വനം തിന്നുന്ന കാട്ടുതീ; അഞ്ച് വർഷത്തിനിടെ കേരളത്തിൽ നശിച്ചത് 2758 ഹെക്‌ടർ
അഞ്ച് വർഷത്തിനിടെ കേരളത്തിൽ കാട്ടുതീ മൂലം 2758 ഹെക്ടർ വനം നശിച്ചു. സൈലൻ്റ് വാലിയിലെ അപൂർവ ജൈവവൈവിധ്യത്തിനും വൻ ഭീഷണിയാണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. വനംവകുപ്പ് റിപ്പോർട്ടുകൾ മൂന്ന് വർഷമായി മുടങ്ങിയിരിക്കുകയാണ്

Published : February 26, 2026 at 6:00 PM IST
അരവിന്ദ് ബാബു
തിരുവനന്തപുരം: ഫെബ്രുവരി പതിനാല് ശനിയാഴ്‌ച. പത്തനംതിട്ട റാന്നി ഫോറസ്റ്റ് ഡിവിഷനിലെ രാജാം പാറ ഫോറസ്റ്റ് സ്റ്റേഷന്‍. അള്ളുങ്കല്‍ വന മേഖലയില്‍ കാട്ടില്‍ പുക ഉയരുന്നതായി വന പാലകര്‍ക്ക് വിവരം ലഭിക്കുന്നു. ഏറെ വൈകിയില്ല കാട്ടു തീ പടര്‍ന്നു പിടിച്ചു. കോട്ടമണ്‍പാറയിലും അള്ളുങ്കലിലുമായി കാട്ടു തീയില്‍ കത്തിയെരിഞ്ഞത് ഏക്കര്‍ കണക്കിന് വനമായിരുന്നു. അടിക്കാടുകള്‍ക്കൊപ്പം വന്‍ മരങ്ങളും കത്തിച്ചാമ്പലായി. മാനും കുരങ്ങും മലയണ്ണാനും അടക്കമുള്ള വന്യ ജീവികള്‍ പലായനം ചെയ്തു. ജനവാസമേഖല വരെ എത്തിയ തീ ഫയര്‍ലൈന്‍ തെളിച്ച് നിയന്ത്രിച്ചു നിര്‍ത്താനായെങ്കിലും അപ്പോഴേക്കും മൂന്ന് ദിവസം കഴിഞ്ഞിരുന്നു.
ഉത്തര കേരളമെന്നോ ദക്ഷിണ കേരളമെന്നോ വ്യത്യാസമില്ലാതെ കേരളത്തിലാകെ വന മേഖലയില്‍ കാട്ടു തീ ഭീഷണി നിലനില്‍ക്കുകയാണ് ഈ വേനല്‍ക്കാലത്ത്.ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ കത്തിച്ചാമ്പലായത് 700 ഏക്കറിലെ വനമാണ്. വിവരാവകാശ പ്രകാരം ലഭിക്കുന്ന കണക്കുകള്‍ കേരളത്തില്‍ കാട്ടു തീ കാരണം നഷ്ടമാകുന്ന വനത്തിന്‍റെ വ്യാപ്തി എത്ര വലുതാണെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ 2758 ഹെക്ടർ വനഭൂമി കാട്ടുതീയിൽ നശിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
അഞ്ച് വർഷത്തെ കണക്കുകൾ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിലെ വനമേഖലയിൽ കാട്ടുതീ മൂലം ഉണ്ടായത് വൻ നാശനഷ്ടങ്ങളെന്ന് വിവരാവകാശ രേഖകൾ. 2021 മുതൽ ഇക്കഴിഞ്ഞ വർഷം വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 2758 ഹെക്‌ടർ വനഭൂമിയാണ് അഗ്നിക്കിരയായത്. കാസർകോട് ഉർദൂർ സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ മുഹമ്മദ്ദ് അഷറഫിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
2021ൽ കാട്ടതീ മൂലം 448 ഹെക്ടർ വനം നശിച്ചുവെങ്കിൽ 2022ൽ 308 ഹെക്ടറാണ് ഇല്ലാതായത്. 2023ൽ 457 ഇടങ്ങളിലാണ് കാട്ടുതീ വ്യാപിച്ചത്. 901 ഹെക്ടർ വനമാണ് ഇതിലൂടെ കത്തിനശിച്ചത്. 2024ൽ 568 ഹെക്ടറും ഇക്കഴിഞ്ഞ വർഷം 533 ഹെക്ടർ വനവും കത്തി നശിച്ചു. സംസ്ഥാനത്തെ പ്രധാന ദേശീയോദ്യാനങ്ങളിൽ ഒന്നായ സൈലൻ്റ് വാലിയിൽ മാത്രം 150 ഹെക്ടർ വനമാണ് കത്തി നശിച്ചത്. ആകെ 1203 ഇടങ്ങളിലാണ് കാട്ടുതീ അഞ്ച് വർഷത്തിനിടെ കണ്ടെത്തിയിട്ടുള്ളത്.
സൈലൻ്റ് വാലിയിൽ മാത്രം നശിച്ചത് 150 ഹെക്ടർ

ജൈവ വൈവിധ്യ പ്രധാന്യമുള്ള സൈലൻ്റ് വാലിയിൽ 2020-21 കാലയളവിൽ 17.70 ഹെക്ടർ വനമാണ് ഏഴിടങ്ങളിലായുള്ള കാട്ടുതീയിൽ നശിച്ചത്. 2021-22ൽ ആറിടങ്ങളിൽ കാട്ടുതീ പടർന്നപ്പോൾ 28.25 ഹെക്ടർ വനമില്ലാതായി. 2022-23 കാലയളവിലാണ് ഏറ്റവും കൂടുതൽ കാട്ടുതീ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 17 ഇടങ്ങളിൽ കാട്ടുതീ പടർന്നപ്പോൾ 74.55 ഹെക്ടർ വനം കത്തിനശിച്ചു. 2023-24ൽ മൂന്നിടങ്ങളിൽ മാത്രമാണ് കാട്ടു തീ കണ്ടെത്തിയത്. ഇതിൽ 13 ഹെക്ടർ വനമില്ലാതായി. ഇക്കഴിഞ്ഞ വർഷം കാട്ടുതീയിൽ വെന്തുരുകിയത് 16.45 ഹെക്ടർ വനമാണ്.
നിശബ്‌ധ താഴ്‌വരയുടെ പരിസ്ഥിതി പ്രാധാന്യം
ദേശീയോദ്യാനമായുള്ള പ്രഖ്യാപനത്തിനുശേഷമുള്ള ഓരോ വർഷം സൈലൻ്റ്‌വാലിയിൽ നിന്ന് ഓരോ വർഷവും ഓരോ പുതിയ ചെടികളെയെങ്കിലും കണ്ടെത്താറുണ്ട് എന്നത് പ്രദേശത്തിൻ്റെ പാരിസ്ഥിതിക പ്രാധാന്യത്തിനുള്ള പ്രധാന തെളിവാണ്. ശ്രീലങ്കയിൽ മാത്രം കണ്ടുവരുന്ന രണ്ടിനം ചെടികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയുള്ള തവളവായൻ കിളി(Ceylon Frogmouth) എന്ന അത്യപൂർവ പക്ഷിയും ശ്രീലങ്കയിലാണ് സാധാരണ കണ്ടുവരുന്നത്. ഭൂമിശാസ്ത്രപരമായ കണ്ടെത്തലുകളിലേക്ക് ഇവ നയിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. സൈലൻ്റ്‌വാലിയിൽ കണ്ടുവരുന്ന സിംഹവാലൻ കുരങ്ങ്(Lion-tailed macaque), കരിങ്കുരങ്ങ്(Nilgiri langur)എന്നിവയാകട്ടെ ഐയുസിഎൻ (International Union for Conservation of Nature -IUCN) ചുവന്ന പട്ടികയിൽ (RED LIST) വംശനാശോന്മുഖത്വം മൂലം സ്ഥാനം പിടിച്ചവയാണ്.
വളരെ പഴക്കമുള്ള വനങ്ങളായതിനാൽ തിരിച്ചറിയപ്പെട്ട ആയിരക്കണക്കിനു ജൈവജാലങ്ങൾക്കൊപ്പം തിരിച്ചറിയപ്പെടാത്തവയും ഇവിടെ ഉണ്ടാകാം എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. 1000 സസ്യവംശങ്ങളെ ഇവിടുത്തെ മലബാർ മഴക്കാടുകളിൽ കണ്ടെത്തിയിട്ടുണ്ട്. 966 ഇനം സസ്യങ്ങളും പുഷ്പിക്കുന്നവയാണ്. 108 ഇനം ഓർക്കിഡുകളും അവയിൽ പെടുന്നു.
170 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുള്ളവയിൽ 31 ഇനം ദേശാടകർ ആണെന്നാണ് അനുമാനം. 100 ഇനം ചിത്രശലഭങ്ങളേയും 400 ഇനം മറ്റു ശലഭങ്ങളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, കുട്ടിത്തേവാങ്ക്, കടുവ, പുള്ളിപ്പുലി, അരയൻ പൂച്ച, ചെറു വെരുക്, തവിടൻ വെരുക്, പാറാൻ, കരടി, മ്ലാവ്, കേഴ, പുള്ളിമാൻ, കൂരമാൻ, ആന മുതലായവയാണ് ഈ പ്രദേശത്തു കാണുന്ന പ്രധാന മൃഗങ്ങൾ. കുറുച്ചെവിയൻ മൂങ്ങ, തവളവായൻ കിളി, ഷഹീൻ പ്രാപ്പിടിയൻ, മലമുഴക്കി വേഴാമ്പൽ തുടങ്ങി ഒട്ടനവധി പക്ഷികളേയും ഇവിടെ കാണാം.
കാരണം
പല മേഖലകളിലും കരിയിലകൾ വീണടിയുന്നതും കത്തുന്ന പകൽചൂടും കാട്ടുതീ ഭീഷണിയുയർത്തുന്നുണ്ട്. സ്വാഭാവിക വനങ്ങളിൽ പച്ചപ്പ് നഷ്‌ടമായില്ലെങ്കിലും പകൽചൂട് അസഹ്യമായി മാറുകയാണ്. ഇക്കൊല്ലം വരൾച്ചയേറുമെന്നാണ് സൂചനകൾ. ഡിസംബർ മുതൽ ഫയർ സീസൺ ആരംഭിക്കുമെങ്കിലും വനമേഖലയിൽ കാര്യമായ കാട്ടുതീ പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടില്ല. പൊതുജന സാന്നിധ്യമുള്ള സ്ഥലങ്ങളിലും പാതയോരങ്ങളിലും ഫയർലൈൻ തീർക്കുന്നതും കാവൽ ശക്തമാക്കുന്നതും പതിവാണ്.
വനത്തിലൂടെ സഞ്ചരിക്കുന്നവരും കാലികളെ മേയ്ക്കാൻ പോകുന്നവരുമാണ് വനത്തിൽ കാട്ടുതീയുടെ സാധ്യതയുണ്ടാക്കുന്നത്. കാട്ടുതീ നിയന്ത്രിക്കാനും ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾക്ക് ദാഹമകറ്റാനും വനത്തിനുള്ളിലെ തോടുകളിൽ തടയണ നിർമാണം, ജലസംരക്ഷണം തുടങ്ങിയ പല പദ്ധതികളും വിവിധ സെക്ഷനുകളിൽ നടന്നുവരുന്നു. വരും ദിവസങ്ങളിൽ കാട്ടുതീ പ്രതിരോധ നടപടികൾ ശക്തമാക്കുമെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.
15 ദിവസത്തിനിടെ കത്തിയമർന്നത് 700 ഏക്കർ
ഇക്കഴിഞ്ഞ 15 ദിവസങ്ങൾക്കിടെ ഇടുക്കി പീരുമേട്ടിൽ 700 ഏക്കർ വനഭൂമിയാണ് കത്തിയമർന്നത്. കാട്ടുതീ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടു പീരുമേട് അഗ്‌നിരക്ഷാ ഓഫിസിലേക്ക് കഴിഞ്ഞ രണ്ടാഴ്ചയായി രാപകൽ വിളികൾ എത്തുന്നുണ്ടെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. വാഗമൺ, കോലാഹലമേട്, തങ്ങൾപ്പാറ, രാജമുടി, 57-ാം മൈൽ, പരുന്തുംപാറ, പാഞ്ചാലിമേട്, ചിന്നാർ, പള്ളിക്കുന്ന് തുടങ്ങി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വലിയ തോതിൽ കാട്ടുതീ നാശം വിതച്ചു. വനമേഖലയാണ് മഹാഭൂരിപക്ഷവും കത്തിനശിച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ചു കാട്ടുതീ ഇത്തവണ വളരെ നേരത്തേ തന്നെ വ്യാപകമായതാണ് ഇത്രയധികം വനഭൂമി കത്തിച്ചാമ്പലാകുന്നതിന് ഇടയാക്കിയിരിക്കുന്നത്. പകൽ 12 മുതൽ രാത്രി വൈകുന്നതു വരെയും അഗ്‌നിരക്ഷാ യൂണിറ്റിലെ അംഗങ്ങൾ വനമേഖലകളിലാണ്. ഇതിനിടെ ഒരേ സമയം പല കേന്ദ്രങ്ങളിൽ തീ പടരുന്നതു മൂലം എല്ലായിടങ്ങളിലും എത്താൻ അഗ്‌നിരക്ഷാ സേനയ്ക്കു കഴിയുന്നില്ല.
കാട്ടുതീ നിയന്ത്രണ - പ്രതിരോധ സംവിധാനമിങ്ങനെ
കാട്ടുതീ ഉണ്ടാകുവാൻ സാധ്യതയുള്ള പ്രദേശങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് ഇവയെ മൂന്നായി തരംതിരിക്കും. തീവ്ര സാധ്യത നിലനിൽക്കുന്ന നിലനിൽക്കുന്ന പ്രദേശം, താരതമ്യേന സാധ്യതയുള്ള പ്രദേശം, തീരെ സാധ്യത കുറഞ്ഞ പ്രദേശം എന്ന നിലയിലായിരിക്കും തരം തിരിവ് നടക്കുക. കാട്ടുതീ ഉണ്ടാകുന്നതിന് തീവ്രസാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിൽ തീപടരാൻ സാധ്യതയുള്ള ഉണങ്ങിപ്പോയവ അടക്കം കുറഞ്ഞതോതിൽ മുൻകൂർ കത്തിച്ച് നശിപ്പിക്കും. നിയന്ത്രിതമായുള്ള കത്തിക്കലും നടക്കും. കൂടുതൽ ഫയർ ലൈനുകൾ സൃഷ്ടിക്കുക, ഫയർവാച്ചറുമാരെ സുരക്ഷയ്ക്കായി നിരോധിക്കുക എന്നിവയും ചെയ്ത് വരുന്നു.
വനപ്രദേശങ്ങളിലെ നീരുറവകൾ വറ്റി പോകുന്നത് തടയാനും ജലലഭ്യത ഉറപ്പാക്കാനും ചെക്ക് ഡാമുകൾ നിർമിക്കുകയും ചെയ്യും. ഫയർ പട്രോളിങ് ശക്തമാക്കി എല്ലാ ജീവനക്കാരും വാച്ചര്‍മാരും കാട്ടുതീ പടരുവാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. പങ്കളിത്ത വനപരിപാലനത്തിൻ്റെ ഭാഗമായി അംഗങ്ങളെ ഉൾപ്പെടുത്തി ഫയർ ലൈനുകൾ തെളിക്കുകയും വിവിധ സംഘങ്ങൾ രൂപീകരിച്ച് ആവശ്യാനുസരണം കാട്ടുതീ സാധ്യതയുള്ള മേഖലകളിലേക്ക് നിയോഗിക്കുകയും ചെയ്തുവരുന്നുണ്ട്. പൊതുജനങ്ങൾക്കും ജീവനക്കാര്‍ക്കും ബോധവത്ക്കരണ ക്ലാസുകളും സംസ്ഥാനമൊട്ടാകെ നടത്തി വരുന്നുണ്ട് എന്ന് വിവരാവകാശ രേഖയിൽ വനം വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
ഫോറസ്റ്റ് സ്റ്റാറ്റിറ്റിക്കൽ & അഡ്മിനിസ്‌ട്രേറ്റീവ് റിപ്പോർട്ടുകൾ മുടങ്ങി
എല്ലാ സാമ്പത്തിക വർഷവും വനംവകുപ്പ് പുറത്തിറക്കുന്ന ഫോറസ്റ്റ് സ്റ്റാറ്റിറ്റിക്കൽ (FOREST STATITICAL REPORT)& അഡ്മിനിസ്‌ട്രേറ്റീവ് റിപ്പോർട്ടുകൾ(FOREST ADMINISTRATIVE REPORT) പുറത്തിങ്ങിയിട്ട് മൂന്ന് വർഷമായി. 2023-24 മുതൽ മുതൽ 2025-26 വരെയുള്ള റിപ്പോർട്ടുകളാണ് മുടങ്ങിയിട്ടുള്ളത്. ഇതിൽ വനം വകുപ്പിനെ പറ്റിയുള്ള സമഗ്രവും ഏറ്റവും പുതിയതുമായ വിവരങ്ങളാണ് ഉൾക്കൊള്ളിക്കുന്നത്.

