ശബരിമല: വലിയ വാഹനങ്ങൾ പമ്പയിലേക്ക് നേരിട്ട് വിടാൻ ആലോചന; നിലയ്‌ക്കലിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ മന്ത്രിയുടെ നിർദേശം
ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനകാലം പൂര്‍ണമായും പരാതി രഹിതമായിരിക്കണമെന്നും മുന്‍വര്‍ഷത്തെ പാളിച്ചകള്‍ ഒരു കാരണവശാലും ആവര്‍ത്തിക്കരുതെന്നും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി.

Published : July 9, 2026 at 5:26 PM IST
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തിനെത്തുന്ന വലിയ വാഹനങ്ങളെ നിലക്കലില്‍ തടയാതെ പമ്പയിലേക്ക് നേരിട്ട് കടത്തിവിടുന്ന കാര്യം പൊലീസും ദേവസ്വം ബോര്‍ഡും ആലോചിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന് ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി. വലിയ വാഹനങ്ങള്‍ ബുക്ക് ചെയ്ത് വരുന്ന തീര്‍ത്ഥാടകരെ നിലയ്‌ക്കലില്‍ ഇറക്കിവിടുന്നത് മൂലം അവര്‍ക്ക് അധിക സാമ്പത്തിക ബാധ്യതയും വലിയ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ശബരിമല തീര്‍ഥാടന അവലോകനയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനകാലം പൂര്‍ണമായും പരാതി രഹിതമായിരിക്കണമെന്നും മുന്‍വര്‍ഷത്തെ പാളിച്ചകള്‍ ഒരു കാരണവശാലും ആവര്‍ത്തിക്കരുതെന്നും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. തീര്‍ത്ഥാടനത്തിനായി വളരെ നേരത്തെ തന്നെ കൃത്യമായ മുന്നൊരുക്കങ്ങള്‍ ആരംഭിക്കണം. അയ്യപ്പന്‍മാര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതില്‍ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ല. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തിന്‍റെ ആദ്യ ആഴ്ചയിലുണ്ടായതു പോലെയുള്ള അമിത തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ചില തീര്‍ത്ഥാടകര്‍ക്ക് പന്തളത്ത് യാത്ര അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യം ഇത്തവണ ഒഴിവാക്കണം.
ശബരിമല തീര്‍ഥാടനത്തിന്‍റെ പൂര്‍ണ ചുമതല ദേവസ്വം ബോര്‍ഡിനാണെങ്കിലും ഇതില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ ഉത്തരവാദിത്തമുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഭക്തര്‍ ഇത്തവണ എത്താന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉടന്‍ തന്നെ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
തീര്‍ഥാടനത്തിന് മുമ്പ് തന്നെ തീര്‍ഥാടന മേഖലകളിലെ റോഡുകള്‍ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തി സജ്ജമാക്കണം. ആവശ്യത്തിന് ബസ് സര്‍വീസുകള്‍ ലഭ്യമാക്കുന്നതിനായി ഗതാഗത മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പൂര്‍ണ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി യോഗത്തെ അറിയിച്ചു. തീര്‍ഥാടന മേഖലകളിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ എം.എല്‍.എമാര്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകുമെന്നും മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. തീര്‍ത്ഥാടനകാലത്തിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരം ഒരു അവലോകനയോഗം വിളിച്ചുചേര്‍ത്ത മന്ത്രിയെ യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എമാര്‍ അഭിനന്ദിച്ചു.
ആന്‍റോ ആന്‍റണി എം.പി, എം.എല്‍.എ മാരായ അബിന്‍ വര്‍ക്കി, പഴകുളം മധു, എം.ജെ.സെബാസ്റ്റ്യന്‍, സി.വി.ശാന്തകുമാര്‍, കെ.യു.ജെനിഷ് കുമാര്‍, വര്‍ഗീസ് മാമന്‍, ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍, അംഗം കെ.രാജു, പത്തനംതിട്ട കളക്ടര്‍ എ നിസാമുദ്ദീന്‍, പത്തനംതിട്ട പൊലീസ് സൂപ്രണ്ട് ആര്‍.ആനന്ദ്, പന്തളം കൊട്ടാരം പ്രതിനിധി പ്രദീപം കുമാര്‍ വര്‍മ്മ, ദേവസ്വം കമ്മീഷണര്‍ ബി.സുനില്‍കുമാര്‍, ചീഫ് എന്‍ജിനിയര്‍ രഞ്ജിത്ത് ശേഖര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ.ബി.ബിജു തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.
Also Read: സത്യപ്രതിജ്ഞയ്ക്കായി ആര്‍. സുഗതന് ഇടക്കാല ജാമ്യം; പുറത്തിറങ്ങാന്‍ ഹൈക്കോടതി അനുവദിക്കണം

