ETV Bharat / state

വർണക്കുടകളില്ല, മഴയുമില്ല: സ്കൂൾ തുറന്നു, സംസ്ഥാനത്ത് കാലവർഷം ജൂൺ അഞ്ചിനകം എത്തും

ജൂൺ 3, 4 തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

KERALA WEATHER  METEOROLOGICAL DEPARTMENT  FORECAST FOR THE MONSOON  SAFETY PRECUATIONS
Representational image (Getty image)
author img

By ETV Bharat Kerala Team

Published : June 1, 2026 at 11:16 AM IST

2 Min Read
Choose ETV Bharat

കാസർകോട്: "ഇടവപ്പാതി കഴിഞ്ഞിട്ടും മഴ പെയ്യാത്തതെന്തെടോ?കോരപ്പുറത്തു കോന്തുണ്ണി പല്ലുതേക്കാത്ത കാരണം!"

കുഞ്ഞുണ്ണിമാഷിൻ്റെ മഴമൊഴിക്കവിതകളെ ഓർമിപ്പിക്കുന്നതാണ് നിലവിലെ കേരളത്തിലെ കാലാവസ്ഥ. വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നെങ്കിലും ഇത്തവണ വിദ്യാർഥികളെ വരവേൽക്കാൻ കാലവർഷം എത്തിയില്ല. ജൂൺ അഞ്ചിന് മുൻപ് കാലവർഷം കേരളത്തിൽ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പുതിയ പ്രവചനം.

പതിവിന് വിപരീതമായി മഴയേൽക്കാതെയാണ് കുട്ടികൾ ഇത്തവണ സ്കൂളുകളിൽ എത്തിയത്. തിമിർത്തു പെയ്യുന്ന മഴയിൽ വർണക്കുടകളും ചൂടി സ്കൂളിലേക്ക് പോകുന്നതാണ് പൊതുവെ കേരളത്തിൻ്റെ ശീലം. എന്നാൽ മഴ വൈകിയതോടെ കുടകൾ ഇല്ലാതെയാണ് വിദ്യാർഥികൾ ആദ്യ ദിനങ്ങളിൽ വിദ്യാലയങ്ങളിലേക്ക് എത്തിയത്.

കഴിഞ്ഞ അധ്യയന വർഷത്തിൽ നേരത്തെ എത്തിയ മഴ കുട്ടികളെ ആദ്യദിനം തന്നെ നനച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് തെക്ക് മുതൽ വടക്ക് വരെ തെളിഞ്ഞ അന്തരീക്ഷമാണുള്ളത്. ലക്ഷദ്വീപിന് മുകളിലെ ചക്രവാതച്ചുഴി നീങ്ങുന്നതോടെ കാലവർഷം കേരളം തൊടും. ഇതോടെ അറബിക്കടലിൻ്റെയും ബംഗാൾ ഉൾക്കടലിൻ്റെയും കൂടുതൽ ഭാഗങ്ങളിലേക്ക് മഴ വ്യാപിക്കും.

ഓറഞ്ച്, യെല്ലോ അലർട്ടുകൾ
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് പ്രകാരം വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. വിവിധ ജില്ലകളിൽ സർക്കാരും കാലാവസ്ഥ വകുപ്പും ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും അധികൃതർ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. മറ്റ് ഉയർന്ന ജില്ലകളിൽ യെല്ലോ അലർട്ടാണ്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതാണ് യെല്ലോ അലർട്ട്. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ തീരദേശ വാസികളും ജാഗ്രത പാലിക്കണം.

ഡാമുകളിലും പുഴകളിലും ജലനിരപ്പ് ഉയർന്നാൽ അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത്. അപകട മേഖലകളിൽ താമസിക്കുന്നവരെ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. സ്കൂളുകൾ പ്രവർത്തനമാരംഭിച്ചതിനാൽ വിദ്യാർഥികളുടെ യാത്രയ്ക്കും പ്രത്യേക സുരക്ഷ ഒരുക്കേണ്ടതുണ്ട്. മരങ്ങളുടെ ചുവട്ടിലും അപകടാവസ്ഥയിലുള്ള ബോർഡുകൾക്ക് താഴെയും നിൽക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നൽ സമയത്ത് സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ പ്രവേശിക്കാനും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനും ശ്രദ്ധിക്കണം. സംസ്ഥാനത്ത് ദുരന്ത പ്രതികരണ സേനയെ ഇതിനകം സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നിയന്ത്രിക്കാൻ കാസർകോട് ഉൾപ്പെടെ സംസ്ഥാനത്തെ മുഴവൻ താലൂക്ക് തലത്തിലും കൺട്രോൾ റൂമുകൾ പൂർണ സജ്ജമാക്കി.

Also read:കേരളത്തെ "തൊടാൻ" കാലവർഷം; കനത്ത മഴയും ശക്തമായ ചക്രവാതച്ചുഴിയും, ഈ ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്