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് പെയ്തത്.

Published : September 1, 2026 at 11:03 AM IST
കാസർകോട്: സംസ്ഥാനത്ത് ഇത്തവണ കാലവർഷത്തിൽ വലിയ കുറവ്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ ലഭിക്കേണ്ട മഴയിൽ 22 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്. ലക്ഷദ്വീപിലും സമാനമായ സാഹചര്യമാണ് ഉള്ളത്. അവിടെ 26 ശതമാനം മഴയുടെ കുറവുണ്ടായി.
ഏറ്റവും കുറവ് വയനാട്ടിൽ
സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. ഇവിടെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് പെയ്തത്. 2200.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1090.1 മില്ലിമീറ്റർ മഴ മാത്രമാണ് വയനാട്ടിൽ ലഭിച്ചത്. കാർഷിക മേഖലയെ അടക്കം ഇത് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇടുക്കിയിലും കൊല്ലത്തും മഴ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇടുക്കിയിൽ 44 ശതമാനത്തിൻ്റെ കുറവ് രേഖപ്പെടുത്തിയപ്പോൾ കൊല്ലത്ത് 30 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. അണക്കെട്ടുകളിലെ ജലനിരപ്പിനെയും വൈദ്യുതി ഉത്പാദനത്തെയും ഈ കുറവ് ബാധിച്ചേക്കാം.
അതേസമയം കണ്ണൂർ, എറണാകുളം, കാസർകോട്, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ലഭിക്കേണ്ട മഴയിൽ ചെറിയ കുറവ് മാത്രമേ വന്നിട്ടുള്ളൂ. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറഞ്ഞ വ്യത്യാസമുള്ളത്. ഇവിടെ ഒരു ശതമാനത്തിൻ്റെ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. മാഹിയിൽ 15 ശതമാനം കുറവ് രേഖപ്പെടുത്തി.
മഴ മുന്നറിയിപ്പുകളില്ല
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴ ലഭിച്ചിരുന്നു. തിരുവോണം വരെ ഈ മഴ നീണ്ടുനിന്നു. എന്നാൽ സെപ്റ്റംബർ മാസത്തിൽ കേരളത്തിൽ സാധാരണയേക്കാൾ കുറവ് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ നിഗമനം. വരും ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. അടുത്ത അഞ്ച് ദിവസം കേരളത്തിൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ നൽകിയിട്ടില്ല.
ജില്ല തിരിച്ചുളള മഴയുടെ കണക്കുകൾ (പ്രതീക്ഷിച്ച മഴ, ലഭിച്ച മഴ, കുറവ് എന്ന ക്രമത്തിൽ):
ആലപ്പുഴ ജില്ലയിൽ 1370.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1031.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത് (25 ശതമാനം കുറവ്). കണ്ണൂരിൽ 1370.7 മില്ലിമീറ്റർ പ്രതീക്ഷിച്ചപ്പോൾ 1031.7 മില്ലിമീറ്റർ പെയ്തു (7 ശതമാനം കുറവ്). എറണാകുളത്ത് 1796.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1454 മില്ലിമീറ്റർ ലഭിച്ചു (19 ശതമാനം കുറവ്). ഇടുക്കിയിൽ 2203.3 മില്ലിമീറ്റർ പ്രതീക്ഷിച്ചെങ്കിലും 1239.2 മില്ലിമീറ്റർ മാത്രമാണ് പെയ്തത് (44 ശതമാനം കുറവ്).
കാസർകോട് ജില്ലയിൽ 2576.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 2254.8 മില്ലിമീറ്റർ ലഭിച്ചു (12 ശതമാനം കുറവ്). കൊല്ലത്ത് 1031 മില്ലിമീറ്റർ പ്രതീക്ഷിച്ചപ്പോൾ 719.6 മില്ലിമീറ്റർ പെയ്തു (30 ശതമാനം കുറവ്). കോട്ടയത്ത് 1610.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1515.5 മില്ലിമീറ്റർ ലഭിച്ചു (6 ശതമാനം കുറവ്). കോഴിക്കോട് ജില്ലയിൽ 2273.2 മില്ലിമീറ്റർ പ്രതീക്ഷിച്ചെങ്കിലും 2023.6 മില്ലിമീറ്റർ മാത്രമാണ് പെയ്തത് (11 ശതമാനം കുറവ്). മലപ്പുറത്ത് 1702.3 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1369.1 മില്ലിമീറ്റർ ലഭിച്ചു (20 ശതമാനം കുറവ്).
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാലക്കാട് ജില്ലയിൽ 1349.2 മില്ലിമീറ്റർ പ്രതീക്ഷിച്ചപ്പോൾ 1037.1 മില്ലിമീറ്റർ പെയ്തു (23 ശതമാനം കുറവ്). പത്തനംതിട്ടയിൽ 1321.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1293.3 മില്ലിമീറ്റർ ലഭിച്ചു (2 ശതമാനം കുറവ്). തിരുവനന്തപുരത്ത് 666.3 മില്ലിമീറ്റർ പ്രതീക്ഷിച്ചെങ്കിലും 661.6 മില്ലിമീറ്റർ പെയ്തു (1 ശതമാനം കുറവ്). തൃശൂർ ജില്ലയിൽ 1838.3 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1425.2 മില്ലിമീറ്റർ ലഭിച്ചു (22 ശതമാനം കുറവ്). വയനാട്ടിൽ 2200.9 മില്ലിമീറ്റർ പ്രതീക്ഷിച്ചപ്പോൾ 1090.1 മില്ലിമീറ്റർ പെയ്തു (50 ശതമാനം കുറവ്). മാഹിയിൽ 2128 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1806 മില്ലിമീറ്റർ ലഭിച്ചു (15 ശതമാനം കുറവ്).
Also Read:- തിരുവനന്തപുരം വിമാനത്താവള വികസനത്തിന് പരിസ്ഥിതി അനുമതി; 18,707 കോടിയുടെ പദ്ധതിക്ക് വഴിയൊരുങ്ങുന്നു

