മൂന്നാം വട്ടവും അധികാരത്തിലെത്താൻ ആ തന്ത്രം പുറത്തെടുത്ത് പിണറായിയും കൂട്ടരും, കേരള യാത്രയും ചരിത്രവും ഇങ്ങനെ...
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള യാത്രയ്‌ക്ക് ഒരുങ്ങുകയാണ് എല്‍ഡിഎഫ്. കാലാകാലങ്ങളായി ഇടത് മുന്നണി നടത്തുന്ന കേരള യാത്ര തെരഞ്ഞെടുപ്പ് ഫലങ്ങളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് വിശദമായി പരിശോധിക്കാം..

Published : January 10, 2026 at 7:58 PM IST
തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പുകള്‍ക്കു മുമ്പ് സിപിഎമ്മിന് ചില പതിവുകളുണ്ട്. സംസ്ഥാനം മുഴുവന്‍ നീളുന്ന 140 മണ്ഡലങ്ങളും താണ്ടി പോകുന്ന കേരള യാത്ര, പിന്നെ അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ്. ഇതേത്തുടര്‍ന്ന് തയാറാക്കുന്ന സമഗ്ര വികസന രേഖയായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന ക്ഷേമ പരിപാടികള്‍ക്ക് അടിസ്ഥാനമേകുക. നേട്ടമുണ്ടാക്കിയ എല്ലാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന്‍റെ വിജയ ഫോര്‍മുല ഇതായിരുന്നു. പിന്നെ ജനങ്ങളെ ഇളക്കി മറിക്കാന്‍ പ്രാപ്തരായ നേതാക്കളെ ഇറക്കിയുള്ള കാടടച്ചുള്ള പ്രചാരണവും.
ഒരു ഇടവേളക്ക് ശേഷം തിരിച്ചെത്തുകയാണ് സിപി എമ്മിന്‍റെ കേരള പഠന കോണ്‍ഗ്രസ്. ഇത്തവണ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കാന്‍ പോകുന്നത് അഞ്ചാമത്തെ അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസാണ്. 2021 ല്‍ കൊവിഡ് കാരണം നടക്കാതെ പോയതൊഴിച്ചാല്‍ 2005 ലും 2011 ലും 2016 ലും കൃത്യമായി കേരള പഠന കോണ്‍ഗ്രസ് നടന്നിരുന്നു. ഇത്തവണ ഫെബ്രുവരി 21, 22 തീയതികളിലാണ് പഠന കോണ്‍ഗ്രസ്. ഡോ. ടി എം തോമസ് ഐസക്കിന്‍റെ മുഖ്യ സംഘാടകത്വത്തില്‍ എ കെ ജി പഠന ഗവേഷണ കേന്ദ്രമാണ് പഠന കോണ്‍ഗ്രസ് ഏകോപിപ്പിക്കുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനാ സംവിധാനത്തിന്‍റെ കാര്യക്ഷമത ഉറപ്പാക്കാനും വിവിധ മേഖലകളിലുള്ള ജനങ്ങളുമായി രാഷ്ട്രീയമായി സംവദിക്കാനുമുള്ള ഏറ്റവും ഫലപ്രദമായ ഉപായമായിരുന്നു കേരള യാത്രകള്‍. യഥാര്‍ത്ഥത്തില്‍ കേരള യാത്രകള്‍ക്ക് തുടക്കം കുറിച്ചത് യു ഡി എഫായിരുന്നു. 2001 ല്‍ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ഭരണത്തിലിരുന്ന നായനാര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷ നേതാവായിരുന്ന എ കെ ആന്‍റണിയായിരുന്നു കേരള മോചന യാത്ര എന്ന പേരില്‍ കേരള യാത്രക്ക് തുടക്കമിട്ടത്.
പിണറായി വിജയന്‍ സി പി എം സംസ്ഥാന സെക്രട്ടറിയായി എത്തിയത് 1998 ലാണെങ്കിലും 2006 ലാണ് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ വലിയ തോതില്‍ ഒരു സംസ്ഥാന യാത്ര സംഘടിപ്പിക്കുന്നത്. പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തില്‍ പിണറായി വിജയന്‍റെ നേതൃത്വത്തില്‍ കൃത്യമായ ഇടവേളകളില്‍ കേരള യാത്രകള്‍ നടന്നു. പിണറായി നയിച്ച മൂന്ന് നവകേരള യാത്രകളും, കേരള യാത്രയും , കേരള രക്ഷാ യാത്രയും രാഷ്ട്രീയ സംവാദത്തിനുള്ള ഉപാധിയെന്ന നിലയില്‍ വന്‍ വിജയമായിരുന്നുവെന്ന് പിന്നീട് പല കാലങ്ങളിലായി പാര്‍ട്ടി കേന്ദ്ര കമ്മറ്റി തന്നെ വിലയിരുത്തിയിരുന്നു.
സി പി എമ്മിന്‍റെ ക്രൗഡ് പുള്ളറായിരുന്ന ഇ കെ നായനാരുടെ വിയോഗത്തിനു ശേഷം വന്ന 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാന സെക്രട്ടറി പിണറായിയുടെ നേതൃത്വത്തില്‍ കൃത്യമായ ഗൃഹപാഠം നടന്നിരുന്നു. 2005 ല്‍ നടന്ന പഠന കോണ്‍ഗ്രസിനു ശേഷം സി പിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടത്തിയ കേരള യാത്ര ഇടതു മുന്നണിക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് സമ്മാനിച്ചത്. സമീപ കാല തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വോട്ട് ശതമാനമാണ് അന്ന് സി പി എമ്മിന് കിട്ടിയത്. 98 സീറ്റുകളില്‍ വിജയിച്ച ഇടതു മുന്നണിക്ക് 48.63 ശതമാനമെന്ന ചരിത്ര നേട്ടം 2006 ല്‍ കൈവരിക്കാനായി. ഈ കരുത്തിലായിരുന്നു വി എസ് മുഖ്യമന്ത്രി പദവിയിലേക്ക് എത്തിയത്.

പാര്‍ട്ടി മെമ്പര്‍മാര്‍ക്കും അനുഭാവികള്‍ക്കും മാത്രമല്ല കേള്‍ക്കാനെത്തുന്ന സാധാരണക്കാര്‍ക്കും പാര്‍ട്ടിയുടെ രാഷ്ട്രീയ ലൈന്‍ വിശദമാക്കാന്‍ പിണറായിയുടെ കേരള യാത്രയിലൂടെ സാധിച്ചു. ഇതിന്‍റെ ഊര്‍ജ്ജവുമായി 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പും പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നവകേരള യാത്ര സംഘടിപ്പിച്ചു. പിണറായിയുടെ നേതൃത്വത്തില്‍ നടത്തിയ മൂന്ന് നവകേരള യാത്രകളില്‍ ആദ്യത്തേതായിരുന്നു അത്. രാഷ്ട്രീയ വിശദീകരണം കൃത്യമായി നടന്നെങ്കിലും യാത്ര കൊണ്ട് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായില്ല.
ലാവ്ലിന്‍ കേസില്‍ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിക്കൊണ്ടുള്ള സി ബിഐയുടെ നീക്കങ്ങളും മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍റെ നിസ്സഹകരണവുമൊക്കെ നവകേരള യാത്രയെ ഓരോ ദിവസവും വാര്‍ത്തകളില്‍ സജീവമാക്കി നിര്‍ത്തി. പാര്‍ട്ടിയുടെ കടുത്ത നിര്‍ബന്ധത്തിനു വഴങ്ങി ശംഖുമുഖം കടപ്പുറത്തെ നവകേരള യാത്രയുടെ സമാപന വേദിയില്‍ വി എസ് എത്തിയതും പിണറായിയുടെ ബക്കറ്റും തിരയും പരാമര്‍ശവുമൊക്കെ ചരിത്രത്തിന്‍റെ ഭാഗമാണ്. പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 20 സീറ്റില്‍ ഇടതുമുന്നണിക്ക് കേവലം നാലു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കും മുന്നണിക്കും തിരിച്ചടി ഏല്‍ക്കേണ്ടി വന്നു.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയര്‍ന്നു വന്ന ഐസ് ക്രീം പാര്‍ലര്‍ പെണ്‍വാണിഭവും ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയിലെ അഴിമതി കേസില്‍ ആര്‍ ബാലകൃഷ്ണപ്പിള്ളയെ സുപ്രീം കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചതും വിഷയമാക്കി വി എസ് പ്രചാരണ രംഗത്ത് സ്വന്തം പോര്‍മുഖം തുറന്ന് യുഡി എഫിനെതിരെ ആഞ്ഞടിച്ചു.
"ബി പി എല്‍ കുടുംബങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് അരിയും ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതും പൂട്ടിയ തോട്ടങ്ങള്‍ തുറന്നതും പൊതു മേഖലാ വ്യവസായങ്ങളുടേയും പരമ്പരാഗത വ്യവസായങ്ങളുടേയും ഉത്തേജനവും ഉള്‍പ്പെടെ സര്‍ക്കാരിന്‍റെ ജന ക്ഷേമ പ്രവൃത്തികള്‍ വോട്ടായി മാറി. മുഖ്യമന്ത്രിയെന്ന നിലയില്‍ വി എസ് ഏറ്റെടുത്ത അഴിമതി വിരുദ്ധ പോരാട്ടങ്ങളും വലിയ ജന പിന്തുണ നേടുന്നതില്‍ സഹായമായി.
2009 ലെ ലോക് സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മുന്നണി വിട്ട ജെ ഡി എസിലെ വീരേന്ദ്ര കുമാര്‍ വിഭാഗത്തിന്‍റേയും പി ജെ ജോസഫ് വിഭാഗത്തിന്‍റേയും ഐ എന്‍ എല്‍ വിഭാഗത്തിന്‍റേയും വിടവ് നികത്താന്‍ മുന്നണിക്കായെങ്കിലും മത സമുദായ വിഭാഗങ്ങളുടെ ഒന്നടങ്കം പിന്തുണ യുഡി എഫിന് കിട്ടിയത് തിരിച്ചടിയായി. സമദൂര നയം പ്രഖ്യാപിച്ച എന്‍ എസ് എസും എസ് എന്‍ ഡിപിയും , റോമന്‍ കാത്തലിക് ചര്‍ച്ചും ഇടതു മുന്നണിക്കെതിരെ പ്രവൃത്തിച്ചു. മുസ്ലീം ലീഗിനനുകൂലമായി വലിയ തോതില്‍ മുസ്ലീം വോട്ടുകളുടെ ഏകീകരണവും നടന്നു.” തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ 2011 ജൂണ്‍ 11, 12 തീയതികളില്‍ ചേര്‍ന്ന സി പി എം കേന്ദ്ര കമ്മറ്റി ഇങ്ങിനെ വിലയിരുത്തി. മുതിര്‍ന്ന നേതാക്കളിലടക്കം പ്രകടമായ പാര്‍ലമെന്‍ററിസവും സംഘടനാ പ്രശ്നങ്ങളും ഭരണം നഷ്ടപ്പെട്ടതിന് കാരണമായി കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടി.

2012 ല്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെ വീണ്ടും പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ നവ കേരള യാത്ര നടന്നു. ഇതിനു മുന്നോടിയായി 2011 ല്‍ അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസും തിരുവനന്തപുരത്ത് നടന്നു. തരഞ്ഞെടുപ്പ് കാലമായിരുന്നില്ലെങ്കിലും നിരന്തരമായ രാഷ്ട്രീയ സംവാദങ്ങള്‍ തുടര്‍ന്നു.2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആഘാതം കുറച്ചു കൊണ്ടു വരാന്‍ സി പിഎം കരു നീക്കുകയായിരുന്നു.
ഇതിന്‍റെ തുടര്‍ച്ചയായി 2014 ല്‍ വീണ്ടും പിണറായി വിജയന്‍ കേരള രക്ഷാ യാത്രയ്ക്കിറങ്ങി. ഇത്തവണ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയായിരുന്നില്ല. വയലാറില്‍ നിന്നു തുടങ്ങി കോഴിക്കോട് ബീച്ചില്‍ സമാപിച്ച കേരള രക്ഷാ യാത്ര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് ഏറെ സഹായം ചെയ്തു. 20 ലോക്‌സഭാ സീറ്റുകളില്‍ 8 എണ്ണം നേടാന്‍ ഇടതു മുന്നണിക്ക് സാധിച്ചു. 12 സീറ്റില്‍ വിജയിച്ച യു ഡി എഫിന് തന്നെയായിരുന്നു സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രത്തില്‍ അപ്പോഴും മേല്‍ക്കൈ.
2016 ല്‍ ഇടതു മുന്നണിയുടെ പ്രകടന പത്രികയ്ക്ക് ഏറെ സംഭാവനകളര്‍പ്പിച്ച നാലാം അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ജനുവരി 9, 10 തീയതികളില്‍ തിരുവനന്തപുരത്ത് നടന്നു.കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം വെട്ടിച്ചുരുക്കുന്ന സാഹചര്യത്തില്‍ കേരള വികസനത്തിനായി 50000 കോടി രൂപയുടെ പൊതു നിക്ഷേപം സമാഹരിക്കുന്നതിലേക്കടക്കം പഠന കോണ്‍ഗ്രസ് വിരല്‍ ചൂണ്ടി. ഇതിനെ പിന്‍പറ്റിയുള്ള പ്രകടന പത്രികയും നയ രൂപീകരണവുമാണ് പിന്നീട് പിണറായി സര്‍ക്കാരിന്‍റെ മാര്‍ഗ രേഖയായത്.

കേരള പഠന കോണ്‍ഗ്രസിനു തൊട്ടു പിന്നാലെ പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ജനുവരി 15 ന് കാസര്‍ഗോഡ് നിന്ന് മൂന്നാം നവകേരള യാത്രയും ആരംഭിച്ചു.2016 ജനുവരി 15 ന് കാസര്‍കോട് നിന്ന് ആരംഭിച്ച് ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് സമാപിച്ചതായിരുന്നു ആ യാത്ര. സംസ്ഥാന സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നടന്നു വന്ന കേരള യാത്ര സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ പിണറായിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത് അന്ന് ചര്‍ച്ചയായിരുന്നു. ഈ യാത്ര അക്ഷരാര്‍ത്ഥത്തില്‍ കേരള രാഷ്ട്രീയത്തില്‍ സിപി എമ്മിന്‍റെ തല വര മാറ്റിയെഴുതുകയായിരുന്നു. 43.35 ശതമാനം വോട്ടും 91 സീറ്റും നേടി ഇടതു മുന്നണി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ അധികാരത്തിലെത്തി.
കോവിഡ് സാഹചര്യത്തില്‍ നടന്ന 2021 ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങളാകെ വ്യത്യസ്തമായിരുന്നു. വലിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ തോതിലുള്ള യാത്രകളുണ്ടായില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ മേഖലകളിലുള്ളവരുമായി തെരഞ്ഞെടുപ്പിനു മുമ്പ് സംവാദങ്ങളും കൂടിക്കാഴ്ചകളും നടത്തിയിരുന്നു. യുഡി എഫ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐശ്വര്യ കേരള യാത്ര നടത്തിയെങ്കിലും 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കൈവരിച്ച ജനസമ്മതി തുടരാനായിരുന്നില്ല.

ഫലം വന്നപ്പോള്‍ സി പി എമ്മിന് ചരിത്രത്തില്‍ ഏറ്റവും അധികം സീറ്റുകള്‍ ലഭിച്ചത് ആ തെരഞ്ഞെടുപ്പിലായിരുന്നു. നാല് ദശകത്തിനു ശേഷം ഏതെങ്കിലും മുന്നണിക്ക് തുടര്‍ഭരണം ലഭിക്കുന്നതും 2021 ലായിരുന്നു. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മല്‍സരിച്ച 61 സ്ഥാനാര്‍ത്ഥികളും 6 പാര്‍ട്ടി സ്വതന്ത്രരും ജയിച്ച നിയമസഭയിലെത്തി. സിപി ഐയുടെ പതിനഞ്ചും മാണി ഗ്രൂപ്പ് കേരളാ കോണ്‍ഗ്രസിന്‍റെ അഞ്ചും ജെ ഡി എസിന്‍റേയും എന്‍ സിപിയുടേയും രണ്ട് വീതവും കോണ്‍ഗ്രസ് എസ്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, എല്‍ ജെഡി, ഐ എന്‍ എല്‍, ആര്‍ എസ് പി ലെനിനിസ്റ്റ് എന്നിവരുടെ ഓരോ എം എല്‍ എമാരും ജയിച്ചതോടെ ഇടതുപക്ഷത്തിന് 99 എം എല്‍എമാരായി.
2017 ല്‍ കോടിയേരിയും കാനവും നയിച്ച ജന ജാഗ്രതാ യാത്രയും 2019 ല്‍ കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും നയിച്ച കേരള സംരക്ഷണ യാത്രയും 2023 ല്‍ എം വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയും കഴിഞ്ഞ രണ്ട് ലോക് സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് നടന്നുവെങ്കിലും കാര്യമായ ഫലം ഉണ്ടാക്കാനായില്ല. രണ്ട് തെരഞ്ഞെടുപ്പുകളിലും ഇടതു മുന്നണിക്ക് നേടാനായത് ഒറ്റ സീറ്റായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2023 ല്‍ സമാന രീതിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നവംബര്‍ 18 മുതല്‍ 36 ദിവസത്തെ നവകേരള സദസ്സ് സംഘടിപ്പിച്ചിരുന്നു.. ഒന്നരക്കോടി ചെലവിട്ട് വാങ്ങിയ പ്രത്യേക ബസ്സില്‍ കേരളം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും. പക്ഷേ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അതൊന്നും ഉപകരിച്ചില്ല.
ഇത്തവണയും യാത്രകളും കേരള പഠന കോണ്‍ഗ്രസുമായി ഒരുങ്ങുകയാണ് ഇടതു മുന്നണി. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി മുന്നില്‍ കണ്ട് ഉണര്‍ന്നു പ്രവര്‍ത്തിക്കാൻ തന്നെയാണ് ഇടതുമുന്നണിയുടെ തീരുമാനം. മൂന്നാം ഇടത് സര്‍ക്കാര്‍ സ്വപ്‌നം കാണുന്ന പാര്‍ട്ടിക്ക് ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടതും അനിവാര്യമാണ്. ഇത്തവണ മൂന്ന് മേഖലകളാക്കി തിരിച്ച് ജാഥ നടത്താനാണ് ആലോചന. ജാഥകള്‍ ആരംഭിക്കുന്ന തീയതി പിന്നീട് തീരുമാനിക്കും.
അതേ സമയം കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് പ്രക്ഷോഭം പ്രഖ്യാപിച്ചു. ജനുവരി 12നാണ് തിരുവനന്തപുരത്ത് സമരം. ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കാത്തത്, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സമരം. മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കുന്ന യാത്രയുടെ തീയതി അടുത്ത എൽഡിഎഫ് യോഗത്തിൽ തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജനങ്ങളിലേക്ക് കൂടുതൽ അടുക്കുക, ഇടതുസർക്കാരിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക എന്നതാണ് എൽഡിഎഫ് കേരള യാത്രയിലൂടെ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രിക്കൊപ്പം എല്ലാ മന്ത്രിമാരും പങ്കെടുക്കും. കേരളത്തിൻ്റെ വികസന വെല്ലുവിളികൾ ചർച്ച ചെയ്യാനും 'നവകേരള' നിർമ്മാണത്തിനായുള്ള പുതിയ വികസന പാതകൾ രൂപപ്പെടുത്താനും വിദഗ്‌ധരെയും രാഷ്ട്രീയ പ്രവർത്തകരെയും പൊതുജനങ്ങളെയും ഒരുമിപ്പിച്ചുള്ള അന്താരാഷ്ട്ര കേരള പഠന കോൺഗ്രസും സിപിഎം ഫെബ്രുവരിയില്‍ നടത്തുന്നുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ ആത്മവിശ്വാസത്തിൻ്റെ കരുത്തില്‍ ഭരണം ഉറപ്പിച്ച യുഡിഎഫ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരിയിൽ 'കേരള യാത്ര' നടത്തുന്നുണ്ട്.

