ETV Bharat / state

ദ കേരള സ്റ്റോറി2 വിവാദം: വൈകിയും ഡിവിഷൻ ബെഞ്ചിൻ്റെ പ്രത്യേക സിറ്റിങ്; നിർമാതാക്കള്‍ക്ക് വേണ്ടി ഹാജരായത് സുപ്രീം കോടതി മുതിർന്ന ജഡ്‌ജി

ചിത്രം നാളെ റിലീസ് ആകാനിരിക്കെയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവിറക്കിയത്. ഇതോടെ ചിത്രത്തിൻ്റെ നാളത്തെ റിലീസ് മുടങ്ങിയിരുന്നു.

ദ കേരള സ്റ്റോറി 2  ദ കേരള സ്റ്റോറി  ഹൈക്കോടതി  കേരള സ്റ്റോറി റിലീസ്
ദ കേരള സ്റ്റോറി (Special Arrangement)
author img

By ETV Bharat Kerala Team

Published : February 26, 2026 at 2:27 PM IST

4 Min Read
Choose ETV Bharat

എറണാകുളം: വിവാദ സിനിമ 'ദ കേരള സ്റ്റോറി 2' എന്ന ചിത്രത്തിൻ്റെ പ്രദർശനത്തിന് കേരള ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചതിന് പിന്നാലെ വിധി ചോദ്യം ചെയ്‌തുള്ള ഹർജിയിൽ പ്രത്യേക സിറ്റിങ്. നാളെ (ഫെബ്രുവരി 27) റിലീസ് ചെയ്യാനിരുന്ന ചിത്രത്തിനാണ് ഹൈക്കോടതി 15 ദിവസത്തേക്ക് വിലക്കേർപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് രാത്രി വൈകിയും ഡിവിഷൻ ബഞ്ച് അപ്പീൽ പരിഗണിക്കുന്നത്.

പ്രഥമദൃഷ്ട്യാ സിനിമ മതസൗഹാർദത്തിന് ഭീഷണിയാണെന്നായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ നിർണായക ഉത്തരവ്. അപ്പീൽ പരിഗണിക്കവെ ഡിവിഷൻ ബഞ്ചിൻ്റെ പ്രത്യേക സിറ്റിങ്ങിൽ നിർമാതാക്കള്‍ വീണ്ടും നിലപാട് വ്യക്തമാക്കി. സാമുഹ്യ തിന്മയെ തുറന്നു കാട്ടുകയാണ് ചെയ്‌തതെന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു. കൂടാതെ സിനിമയുടെ തലക്കെട്ടിൽ ഗോസ് ബിയോണ്ട് എന്നു കൂടിയുണ്ടെന്നും അതിനർഥം പ്രശ്‌നം കേരളത്തിന് പുറത്തേക്ക് കൂടിയുണ്ടെന്നാണെന്നും നിർമ്മാതാക്കൾ കോടതിയിൽ അറിയിച്ചു.

നിർമ്മാതാക്കൾക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന ജഡ്‌ജിയാണ് ഓൺലൈനായി ഹാജരാകുന്നത്. ടീസർ ഇറങ്ങി 16 ദിവസം കഴിഞ്ഞാണ് ഹർജികൾ എത്തിയത്. കേരള സ്റ്റോറി ആദ്യ ഭാഗം ദേശീയ പുരസ്‌കാരം നേടിയ സിനിമ നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു. എന്നാൽ കേസുമായി ബന്ധപ്പെട്ട് സിംഗിൾ ബഞ്ചിന് സിനിമ കാണാൻ അവസരം നൽകിയില്ലല്ലൊയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം പൊതുതാൽപര്യ സ്വഭാവമുള്ള ഹർജി സിംഗിൾ ബഞ്ചെങ്ങനെ കേട്ടെന്ന് ഹൈക്കോടതി ആരാഞ്ഞു. കോടതി നടപടികള്‍ പുരോഗമിക്കുകയാണ്.

ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍

നേരത്തെ സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയത് പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. സിനിമ കണ്ട് തീരുമാനമെടുക്കാനാണ് നിർദേശം നൽകിയത്. കേരള സ്റ്റോറി 2 - ഗോസ് ബിയോണ്ട് സിനിമയും അതിൻ്റെ പ്രമേയവും പ്രത്യേക മതവിഭാഗത്തെയും കേരളത്തെയും മോശമായി ചിത്രീകരിക്കുന്നു. സാമുദായിക സൗഹാർദത്തിനും സൗഹൃദത്തിനും പേരു കേട്ട കേരളത്തെ വർഗീയമായി വിഭജിക്കപ്പെട്ട ഒരിടമായി ലോകത്തിന് മുന്നിൽ കാണിക്കാൻ ഇത് കാരണമാകും.

ദ കേരള സ്റ്റോറി 2  ദ കേരള സ്റ്റോറി  ഹൈക്കോടതി  കേരള സ്റ്റോറി റിലീസ്
ദ കേരള സ്റ്റോറി (Special Arrangement)

യു/എ സർട്ടിഫിക്കറ്റ് നൽകുമ്പോൾ ഇത്തരം ഘടകങ്ങളൊന്നും സെൻസർ ബോർഡ് പരിഗണിച്ചതായി കാണുന്നില്ല. സെൻസർ ബോർഡ് മനസ്സര്‍പ്പിക്കാതെ തീരുമാനം എടുത്തതിനാല്‍ ഹൈക്കോടതിക്ക് ഇടപെടാം. അതിനാൽ, സിനിമയുടെ റിലീസ് സ്റ്റേ ചെയ്യേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ഉത്തരവ്.

സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയതിനെതിരെ ഹർജിക്കാർ സമർപ്പിച്ച പുനഃപരിശോധന അപേക്ഷ വാർത്താ വിതരണ മന്ത്രാലയം പരിഗണിക്കണം. ഹർജിക്കാർ, സെൻസർ ബോർഡ്, നിർമാതാക്കൾ എന്നിവരുടെ വാദം കേട്ട ശേഷം രണ്ടാഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. കേരള സ്‌റ്റോറിയുടെ ടീസര്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി പറഞ്ഞു.

സിനിമയുടെ ഉള്ളടക്കമാണ് ടീസറില്‍ ഉള്‍പ്പെടുത്തുന്നത്. സിനിമ ക്രമസമാധാനത്തെയും ധാര്‍മികതയെയും മാന്യതയെയും ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. സിനിമ കേരളത്തെ മാത്രം ബാധിക്കുന്നതല്ലെന്നും, പ്രദർശനാനുമതി ലഭിച്ചതിനാൽ ഹൈക്കോടതിക്ക് ഇടപെടാനാകില്ലെന്നുമുള്ള നിർമാതാക്കളുടെ വാദങ്ങൾ സിംഗിൾ ബെഞ്ച് തള്ളി. സിനിമയുടെ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിലാണ് കോടതി ഈ നടപടിയെടുത്തത്.

എന്നാൽ, ഈ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമാതാക്കൾ അപ്പീൽ നൽകിയതോടെ കേസിൽ പുതിയ വഴിത്തിരിവുണ്ടായി. അപ്പീൽ അടിയന്തരമായി പരിഗണിക്കുന്നതിനായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് രാത്രി 7.30-ന് പ്രത്യേക സിറ്റിംഗ് നടത്തും.

'കേരള സ്റ്റോറി 2' പ്രദർശിപ്പിക്കുന്നത് വാദം പൂർത്തിയാകും വരെ കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞിരുന്നു. സിനിമയുടെ ഉള്ളടക്കം മതേതര കേരളത്തിൻ്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ഹർജിക്കാരുടെ ആശങ്കകൾ തള്ളിക്കളയാനാവില്ലെന്ന് നിരീക്ഷിച്ച കോടതി ഹർജികൾ ഇന്ന് രാവിലെ 9.45-ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു.

സിനിമ കണ്ട് കോടതി വിലയിരുത്തണമെന്ന നിർദ്ദേശത്തെ സമയപരിമിതി ചൂണ്ടിക്കാട്ടി കോടതി ഒഴിവാക്കിയിരുന്നു. എന്നാൽ, സെൻസർ ബോർഡിന് പകരമാവില്ല കോടതി എന്ന നിർമാതാക്കളുടെ വാദത്തിന് കോടതി കൃത്യമായ മറുപടിയും നൽകി. കേരളത്തിന് അപഖ്യാതിയാണോ സിനിമയെന്നറിയാൻ ഉള്ളടക്കം പരിശോധിക്കണമെന്നും സിബിഎഫ്സിയോട് ഹൈക്കോടതി പറഞ്ഞു. സിനിമ പുറത്തിറങ്ങി നഷ്ടം സംഭവിച്ചതിന് ശേഷമല്ല അത് പുനഃപരിശോധിക്കേണ്ടതെന്ന് സെൻസർ ബോർഡിനെ കോടതി ഓർമിപ്പിച്ചു. ഹർജിക്കാരുടെ ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു.

സിനിമയുടെ ടീസറിൻ്റെ പരിഭാഷ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന നിർമാതാക്കളുടെ വാദം കേരളത്തിൻ്റെ മതേതര പ്രതിച്ഛായയെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിക്കണം. സിനിമ കേരളത്തിന് അപഖ്യാതിയുണ്ടാക്കുന്നതാണോ എന്ന് ബോർഡ് കൃത്യമായി പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.

സിനിമ കോടതി കണ്ട് വിലയിരുത്തുന്നത് നിയമപരമല്ലെന്നും, സെൻസർ ബോർഡിന് മാത്രമാണ് അതിനുള്ള അധികാരമെന്നും നിർമാതാക്കൾ സത്യവാങ്മൂലത്തിൽ വാദിച്ചിരുന്നു. കോടതി സിനിമ വിലയിരുത്തുന്നത് സെൻസർ ബോർഡിന് പകരമാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, ഹർജിക്കാരുടെ ആശങ്കകൾ ഗൗരവതരമാണെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, ഏതെങ്കിലും പ്രത്യേക മതത്തെയോ വിഭാഗത്തെയോ ബാധിക്കുന്ന ഭാഗങ്ങൾ സിനിമയിലില്ലെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല സിനിമയുടെ വിവാദമായ ടീസറും ട്രെയിലറും പിൻവലിക്കാമെന്ന് നിർമാതാക്കൾ കോടതിയിൽ ഉറപ്പ് നൽകിയിരുന്നു.

ആരോപണം തെളിഞ്ഞാൽ എന്നന്നേയ്ക്കുമായി ചലച്ചിത്ര നിർമാണം നിർത്തുമെന്ന് സംവിധായകൻ

അതേസമയം, കേരള സ്റ്റോറി രണ്ടാം ഭാഗത്തിൽ പറയുന്നതിൽ എന്തെങ്കിലും കള്ളമുണ്ടെങ്കിൽ ആരോപണം ഉന്നയിക്കുന്നവർ അത് തെളിയിക്കണമെന്നും കാര്യങ്ങൾ കള്ളമാണെന്ന് തെളിഞ്ഞാൽ എന്നന്നേയ്ക്കുമായി താൻ ചലച്ചിത്ര നിർമാണം നിർത്തുമെന്നുമാണ് സംവിധായകൻ കാമാഖ്യ നാരായൺ സിങ് പ്രഖ്യാപിച്ചിരുന്നു. പൂർണമായും സത്യസന്ധമായാണ് കേരളാ സ്റ്റോറിയുടെ രണ്ടാം ഭാഗം നിർമിച്ചിരിക്കുന്നതെന്നുമാണ് സംവിധായകൻ കാമാഖ്യ നാരായൺ സിങ്ങ് മുന്നോട്ട് വയ്ക്കുന്ന വാദം.

നിർബന്ധിത മത പരിവർത്തനം പോലുള്ള വിഷയത്തെ കുറിച്ച് സിനിമ ചിത്രീകരിക്കാൻ മുൻ അനുഭവങ്ങൾ സഹായകരമായി. സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ഡോക്യുമെൻ്ററികൾ നിർമ്മിച്ചപ്പോഴുണ്ടായ അനുഭവം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം നിർമിക്കുന്നതിൽ സഹായകരമായെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

"ചോദ്യങ്ങൾ ഉയർത്തുകയും ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ സിനിമകളാണ് ഞാൻ നിർമിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഒരു സിനിമയോ ഡോക്യുമെൻ്ററിയോ പുറത്തിറക്കുന്നതിന് മുമ്പ് ഡോക്യുമെൻ്ററിയിൽ പ്രതിപാദിക്കുന്ന പ്രശ്‌നത്തെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തിയ ശേഷമാണ് സിനിമ ചിത്രീകരണം തുടങ്ങാറുള്ളൂ," കാമാഖ്യ നാരായൺ സിങ് കൂട്ടിച്ചേർത്തു.

ദൈവത്തിൻ്റെ നാടായ കേരളത്തിലെ തിന്മ എത്രയും വേഗം തുടച്ചുനീക്കപ്പെടണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് കേരളാ സ്റ്റോറി രണ്ടാം ഭാഗത്തിൻ്റെ നിർമ്മാതാവ് വിപുല്‍ അമൃത്‌ലാൽ ഷാ വ്യക്തമാക്കി. യഥാർഥത്തിൽ സംഭവിച്ചതും കോടതിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ നിന്നുമാണ് ഇത്തരത്തിലുള്ള കഥയ്ക്ക് പ്രചോദനം ലഭിച്ചതെന്നും നിർമ്മാതാക്കൾ കൂട്ടിച്ചേർത്തു.

Also Read: അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യൻ കർഷകരുടെ മരണപത്രം; മോദി കൃഷിക്കാരെ കുരുതികൊടുത്തെന്നും രാഹുൽ ഗാന്ധി