ജീവിതശൈലീരോഗങ്ങൾ ചികിത്സിക്കാൻ 'ഹൃദയരാഗം': മാനസികാരോഗ്യ കേന്ദ്രങ്ങളെ വെൽനസ് സെൻ്ററുകളാക്കി മാറ്റുമെന്നും മന്ത്രി കെ മുരളീധരൻ
സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളും കാലത്തിനൊത്ത് ഉയർത്തും. ആദ്യഘട്ടമായി ഹൈക്കോടതി നിർദേശപ്രകാരം മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് ഹാപ്പിനസ് ആൻഡ് വെൽനെസ് സെൻ്ററുകളെന്ന് മാറ്റും.

Published : September 2, 2026 at 4:56 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിതശൈലീരോഗങ്ങൾ മുൻകൂട്ടി കണ്ടെത്താനുള്ള 'ഹൃദയരാഗം' പദ്ധതിക്ക് തുടക്കം കുറിച്ച് ആരോഗ്യവകുപ്പ്. അതോടൊപ്പം സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനശൈലി ഉടച്ചുവാർത്ത് 'ഹാപ്പിനസ് ആൻഡ് വെൽനസ് സെൻ്റർ' എന്നു പേരു മാറ്റുമെന്നും മന്ത്രി കെ മുരളീധരൻ അറിയിച്ചു. സിസ്റ്റം അടിമുടി തകർന്ന അവസ്ഥയിലായിരുന്ന ആരോഗ്യവകുപ്പിനെ ശരിയാക്കാനുള്ള കൂട്ടായ പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജീവിതശൈലീരോഗങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഹൃദയരാഗം
പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, ഫാറ്റിലിവർ, പക്ഷാഘാതം, കാൻസർ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളാണ് കേരളത്തിൽ രോഗാതുരതയുടെയും മരണത്തിൻ്റെയും ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ. സംസ്ഥാനത്ത് നാലിൽ ഒരാൾക്ക് പ്രമേഹവും, മൂന്നിൽ ഒരാൾക്ക് രക്താതിമർദവും ഉണ്ടെന്നാണ് കണക്കുകൾ. അതിനാൽ, ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി രോഗനിർണയം നടത്തുന്നതിനായി ജനപങ്കാളിത്തത്തോടെ 'ഹൃദയരാഗം' എന്ന പ്രത്യേക കാമ്പയിൻ ആരോഗ്യ വകുപ്പ് ആരംഭിക്കും. ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, സ്‌ക്രീനിംഗ്, ചികിത്സ എന്നിവയ്ക്ക് ഏകോപിത ചികിത്സ ഉറപ്പാക്കുവാനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കേന്ദ്രബിന്ദുവാക്കി നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത പൊതുജനാരോഗ്യ കാമ്പയിനാണ് ഹൃദയരാഗം.
വട്ടിയൂർക്കാവ് (തിരുവനന്തപുരം), ഇടുക്കി (ഇടുക്കി ജില്ല), നിലമ്പൂർ (മലപ്പുറം) എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളെയാണ് ആദ്യ ഘട്ടത്തിൽ ക്യാമ്പയിൻ നടപ്പിലാക്കാനായി തിരഞ്ഞെടുക്കുന്നത്. 18 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തി ജനസംഖ്യാധിഷ്ഠിത സ്‌ക്രീനിംഗും രോഗ സാധ്യതാ വിശകലനവും നടത്തി ഓരോ വ്യക്തിയെയും തരംതിരിക്കുകയും, രോഗസാധ്യത കണ്ടെത്തുന്നവരെ വിദഗ്ധ ചികിത്സ, പരിശോധന, ചികിത്സ, തുടർസേവനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. പുതുതായി രോഗം കണ്ടെത്തുന്ന ഓരോ വ്യക്തിയെയും രജിസ്റ്റർ ചെയ്ത് ഒരു വ്യക്തിഗത ഹെൽത്ത് ഡയറി നൽകുകയും, ചികിത്സ, ജീവിതശൈലി പരിവർത്തനം, സങ്കീർണത, പ്രതിരോധം എന്നിവ ഉൾപ്പെടുന്ന ചിട്ടയായ തുടർപരിശോധനാ ക്രമത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും.
ഗൃഹസന്ദർശനം നടത്തിയുള്ള സർവേ, റിസ്‌ക് വിലയിരുത്തൽ, സ്‌ക്രീനിംഗ് ക്യാമ്പുകൾ, ആരോഗ്യമേളകൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ജീവിതശൈലി മാറ്റത്തിനുള്ള പിയർ സപ്പോർട്ട് ഗ്രൂപ്പുകൾ, രോഗനിർണയത്തിനുള്ള പരിശോധനകൾ, അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കൽ എന്നിവയാണ് ക്യാമ്പയിൻ്റെ പ്രധാന ഘടകങ്ങൾ. ബോധവൽക്കരണം, രജിസ്‌ട്രേഷൻ, സ്‌ക്രീനിംഗ് എന്നിവ ആദ്യ ഘട്ടത്തിലും തുടർന്ന് വിദഗ്ധ ചികിത്സ, പരിശോധനകൾ, തുടർസേവനങ്ങൾ എന്നിവ രണ്ടാംഘട്ട കാമ്പയിനിലൂടെയും നടപ്പിലാക്കും. ആവശ്യമുള്ള സന്ദർഭത്തിൽ ശരിയായ ഡോക്ടറെയും മതിയായ ചികിത്സയും ഓരോ രോഗിക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത് ഉറപ്പാക്കുന്ന പദ്ധതിയാണ് ഹൃദയരാഗം. ഉയർന്ന റിസ്‌കുള്ളവർക്ക് 24 മണിക്കൂറിനുള്ളിലും, മറ്റുള്ളവർക്ക് രണ്ടാഴ്ചയ്ക്കുള്ളിലും, രോഗികളെ കൺസൾട്ടേഷൻ, പരിശോധന, ചികിത്സ എന്നിവയിലൂടെ ഉറപ്പാക്കും.
മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് പകരം 'ഹാപ്പിനസ് ആൻഡ് വെൽനെസ് സെൻ്ററുകൾ'
സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളും കാലത്തിനൊത്ത് ഉയർത്തും. ആദ്യഘട്ടമായി ഹൈക്കോടതി നിർദേശപ്രകാരം മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് ഹാപ്പിനസ് ആൻഡ് വെൽനെസ് സെൻ്ററുകളെന്ന് മാറ്റും. ആവശ്യമായ ജീവനക്കാരെയും ഇതിനായി നിയോഗിക്കും. മാനസിക പ്രശ്‌നങ്ങൾ ഉണ്ടായാൽ മാത്രം ചികിത്സ തേടുന്ന പരമ്പരാഗത സമീപനത്തിൽ നിന്ന് മാനസികാരോഗ്യം സംരക്ഷിക്കുകയും സന്തോഷകരമായ ജീവിതം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമഗ്ര ആരോഗ്യ സമീപനത്തിലേക്ക് മാറും. മാനസിക സമ്മർദം, ഉത്കണ്ഠ, ഉറക്കക്കുറവ്, ഏകാന്തത, ജോലിയിലെ സമ്മർദം, കുടുംബപ്രശ്‌നങ്ങൾ തുടങ്ങിയവ ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ തിരിച്ചറിഞ്ഞ് ഇടപെടാൻ കൗൺസലിങ്, മാനസികാരോഗ്യ ബോധവത്കരണം, സ്‌ട്രെസ് മാനേജ്‌മെൻ്റ്, ജീവിതശൈലി ഇടപെടലുകൾ തുടങ്ങിയവ കേന്ദ്രങ്ങളിൽ ലഭ്യമാക്കും.
24 മണിക്കൂർ സ്‌പെഷ്യാലിറ്റി സേവനവുമായി 'പ്രതീക്ഷാ' കേന്ദ്രങ്ങൾ
24 മണിക്കൂറും സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന പ്രതീക്ഷാ സെൻ്ററുകൾ ജില്ലാ ആശുപത്രികളിലോ ജനറൽ ആശുപത്രികളിലോ ആരംഭിക്കും. ഓരോ ജില്ലയിലും ഒരു പ്രതീക്ഷ സെൻ്ററുകളെങ്കിലും സജ്ജമാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി പുനലൂർ താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രിയിൽ ഇന്നലെ മുതൽ ആരംഭിച്ചു. മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി തുടങ്ങിയ സ്‌പെഷ്യാലിറ്റി സേവനങ്ങളാണ് ഉറപ്പാക്കുന്നതെന്നും മന്ത്രി അറിയിച്ചു.

