ETV Bharat / state

400 കോടി എവിടെ നിന്ന്? ഡോക്‌ടര്‍മാരുടെ സമരത്തില്‍ സർക്കാര്‍ വെട്ടില്‍, നാളെ നിര്‍ണായക ചര്‍ച്ച

ഒ.പി ബഹിഷ്‌കരണ സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ മെഡിക്കൽ കോളജുകളിലെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെച്ചിട്ട് ഒരാഴ്ച പിന്നിട്ടു.

MEDICAL COLLEGE  DOCTORS STRIKE  HEALTH  HEALTHCARE
Medical College Doctors Strike (ETV Bharat)
author img

By ETV Bharat Kerala Team

Published : February 25, 2026 at 12:45 PM IST

3 Min Read
Choose ETV Bharat

സി എസ് സിദ്ധാര്‍ത്ഥന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ കഴിഞ്ഞ പത്തു ദിവസമായി നടത്തുന്ന ഒ.പി ബഹിഷ്‌കരണ സമരത്തിന് പിന്നിലെ പ്രധാന കാരണം നാലുവർഷത്തെയും ഒൻപതു മാസത്തെയും പരിഷ്‌കരിച്ച ശമ്പളക്കുടിശികയാണ്. സർക്കാരിന് ഇതിനായി ഏകദേശം 400 കോടിയോളം രൂപയാണ് വേണ്ടിവരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ തുക അടിയന്തരമായി അനുവദിക്കാനാകില്ലെന്ന സമീപനമാണ് സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ, ആരോഗ്യ മന്ത്രി വീണ ജോർജും ധനമന്ത്രി കെ.എൻ ബാലഗോപാലും പ്രശ്‌നപരിഹാരത്തിനായി നാളെ (വ്യാഴാഴ്ച) സമരക്കാരുമായി ചർച്ച നടത്തും. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.

യു.ജി.സി ചട്ടക്കൂടിൽ സംസ്ഥാന സർക്കാർ ശമ്പളം നൽകുന്ന ഡോക്ടർമാരുടെ ശമ്പള പരിഷ്‌കരണം പത്തു വർഷത്തിലൊരിക്കലാണ് നടക്കുന്നത്. 2016-ൽ തീരുമാനിച്ച ശമ്പള പരിഷ്‌കരണം 2020-ലാണ് മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കിയത്. അപ്പോഴുണ്ടായ നാലുവർഷത്തെയും ഒൻപത് മാസത്തെയും കുടിശിക ഇതുവരെ നൽകിയിട്ടില്ല. കുടിശിക ആവശ്യപ്പെട്ട് 2021 ജനുവരിയിൽ കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) സമരത്തിനിറങ്ങിയിരുന്നു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ കുടിശിക വിഷയം അടിയന്തരമായി പരിഹരിക്കാമെന്ന് ഉറപ്പു നൽകി ഉത്തരവിറക്കിയെങ്കിലും വാഗ്ദാനം പാലിക്കപ്പെട്ടില്ല. 2021-ൽ പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആ ഉത്തരവ് മരവിപ്പിച്ചു.

2024-ൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുകയും 2019 മുതൽ മുൻകാല പ്രാബല്യത്തോടെ അത് നൽകുകയും ചെയ്തു. എന്നാൽ, ഡോക്ടർമാർക്ക് കുടിശിക നൽകാതിരുന്നത് വീണ്ടും ചർച്ചയായി. അതോടെയാണ് മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ വീണ്ടും സമരത്തിനിറങ്ങാൻ തീരുമാനിച്ചത്. പ്രവേശന തസ്തികയിലെ ശമ്പള അപാകതകൾ പരിഹരിക്കുകയെന്നതാണ് ഡോക്ടർമാരുടെ മറ്റൊരു ആവശ്യം. നിർത്തലാക്കിയ കോമ്പൗണ്ട് ഇൻക്രിമെന്‍റിന് പകരം സ്‌പെഷ്യൽ അലവൻസ് നൽകാമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പു നൽകിയിട്ടുണ്ട്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി മെഡിക്കൽ കോളജുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിലും സർക്കാർ പരിഹാരം കണ്ടിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ജോബി ജോൺ ഇ ടിവി ഭാരതിനോട് പറഞ്ഞു.

സംസ്ഥാന സർക്കാർ 1958 ലാണ് ആദ്യ ശമ്പള പരിഷ്‌കരണ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി പരിശോധിച്ചശേഷം വിവിധ വകുപ്പുകളിൽ ശമ്പളം പരിഷ്‌കരിച്ചു. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്ക് അസി. സർജൻ ആയിരുന്നു പ്രവേശന തസ്തിക. കുടാതെ സിവിൽ സർജൻ 1,2 ഗ്രേഡുകളും സ്‌പെഷ്യാലിറ്റി മൂന്ന് ഗ്രേഡുകളുമാണ് പ്രധാനമായും നിലവിലുണ്ടായിരുന്നത്. ഇപ്പോഴും, സിവിൽ സർജൻ, അസി. സർജൻ തസ്തികകൾ അതേപടി നിലവിലുണ്ട്. എന്നാൽ, സ്‌പെഷ്യാലിറ്റി തസ്തിക മൂന്നുതലങ്ങളിലുള്ള കൺസൾട്ടൻ്‌റ് തസ്തികകളിലേക്ക് മാറി.

1958 ൽ ആദ്യ പരിഷ്‌കരണത്തിന് ശേഷമുള്ള ശമ്പളം

സിവിൽ സർജൻ 1 ഗ്രേഡ്്- 450-750--- 500-800

സിവിൽ സർജൻ 2 ഗ്രേഡ്- 300-500--- 350-600

അസി. സർജൻ 150-300--- 200-400

സ്‌പെഷ്യലിസ്റ്റ് 1 ഗ്രേഡ്- 450-750--- 500-800

സ്‌പെഷ്യലിസ്റ്റ് 2 ഗ്രേഡ്- 300-500--- 350-600

സ്‌പെഷ്യലിസ്റ്റ് 3 ഗ്രേഡ്- 150-300--- 150-350

2021 ൽ അവസാന പരിഷ്‌കരണത്തിന് ശേഷമുള്ള ശമ്പളം

സിവിൽ സർജൻ (എച്ച്.ജി)- 85,000- 1,17,600--- 1,18,100- 1,63,400

സിവിൽ സർജൻ- 68700- 1,10,400--- 95600- 1,53,200

അസി. സർജൻ 45,800- 89,000--- 63,700- 1,23,700

ചീഫ് കൺസൾട്ടന്‍റ് (സ്‌പെഷ്യാലിറ്റി)- 89,000-1,20,000--- 1,23,700- 1,66,800

സീനിയർ കൺസൾട്ടന്‍റ് - 85,000--- 1,17,600--- 1,18,100- 1,63,400

കൺസൾട്ടന്‍റ് - 68,700- 1,10,400--- 95,600- 1,53,200

സംസ്ഥാനത്ത് ഏറ്റവും ഒടുവിലായി ആരംഭിച്ച കോന്നി, വയനാട്, കാസർകോട്, ഇടുക്കി സർക്കാർ മെഡിക്കൽ കോളജുകളിൽ 288 സ്‌പെഷ്യാലിറ്റി തസ്തികകളാണ് ആവശ്യമുള്ളത്. എന്നാൽ, നിലവിലുള്ളത് 44 എണ്ണം മാത്രമാണ്. മറ്റ് മെഡിക്കൽ കോളജുകളിൽ നിന്നും മാനദണ്ഡങ്ങൾ പാലിക്കാതെ ഡോക്ടർമാരെ സ്ഥലം മാറ്റുകയാണെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്‍റ് ഡോ. ടി. റോസ്‌നാരാ ബീഗം ഇ ടിവി ഭാരതിനോട് വ്യക്തമാക്കി. നാഷണൽ മെഡിക്കൽ കൗൺസിലിന്‍റെ പരിശോധനകൾ വരുമ്പോഴാണ് എണ്ണം തികയ്ക്കാനായി ഇത്തരത്തിൽ സ്ഥലംമാറ്റങ്ങൾ നടത്തുന്നത്. ശമ്പളം യു.ജി.സി സ്‌കെയിലിലാണെങ്കിലും പെൻഷൻ സംസ്ഥാന സർക്കാർ തലത്തിലുള്ളതാണെന്നതിലെ അപാകത പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഒ.പി ബഹിഷ്‌കരണ സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ മെഡിക്കൽ കോളജുകളിലെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെച്ചിട്ട് ഒരാഴ്ച പിന്നിട്ടു. ഡോക്ടർമാരുമായി നേരത്തെ നടന്ന ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് ധനമന്ത്രി കൂടി നാളെ ചർച്ചയിൽ പങ്കെടുക്കുന്നത്. എല്ലാ വിഷയങ്ങളിലും പരിഹാരം കാണുന്നതുവരെ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാനാണ് ഡോക്ടർമാരുടെ തീരുമാനം. നിലവിൽ പി.ജി ഡോക്ടർമാർ മാത്രമാണ് ഒ.പി വിഭാഗത്തിൽ സേവനം നൽകുന്നത്. അടിയന്തര ശസ്ത്രക്രിയകളും തീവ്രപരിചരണ വിഭാഗത്തിലെ സേവനങ്ങളും തടസമില്ലാതെ തുടരുന്നുണ്ട്.

Also Read: ഡാറ്റ ചോർത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ആവശ്യപ്രകാരം; നിർണായക കത്ത് പുറത്തുവിട്ട് രമേശ് ചെന്നിത്തല