സഹകരണ സംഘങ്ങളിലെ വായ്‌പ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ സൗകര്യമൊരുക്കി കേരള സര്‍ക്കാര്‍
നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. ഈ മാസം ഒന്നിന് തുടങ്ങിയ നൂറ് ദിന പരിപാടി ഓഗസ്റ്റ് 31 വരെ തുടരും.

By PTI
Published : June 7, 2026 at 1:49 PM IST
തിരുവനന്തപുരം: സഹകരണ സംഘങ്ങളില്‍ നിന്ന് വായ്‌പ എടുത്ത് തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസമായി 'ആശ്വാസ് 2026'മായി സംസ്ഥാന സര്‍ക്കാര്‍. വായ് തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ഒറ്റത്തവണയായി തിരിച്ചടയ്ക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്.
Also Read: സംസ്ഥാനത്ത് മദ്യ നയം ഉടൻ; വൻ പ്രഖ്യാപനവുമായി എക്‌സൈസ് മന്ത്രി എം ലിജു
കുടിശികകള്‍ കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്തരമൊരു നീക്കം.ഒപ്പം നിക്ഷേപകരുടെ പലിശ സംരക്ഷിക്കുകയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സഹകരണ മന്ത്രി എം ലിജുവിന്‍റെ ഓഫീസ് പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് ഇതെന്നും വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. ഈ മാസം ഒന്നിന് തുടങ്ങിയ നൂറ് ദിന പരിപാടി ഓഗസ്റ്റ് 31 വരെ തുടരും. പ്രഥമിക കാര്‍ഷിക സംഘങ്ങളില്‍ നിന്നടക്കം എടുത്തിട്ടുള്ള വായ്‌പ കുടിശിക അടച്ച് തീര്‍ക്കാനുള്ള പദ്ധിയാണ് ഇതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ കാലയളവില്‍ ജപ്‌തിയും ലേലവും അടക്കമുള്ള നടപടികള്‍ ഉണ്ടാകില്ലെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. യോഗ്യതയുള്ള ചില കടങ്ങളുടെ പിഴപ്പലിശയും എഴുതിത്തള്ളിയിട്ടുണ്ട്.
ഇതിന് പുറമെ ഉപാധികളോടെ ചില വായ്‌പകളുടെ പലിശയില്‍ പതിനഞ്ച് ശതമാനം ഇളവും അനുവദിച്ചിട്ടുണ്ട്. വായ്‌പയെടുത്തവര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ മാരക അസുഖം ഉണ്ടെങ്കില്‍ ആണ് ഇത്തരത്തില്‍ പലിശ ഒഴിവാക്കുക.
അതേസമയം സ്വര്‍ണ വായ്‌പകള്‍ക്കും നിക്ഷേപത്തില്‍ നിന്ന് വായ്‌പ എടുത്തവര്‍ക്കും ഈ സൗകര്യം ലഭ്യമാകില്ല. അന്‍പതിനായിരം രൂപയുടെ വായ്‌പ തിരിച്ചടവ് അഞ്ച് വര്‍ഷമായി മുടങ്ങിക്കിടക്കുകയാണെങ്കില്‍ വായ്‌പ എടുത്തവര്‍ക്ക് പലിശയിനത്തില്‍ അന്‍പത് ശതമാനം ഒഴിവാക്കും. ഒരു വര്‍ഷം മുതല്‍ നാല് വര്‍ഷം വരെ കുടിശിക വരുത്തിയവര്‍ക്ക് പത്തിനും നാല്‍പ്പത് ശതമാനത്തിനും ഇടയില്‍ പലിശയിളവ് കിട്ടും.
ഈ കാലയളവില്‍ ജപ്‌തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ആരോഗ്യ സംരക്ഷണത്തിനാണ് ഇത്തരമൊരു പദ്ധതിയെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വായ്‌പ എടുത്തവര്‍ക്ക് ആശ്വാസമാകുന്നതിനൊപ്പം നിഷ്‌ക്രിയ ആസ്‌തികള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
തന്‍റെ വകുപ്പുകളില്‍ സമഗ്ര പരിഷ്‌ക്കരണം ലക്ഷ്യമിട്ടുള്ള നടപടികളാണ് മന്ത്രി ലിജു നടത്തുന്നത്. അഴിമതി രഹിത എക്‌സൈസ് വകുപ്പാണണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്നും എം. ലിജു അറിയിച്ചിട്ടുണ്ട്. നിലവിൽ ബാറുകളുടെ എണ്ണം കുറയ്ക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോൾ കൃത്യമായൊരു മറുപടി നൽകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുമോ സമയദൈർഘ്യം കുറയ്ക്കുമോ തുടങ്ങിയ കാര്യങ്ങളിലും ഇപ്പോൾ മുൻകൂട്ടി ഒരു പ്രവചനം സാധ്യമല്ല. പുതിയ മദ്യനയവുമായി ബന്ധപ്പെട്ട എല്ലാ നിർണായക തീരുമാനങ്ങളും യു.ഡി.എഫ് മുന്നണി ഒന്നിച്ചിരുന്ന് സംയുക്തമായാണ് കൈക്കൊള്ളുക. ജനാധിപത്യപരമായ ചർച്ചകളിലൂടെയും കൂട്ടുത്തരവാദിത്തത്തിലൂടെയും മാത്രമേ അന്തിമ നയത്തിന് രൂപം നൽകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

